Current Date

Search
Close this search box.
Search
Close this search box.

നല്ല സ്വഭാവമുള്ളവർ ഏറ്റവും നല്ലവർ!

good character

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، قَالَ: ” لَمْ يَكُنِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاحِشًا وَلاَ مُتَفَحِّشًا، وَكَانَ يَقُولُ: «إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا»

അബ്ദുല്ലാഹിബിൻ അംറ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ‘പ്രവാചകൻ(സ) മോശം പ്രവർത്തിക്കുന്നവനോ മ്ലേച്ചതയിൽ വ്യാപരിക്കുന്നവനോ ആയിരുന്നില്ല. പ്രവാചകൻ(സ) പറയുമായിരുന്നു: തീർച്ചയായും നിങ്ങളിൽ നല്ലവർ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്.’

വിശ്വാസിയുടെ ഏറ്റവും നല്ല ഗുണവും, ഏറ്റവും നല്ല വിശേഷണവുമെന്നത് മഹത്തായ സ്വഭാവമാണ്. എടുത്തണിയുമ്പോൾ സൗന്ദര്യവും, ഭംഗിയും, തിളക്കവും വർധിപ്പിക്കുന്ന വസ്ത്രമാണത്. നല്ല സ്വഭാവമുള്ള വ്യക്തികളെ ആളുകൾ ഇഷ്ടപ്പെടുന്നത് നിങ്ങൾക്ക് കാണാം. അവരുടെ അസാന്നിധ്യം വലിയ നഷ്ടമായിരിക്കും. രോഗിയാണെങ്കിൽ ആളുകൾ അവരെ സന്ദർശിക്കും. എന്തെങ്കിലും പ്രയാസം നേരിടുകയാണെങ്കിൽ അവരെ അറിയുന്നവർ സഹായിക്കും. അവർ തങ്ങൾക്കും മറ്റുള്ളവർക്കുമിടയിൽ സ്നേഹത്തിന്റെ പാലം നിർമിക്കുകയാണ്. അതിനാൽ ആളുകൾ അവരെ ഇഷ്ടപ്പെടുന്നു. ഇമാം തുർമുദി അബ്ദുല്ലാഹിബിൻ മുബാറക്കിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ‘അബ്ദുല്ലാഹിബിൻ മുബാറക്ക് നല്ല സ്വഭാവത്തെ വിശദീകരിച്ച് കൊണ്ട് പറയുന്നു: മുഖപ്രസന്നതയും, നന്മ പ്രവർത്തിക്കലും, ഉപദ്രവങ്ങൾ തടയലുമാണത്.’

Also read: സ്വന്തം അമ്മയുടേതിന് സമമാണന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്

പ്രവാചകൻ(സ) അല്ലാഹു വിശേഷിപ്പിച്ചു: ‘തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.’ (അൽഖലം: 4) അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു: ‘ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവം പ്രവാചകന്റേതായിരുന്നു.’ (ബുഖാരി, മുസ്‌ലിം) നല്ല സ്വഭാവമമെന്നത് വിഭവങ്ങൾ പോലെയാണ്. അല്ലാഹുവാണ് അവന്റെ സൃഷ്ടികൾക്കിടയിൽ അവൻ ഉദ്ദേശിക്കുന്ന രീതിയിൽ അത് വീതിക്കുന്നത്. ഏതൊരുവന് നല്ല സ്വഭാവം നൽകപ്പെട്ടുവോ അവന് ധാരാളം വിഭവങ്ങൾ നൽകപ്പെടുന്നതാണ്. നല്ല സ്വഭാവമുള്ള വ്യക്തി അല്ലാഹുവിനോടും, അവന്റെ ദൂതനോടും, ജനങ്ങളോടും അടുത്തുനിൽക്കുന്നവനായിരിക്കും. ജാബിർ(റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘എന്റെടുക്കൽ ഏറ്റവും ഇഷ്ടമുള്ളവനും, ഖിയാമത്ത് നാളിൽ എന്റെ ചാരത്ത് ഇരിപ്പിടം നൽകപ്പെടുന്നവനും നിങ്ങളിൽ ഉത്തമ സ്വഭാവമുള്ളവനാണ്.’

അബുദ്ദർദാഅ്(റ)വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘ഖിയാമത്ത് നാളിൽ സദ്സ്വഭാവത്തെക്കാൾ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു വസ്തുവില്ല. അല്ലാഹു മ്ലേച്ഛത കാണിക്കുന്നവനെയും അശ്ലീലം പറയുന്നവനെയും വെറുക്കുന്നു.’ (തുർമുദി) ഹദീസിൽ പ്രയോഗിച്ച് ‘ബിദിയ്യ്’ എന്ന് പദം മോശം സംസാരിക്കുന്നവനെയാണ് സൂചിപ്പിക്കുന്നത്. ഈ ഹദീസ് ഉദാത്തമായ സ്വഭാവത്തിന്റെ പൂർണതയിലേക്കാണ് വെളിച്ചം വീശുന്നത്. അബുദ്ദർദാഅ്(റ)വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘വിശ്വാസത്തിൽ വിശ്വാസികളിൽ ഏറ്റവും പൂർണതയിലെത്തുന്നവർ അവരിലെ ഏറ്റവും നല്ല സ്വഭാവക്കാരാണ്. നിങ്ങളിൽ ഏറ്റവും നല്ലവർ, നിങ്ങളിൽ ഏറ്റവും നല്ലവർ അവരുടെ ഇണകളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ്.’ (തുർമുദി)

Also read: മരണത്തിനും ജീവിതത്തിനുമിടയിൽ മരുപ്പച്ച തേടുന്ന അഭയാർഥികൾ

തീർച്ചയായും ഈ സ്വഭാവ ഗുണം സ്വർഗ പ്രവേശത്തിന് കാരണമായി തീരുന്നതാണ്. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: ‘അധികമാളുകളും എന്തിനാലാണ് സ്വർഗത്തിൽ പ്രേവശിപ്പിക്കപ്പെടുക എന്ന് അല്ലാഹുവിന്റെ റസൂൽ ചോദിക്കപ്പെട്ടു. പ്രവാചകൻ(സ) പറഞ്ഞു: അല്ലാഹുവിനോടുള്ള ഭയഭക്തി, ഉദാത്ത സ്വഭാവം. അധികമാളുകളും എന്തിനാലാണ് നരകത്തിൽ പ്രവേശിപ്പിക്കപ്പെടുകയെന്ന് ചോദിക്കപ്പെട്ടു. പ്രവാചകൻ(സ) പറഞ്ഞു: വായ, ഗുഹ്യാവയവം.’ (തുർമുദി)

വിവ: അർശദ് കാരക്കാട്

 

Related Articles