Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിലും ഹദീസിലും പ്രതിപാദിച്ച പൂര്‍വ്വവേദങ്ങളിലെ നിയമങ്ങള്‍

Quran.jpg

പ്രമാണങ്ങള്‍ മുഖേനയല്ലാതെ ഇസ്‌ലാമില്‍ വിധിവിലക്കുകള്‍ സ്ഥിരപെടുകയില്ല.പ്രമാണ ബന്ധിതമല്ലാത്ത കര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ അസ്വീകാര്യവും, മതത്തില്‍ തടയപെട്ടതുമാണ്.പൌരാണികരും ആധുനികരുമായ പണ്ഡിതന്‍മാര്‍ ഇസ്ലാമില്‍ വിധികള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ അവലംബിക്കുന്ന പ്രമാണങ്ങളെ സൂക്ഷ ഗവേഷണങ്ങളിലൂടെ ക്രമാനുസൃതമായി വ്യക്തമാക്കിയിട്ടുണ്ട്.അവയില്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ, ഖിയാസ് എന്നീ നാലു സ്രോതസ്സുകള്‍ തര്‍ക്കമറ്റതാണ്.ഇവയ്ക്ക് പുറമെയുള്ള സ്രോതസ്സുകളായ സ്വഹാബികളുടെ അഭിപ്രായങ്ങള്‍, ഇസ്തിഹ്‌സാന്‍, ഇസ്തിസ്ഹാബ്, ഇസ്ത്വിസ്ലാഹ്, മുന്‍കാല ശരീഅത്തു വിധികള്‍ തുടങ്ങിയവയില്‍ പണ്ഡിതവര്യര്‍ക്കിടയില്‍ അഭിപ്രായ വിത്യാസം നിലനില്കുന്നുണ്ട്.

എന്താണ് മുന്‍കാല ശരീഅത്തുവിധികള്‍ എന്നിവയുടെ ഉദ്ദേശം?

ഖുര്‍ആനിലും സുന്നത്തിലും ഉദ്ധരിച്ച് വന്ന മുന്‍കാല പ്രവാചകന്‍മാര്‍ക്ക് നല്‍കപെട്ട ഗ്രന്ഥങ്ങളിലെ വിധിവിലക്കുകളാണ്  മുന്‍കാല നിയമങ്ങള്‍ എന്നതിന്റെ വിവക്ഷ. എല്ലാ ശരീഅത്തു നിയമങ്ങളും അടിസ്ഥാനപരം, ശാഖാപരം, എന്നിങ്ങനെ രണ്ടു വിധമാണ്. തൌഹീദ്, ആഖിറത്ത് എന്നിവയുമായി ബന്ധപെട്ട നിയമങ്ങള്‍ എല്ലാ ശരീഅതതുകളുടെയും അടിസ്ഥാനവും മുഴുവന്‍ പ്രവാചകന്‍മാരുടെ പ്രബോധനത്തിന്റെ കാതലുമാണ്. ഇതിനുപുറമെയുള്ള വ്യവഹാരങ്ങളുമായി ബന്ധപെട്ട വിധികള്‍ ശാഖാപരമാണ്. മുന്‍കാല ശരീഅത്തുകളില്‍ നിന്ന് വിശുദ്ധ ഖുര്‍ആനും സുന്നത്തും പരാമര്‍ശിച്ച് നിയമങ്ങള്‍ മുഖ്യമായും മൂന്ന് ശൈലിയിലുള്ളതാണ്.

