Current Date

Search
Close this search box.
Search
Close this search box.

അന്ത്യദിനത്തിലെ കാഴ്ച്ചകള്‍

sky.jpg

‘നിസ്സംശയം, വിധിദിനം സമയനിര്‍ണിതമാകുന്നു. കാഹളം ഊതുന്ന ദിനമാണത്, അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും. ആകാശം തുറക്കപ്പെടും. അങ്ങനെ അതിന് പല പല കവാടങ്ങളുണ്ടാകുന്നു. പര്‍വതങ്ങള്‍ ചലിപ്പിക്കപ്പെടും. അപ്പോള്‍ അത് മരീചികയായിത്തീരുന്നു.’ (അന്നബഅ്: 17-20)

വിധിദിനം സമയനിര്‍ണിതമാകുന്നു
അന്ത്യദിനത്തെ കുറിക്കുന്നതിന് ഉപയോഗിക്കുന്ന യൗമുല്‍ ഹിസാബ്, യൗമുല്‍ ഖിയാമഃ, യൗമുദ്ദീന്‍, യൗമുല്‍ ബഅ്ഥ്, യൗമുല്‍ ഹശ്ര്‍, യൗമുത്തഗാബുന്‍, യൗമുത്തലാഖ്, യൗമുത്തനാദ് പോലുള്ള നാമങ്ങളെ പോലുള്ള ഒരു നാമമാണ് ‘യൗമുല്‍ ഫസ്വ്ല്‍’

വിവിധ ആദര്‍ശത്തിന്റെ വക്താക്കള്‍ക്കിടയില്‍ അല്ലാഹു വിധികല്‍പിക്കുന്ന ദിനമാണത്. അതുകൊണ്ടാണ് ആ ദിവസത്തെ വിധിദിനമെന്നും വിളിക്കുന്നത്. അല്ലാഹു പറയുന്നു: ‘വിശ്വസിച്ചവര്‍, യഹൂദരായവര്‍, സാബിഇകള്‍, നസ്രാണികള്‍, മജൂസികള്‍, ബഹുദൈവാരാധകര്‍ ഇവര്‍ക്കെല്ലാമിടയില്‍ പുനരുത്ഥാന നാളില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാകുന്നു.’ (22:17)
‘ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍. ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്? വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്. വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം? അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.’ (77: 11-15)

സൃഷ്ടികള്‍ക്കിടയില്‍ അല്ലാഹു രക്ഷാശിക്ഷകള്‍ വിധിക്കുന്ന ദിനത്തിന്റെ സമയവും സന്ദര്‍ഭവുമെല്ലാം അല്ലാഹുവിന്റെ അടുക്കല്‍ വളരെ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. ആദ്യാവസാനം വരെയുള്ള ആളുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിനെ തുടര്‍ന്നുള്ള വിചാരണക്കും ചോദ്യചെല്ലലിനും, പ്രവര്‍ത്തനങ്ങള്‍ തൂക്കിതിട്ടപ്പെടുത്തുന്നതിനും കര്‍മരേഖ വായിക്കുന്നതിനും രക്ഷാശിക്ഷകള്‍ക്കുമെല്ലാമുള്ള സമയം നിര്‍ണിതമായ സമയമുണ്ടെന്ന് ചുരുക്കം. നിശ്ചിതമായ സമയം അതിനെല്ലാം നിശ്ചയിച്ചിട്ടുണ്ടെന്നാണ് അല്ലാഹു അറിയിക്കുന്നത്. അതില്‍ അങ്ങോട്ടോ ഇങ്ങോട്ടോ ഒരു മാറ്റം ഉണ്ടാവില്ല. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അതിനെ കുറിച്ച് അറിയുകയുമില്ല. അല്ലാഹു പറയുന്നത് കാണുക: ‘നിശ്ചയിക്കപ്പെട്ട അവധി വരെയല്ലാതെ നാമതിനെ പിന്തിപ്പിക്കുകയില്ല.’ (11: 104)

കാഹളത്തില്‍ ഊതപ്പെടുന്ന ദിനം
കാഹളവും അതിലെ ഊത്തിനും അല്ലാഹു ചുമതലപ്പെടുത്തിയിട്ടുള്ള മലക് അസ്‌റാഫീര്‍ കാഹളത്തില്‍ ഊതുന്ന ദിനമാണത്. രണ്ടാമത്തെ ഊത്താണ് ഇവിടെ ഉദ്ദേശ്യം. എല്ലാറ്റിനെയും മരിപ്പിക്കുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് പുനരുജ്ജീവനത്തിന്റേതും. ‘അന്ന് കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശഭൂമികളിലില്‍ ഉള്ളവരൊക്കെ ചലനമറ്റവരായിത്തീരും. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് വീണ്ടുമൊരിക്കല്‍ കാഹളത്തിലൂതപ്പെടും. അപ്പോഴതാ എല്ലാവരും എഴുന്നേറ്റ് നോക്കാന്‍ തുടങ്ങുന്നു.’ (39:68)

കാഹളമൂത്തിന്റെ യാഥാര്‍ത്ഥ്യമെന്താണ്? എന്തായിരിക്കും അതിന്റെ രീതി? എങ്ങനെയാണത് ഊതപ്പെടുക? അത് സംവിധാനിച്ചിട്ടുള്ള അല്ലാഹുവിന് മാത്രമാണ് അതിന്റെ യാഥാര്‍ത്ഥ്യം അറിയുക. വിശുദ്ധ ഖുര്‍ആന്‍ എന്താണോ അതിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് അത് വിശ്വസിക്കുക മാത്രമാണ് നമ്മുടെ ബാധ്യത.

കാഹളത്തിലെ ഊത്തിന് ശേഷം ജനങ്ങള്‍ അവരുടെ ഖബറിടങ്ങളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും. അവര്‍ മഹ്ശറിലേക്ക് കൂട്ടംകൂട്ടമായി വന്നണയുകയും ചെയ്യും. അഥവാ ഓരോ സമുദായവും അവരുടെ നേതാവിനൊപ്പം ഒരോ കൂട്ടമായി വന്നെത്തും. അല്ലാഹു അതിനെ കുറിച്ച് പറയുന്നു: ‘അന്നു മര്‍ത്ത്യരിലെ ഓരോ വിഭാഗത്തെയും അവരുടെ നേതാവിനോടൊപ്പം നാം വിളിക്കും.’ (17:71) അല്ലെങ്കില്‍ ഓരോരോ സംഘങ്ങളായി കൊണ്ടുവരപ്പെടും. ഓരോ മതത്തിന്റെ ആളുകളുടെ സംഘം, വ്യാജ ദൈവങ്ങളുടെ അനുയായികളുടെ സംഘം, വിഗ്രഹാരാധകരുടെ സംഘം ഇങ്ങനെ ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഘടകത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടങ്ങളായിരിക്കും അത്. (തുടരും)

മൊഴിമാറ്റം: നസീഫ്

കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു
ആകാശകവാടങ്ങള്‍ തുറക്കപ്പെടും ദിനം

Related Articles