Current Date

Search
Close this search box.
Search
Close this search box.

നീ ഇരട്ട മുഖക്കാരനാകരുത്

حَدَّثَنَا عُمَرُ بْنُ حَفْصٍ حَدَّثَنَا أَبِي حَدَّثَنَا الأَعْمَشُ حَدَّثَنَا أَبُو صَالِحٍ عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (تَجِدُ مِنْ شَرِّ النَّاسِ يَوْمَ الْقِيَامَةِ عِنْدَ اللَّهِ ذَا الْوَجْهَيْنِ، الَّذِي يَأْتِي هَؤُلاَءِ بِوَجْهٍ وَهَؤُلاَءِ بِوَجْهٍ)

അബൂഹുറൈറയിൽ നിന്ന് നിവേദനം. പ്രവാചകൻ (സ) പറഞ്ഞു: അന്ത്യനാളിൽ അല്ലാഹുവിന്റെയടുക്കൽ ജനങ്ങളിൽ നീചൻമാരായ ഇരട്ടമുഖക്കാരെ നിനക്ക് കാണാം. അവരോ ജനങ്ങളിൽ ഒരു കൂട്ടരെ ഒരു മുഖം കൊണ്ടും മറ്റൊരു കൂട്ടരെ മറ്റൊരു മുഖം കൊണ്ടുമായിരിക്കും സമീപിക്കുക.”

تَجِدُ നീ കാണും
مِنْ شَرِّ النَّاسِ ജനങ്ങളിൽ നീ ചരായവനെ
يَوْمَ الْقِيَامَةِ അന്ത്യനാളിൽ
عِنْدَ اللَّهِ അല്ലാഹുവിന്റെ അടുക്കൽ
ذَا الْوَجْهَيْنِ ഇരട്ട മുഖമുള്ളവനെ
الَّذِي അവൻ
يَأْتِي വരുന്നു
هَؤُلاَءِ ഒരു കൂട്ടരുടെയടുത്ത്
بِوَجْهٍ ഒരു മുഖം കൊണ്ട്
وَهَؤُلاَءِ മറ്റൊരു കൂട്ടരുടെയടുത്ത്
بِوَجْهٍ മറ്റൊരു മുഖം കൊണ്ട്

ഇസ്‌ലാം അതിന്റെ അനുയായികളെ വളർത്തിയെടുക്കുന്നത് ഉന്നതമായ സ്വഭാവ വിശുദ്ധിയിലും സംസ്കാരത്തിലുമാണ്. വിശ്വാസവും ആരാധനകളും വ്യക്തിയുടെയും സമുദായത്തിന്റെയും ജീവിതത്തിൽ നിരന്തര പരിവർത്തനം സൃഷ്ടിച്ചു കൊണ്ടിരിക്കും. ഹൃദയ വിശുദ്ധിയുടെയും മനസംസ്കരണത്തിന്റെയും പ്രകടമായ ഒരു തലമാണ് മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവും. വിശ്വാസത്തിൽ കാപട്യം കലരാത്ത പോലെ പെരുമാറ്റത്തിലും കാപട്യം ഉണ്ടാവാൻ പാടില്ല. പെരുമാറ്റത്തിലെ കാപട്യത്തെയാണ് ‘ഇരട്ടമുഖമുള്ളവൻ’ എന്ന പ്രയോഗം ദ്യോതിപ്പിക്കുന്നത്.

സാമൂഹ്യ ജീവിതത്തിൽ മനുഷ്യൻ തന്റെ സഹോദരങ്ങളോട് ഹൃദ്യമായിപെരുമാറണം. എന്നോടയാൾ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് ആർക്കും നമ്മേ കുറിച്ച് വിചാരിക്കാൻ കഴിയാത്ത വിധം വിശ്വാസികൾ തങ്ങളുടെ സ്വഭാവപെരുമാറ്റങ്ങൾ നന്നാക്കണം. “നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച.” (അൽ ഖലം:4) ഉത്തമമായ സ്വഭാവ ഗുണങ്ങളുടെ പൂർത്തീകരണത്തിനാണ് താൻ നിയോഗിതനായതെന്നും പ്രവാചകൻ (സ) പ്രസ്താവിച്ചിട്ടുണ്ടല്ലോ.

