Current Date

Search
Close this search box.
Search
Close this search box.

ശുചിത്വത്തിന്‍റെ പ്രവാചക പാഠങ്ങള്‍

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൃത്തി കാത്തുസൂക്ഷിക്കുന്നവരാണ് മുസ്‌ലിം സമൂഹം. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചെടുത്തോളം അത് കേവലം വൈയക്തികമായ ശീലമല്ല. മറിച്ച്, ഇസ്‌ലാമിന്റെ രീതിയാണത്. അതിനപ്പുറം അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗം കൂടിയാണ്. അബൂ മാലിക്കുല്‍ അശ്അരി ഉദ്ധരിക്കുന്നു; നബി(സ്വ) പറയുന്നു: ‘വൃത്തി വിശ്വാസത്തിന്റെ ഭാഗമാണ്'(മുസ്‌ലിം). നമസ്‌കാരത്തിന്റെ സാധുതയ്ക്കുള്ള ഒരു നിബന്ധനയാണ് വുളൂഅ്. അതില്ലാതെ ഒരു നമസ്‌കാരവും സ്വീകരിക്കപ്പെടുകയില്ല. മാത്രമല്ല, വുളൂഅ് മുസ്‌ലിമിനെ ഇഹലോകത്തും പരലോകത്തും മഹോന്നതനാക്കുന്നു. അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ്വ) പറയുന്നു: ‘അന്ത്യനാളില്‍ എന്റെ സമുദായം വിളിക്കപ്പെടും. ഇഹലോകത്ത് വുളൂഅ് പതിവാക്കുന്നത് കാരണം അന്നേരം അവര്‍ കൈകാലുകള്‍ വെളുത്തവരായിരിക്കും. അതുകൊണ്ട് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും വുളൂഅ് ചെയ്യും നേരം കൈാലുകള്‍ നീട്ടി വുളൂഅ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുക'(ബുഖാരി). അതുകൊണ്ട് തന്നെ വൃത്തിയും ശുചിത്വവുമാണ് മുസ്‌ലിമിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. ഇസ്‌ലാമിക നാഗരികതയുടെ നല്ല ശീലങ്ങളില്‍ ഒന്നാണത്. അതുകൊണ്ടാണ് ശരീരവും വസ്ത്രവും പരിസരവും എപ്പോഴും വൃത്തിയുള്ളതായിരിക്കണമെന്ന് പ്രവാചകന്‍ ജനങ്ങളെ ഉദ്‌ബോധനം നടത്തിയത്.

ശരീര ശുചിത്വം
മുസ്‌ലിം തന്റെ ശരീരം എപ്പോഴും വൃത്തിയില്‍ കൊണ്ടുനടക്കുന്നതിന് പ്രവാചകന്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറക്കില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴും കൈ രണ്ടും കഴുകല്‍ സുന്നത്താക്കി. തിരുനബി പറയുന്നു: ‘നിങ്ങളില്‍നിന്നും ആരെങ്കിലും ഉറക്കില്‍ നിന്നും എണീറ്റാല്‍ പാത്രത്തിലേക്ക് കൈകള്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് അവ രണ്ടും മൂന്ന് പ്രാവശ്യം കഴുകുക. കാരണം, ഉറങ്ങുന്ന സമയത്ത് അവന്റെ കൈകള്‍ എവിടെയെല്ലാം സ്പര്‍ശിച്ചിട്ടുണ്ടെന്ന് അവന് അറിയുകയില്ല'(മുസ്‌ലിം).

Also read: സംസാരത്തിന്‍റെ ഉള്ളടക്കവും ശൈലിയും

നമ്മുടെ വായ ശുദ്ധീകരിക്കാനും എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും തിരുനബി നമ്മോട് പല്ല് തേക്കാന്‍ നിര്‍ദ്ദേശിച്ചു. ആയിശ ബീവി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം; പ്രവാചകന്‍ പറഞ്ഞു: ‘മിസ്‌വാക്ക് ചെയ്യുന്നത് വായ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. മാത്രമല്ല, അത് അല്ലാഹുവിന് ഇഷ്ടമുള്ള കാര്യവുമാണ്'(ബുഖാരി). അതുപോലെ കൊഴുപ്പുള്ള ഭക്ഷണം കഴിച്ച ഉടനെ വായ വെള്ളം ഉപയോഗിച്ച് കൊപ്ലിക്കാനും തിരുനബി നമ്മോട് കല്‍പിക്കുന്നുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പാല് കുടിച്ചതിന് ശേഷം വായ വെള്ളംകൊണ്ട് കൊപ്ലിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘പാലില്‍ കൊഴുപ്പുണ്ട്'(ബുഖാരി).

