Current Date

Search
Close this search box.
Search
Close this search box.

കാര്യങ്ങള്‍ കൈവിടുന്ന ദിനം

broken.jpg

الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ

‘അവരുടെ വായകള്‍ മൂടപ്പെടുകയും തങ്ങളുടെ ചെയ്തികളെക്കുറിച്ച് കൈകള്‍ സംസാരിക്കുകയും കാലുകള്‍ സാക്ഷ്യം നില്‍ക്കുകയും ചെയ്യുന്ന ദിവസം.’
പലപ്പോഴും ഒരുപാട് ആശ്ചര്യത്തോടെ മാത്രമേ മിക്ക ഖുര്‍ആന്‍ വചനങ്ങളും വായിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അവയിലൊളിഞ്ഞിരിക്കുന്ന സാരാംശങ്ങളുടെ സമീപത്തുകൂടി സഞ്ചരിക്കുമ്പോള്‍ തന്നെ വല്ലാത്തൊരു ദിവ്യാനുഭൂതിയായിരുന്നു ലഭിച്ചിരുന്നത്. എല്ലാം മനസ്സിലാക്കാന്‍ മാത്രം ശ്രേഷ്ഠനല്ല മനുഷ്യന്‍. പരലോകത്തെക്കുറിച്ചും അവിടുത്തെ രക്ഷാ-ശിക്ഷകളെക്കുറിച്ചുമൊക്കെ അല്ലാഹു സംസാരിക്കുമ്പോള്‍ ഭാവനാസാധ്യതയ്ക്കും അപ്പുറത്താണ് പലകാര്യങ്ങളും. അവയൊക്കെ കണ്ടുതന്നെ അറിയാം എന്ന് കരുതി സമാധാനിക്കാറുണ്ട്. പക്ഷെ അപ്പോഴും ചില സന്ദേഹങ്ങള്‍ ബാക്കി നില്‍ക്കുന്നു. ചിലതെങ്കിലും മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിന് ‘മനുഷ്യര്‍ക്കാകമാനം സത്യത്തിന്റെ വെളിച്ചവുമായി ഖുര്‍ആന്‍ അവതരിച്ചു. മനുഷ്യഭാവനക്കതീതമായ മായാ പ്രപഞ്ചങ്ങള്‍ മനസ്സിന്റെ അഗാധതകളില്‍ പടുത്തുയര്‍ത്തി, അപസര്‍പ്പക വിവരണങ്ങളുടെ ശൈലിയില്‍ മനുഷ്യരെ ഭയപ്പെടുത്തുക എന്നതാണോ അല്ലാഹുവിന്റെ ശൈലീഭാവം?

‘മുന്‍ പ്രവാചകന്മാരെയും നാം അയച്ചത് തെളിഞ്ഞ ദൃഷ്ടാന്തങ്ങളും വേദങ്ങളും നല്‍കിക്കൊണ്ടായിരുന്നു. ഇപ്പോള്‍, ഈ ഉദ്‌ബോധനം നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു ജനസമക്ഷം അവര്‍ക്കായി അവതീര്‍ണമായ പാഠങ്ങളെ നീ വിശദീകരിച്ച് വെളിപ്പെടുത്തേണ്ടതിനും, ജനം (സ്വയം) ചിന്തിക്കേണ്ടതിനും’ (അന്നഹ്ല്‍ : 44) ജനങ്ങള്‍ക്ക് വിശദീകരിക്കപ്പെടുകയും അതുവഴി അവര്‍ ചിന്തിച്ചു ഉദ്ബുദ്ധരാവുകയും ചെയ്യണമെങ്കില്‍ അവരോരോരുത്തരുടേയും അവബോധ മാനസികതലങ്ങളെ ഉണര്‍ത്തുകയും തൃപ്തിപ്പെടുത്തുകയും ചെയ്യും വിധമായിരിക്കണം അതിന്റെ ശൈലികളും പ്രയോഗങ്ങളും. തീര്‍ച്ചയായും അത്തരം ശൈലികളും പ്രയോഗങ്ങളും തന്നെയാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ‘നാം ഇതിനെ അറബിഭാഷയില്‍ ഖുര്‍ആന്‍ ആക്കി അവതരിപ്പിച്ചിരിക്കുന്നു നിങ്ങള്‍ക്ക് അത് നന്നായി ഗ്രഹിക്കാന്‍ കഴിയേണ്ടതിന്ന്.’ (യൂസുഫ് : 2)