മനുഷ്യരോടു നല്ല നിലയിൽ പെരുമാറുക എന്നത് ഒരു കലയാണ്. ചിലർക്കത് ജന്മസിദ്ധമാണെങ്കിൽ മറ്റു ചിലർ അത് നിരന്തരമായ ശ്രമത്തിലൂടെ ആർജ്ജിച്ചെടുക്കും. വേറെ ചിലരാകട്ടേ പാരമ്പര്യമായി ഞങ്ങൾ ഇങ്ങനെയാണെന്ന് വാദിച്ചകൊണ്ട് തങ്ങളുടെ പരുഷമായ സ്വഭാവ പെരുമാറ്റങ്ങൾക്ക് ന്യായം കണ്ടെത്തും. ഇതൊരിക്കലും ശരിയായ സമീപനമല്ല. മനുഷ്യരുടെ സ്വഭാവ രീതികൾ ഒരിക്കലും മാറ്റമുണ്ടാകാത്തതാണെന്ന വാദം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അങ്ങനെയായിരുന്നു എങ്കിൽ സ്വഭാവ സംസ്കരണം, പെരുമാറ്റമര്യാദകൾ ഒന്നും ഖുർആന്റെയും സുന്നത്തിന്റെയും ഉള്ളടക്കമാകാൻ പാടില്ലായിരുന്നു. ഖുർആന്റെയും ഹദീസിന്റെയും ഗണ്യമായൊരു ഭാഗം സ്വഭാവ പരിവർത്തന സംബന്ധിയായത് യാതൃശ്ചികമല്ല. ഖുർആനിലെ മക്കിസൂറകളുടെ മുഖ്യമായ ഊന്നലുകളിൽ ഒന്ന് വിശ്വാസികളുടെ സ്വഭാവ സംസ്കരണമാണ് എന്നത് സവിശേഷം ശ്രദ്ധിക്കണം. വിശ്വാസമോ ആരാധനകളൊ വാദങ്ങളൊ അല്ല ഒരാളുടെ വ്യക്തിത്വത്തിന് സമൂഹത്തിൽ സ്ഥാനവും സ്വാധീനവും നേടുകൊടുക്കുന്നത്; സ്വഭാവവും പെരുമാറ്റവും ആണ്. വിശ്വാസത്തെയും ആരാധനകളെയും റദ്ദ് ചെയ്യുന്നതും തകർത്ത് കളയുന്നതുമായ സ്വഭാവദൂഷ്യങ്ങളെ വർജ്ജിക്കണമെന്ന് സാരം.

മേൽ സൂചിപ്പിച്ച നബി വചനം വിശ്വാസികളിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു സ്വഭാവദൂഷ്യത്തിന്റെ ഭവിഷ്യത്തിനെ കുറിച്ചുള്ള മുന്നറിയിപ്പാണ്. ‘ദുൽ വജ്ഹൈൻ’ അഥവ ഇരട്ടമുഖക്കാരൻ എന്നാണ് ഹദീസിലെ പ്രയോഗം. അന്ത്യനാളിൽ ജനങ്ങളിൽ ഏറ്റവും നീചനായിരിക്കും ഇരട്ടമുഖക്കാരനെന്നും ഹദീസ് മുന്നറിയിപ്പ് നൽകുന്നു.

എന്താണ് ഇരട്ട മുഖം. ഒന്ന്, അല്ലാഹുവിനെയും ജനങ്ങളെയും വഞ്ചിക്കലാണ് അത്. കപട വിശ്വാസത്തിന്റെ ലക്ഷണമാണിത്. “ചില മനുഷ്യരുണ്ട്. “അല്ലാഹുവിലും അന്ത്യദിനത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു”വെന്ന് അവര്‍ പറയുന്നു. യഥാര്‍ഥത്തിലവര്‍ വിശ്വാസികളേയല്ല. അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുകയാണവര്‍. എന്നാല്‍ തങ്ങളെത്തന്നെയാണവര്‍ വഞ്ചിക്കുന്നത്; മറ്റാരെയുമല്ല. അവരതേക്കുറിച്ച് ബോധവാന്മാരല്ലെന്നുമാത്രം.” (അൽബഖറ: 8, 9) സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: “ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.” അവരും അവരുടെ പിശാചുക്കളും മാത്രമായാല്‍ അവര്‍ പറയും: “ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ അവരെ പരിഹസിക്കുക മാത്രമായിരുന്നു.” (അൽബഖറ : 14)

