روى ابن ماجه عن عَبْدِ اللَّهِ بْنِ عَمْرِو بْنِ عَوْفٍ الْمُزَنِيُّ قَالَ: حَدَّثَنِي أَبِي، عَنْ جَدِّي، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ أَحْيَا سُنَّةً مِنْ سُنَّتِي، فَعَمِلَ بِهَا النَّاسُ، كَانَ لَهُ مِثْلُ أَجْرِ مَنْ عَمِلَ بِهَا، لَا يَنْقُصُ مِنْ أُجُورِهِمْ شَيْئًا، وَمَنْ ابْتَدَعَ بِدْعَةً، فَعُمِلَ بِهَا، كَانَ عَلَيْهِ أَوْزَارُ مَنْ عَمِلَ بِهَا، لَا يَنْقُصُ مِنْ أَوْزَارِ مَنْ عَمِلَ بِهَا شَيْئًا[1]

ഇമാം ഇബ്നു മാജ അബ്ദുല്ലാഹി ബിൻ അംറ് ബിൻ ഔഫ് മുസനിയ്യയിൽ നിന്ന് നിവേദനം ചെയ്യുന്നു: പ്രവാചകൻ(സ) പറയുന്നു: ‘എന്റെ സുന്നത്തുകളിൽ നിന്ന് ഏതെങ്കിലുമൊരു സുന്നത്ത് ഒരുവൻ ജീവിപ്പിക്കുന്നു. അപ്രകാരം ആളുകൾ അത് പ്രവർത്തിക്കുന്നു. അത് പ്രവർത്തിച്ചവർക്ക് ലഭിക്കുന്ന അതേ പ്രതിഫലം അവനും ലഭിക്കുന്നു. പ്രവർത്തിച്ചവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറഞ്ഞുപോകുന്നില്ല. എന്നാൽ, ഒരുവൻ ദീനിൽ ഇല്ലാത്തത്- ബിദ്അത്ത് നടപ്പിലാക്കുന്നു. അപ്രകാരം ആളുകൾ അത് പ്രവർത്തിക്കുന്നു. അത് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന അതേ ശിക്ഷ അവനും ലഭിക്കുന്നു. പ്രവർത്തിച്ചവർക്ക് ലഭിക്കുന്ന ശിക്ഷയിൽ നിന്ന് ഒന്നും കുറഞ്ഞുപോകുന്നിമില്ല.’

സുന്നത്തുകൾ ഒഴിവാക്കപ്പെടുന്നു(السنن المهجورة) ! അജ്ഞരായോ, മറന്നോ, ബോധപൂർവമോ ആണ് ഈ സുന്നത്തുകൾ ആളുകൾ ഒഴിവാക്കുന്നത്. സുന്നത്തുകളെ ജീവിതത്തിലേക്ക് കൊണ്ടുവരികയെന്നതിന് മഹത്തായ പ്രതിഫലമാണുള്ളത്.

ഒഴിവാക്കപ്പെടുന്ന സുന്നത്തുകളിൽപെട്ടതാണ് വീടുകളിൽ പള്ളികൾ സ്വീകരിക്കുക എന്നത്. ഇബ്നു റജബ് പറയുന്നു: വീടുകളിലെ പള്ളികൾ വീടുകളിൽ നമസ്കരിക്കുന്നതിനുള്ള സ്ഥലമാണ്. വീടുകളിൽ നമസ്കാരത്തിന് പ്രത്യേകമായ സ്ഥലം സ്വീകരിക്കുകയെന്നത് പൂർവികരായി മഹത്തുക്കളുടെ ശീലമായിരുന്നു.

Also read: ആർത്തവക്കാരി ഖുർആൻ പാരായണം ചെയ്യാമോ?