കുളി
വുളൂഅ് കൊണ്ട് മനുഷ്യ ശരീരത്തിലെ പ്രകടമായ അവയവങ്ങള്‍ ശുദ്ധിയാവുന്നത് പോലെത്തന്നെ പ്രധാനമാണ് മറ്റു അവയവങ്ങളും. അതുകൊണ്ട് തന്നെ ഇസ്‌ലാം അതിനും പ്രാധാന്യം നല്‍കുന്നുണ്ട്. വലിയ അശുദ്ധിയില്‍ നിന്നും ശരീരത്തെ വിമലീകരിക്കാനുള്ള നിര്‍ബന്ധ കുളി പോലെത്തന്നെ സുന്നത്തായ കുളികളുമുണ്ട്. നിര്‍ബന്ധമായ കുളിയെക്കുറിച്ച് അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളെ, നിങ്ങള്‍ നമസ്‌കരിക്കാനുദ്ദേശിച്ചാല്‍ മുഖങ്ങളും മുട്ടുവരെ കൈകളും കഴുകണം. തല തടവുകയും ഞെരിയാണിവരെ ഇരുകാലുകളും കഴുകുകയും ചെയ്യുക. വലിയ അശുദ്ധി(ജനാബത്ത്) ഉണ്ടെങ്കില്‍ കുളിച്ച് ശുദ്ധിയാവണം. ഇനി നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയി, അല്ലെങ്കില്‍ മലമൂത്ര വിസര്‍ജ്ജനം നിര്‍വഹിക്കുകയോ സ്ത്രീ സംസര്‍ഗം നടത്തുകയോ ചെയ്തു. എന്നിട്ട് വെള്ളം ലഭിച്ചില്ലെങ്കില്‍ തയമ്മും ചെയ്യാന്‍ നല്ല മണ്ണെടുക്കുകയും അതുകൊണ്ട് മുഖവും കൈകളും തടവുകയും ചെയ്യുക. നിങ്ങള്‍ക്ക് എന്തെങ്കിലും വിഷമമുണ്ടാകണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. നിങ്ങളെ ശുദ്ധീകരിക്കണമെന്നും നിങ്ങള്‍ കൃതജ്ഞരാവാന്‍ വേണ്ടി തന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരണമെന്നുമാണ് അവന്റെ ഉദ്ദേശ്യം'(മാഇദ: 6).

ജനാബത്തുകാരനായാല്‍ കുളി നിര്‍ബന്ധമാകുന്നത് പോലെത്തന്നെ സ്വപ്ന സ്ഖലനം സംഭവിച്ചാലും കുളിക്കേണ്ടതുണ്ട്. ഉമ്മു സലമ ഉദ്ധരിക്കുന്നു; ഒരിക്കല്‍ ഉമ്മു സുലൈം അല്ലാഹുവിന്റെ റസൂലിനരികില്‍ വന്നു ചോദിച്ചു: റസൂലെ, സത്യത്തെക്കുറിച്ച് അറിയുന്നതില്‍ ലജ്ജ കാണിക്കേണ്ടതില്ലല്ലോ. ഒരു സ്ത്രീക്ക് സ്വപ്ന സ്ഖലനം സംഭവിച്ചാല്‍ അവള്‍ കുളിക്കേണ്ടതുണ്ടോ? പ്രവാചകന്‍ മറുപടി പറഞ്ഞു: ‘അതെ. മനിയ്യ് പുറപ്പെട്ടാല്‍ കുളിക്കണം’. ഇതുകേട്ട് ഉമ്മു സലമ ചിരിച്ചുകൊണ്ട് ചോദിച്ചു: സ്ത്രീക്ക് സ്ഖലനം സംഭവിക്കുമോ? അന്നേരം പ്രവാചകന്‍ തിരിച്ചു ചോദിച്ചു: ‘പിന്നെങ്ങനെയാണ് കുട്ടിയുമായി അവര്‍ക്ക് സാദൃശ്യമുണ്ടാകുന്നത്'(ബുഖാരി).

