Current Date

Search
Close this search box.
Search
Close this search box.

വിശ്വാസം പകരുന്ന നിര്‍ഭയത്വം

سَلَمَةُ بْنُ عُبَيْدِ اللهِ بْنِ مِحْصَنٍ الخَطْمِيِّ ، عَنْ أَبِيهِ – قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (مَنْ أَصْبَحَ مِنْكُمْ آمِنًا فِي سِرْبِهِ ، مُعَافًى فِي جَسَدِهِ ، عِنْدَهُ قُوتُ يَوْمِهِ ، فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا)

സലമത് ബിന്‍ ഉബൈദില്ലാഹി ബിന്‍ മിഹ്‌സന്‍ അല്‍ഹത്മിയില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും കുടുംബത്തിന്റെയും, ശരീരത്തിന്റെയും, ഒരു ദിവസത്തെ അന്നത്തിന്റെയും കാര്യത്തില്‍ നിര്‍ഭയനാകുന്നുവെങ്കില്‍ അവന്‍ ദുനിയാവ് ഉടമപ്പെടുത്തിയവനെ പോലെയാണ്. (തുര്‍മുദി)

ഭയമെന്നത് മനുഷ്യസഹജമായ വികാരമാണ്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഭയപ്പെടുകയും പേടിക്കുകയും ചെയ്യാറുണ്ട്. അതിന്റെ കാരണങ്ങള്‍ പലതാണ്. എന്നാല്‍, അധികപേരും ഭയക്കുന്നത് ഭാവിയെ കുറിച്ചാണ്. വരുംകാലത്ത് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ആലോചിച്ചാണ് മനുഷ്യന്‍ കൂടുതല്‍ വ്യാകുലപ്പെടുകയും ഭയക്കുകയും ചെയ്യുന്നത്. കുട്ടികള്‍ വരാനിരിക്കുന്ന പരീക്ഷയെ കുറിച്ച് ഭയക്കുന്നുവെങ്കില്‍ മുതിര്‍ന്നവര്‍ നിത്യവരുമാന മാര്‍ഗത്തെ കുറിച്ച് ഭയക്കുന്നു. ഭയം മനുഷ്യസഹജമാണെന്നതോടൊപ്പം തന്നെ വിശ്വാസി ആത്യന്തികമായി ഭയക്കേണ്ടത് എന്തിനെയാണ്, ആരെയാണ്? വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും, തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാണവര്‍.’ (അല്‍മുഅ്മിനൂന്‍: 57) യഥാര്‍ഥത്തില്‍ വിശ്വാസി ഇഹലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യത്യസ്തമാര്‍ന്ന സംവിധാനങ്ങളെയല്ല ഭയക്കേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുകയാണ്. ‘അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക.’ (അല്‍മാഇദ: 42) അപ്രകാരം അല്ലാഹുവിലുള്ള ഭയം ഇഹലോകത്തെ ഒന്നിനെയും ഭയക്കേണ്ടതില്ലാത്ത സന്തുഷ്ട ജീവിതം സമ്മാനിക്കുകയാണ്. എന്നിരുന്നാലും, പിശാച് നമ്മെ ഐഹിക ജീവിതത്തിലെ ഉല്ലാസ ലഹരിയില്‍ ആകൃഷ്ടരാക്കി ഭയത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നു. അങ്ങനെ, നാം വര്‍ത്തമാന കാലത്തെ കുറിച്ച് ദു:ഖിക്കുകയും, ഭാവിയെ കുറിച്ച് ഭയപ്പെടുകയും ചെയ്യുന്നു. ‘നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത് പിശാച് മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക; നിങ്ങള്‍ സത്യവിശ്വാസിയാണെങ്കില്‍.’ (ആലുഇംറാന്‍: 175)

Also read: മദീന ചാർട്ടർ; ഒരു സമകാലിക വായന

സ്വര്‍ഗീയ വിഭവങ്ങള്‍ സമൃദ്ധമായി ലഭിച്ചുകൊണ്ടിരുന്ന ആദം നബിയും ഹവ്വാ ബീവിയും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട്, ഭൂമിയില്‍ വാസമുറപ്പിക്കുമ്പോള്‍ തന്റെ മാര്‍ഗദര്‍ശനത്തെ അനുസരിക്കുകയും പിന്തുടരുകയും ചെയ്താല്‍ ഭയപ്പെടുകയോ ദു:ഖിക്കുകയോ ചെയ്യണ്ടിവരില്ല എന്നാണ് അല്ലാഹു അറിയിച്ചത്: ‘നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപോകുക, എന്നിട്ട് എന്റെ പക്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിമ്പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടിവരികയുമില്ല.’ (അല്‍ബഖറ: 38) അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനമാണ് അഥവാ അല്ലാഹുവിലുള്ള യഥാര്‍ഥമായ വിശ്വാസമാണ് വിശ്വാസിക്ക് നിര്‍ഭയത്വം സമ്മാനിക്കുന്നത്. അല്ലാഹു കൂടെയുണ്ടെന്ന വിശ്വാസം ഓരോ വിശ്വാസിക്കും നിര്‍ഭയത്വത്തിന്റെ കരുത്ത് പകരുന്നു. അതോടൊപ്പം, വിശുദ്ധ ഖുര്‍ആന്‍ അവിശ്വാസം ഭയത്തിന് കാരണമായ ഒരു രാജ്യത്തിന്റെ ഉപമ വിശ്വാസികള്‍ക്ക് വിശദീകരിച്ച് നില്‍കുന്നു. ‘അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് നിര്‍ഭയവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തികൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത് നിമിത്തം വിശപ്പിന്റെയും ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി.’ (അന്നഹല്‍: 112) യഥാര്‍ഥത്തില്‍ വിശ്വാസ ദൗര്‍ബല്യമാണ് വിശ്വാസികളില്‍ ഭയം സൃഷ്ടിക്കുന്നതെന്ന് തരിച്ചറിയേണ്ടതുണ്ട്. ‘ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളകുയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദു:ഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.’ (ഫുസ്വിലത്ത്: 30) കരുത്തുറ്റ വിശ്വാസം പ്രതീക്ഷയുടെ പുതുപുലരികള്‍ മനസ്സില്‍ വിരിക്കുകയാണ്. മേല്‍ പറഞ്ഞ ഹദീസ് വിരല്‍ ചൂണ്ടുന്നത് വിശ്വാസികളില്‍ വിശ്വാസത്തിന്റെ അളവ് എത്രമാത്രമുണ്ട് എന്നതിലേക്കാണ്.