ഈ സുന്നത്ത് പുനർജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത:
സുന്നത്തുകൾ പ്രവർത്തിക്കാൻ നാം കൽപിക്കപ്പെടുകയും, അതിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തിരിക്കുന്നുവെന്നതിൽ ഒരു സംശയവുമില്ല. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം മുസ് ലിം റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘ഒരുവൻ സന്മാർഗത്തിലേക്ക് ക്ഷണിക്കുന്നു. തുടർന്ന് അത് പ്രവർത്തിക്കുന്നവരുടെ അതേ പ്രതിഫലം നന്മയിലേക്ക് ക്ഷണിച്ചവനും ലഭിക്കുന്നു. നന്മ പ്രവർത്തിച്ചവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറഞ്ഞുപോകുന്നില്ല. എന്നാൽ, ഒരുവൻ വഴികേടിലേക്ക് ക്ഷണിക്കുന്നു. തുടർന്ന് അത് പ്രവർത്തിക്കുന്നവരുടെ അതേ തെറ്റ് ക്ഷണിച്ചവനും ലഭിക്കുന്നു. തെറ്റ് പ്രവർത്തിച്ചവരുടെ തെറ്റിൽ നിന്ന് ഒന്നും കുറഞ്ഞുപോകുന്നുമില്ല.’ പ്രവർത്തിക്കാൻ കൽപിക്കപ്പെട്ടിരിക്കെ നാം സുന്നത്തുകളെ ഒഴിവാക്കുന്നു. എന്നാൽ സാഹചര്യങ്ങൾ നമ്മെ അതിലേക്ക് ക്ഷണിക്കുകയാണ്. നിലവിലെ അവസ്ഥയിൽ വീട്ടിലെ പള്ളിയുടെ ആവശ്യം വർധിച്ചിരിക്കുന്നു. വീടുകളിൽ പള്ളികളുണ്ടാകേണ്ടതിന്റെ ആവശ്യകത താഴെ പറയുന്നവയാണ്:-

ഒന്ന്: ജനജീവിതങ്ങളെ ആഘാതമേൽപിച്ച് കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്നു. നാം അല്ലാഹുവിൽ അഭയം തേടുന്നതിന് കൂടുതൽ ആവശ്യക്കാരിയിരിക്കുന്നു.
രണ്ട്: മുതിർന്നവരും, കുട്ടികളുമെല്ലാം അവരുടെ വീടുകളിലാണുളളത്.
മൂന്ന്: ആരാധനയുടെ അന്തരീക്ഷം വീടുകളിൽ ഒരുക്കുന്നതിന് തയാറെടുക്കേതുണ്ട്. ആരാധനക്ക് പ്രത്യേകമായൊരു സ്ഥലം സജ്ജീകരിക്കുന്നത് അത്തരം തയാറെടുപ്പുകൾ വർധിപ്പിക്കുന്നു.
നാല്: റമാദിനിലെ സുന്നത്തായ ഇഅ്തികാഫുകൾക്കായി ഒരുങ്ങേണ്ടതുണ്ട്.

വീടുകളിൽ പള്ളികൾ സ്വീകരിക്കുന്നതിന്റെ വിധി:
വീടുകളിൽ പള്ളികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാചക വചനങ്ങൾ വന്നതായി കാണാവുന്നതാണ്. ഇമാം അഹ്മദ് ആയിശ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ‘വീടുകളിൽ മസ്ജിദുകൾ നിർമിക്കുന്നതിനും, അത് വൃത്തിയോടെയും വെടുപ്പോടെയും സൂക്ഷിക്കുന്നതിനും പ്രവാചകൻ(സ) കൽപിച്ചിരിക്കുന്നു.’ ഇമാം ഷൗക്കാനി പറയുന്നു: ‘മസാബീഹിന്റെ’ വ്യഖ്യാതാവ് പറയുന്നു: ഒരു മനുഷ്യനോട് മസ്ജിദ് നിർമിക്കാനും, കുടുംബത്തോടൊപ്പം അവിടെ നമസ്കരിക്കാനും പ്രവാചകൻ(സ) അനുവാദം നൽകി എന്നതിന് സാധ്യതയുണ്ട്.