1 ഖുര്‍ആനോ സുന്നത്തോ ദുര്‍ബലപ്പെടുത്തിയ നിയമങ്ങള്‍. അവ പ്രമാണയോഗ്യമല്ല എന്നതില്‍ പണ്ഡിത ലോകം ഏകോപിച്ചിരിക്കുന്നു. ഉദാഹരണം യുസുഫ് നബിയുടെ ജനതയുടെ അഭിവാദ്യ രീതി.അവര്‍ അഭിവാദ്യം അര്‍പ്പിക്കാനായി സൂജുദ്  ചെയ്തിരുന്നു. എന്നാല്‍ പ്രവാചകന്‍ അത് ഈ സമുദായത്തിന് നിരോധിച്ചു (തിര്‍മുദി)

2 ഖുര്‍ആനോ സുന്നത്തോ സ്ഥിരപെടുത്തിയ നിയമങ്ങള്‍. ഉദാഹരണത്തിന് വ്രതാനുഷ്ഠാനം മുന്‍കാല സമൂഹങ്ങള്‍ക്കും ബാധകമായിരുന്നു.’സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു'(ബഖറ:183). അവ പ്രമാണമാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ച് അഭിപ്രായപെട്ടിട്ടുണ്ട്.

3 പൂര്‍വ്വ വേദങ്ങളിലെ നിയമങ്ങള്‍ ഖുര്‍ആനിലോ സുന്നത്തിലോ സൂചിപ്പിക്കപെടുകയും അവ മുഹമ്മദ് നബിയുടെ ശരീഅത്തിന്റെ ഭാഗമാണോ അല്ലെയോ എന്ന് നിര്‍ണയിക്കപെടാത്ത വിധികള്‍. ഉദാഹരണത്തിന് സൂറത്തുമാഇദയില്‍ ബനൂഇസ്രായേലരുടെ പ്രതിക്രിയയുമായി ബന്ധപെട്ട് അല്ലാഹു പറയുന്നു:’ജീവന് ജീവന്‍,കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി,പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്'(5:25).ഇത് മുഹമ്മദ് നബിയുടെ ശരീഅത്തിലും നിയമമാണോ, അതല്ല ദുര്‍ബലപെടുത്തിയതാണോ എന്നുള്ള സൂചന ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല. ഈ ശൈലിയില്‍ വന്ന മുന്‍കാല ശരീഅത്തു നിയങ്ങള്‍ മുഹമ്മദ് നബിയുടെ ശരീഅത്തിലും പ്രമാണമായി സ്വീകരിക്കല്‍ അനുവദനീയമോ എന്ന വിഷയത്തിലാണ് പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസം നിലനില്‍കുന്നത്.

ചിലര്‍ അവ ശരീഅത്തിന്റെ സ്രോതസ്സാണെന്നും അത്തരം നിയമങ്ങള്‍ നമ്മുക്കും ബാധകമാണെന്ന വാദക്കാരാണ്.ഹനഫീ മദ്ഹബിലെ ഭൂരിഭാഗം പണ്ഡിതന്‍മാരുടെയും, മാലികി മദ്ഹബിന്റെയും, ഹമ്പലി മദ്ഹബിലെ വലിയൊരു വിഭാഗം പണ്ഡിതരുടേയും അഭിപ്രായം ഇതാണ്. ഇമാം ഖറാഫി ഇമാം ഖാളിയെ ഉദ്ധരിക്കുന്നതു കാണുക: ദുര്‍ബലപെടാത്ത എല്ലാ നിയമങ്ങളും നമുക്കും ബാധകമാണ്. അവ തമ്മില്‍ യാതൊരു വേര്‍തിരിവും ഇല്ല. ഈ അഭിപ്രായം സ്വീകരിക്കുന്നവരുടെ പ്രധാന തെളിവുകള്‍ ഇവയാണ്.

A-‘അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക'(ആന്‍ആം:90). ഈ ആയത്തില്‍ മുന്‍കാല പ്രവാചകന്‍മാരുടെ പാത പിന്‍പറ്റാന്‍ മുഹമ്മദ് നബിയോട് അല്ലാഹു കല്‍പ്പിക്കുന്നതായി കാണാം. അവരുടെ നേര്മാര്‍ഗത്തെ പിന്‍പറ്റുകയെന്നാല്‍ സ്ഥിരപെട്ടുവന്ന അവരുടെ നിയമങ്ങളെ പിന്‍പറ്റുക എന്നാണ് ഉദ്ദേശം.