Also read: ഗസ്സ: ‘ക്വാറന്റൈനിനുള്ളിലെ ക്വാറന്റൈന്‍’

സ്വപ്ന സ്ഖലനം പോലത്തന്നെ ആര്‍ത്തവവും പ്രസവരക്തവും ഉണ്ടാകുന്ന സമയത്തും സ്ത്രീ കുളിച്ച് ശുദ്ധിയുള്ളവളാകേണ്ടതുണ്ട്. ആയിശ ബീവി ഉദ്ധരിക്കുന്നു; ഒരിക്കല്‍ ഒരു സ്ത്രീ പ്രവാചകന് അരികില്‍ വന്ന് ആര്‍ത്തവ കുളിയെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ പ്രവാചകന്‍ അവള്‍ക്ക് കുളിക്കേണ്ട രീതിയെക്കുറിച്ച് പറഞ്ഞുകൊടുത്തു. എന്നിട്ട് തുടര്‍ന്ന് പറഞ്ഞു: ‘മിസ്‌കിന്റെ ഒരു കഷ്ണമെടുത്ത് അതുകൊണ്ട് വൃത്തിയാക്കുക’. സ്ത്രീ ചോദിച്ചു: അതുകൊണ്ടെങ്ങനെ ഞാന്‍ വൃത്തിയാക്കും? പ്രവാചകന്‍ പറഞ്ഞു: ‘അതുകൊണ്ട് വൃത്തിയാക്കൂ’. ആ സ്ത്രീ പിന്നെയും ചോദിച്ചു: എങ്ങനെ? ‘സുബ്ഹാനല്ലാഹ്! അതുകൊണ്ട് വൃത്തിയാക്കൂ’ പ്രവാചകന്‍ ആവര്‍ത്തിച്ചു. ഞാന്‍ ആ സ്ത്രീയെ എന്റെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു: ചോരയുടെ അടയാളമുള്ളിടത്ത് അത് പുരട്ടിയാല്‍ മതി(ബുഖാരി).

നിര്‍ബന്ധമായ കുളികള്‍ പോലെത്തന്നെ സുന്നത്തായ കുളികളുമുണ്ട്. ജുമുഅ ദിവസത്തെ കുളി അതില്‍ പെട്ടതാണ്. തിരുനബി അരുള്‍ ചെയ്തു: ‘സ്വപ്ന സ്ഖലനം സംഭവിച്ച എല്ലാവര്‍ക്കും ജുമുഅ ദിവസം കുളിക്കല്‍ നിര്‍ബന്ധമാണ്'(ബുഖാരി). കുളി മാത്രമല്ല. പല്ല് തേക്കലും സുഗന്ധം ഉപയോഗിക്കലുമെല്ലാം വെള്ളിയാഴ്ച ദിവസം സുന്നത്താണ്. വൃത്തിയോടെയും സുഗന്ധം പൂശിയും അതിരാവിലെത്തന്നെ അല്ലാവുവിന്റെ ഭവനത്തിലെത്തണം. പ്രവാചകന്‍ പറയുന്നു: ‘വെള്ളയാഴ്ച ദിവസം സ്വപ്ന സ്ഖലനം സംഭവിച്ചവര്‍ക്ക് കുളി നിര്‍ബന്ധമാണ്. അതുപോലെത്തന്നെ മിസവാക്കും കഴിയുന്ന അത്രയും സുഗന്ധവും ഉപയോഗിക്കണം'(മുസ്‌ലിം). തലയും മറ്റു ശരീരാവയവങ്ങളും വൃത്തിയാക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം പ്രത്യേകം മാറ്റിവെക്കല്‍ സുന്നത്തുണ്ട്. അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം; പ്രവാചകന്‍ പറയുന്നു: ‘ആഴ്ചയില്‍ ഒരുവട്ടം തലയും മറ്റു ശരീര ഭാഗങ്ങളും വൃത്തിയാക്കാന്‍ എല്ലാ മുസ്‌ലിമും സന്നദ്ധരാകേണ്ടതുണ്ട്'(മുസ്‌ലിം). ഇതിനെല്ലാം പുറമെ മനുഷ്യപ്രകൃതിയുടെ(ഫിത്വ്‌റത്ത്) ഭാഗങ്ങളും കാത്തു സൂക്ഷിക്കാന്‍ പ്രവാചകന്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു. മുഹമ്മദ് നബി പറയുന്നു: ‘മനുഷ്യപ്രകൃതി അഞ്ചെണ്ണമാണ്; ചേലാകര്‍മ്മം, ഗുഹ്യരോമങ്ങള്‍ നീക്കം ചെയ്യുക, മീശ വെട്ടിച്ചെറുതാക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക എന്നിവയാണത്'(ബുഖാരി).