തങ്ങളുടെ കുടുംബത്തിന്റെയും, ശരീരത്തിന്റെയും, അന്നത്തിന്റെയും കാര്യത്തില്‍ ഒരുവന്‍ നിര്‍ഭയനാകുന്നുവെങ്കില്‍ അവന്‍ ദുനിയാവ് മുഴുവന്‍ നേടിയവനെ പോലെയാണെന്ന് പ്രവാചകന്‍ പറഞ്ഞുവെക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസമാണ് ഇത്തരമൊരു നിര്‍ഭയത്വം വിശ്വാസികളില്‍ നിറക്കുന്നത്, അഥവാ വിശ്വാസം നല്‍കുന്നത് പ്രതീഷയാണ്. ഉമര്‍ ബിന്‍ ഖത്വാബ്(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ട വിധം ഭരമേല്‍പ്പിക്കുന്നുവെങ്കില്‍ പറവകള്‍ക്ക് വിഭവങ്ങള്‍ നല്‍കുന്നതുപോലെ അവന്‍ നിങ്ങള്‍ക്ക് വിഭവങ്ങള്‍ നല്‍കുന്നതാണ്. പറവകള്‍ കാലിയായ വയറുമായി പ്രഭാതത്തില്‍ പുറപ്പെടുകയും, നിറഞ്ഞ വയറുമായി മടങ്ങിവരുകയും ചെയ്യുന്നു.’ ‘അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്.’ (അത്വലാഖ്: 3,4) ജാഹിലിയ്യ കാലത്ത് ദാരിദ്രെത്തെ ഭയന്നും, പെണ്‍കുഞ്ഞ് ജനിക്കുന്നത് ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുമെന്ന് പേടിച്ചും കുഞ്ഞുങ്ങളെ കൊലചെയ്തിരുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഇസ്‌ലാം പ്രതീക്ഷ നല്‍കുന്ന വിശ്വാസത്തിലേക്ക് അവരെ കൂട്ടികൊണ്ടുവരുകയായിരുന്നു. ‘ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.’ (ഖുറൈശ്: 3,4)

Also read: ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

ഇന്ത്യയില്‍ മാര്‍ച്ച് 25 മുതല്‍ രാജവ്യാപകമായ അടച്ചിടലിലേക്ക് പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഈ പ്രവാചക വചനത്തിന്റെ പൊരുള്‍ ആളുകള്‍ക്ക് കൂടുതല്‍ വ്യക്തതയോടെ മനസ്സിലാവുകയാണ്.  മൂന്ന് മാസത്തിലേറെയായി രാജ്യത്ത് അടച്ചിടല്‍ തുടരുകയാണ്. ലോക്ഡൗണ്‍ പഖ്യാപിക്കുന്നതിന് മുമ്പ് തങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യത്തിന്റെയും അന്നത്തിന്റെയും കാര്യത്തില്‍ ഒരു അല്ലലുമില്ലാതെ ജീവിതം സാധ്യമായവര്‍ നിലവില്‍ അല്ലാഹു നല്‍കിയ അനുഗ്രഹമെത്രയാണെന്ന് ഓര്‍ത്തുപോവുകയാണ്. ‘അവന്‍ ദുനിയാവ് ഉടമപ്പെടുത്തിയവനെപോലെയാണ്’ എന്ന വാക്യത്തിന്റെ ആത്മാവ് ആളുകള്‍ കൂടുതല്‍ ഉള്‍കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. നിലവില്‍ ദാരിദ്രവും, കോവിഡെന്ന മഹാമാരിയും ദൈവം മനുഷ്യന് നല്‍കിയ നിര്‍ഭയത്വമെന്ന അനുഗ്രഹത്തിലേക്ക് ഒരിക്കല്‍കൂടി കണ്ണുതുറപ്പിക്കുകയാണ്. വിശ്വാസത്തിന്റെ കരുത്താണ് വിശ്വാസികള്‍ക്ക് നിര്‍ഭയത്വത്തിന്റെ ചക്രവാളം തുറന്നുകൊടുക്കുന്നത്.

Related Articles