B-‘നാം തന്നെയാണ് തൌറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നെര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിമപെട്ട് ജീവിച്ച പ്രവാചകന്മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു’ (മാഇദ:44). മുഹമ്മദ് നബി ഈ ആയത്തില്‍ പരാമര്‍ശിച്ച പ്രവാചകന്മാരില്‍ നിന്ന് അപവാദമല്ല.

C-‘പിന്നീട്, നേര്‍വഴിയില്‍ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നല്‍കിയിരിക്കുന്നു'(നഹ്‌ല്:123). ഇബ്രാഹീം നബിയുടെ മാര്‍ഗത്തെ പിന്തുടരണം എന്നത്തിന്റെ ഉദ്ദേശം അദ്ദേഹത്തിന്റെ നിയമങ്ങളെ പിന്തുടരണം എന്നാണ്.

D ‘അനസ്(റ) വില്‍ നിന്ന് ഉദ്ധരിക്കപെടുന്നു: റുബൈഅ അന്‍സാരികളില്‍പെട്ട ഒരു അടിമ സ്ത്രീയുടെ മുന്‍പല്ല് തകര്‍ത്തു.അങ്ങനെ അവര്‍ പ്രതിക്രിയ ആവശ്യപെട്ട് നബിയുടെ അടുത്ത് വന്നു.അങ്ങനെ നബി പ്രതിക്രിയ നടപ്പിലാക്കുകയും ചെയ്തു(ബുഖാരി). ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ട ബനൂഇസ്രായേല്യരുടെ നിയമത്തെ അവലംബമാക്കിയാണ് റസൂല്‍ വിധി നടപ്പിലാക്കിയത്.

E- ബറാഉബ്‌നുഅസിബില്‍ നിന്ന് ഉദ്ധരിക്കപെടുന്നു:  ഒരു ജൂതന്‍ വ്യഭിചരിച്ചതിന്റെ പേരില്‍ റസൂല്‍ അയാളെ എറിഞ്ഞു കൊല്ലാന്‍ കല്‍പ്പിക്കുകയും ശേഷം അല്ലാഹുവേ നിന്നെ സാക്ഷ്യപെടുത്തുന്നു, ജൂതന്മാര്‍ വിട്ടുകളഞ്ഞ ഒരു സുന്നത്തിനെ ആദ്യമായി ജീവിപ്പിച്ചത് ഞാനാണേന്ന് പറയുകയും ചെയ്തു. (അഹ്മദ്)

എന്നാല്‍ പൂര്‍വ്വകാല ഗ്രന്ഥങ്ങളിലെ നിയമങ്ങള്‍ മുഹമ്മദ് നബിയുടെ ശരീഅത്തിന് ബാധകമല്ലെന്നതാണ് മറ്റൊരു അഭിപ്രായം.ഇമാം ശാഫിയുടെയും ഇമാം അഹ്മദില്‍ നിന്ന് ഉദ്ധരിക്കപെടുന്നതും ഈ വീക്ഷണമാണ്. ഇമാം റാസിയുടെ അഭിപ്രായവും ഇതു തന്നെയാണന്ന്  ഇമാം ഗസാലി മുസ്ത്വസ്ഫയില്‍ രേഖപെടുത്തിയിട്ടുണ്ട്. ഇമാം സൈനുദ്ധീന്‍ ആമിദി അദ്ദേഹത്തിന്റെ الإحكام في أصول الأحكام ലും മുന്‍കാല ശരീഅത്തിലെ നിയമങ്ങള്‍ മുഹമ്മദ് നബിയുടെ ശരീഅത്തിന്റെ ഭാഗമല്ലെന്ന വീക്ഷണമാണ് സ്വീകര്യമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഈ അഭിപ്രായം സ്വീകരിക്കുന്നവരുടെ പ്രധാന തെളിവുകള്‍ ഇവയാണ്.