Also read: വഴിയറിയാതെ കാശ്മീര്‍

വസ്ത്ര ശുചിത്വം
ശരീരം പോലത്തന്നെ വസ്ത്രങ്ങളിലെ വിശുദ്ധിയും പ്രധാനമാണ്. കാരണം, ശരീരത്തില്‍ അഴുക്കാകാതിരിക്കാനാണല്ലോ നാം വസ്ത്രം ഉപയോഗിക്കുന്നത്. ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധ്യമാകും വിധം വൃത്തിയുള്ളതായിരിക്കണം മുസ്‌ലിമിന്റെ വസ്ത്രവും. ബീവി അസ്മാഅ് ഉദ്ധരിക്കുന്നു; ഒരിക്കല്‍ ഒരു സ്ത്രീ പ്രവാചക സന്നിധിയില്‍ വന്ന് ചോദിച്ചു: ആര്‍ത്തവ രക്തം വസ്ത്രത്തിലായാല്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്? പ്രവാചകന്‍ പറഞ്ഞു: ‘അത് അഴിച്ചുവെച്ച് വെള്ളത്തിലിട്ട് നന്നായി കഴുകി വൃത്തിയാക്കുക. വൃത്തിയാക്കിയതിന് ശേഷം അതില്‍ നമസ്‌കരിക്കാം'(ബുഖാരി).

ആരാധനക്ക് പുറത്തും മുസ്‌ലിമിന്റെ വസ്ത്രങ്ങള്‍ വൃത്തിയുള്ളത് തന്നെയായിരിക്കണം. ജാബിര്‍ ബ്‌നു അബ്ദില്ലാഹ്(റ) ഉദ്ധരിക്കുന്നു; ഒരിക്കല്‍ പ്രവാചകന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോള്‍ മുടിയെല്ലാം അലങ്കോലമായി ജടകുത്തിയ ഒരാളെ കണ്ട് പ്രവാചകന്‍ ചോദിച്ചു: ‘തന്റെ മുടി ഒതുക്കി നിര്‍ത്താന്‍ സാധിക്കുന്ന ഒന്നും ഇദ്ദേഹത്തിന് കിട്ടിയില്ലേ?’ വസ്ത്രത്തില്‍ മുഴുവന്‍ അഴുക്കുള്ള മറ്റൊരു വ്യക്തിയെ കണ്ടപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: ‘തന്റെ വസ്ത്രം വൃത്തിയാക്കാനുള്ള വെള്ളം ഇദ്ദേഹത്തിന് ലഭ്യമായില്ലേ?'(1). നല്ല വസ്ത്രം ധരിക്കാനും കാഴ്ചയില്‍ ഭംഗിയായിരിക്കാനും പ്രവാചകന്‍ മുസ്‌ലിം സമൂഹത്തോട് ഉദ്‌ഘോഷിച്ചു. പുണ്യ റസൂല്‍(സ്വ) പറയുന്നു: ‘ഹൃദയത്തില്‍ ഒരു അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ഇതുകേട്ട് ഒരാള്‍ ചോദിച്ചു: ഒരാള്‍ അയാളുടെ വസ്ത്രവും ചെരുപ്പുമെല്ലാം ഭംഗിയായി കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്നവനാണെങ്കിലോ? റസൂല്‍ പറഞ്ഞു: ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരം സത്യത്തെ നഷ്ടപ്പെടുത്തിക്കളയുകയും ജനങ്ങളെ കാഴ്ചയില്‍ മറക്കുകയും ചെയ്യും'(മുസ്‌ലിം).