Also read: ഹജ്ജാജിന്റെ ഉറക്കംകെടുത്തിയ ധീരവനിത

ഇത്ബാൻ ബിൻ മാലിക് അൻസാരിയിൽ നിന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം ബനീ സാലിം ഗോത്രക്കാരനായിരുന്നു. അദ്ദേഹം പറയുന്നു: എന്റെ ഗോത്രം ബനീ സാലിമിനൊപ്പം ഇമാമായി ഞാൻ നമസ്കരിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ പ്രവാചകൻ(സ)യുടെ അടുക്കൽ ചെന്ന് പറഞ്ഞു: എനിക്ക് കണ്ണിന് പ്രശ്നമുണ്ട്. മഴപെയ്ത് വെള്ളമായാൽ എനിക്കും എന്റെ ഗോത്രത്തിന്റെ മസ്ജിദിനുമിടയിൽ തടസ്സം സൃഷിടിക്കപ്പെടുന്നു. താങ്കൾ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. താങ്കൾ എന്റെ വീട്ടിലെ ഏതെങ്കിലുമൊരു സ്ഥലത്ത് നമസ്കരിച്ച് അത് പള്ളിയായി സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രവാചകൻ(സ) പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചാൽ, ഞാൻ വരുന്നതാണ്. സൂര്യൻ ഉദിച്ചതിന് ശേഷം അബൂബക്കർ(റ)വിനോടൊപ്പം പ്രവാചകൻ(സ) വന്നു. പ്രവാചകൻ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിച്ചു. ഞാൻ അനുവാദം നൽകി. താങ്കളുടെ വീട്ടിൽ എവിടെ നമസ്കരിക്കാനാണ് താങ്കൾ ആഗ്രഹിക്കുന്നത് എന്ന് ചോദിക്കുന്നതുവരെ പ്രവചാകൻ(സ) ഇരുന്നില്ല. ഇഷ്ടപ്പെട്ട സ്ഥലം കാണിച്ചു കൊടുത്തു. അദ്ദേഹം ഇമാമായി നിൽക്കുകയും ഞങ്ങൾ അദ്ദേഹത്തിന്റെ പിറകിൽ സ്വഫ്ഫായി- വരിയായി നിൽക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം സലാം വീട്ടിയപ്പോൾ ഞങ്ങളും സലാം വീട്ടി. ഇമാം ഷൗക്കാനി പറയുന്നു: ഇത്ബാനിന്റെ ഹദീസിൽ ഒരുപാട് ഗുണപാഠങ്ങളുണ്ട്. (വീട്ടിൽ) നമസ്കാരത്തിനായി പ്രത്യേക സ്ഥലം സ്വീകരിച്ചുവെന്നത് അതിൽപെട്ട ഒരു ഗുണപാഠമാണ്. മുസ്നദിൽ ബിലാൽ(റ) നിന്നായി റിപ്പോർട്ട് ചെയ്യുന്നു: നമസ്കാരം സമയം അറിയിച്ച് കൊണ്ട് അദ്ദേഹം പ്രവാചകന്റെ അടുക്കൽ ചെന്നു. അപ്പോൾ പ്രവാചകൻ വീട്ടിലെ മസ്ജിദിലിരുന്ന് അത്താഴം കഴിക്കുകയായിരുന്നു.

ഈ സംഭവം ഇത്ബാൻ അന്ധനായിരുന്നു എന്ന കാരണത്താൽ പ്രത്യേകമാക്കപ്പെടേണ്ട ഒന്നല്ല. ഇത് എല്ലാവർക്കും ബാധകമാകുന്നതാണ്. മക്കാ കാലം മുതൽക്ക് തന്നെ ഇപ്രകാരം സ്വാഹാബികൾ അനുവർത്തിച്ചിരുന്നു. ആയിശ(റ) പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു: ആയിശ(റ) പറയുന്നു: ദീനീ കാര്യങ്ങൾ അനുവർത്തിക്കാതിരിക്കുകയെന്നത് ഞാൻ എന്റെ രക്ഷിതാക്കളിൽ കണ്ടിട്ടില്ല. രാവിലെയോ വൈകുന്നേരമോ പ്രവാചകൻ ഞങ്ങളിലേക്ക് വന്നുകൊണ്ടല്ലാതെ  ഒരു ദിവസവും ഞങ്ങളിൽ നിന്ന് കടന്നുപോകുമായിരുന്നില്ല. പിന്നീട്,  അബൂബക്കർ(റ)വിന് ഒരു ആശയം തോന്നി. അദ്ദേഹം തന്റെ വീടിന്റെ മുറ്റത്ത് ഒരു മസ്ജിദ് നിർമിച്ചു. അവിടെ നമസ്കരിക്കുകയും ഖുർആൻ പാരായണം നടത്തുകയും ചെയ്തു. അപ്പോൾ, മുശ് രിക്കുകളായ സ്ത്രീകളും അവരുടെ കുട്ടികളും അവിടെ വന്ന് അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കുമായിരുന്നു. അബൂബക്കർ കരയുന്ന പ്രകൃതക്കാരനായിരുന്നു. ഖുർആൻ പാരായണം ചെയ്താൽ അദ്ദേഹത്തിന്റെ കണ്ണിനെ അദ്ദേഹത്തിന് പിടിച്ചുനിർത്താൻ കഴിയുമായിരുന്നില്ല. ഇത് മുശ് രിക്കുകളായ നേതൃത്വങ്ങളെ ഭയപ്പെടുത്തി.