A- ‘നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു.’ (മാഇദ:48) ഈ ആയത്ത് മുഖേന എല്ലാ പ്രവാചകന്മാര്‍ക്കും ഓരോ നിയമവ്യവസ്തയുണ്ടെന്നും അവര്‍ അവരുടെ ശരീഅത്ത് മാത്രം പിന്‍പറ്റാനാണ് കല്‍പ്പിക്കപെട്ടിടുള്ളതെന്നും അവര്‍ വ്യാഖ്യാനിക്കുന്നു. എന്നാല്‍ പ്രവാചകന്മാരെ അവരുടെ ശരീഅത്തിലേക്ക് പ്രത്യേകമാക്കുന്നതില്‍ തെറ്റില്ലാ എന്നും എന്നാല്‍ അവ പിന്തുടരല്‍ അനുവദനീയമല്ല എന്ന വാദത്തിന് ഈ സൂക്തം തെളിവല്ല എന്നും ചില പണ്ഡിതന്‍മാര്‍ നിരൂപണം ചെയ്യുന്നുണ്ട് (المذهب في أصول الفقه المقارن ج-٣ ص-٩٧٣)

 B- ഉമര്‍(റ) വേദക്കാരുടെ കയ്യില്‍ നിന്നും സ്വീകരിച്ച ഗ്രന്ഥം നബി(സ) കാണുകയും കോപിക്കുകയും ചെയ്ത സംഭവമാണ് മറ്റൊരു തെളിവ്(അഹ്മദ്, ബൈഹഖി). വാസ്തവത്തില്‍ മാറ്റതിരുത്തപെട്ട വേദഗ്രന്ഥങ്ങളെ പിന്തുടരുന്നതിനെ സംബന്ധിച്ച മുന്നറിയിപ്പാണ് ഈ സംഭാവത്തിലടങ്ങിയിടുള്ളത്. മാത്രമല്ല വേറെ ചില ഹദീസുകള്‍ റസൂല്‍ മറ്റു വേദഗ്രന്ഥങ്ങളെ അവലംബിച്ചു എന്ന് സ്ഥിരപെടുത്തുമ്പോള്‍ ഈ ഹദീസ് ഉള്‍പ്പെടെയുള്ളവ അവയുടെ വെളിച്ചത്തിലാണ് വ്യാഖ്യാനിക്കേണ്ടത്.

അല്ലാഹു ഒരു നിയമം ഏത് സമൂഹത്തിന് നിര്‍ബന്ധമാക്കുമ്പോളും അതില്‍ രണ്ട് തത്വങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. ഒന്ന്: എല്ലാ നിയമങ്ങളും സമൂഹത്തിന്റെ ക്ഷേമം പൂര്‍ത്തീകരികല്‍, അന്യായം തടയല്‍, ക്ലേശം ഇല്ലാതാക്കല്‍ എന്നീ പൊതുലക്ഷ്യങ്ങളില്‍ ഊന്നിയുള്ളതാണ്.

രണ്ട്: നിയമദാതാവ് ദുര്‍ബലപ്പെടുത്താത്ത കാലമത്രെയും ആ നിയമങ്ങള്‍ അതിന് ശേഷം വരുന്ന സമൂഹത്തിന്റെ ക്ഷേമത്തിനുള്ള വ്യവസ്ഥയായിരിക്കും.അതിനാല്‍ പൊതുവായ തത്ത്വങ്ങള്‍ പരിഗണിക്കുമ്പോള്‍ ഖുര്‍ആനോ സുന്നത്തോ ദുര്‍ബലപെടുത്താത്ത വിധികള്‍ മുഹമ്മദ് നബിയുടെ ശരീഅത്തിന്റെ ഭാഗം തന്നെയാണ്. ആധുനികരായ പല പണ്ഡിതരും രണ്ട് അഭിപ്രായങ്ങളുടെയും തെളിവുകള്‍ താരതമ്യം ചെയ്ത ശേഷം പൂര്‍വ്വകാല വേദങ്ങളില്‍ നിന്ന് ഖുര്‍ആനിലോ സുന്നത്തിലോ ഉദ്ധരിച്ച, അതോടൊപ്പം ദുര്‍ബലപെടുത്താത്ത നിയമങ്ങള്‍ നമുക്കും ബാധകമാണെന്ന വീക്ഷണമാണ് സ്വീകരിച്ചിട്ടുള്ളത്.

 

 

Related Articles