Also read: ചൈനീസ് എഴുത്ത് ശൈലിയും ഇസ് ലാമിക് കലിഗ്രഫിയും

ഗാര്‍ഹിക ശുചിത്വം
മുസ്‌ലിം താമസിക്കുന്ന ഇടവും വൃത്തിയുള്ളതായിരിക്കേണ്ടതിന്റെ പ്രാധാന്യം തിരുനബി സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. സഈദ് ബ്‌നു മുസയ്യബ്(റ) പറയുന്നു: ‘അല്ലാഹു നല്ലവനാണ്, അവന്‍ നല്ല കാര്യങ്ങളെ ഇഷ്ടപ്പെടുന്നു. അല്ലാഹു വൃത്തിയുള്ളവനാണ്, അവന്‍ വൃത്തി ഇഷ്ടപ്പെടുന്നു. അല്ലാഹു മാന്യനാണ്, അവന്‍ മാന്യതയെ ഇഷ്ടപ്പെടുന്നു. അല്ലാഹു ധര്‍മ്മിഷ്ടനാണ്, അവന്‍ ധര്‍മ്മത്തെ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ വീട്ടുമുറ്റം വൃത്തിയുള്ളതാക്കുക. നിങ്ങള്‍ യഹൂദികളെപ്പോലെയാകരുത്’. സഈദ്(റ) മുഹാജിറു ബ്‌നു മിസ്മാറിനും ഈ ഹദീസ് പറഞ്ഞുകൊടുത്തു. അന്നേരം അദ്ദേഹം പറഞ്ഞു: സഅദ് ബ്‌നു വഖാസിന്റെ പിതാവ് പ്രവാചകനെ തൊട്ട് ഇതുപോലെ ഒന്ന് ഉദ്ധരിച്ചതായി സഅദ്(റ) എന്നോട് പറഞ്ഞിട്ടുണ്ട്. അതില്‍ നിങ്ങളുടെ വീട്ടുമുറ്റം വൃത്തിയുള്ളതാക്കുക എന്നാണ് പ്രവാചകന്‍ പറഞ്ഞത്.(2)

പരിസര ശുചിത്വം
ശരീരത്തിന്റെയും വസ്ത്രത്തിന്റെയും വീടിന്റെയും പോലെത്തന്നെ പരസരവും ശുചിത്വമുള്ളതാക്കാന്‍ തിരുനബി നമ്മെ ബോധവാന്മാരാക്കുന്നുണ്ട്. പ്രവാചകന്‍ പറയുന്നു: ‘എന്റെ സമുദായം ചെയ്യുന്ന നന്മകളും തിന്മകളും എനിക്ക് കാണിക്കപ്പെട്ടു. എന്റെ സമുധായത്തിന്റെ പ്രവര്‍ത്തികളില്‍ വഴിയിലെ പ്രതിബന്ധങ്ങളെയും അഴുക്കുകളെയും നീക്കിക്കളയുന്ന നല്ല പ്രവര്‍ത്തനങ്ങളും പള്ളിയിലെ കഫം മൂടിക്കളയാതെ വെക്കുന്ന ദുഷിച്ച പ്രവര്‍ത്തിയുമുണ്ടായിരുന്നു'(മുസ്‌ലിം). വഴികളിലെ അഴുക്കുകളെ നീക്കിക്കളയുന്നത് പ്രവാചകന്‍ വിശ്വാസത്തിന്റെ ശാഖകളില്‍ ഒന്നാക്കി മാറ്റി. തിരുനബി പറയുന്നു: ‘വിശ്വാസം എഴുപത്തി ചില്ലാനമോ അറുപത്തി ചില്ലാനമോ ശാഖകളാണ്. അതിലേറ്റവും സ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ഏകത്വത്തിന്റെ വചനമാണ്. അതിലേറ്റവും താഴ്ന്ന ശാഖ വഴികളിലെ അഴുക്കുകളെ നീക്കം ചെയ്യലാണ്. ലജ്ജയും ഈമാന്റെ ശാഖയാണ്'(മുസ്‌ലിം).

Also read: അനുഗ്രഹങ്ങളുടെ ആകാശപ്പെയ്ത്ത്

പരിസര ശുചിത്വത്തിന്റെ ഭാഗമെന്നോണം ജനങ്ങള്‍ പതിവായി നടക്കുകയും കൂടുകയും ചെയ്യുന്ന ഇടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും പ്രവാചകന്‍ നിരോധിച്ചു. പ്രവാചകന്‍ പറയുന്നു: ‘ശപിക്കപ്പെടുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക’. സ്വഹാബികള്‍ ചോദിച്ചു: ആരാണ് നബിയെ ശപിക്കപ്പെട്ടവര്‍? പ്രവാചകന്‍ മറുപടി പറഞ്ഞു: ‘പൊതുവഴിയിലോ ജനങ്ങള്‍ തണല്‍ കൊള്ളുന്ന ഇടങ്ങളിലോ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നവരാണവര്‍(മുസ്‌ലിം).