ശൈലികളില്‍ മാത്രമാണോ ഈ അനിതരസാധാരണത്വം ഉള്ളത്? ഖുര്‍ആന്റെ ഉള്ളടക്കങ്ങളും ഈ സ്വഭാവത്തില്‍ തന്നെയാണ്. അല്ലാഹുവിന്റെ ഭീഷണികളും പ്രലോഭനങ്ങളുമൊക്കെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ മനുഷ്യന്റെ ഭാവനാലോകത്ത് ചികഞ്ഞെടുക്കാവുന്നതല്ലെങ്കിലും ചില ഭാവങ്ങളും രംഗങ്ങളുമൊക്കെ മനുഷ്യഭാവനക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നവയാണ്.

സൂറ: യാസീനിലെ അല്ലാഹുവിന്റെ മുന്നറിയിപ്പാണ് തുടക്കത്തില്‍ കൊടുത്തത്. നാവ് നിശ്ചലമാവുക്കപ്പെടുകയും മറ്റവയവങ്ങള്‍ സംസാരിക്കുകയും ചെയ്യുന്ന ഒരപൂര്‍വ്വദിനം. കൈകാലുകള്‍ സംസാരിക്കുന്നത് ആ മഹാ ദിനത്തിലെ ഒരുപാട് അപൂര്‍വ്വതകളിലൊന്നു മാത്രമായി വിശ്വസിച്ച് പോവുകയായിരുന്നു.
ലിംഗ്വസ്റ്റിക് അക്കാദമീഷ്യന്‍സ് പറയുന്നത് ഇപ്പോള്‍ തന്നെ മനുഷ്യരുടെ അവയവങ്ങള്‍ സംസാരിക്കുന്നുണ്ട് എന്നാണ്. ശരീരഭാഷ (Body Language)എന്ന് പേരിട്ട് അതിനേയും ഒരു ഭാഷയായി, ഭാഷാശാസ്ത്രമായി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ആശയസംക്രമണ (data transmission)ത്തിന് ആണ് ഭാഷ ഉപയോഗിക്കപ്പെടുന്നത്. ഇന്ന് ലോകത്ത് നിലവിലുള്ള നൂറു കണക്കിന് വാചികഭാഷക (oral/verbal languages) ളിലൂടെ ഈ ഉദ്യമം നടന്നു വരുന്നുണ്ട്. എന്നാല്‍ ഭാഷാ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു, നമ്മുടെ സന്ദേശങ്ങളില്‍ വെറും ഏഴ് ശതമാനം മാത്രമേ ഇത്തരം വാചികമായ ഭാഷകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ. ബാക്കിവരുന്ന ഭീമമായ ഭാഗം വാചികമല്ലാത്ത (non-verbal language) സൂചനകളിലൂടെയാണ് അനുവാചകര്‍ക്ക് കൈമാറുന്നത്. ആല്‍ബര്‍ട്ട് മെഹ്‌റാബിന്‍ പറയുന്നു. ഒരാശയം ഏഴ് ശതമാനം വാചികമായും, 38 ശതമാനം പറയുന്ന രീതിവഴിയും, 55 ശതമാനം വാചികമല്ലാതെയും കൈമാറുമ്പോള്‍ ഫലമുണ്ടാകുന്നുവെന്നാണ്. ബെര്‍ഡ് വിസ്സ്‌ലിന്റെ അഭിപ്രായത്തില്‍ ശരാശരി 10 മിനുട്ട് നാം സംസാരിക്കുമ്പോള്‍ 21/2 മുനുട്ട് മാത്രമേ വാചകം പറയാനായി ഉപയോഗിക്കുന്നുളളൂവെന്നാണ്. ലോകം മുഴുവന്‍ ഒരേ അടിസ്ഥാനപരമായ ആശയവിനിമയ ആംഗ്യഭാഷയാണ് ഉപയോഗിക്കുന്നത്. അതേസമയം സാംസ്‌കാരികമായ ചില്ലറ വ്യത്യാസങ്ങളും വ്യാഖ്യാനങ്ങളില്‍ ഉണ്ടാകാം.