ബിലാൽ ബ്ൻ സഅ്‍ദ് പറഞ്ഞതായി ഇമാം ഔസാഈ റിപ്പോർട്ട് ചെയ്യുന്നു.
“لَا تَكُنْ ذَا وَجْهَيْنِ وَذَا لِسَانَيْنِ، تُظْهِرُ لِلنَّاسِ لِيَحْمَدُوكَ، وَقَلْبُكَ فَاجِرٌ”
“ജനങ്ങൾ നിന്നെ പ്രശംസിക്കുന്നതിന് ഹൃദയം കുറ്റം ചെയ്യുന്ന നിലയിലും ജനങ്ങളുടെ മുന്നിൽ മാന്യനായി പ്രത്യക്ഷപ്പെടുന്ന രണ്ടു മുഖങ്ങളും നാവുകളും ഉള്ളവനാകരുത് നീ.” അല്ലാഹുവിനോടും ജനങ്ങളോടും വിശ്വസ്തത പുലർത്താനാകുകയും മനസിൽ ഒന്ന് മറച്ച് വെച്ച് പുറമേക്ക് മറ്റൊന്ന് പ്രകടിപ്പിക്കുന്നത് എത്ര മോശം പ്രകൃതമാണ്.

രണ്ട്, മനുഷ്യർക്കിടയിൽ വിവേചനം കൽപ്പിക്കുകയും ഒരു കുട്ടരോട് മാത്രം അടുപ്പവും സ്നേഹവും പ്രകടിപ്പിക്കുകയും മറ്റുള്ളവരോട് മനസിൽ അകൽച്ച സൂക്ഷിക്കലും ആണ് ഇരട്ടമുഖം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. കാണുമ്പോൾ പുഞ്ചിരിക്കുകയും കൺവെട്ടത്ത് നിന്ന് മറയുമ്പോൾ അയാളെ കുറിച്ച് മോശം വിചാരിക്കുന്നതും ഇതിൽപ്പെടും. മനുഷ്യരെല്ലാം സമൻമാരാണെന്നും എല്ലാവരും അല്ലാഹുവിനാൽ ആദരിക്കപ്പെടുന്നവരാണെന്നും പഠിപ്പിക്കുന്ന മതത്തിന്റെ അനുയായികൾക്ക് ഭൂഷണമല്ലാത്ത നിലപാടാണ് ഇത്. ‘മുൻ പല്ലുകൊണ്ട് ചിരിക്കുകയും അണപ്പല്ലു കൊണ്ട് കടിക്കുകയും ചെയ്യുന്നവർ’ എന്നൊരു പ്രയോഗം തന്നെ മലയാളത്തിലുണ്ട്. എല്ലാ നന്മകളേയും തകർത്തു കളയുന്ന, പരലോകത്ത് നമ്മെ ഇളിഭ്യരാക്കുന്ന ഈ സ്വഭാവദൂഷ്യം പ്രബോധകർക്കും ഇസ്‌ലാമിക പ്രവർത്തകർക്കും ഒട്ടും ഭൂഷണമല്ല. ജീവിതത്തിന്റെ അകവും പുറവും ഒരു പോലെ നിർമലവും പരിശുദ്ധമാകണം. മനുഷ്യരോടാകമാനമുള്ള ഇസ്‌ലാമിന്റെ ആഹ്വാനമാണിത്. ഹൃദയങ്ങളെ കീഴടക്കാൻ സ്വഭാവ ഗുണങ്ങളേക്കാൾ മറ്റൊന്നിനും സാധിക്കില്ല. ‘ജനങ്ങളോട് നീ നല്ല നിലയിൽ പെരുമാറുക. അവരുടെ ഹൃദയങ്ങളെ നിനക്ക് കീഴടക്കാനാകും. സൽപെരുമാറ്റം എത്രയോ മനുഷ്യരെയാണ് വശീകരിച്ചിട്ടുള്ളത്’ എന്ന അറബി കാവ്യശകലം എത്ര വലിയ ആശയത്തെയാണ് ഉൾക്കൊള്ളുന്നത്.

(رواه البخاري في
باب مَا قِيلَ فِي ذِي الْوَجْهَيْنِ ,رقم /6058)

Related Articles