ഭക്ഷണ ശുചിത്വം
മനുഷ്യന്റെ നിലനില്‍പ്പിന്റെ അനിവാര്യ ഘടകമാണ് ഭക്ഷണം. അതുകൊണ്ടാണ് ഭക്ഷണത്തിലെ ശുചിത്വത്തെക്കുറിച്ചും അതില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും തിരുനബി സമൂഹത്തെ ഉദ്‌ബോധനം നടത്തിയത്. രോഗങ്ങള്‍ വരാതെ ആരോഗ്യവാനായിരിക്കാന്‍ വേണ്ടിയാണത്. ഭക്ഷണത്തിലെ ശുചിത്വത്തിന്റെ ഭാഗമായാണ് പ്രവാചകന്‍ ദുര്‍ഗന്ധം വമിക്കുന്ന ഇരകളെയൊന്നും ഭക്ഷിക്കരുതെന്ന് പറഞ്ഞത്. തിരുനബി പറയുന്നു: ‘വേട്ട സമയത്ത് അമ്പെയ്ത് വീഴ്ത്തിയ ഇരയെ കാണാതാവുകയും പിന്നീട് ലഭിക്കുകയും ചെയ്താല്‍ ദുര്‍ഗന്ധം വമിക്കുന്നില്ലെങ്കില്‍ മാത്രമേ അത് ഭക്ഷിക്കാവൂ'(മുസ്‌ലിം). പാനീയം മലിനമാകാതിരിക്കാന്‍ പാനപാത്രത്തില്‍ ഊതുന്നതും നിരോധിച്ചു. പ്രവാചകന്‍ പറയുന്നു: ‘നിങ്ങളില്‍ ആരെങ്കിലും വെള്ളം കുടിക്കുകയാണെങ്കില്‍ അവന്‍ ആ പാത്രത്തിലേക്ക് ഊതാതിരിക്കട്ടെ(ബുഖാരി). ഭക്ഷണത്തില്‍ അഴുക്കു പുരളാതെ വൃത്തിയായിതന്നെ സൂക്ഷിക്കാന്‍ ഭക്ഷണ പാത്രങ്ങളെല്ലാം മൂടിവെക്കാന്‍ പ്രവാചകന്‍ സമൂഹത്തെ നിര്‍ദ്ദേശിച്ചു. ഉറങ്ങുന്ന സമയത്ത് ഭക്ഷണ, പാന പാത്രങ്ങളെല്ലാം മൂടിവെക്കാന്‍ അവിടുന്ന് കല്‍പിച്ചത് ആ സമയത്തേക്ക് മാത്രമുള്ളതല്ല. മറിച്ച് എല്ലാ സമയത്തും സൂക്ഷിക്കേണ്ട കാര്യമാണത്. ജാബിര്‍ ബ്‌നു അബ്ദില്ലാഹ്(റ) പറയുന്നു; നീഖിയയില്‍ നിന്നും ഒരു പാത്രം പാലുമായി ഒരിക്കല്‍ അബൂ ഹുമൈദ് പ്രവാചകന്റെ അടുക്കല്‍ വന്നു. അന്നേരം പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ഒരു മരക്കഷ്ണം കൊണ്ടെങ്കിലും നിനക്ക് ആ പാത്രം മൂടിവെക്കാമായിരുന്നില്ലേ?'(ബുഖാരി).

ഭക്ഷണത്തോട് കാണിക്കേണ്ട ഒരുപാട് മര്യാദകള്‍ തിരുനബി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഭക്ഷണ സമയത്ത് ബിസ്മി ചൊല്ലലും അതില്‍ പെട്ടതാണ്. ഉമറു ബ്‌നു അബീ സലമ പറയുന്നു: പ്രവാചകന്റെ സംരക്ഷണത്തിലുള്ള കുട്ടിയായിരുന്ന കാലം, ഭക്ഷണ സമയത്ത് ഞാന്‍ തളികയില്‍ എല്ലായിടത്തു നിന്നും ഭക്ഷണം കഴിക്കുമായിരുന്നു. അന്നേരം പ്രവാചകന്‍ എന്നോട് പറഞ്ഞു: ‘മോനേ, അല്ലാഹുവിന്റെ നാമം ചൊല്ലിയായിരിക്കണം ഭക്ഷണം കഴിക്കാന്‍ തുടങ്ങേണ്ടത്. വലത് കൈകൊണ്ട് മാത്രമേ ഭക്ഷണം കഴിക്കാവൂ’. അന്നുമുതല്‍ എന്റെ ശീലം അതായിമാറി(ബുഖാരി). ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും ചാരിയിരിക്കരുത്. പ്രവാചകന്‍ പറയുന്നു: ‘ഞാന്‍ ചാരിയിരുന്നുകൊണ്ട് ഭക്ഷണം കഴിക്കാറില്ല(ബുഖാരി).