വാചികമല്ലാത്ത സൂചനകള്‍ മനസ്സിലാക്കാനും അവയെ വാചികമായ സൂചനകളുമായി താരതമ്യം ചെയ്യാനും കഴിയുമ്പോഴാണ് ഒരാളെ അവബോധമുള്ളയാള്‍ എന്ന് വിളിക്കുന്നത്. (സ്ത്രീകള്‍ക്ക് ഈ അവബോധം കൂടുതലായാണുള്ളത്). മാത്രമല്ല, ഗവേഷണ പ്രകാരം ശരീരഭാഷയാണ് വാക്കുകളേക്കാള്‍ വിശ്വാസ്യയോഗ്യം. വാചികഭാഷയില്‍ കള്ളം പറയുവാനുള്ള ഒരു പ്രവണത പലപ്പോഴും ഒളിഞ്ഞു കിടപ്പുണ്ട്. സമര്‍ത്ഥമായി അത് സാധിച്ചെടുക്കാനും ചിലര്‍ക്ക് സാധിക്കുന്നു. അതേസമയം കളവ് പറയുമ്പോള്‍ നമ്മുടെ ഉപബോധമനസ്സ് പെട്ടെന്ന് സ്വതന്ത്രമാവത്തില്‍ പ്രതികരിക്കുന്നു. ഇത് ശരീരഭാഷയിലും പ്രതിഫലിക്കുന്നു. അതുകൊണ്ടാണ് വിരളമായി മാത്രം കള്ളം പറയുന്നവര്‍ വേഗത്തില്‍ പിടിക്കപ്പെടുന്നത്. കാരണം മനസ്സിന്റെ ദൂഷ്യങ്ങള്‍ക്കെതിരേ ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നു.

ചുരുക്കത്തില്‍ നമ്മുടെ ഓരോ ചലനങ്ങളിലും ഓരോ നോട്ടങ്ങളിലും ഒരുപാട് സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനായി കിടക്കുന്നുണ്ട്. മനസ്സിലുള്ള സ്‌നേഹമോ, വെറുപ്പോ, സന്തോഷമോ, സന്താപമോ ആയ എല്ലാ വികാരങ്ങളും നമ്മുടെ ശരീരത്തിന്റെ ബാഹ്യപ്രകടനങ്ങളിലൂടെ മറ്റുള്ളവരിലേക്ക് സംക്രമണം നടത്തപ്പെടുന്നുണ്ട്. മനുഷ്യന് കളവ് പറയാനോ നിഷേധിക്കാനോ സാധ്യമാകാത്ത വിധം അവന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് മുന്നില്‍ കാണിക്കപ്പെടും എന്ന അല്ലാഹുവിന്റെ മുന്നറിയിപ്പ് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെങ്കിലും ലളിതയുക്തികൊണ്ട് നിഷേധിക്കാവതല്ല എന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അറിവുകളുടെ കൂടെ തിരിച്ചറിവുകള്‍ കൂടി നേടിയെടുത്ത മനുഷ്യന് ദൈവത്തിന്റെ മുന്നറിയിപ്പുകളും ഭീഷണികളും നിസ്സാരമാക്കി തള്ളാനാവില്ലെന്നത് ഒരു പരമാര്‍ത്ഥമാണ്.

Related Articles