Also read: യുക്തിവാദി വിമർശനങ്ങൾ ഇസ്‌ലാമിന് ഗുണകരമായി ഭവിക്കുമ്പോൾ

ഇത്തരത്തിൽ സുന്നത്തിനെ ഉൾക്കൊണ്ട ധാരാളം പ്രവാചക അനുചരന്മാരെ കുറിച്ച് ഇബ്നു റജബ് ‘ഫത്ഹിൽ’ വിശദീകരിക്കുന്നു. അദ്ദേഹം പറയുന്നു: ബറാഅ് ബിൻ ആസിബ് തന്റെ വീട്ടിൽ ജമാഅത്തായി നമസ്കരിച്ചിരുന്നു. മുഹമ്മദ് ബിൻ സഅദ് റിപ്പോർട്ട് ചെയ്യുന്നു: വീട്ടിൽ ആദ്യമായി മസ്ജിദ് സ്വീകരിക്കുകയും നമസ്കരിക്കുകയും ചെയ്തത് അമ്മാർ ബിൻ യാസിർ(റ)വായിരുന്നു. ഖാസിം ബിൻ അബ്ദുറഹ്മാനിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് പ്രകാരം, ആദ്യമായി പള്ളി നിർമിക്കുകയും അവിടെ നമസ്കരിക്കുകയും ചെയ്തത് അമ്മാർ ബിൻ യാസിർ(റ)വായിരുന്നു.

പൊതുവായ മസ്ജിദിന്റെ വിധികൾ വീട്ടിലെ മസ്ജിദിന് ബാധകമാകില്ല. വീട്ടിൽ മസ്ജിദ് സ്വീകരിക്കുന്നത് അനുവദനീയമാണെന്ന് നാം മനസ്സിലാക്കി. എന്നാൽ, വീടുകളിൽ പള്ളികൾ സ്വീകരിക്കുകയെന്നത് ഒഴിവാക്കപ്പെടുന്ന, അവഗണിക്കപ്പെടുന്ന സുന്നത്തായി മാറിയിരിക്കുന്നു. അതിൽ ആളുകൾ ഉപേക്ഷ വരുത്തുന്നു. വീട്ടിലെ മസ്ജിദിന് പൊതുവായ മസ്ജിദിന്റെ വിധി ബാധകമാകുന്നില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇബ്നു റജബ് പറയുന്നു: പൊതുവായ മസ്ജിദിന്റെ വിധികളൊന്നും ഈ മസ്ജിദിന് വരുകയില്ല. ഇവിടെ, ആർത്തവം, അശുദ്ധി, മാലിന്യം തുടങ്ങിയവയിൽ നിന്ന് ശുദ്ധി വരുത്തണമെന്ന് നിർബന്ധമില്ല. ഇതാണ് നമ്മുടെ മദ്ഹബിലെ പണ്ഡിതരുടെ വീക്ഷണം. ഭൂരിപക്ഷ കർമശാസ്ത്ര പണ്ഡിതരും ഇപ്രകാരം തന്നെയാണ് വീക്ഷിക്കുന്നത്.

വീട്ടിലെ ഏത് സ്ഥലവും പള്ളിയായി സ്വീകരിക്കാവുന്നതാണ്. ഈ പള്ളികൾ
എളുപ്പമുള്ള സ്ഥലത്ത്  സ്വീകരിക്കുന്നതാണ് നല്ലത്. അല്ലാഹു വിശാലത നൽകിയവർ പള്ളിയായി സ്വീകരിക്കുന്നതിന് ഒരു മുറി തന്നെ സ്വീകരിച്ചുകൊള്ളട്ടെ. അപ്രകാരം ഒരു മുറി സ്വീകരിക്കുകയെന്നത് ബുദ്ധിമുട്ടാണെങ്കിൽ അധികം പ്രവേശനമില്ലാത്ത സ്വീകരണ മുറിപോലുള്ള മുറികൾ സ്വീകരിക്കാവുന്നതാണ്. ഇതൊന്നുമില്ലെങ്കിൽ, ഒരാൾക്കോ രണ്ടാൾക്കോ നമസ്കരിക്കാൻ മാത്രം പറ്റുന്ന വീട്ടിലെ ഏത് സ്ഥലവും മസ്ജിദനായി തെരഞ്ഞെടുക്കാവുന്നതാണ്.

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്