Also read: നല്ലൊരു വ്യക്തിത്വത്തിലേക്ക് മനസ്സിനെ പരുവപ്പെടുത്താം

യൂറോപ്പ് സ്വീകരിച്ച നാഗരികത
മുസ്‌ലിംകള്‍ സ്‌പെയ്‌നിലെത്തി ക്രിസ്ത്യന്‍ സമൂഹവുമായി ഇടകലര്‍ന്നപ്പോഴാണ് രണ്ട് നാഗരികതകളും തമ്മിലുള്ള വ്യത്യാസം എത്രമാത്രമാണെന്ന് വ്യക്തമായത്. ഈമാനിന്റെ ഭാഗമായും നമസ്‌കാരത്തിന്റെയും മറ്റു ആരാധനാ കര്‍മ്മങ്ങളുടെയും സാധുതക്കുള്ള നിബന്ധനയായും മുസ്‌ലിംകള്‍ വൃത്തിയെ കണ്ടപ്പോള്‍ സ്‌പെയ്‌നിലെ ക്രിസ്ത്യാനികള്‍ ശുചിത്വത്തെത്തൊട്ട് അകലം പാലിക്കുകയായിരുന്നു. അത് ബിംബാരാധകരുടെ രീതിയാണെന്നതായിരുന്നു അവരുടെ വാദം. പുരോഹിതന്മാരും കന്യാസ്ത്രീകളുമെല്ലാം തങ്ങളുടെ വൃത്തിയില്ലായ്മയില്‍ അഹങ്കരിച്ചു. ചര്‍ച്ചിലെ വിശുദ്ധ വെള്ളത്തില്‍ മാമോദീസ മുക്കുമ്പോള്‍ കൈവിരലുകള്‍ നനഞ്ഞതല്ലാതെ അറുപത് വര്‍ഷത്തോളമായി എന്റെ ശരീരം വെള്ളം നനഞ്ഞിട്ടില്ലെന്ന് ഒരു പുരോഹിത തന്റെ ഓര്‍മ്മക്കുറിപ്പില്‍ അഭിമാനപൂര്‍വം എഴുതിവെക്കുക കൂടി ചെയ്തു. മുസ്‌ലിം സ്‌പെയ്ന്‍ തിരിച്ചുപിടിച്ച സമയത്ത് ക്രിസ്ത്യന്‍ ഭരണാധികാരികള്‍ പൊതുകുളിമുറികളെല്ലാം തകര്‍ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു ആദ്യമായി ചെയ്തത്. അത് മുസ്‌ലിംകളുടെ അടയാളമാണെന്നതായിരുന്നു കാരണം.(3)

ഐഹിക ജീവിതത്തെ ഉപേക്ഷിച്ച് പരലോകത്തേക്ക് പോകലാണ് ആത്മാവിന്റെ ഏക ലക്ഷ്യമെന്ന വിശ്വാസം ക്രിസ്ത്യന്‍ ലോകം മുഴുവന്‍ വ്യാപിച്ചിരുന്നു. അങ്ങനെയാണ് നശ്വരമായ ഈ ലോകത്തെക്കുറിച്ചും അതിലുള്ള കാര്യങ്ങളെക്കുറിച്ചും പിന്നെന്തിനാണ് നാം ചിന്തിക്കണമെന്ന ബോധത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്. ക്രിസ്ത്യന്‍ സമൂഹത്തില്‍ വിശുദ്ധരായ പലരുടെയും മരണ ശേഷം അവരുടെ ജഡം പ്രാണികള്‍ക്കും വന്യമൃഗങ്ങള്‍ക്കുമായി ഉപേക്ഷിച്ചിരുന്നുവെന്ന് ചരിത്രത്തിലുണ്ട്. ജീവിതകാലം മുഴുവന്‍ അവര്‍ കൈ കഴുകാത്തതിലും കുളിക്കാത്തതിലും വലിയ അത്ഭുതമൊന്നുമില്ല. അശുദ്ധിയും വൃത്തികേടും വിശ്വാസത്തിന്റെ ഭാഗമാണെന്നതായിരുന്നു ചിലര്‍ പറഞ്ഞു നടന്നത്. ഇരുപതാം നൂറ്റാണ്ട് വരെ കുളിമുറികളില്ലാതെയായിരുന്നു യൂറോപ്പില്‍ വീടുകളെല്ലാം നിര്‍മിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു രംഗത്ത് വന്ന ജോണ്‍ വിസ്‌ലിക്കു മുമ്പ് യൂറോപ്യന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ അങ്ങനെയൊരു വാദവുമായി മുന്നോട്ട് വന്നവര്‍ ഉണ്ടായിരുന്നതായി അറിവില്ല.(4)

Also read: ഇണകള്‍ ഇണങ്ങിയും പിണങ്ങിയും ജീവിക്കുമ്പോള്‍

യൂറോപ്പിന് നേര്‍വിപരീതിമായിരുന്നു മുസ്‌ലിം നാടുകളിലെ അവസ്ഥ. നൂറ്റാണ്ടുകളുടെ മധ്യത്തില്‍ വൃത്തിയില്ലായ്മയില്‍ അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്ന യൂറോപ്പിന് ഇസ്‌ലാമാണ് വൃത്തിയുടെ നല്ല സംസ്‌കാരം പകര്‍ന്നുകൊടുക്കുന്നത്. മുസ്‌ലിംകള്‍ സ്‌പെയ്ന്‍ കീഴടക്കിയതിന് ശേഷം കൊര്‍ദോവ പട്ടണവും അതിന്റെ പാതകളും ശുചിത്വ പൂര്‍ണമായിരുന്നു. കൊര്‍ദോവയില്‍ ഒരുപാട് പൊതു ശൗചാലയങ്ങളും കുളിമുറികളുമുണ്ടായിരുന്നു. വൃത്തിയാക്കാനായി മലമുകളിലെ അരുവികളില്‍ നിന്നും പാത്തികള്‍ വെച്ച് മുസ്‌ലിം രാജാക്കന്മാര്‍ വെള്ളമെത്തിച്ചു. അവിടെയുണ്ടായിരുന്ന വീടുകളും പള്ളികളുമെല്ലാം വൃത്തിയുള്ളതും ഭംഗിയാര്‍ന്നതുമാക്കി മുസ്‌ലിം സമൂഹം നിലനിര്‍ത്തി. വൃത്തിയിലും സൗന്ദര്യത്തിലും കൊര്‍ദോവയോട് മത്സരിക്കാന്‍ പ്രാപ്തമായ ഒരു പട്ടണവും അന്ന് യൂറോപ്പില്‍ ഉണ്ടായിരുന്നില്ല.(5)

അവലംബം:
1 അസ്സില്‍സിലത്തു സഹീഹ, ശൈഖ് അല്‍ബാനി, മക്തബത്തുല്‍ മആരിഫ്, രിയാദ്, 1/891.
2 മിശ്കാത്തുല്‍ മസാബീഹ്, തിബ്രീസി, തഹ്ഖീഖു ശൈഖ് അല്‍ബാനി, 2/516.
3 അല്‍അലാഖാത്തു ബൈനല്‍ അന്ദുലുസില്‍ ഇസ്‌ലാമിയ്യ അസ്ബാനിയ അന്നസ്‌റാനിയ ഫീ അസ്വ്രി ബനീ ഉമയ്യ വ മുലൂക്കി ത്വവാഇഫ്(408), റജബ് അബ്ദുല്‍ ഹലീം(ലെന്‍ പോളിന്റെ ‘സ്‌പെയ്‌നിലെ അറബ് ചരിത്രം’ ഉദ്ധരിച്ച് എഴുതിയത്), ദാറുല്‍ കിതാബുല്‍ മിസ്വ്രി.
4 മുഹമ്മദ് റസൂലുല്ലാഹ്; സീറതുഹു വ അസറുഹു ഫില്‍ ഹദാറ, ജലാല്‍ മള്ഹര്‍, മക്തബത്തുല്‍ ഖാന്‍ജി, മിസ്വ്ര്!.
5 അല്‍അലാഖാത്തു ബൈനല്‍ അന്ദുലുസില്‍ ഇസ്‌ലാമിയ്യ അസ്ബാനിയ അന്നസ്‌റാനിയ(407).

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles