Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ റമദാനിലെ മൂന്ന് അവസരങ്ങൾ!

ശ്രേഷ്ഠവും അനുഗ്രഹീതവുമായ മാസത്തിലാണ് നാമുള്ളത്. പ്രവാചകൻ(സ)യിൽ നിന്ന് സ്ഥിരപ്പെട്ട മൂന്ന് വചനങ്ങൾ എന്നെ വല്ലാതെ പിടിച്ചുകുലുക്കി!

ഒന്ന്: ‘വിശ്വാസത്തോടെയും, പ്രതിഫലം കാംഷിച്ചും ആരെങ്കിലും നോമ്പെടുക്കുകയാണെങ്കിൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.’

രണ്ട്: ‘വിശ്വാസത്തോടെയും, പ്രതിഫലം കാംഷിച്ചും ആരെങ്കിലും ലൈലത്തുൽ ഖദറിന്റെ രാവിൽ നമസ്കരിക്കുകയാണെങ്കിൽ അവന്റെ
മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.’

മൂന്ന്: ‘വിശുദ്ധ റമദാനിൻ ആരെങ്കിലും വിശ്വാസത്തെടെയും, പ്രതിഫലം കാംഷിച്ചും നമസ്കരിക്കുകയാണെങ്കിൽ അവന്റെ
മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.’

മഹത്തായ മൂന്ന് അവസരങ്ങളാണിത്. ഇവയൊരോന്നും നമ്മുടെ പാപങ്ങൾ മായിച്ചുകളയുന്നതിന് കാരണമാകുന്നു. ഞാൻ ചിന്തിച്ചും സങ്കടപ്പെട്ടും ഈ വചനങ്ങൾക്കിടയിൽ നിന്നു. ഈ അവസരങ്ങളിൽ ഒന്നിൽ പോലും വിജയം വരിക്കാനാവാതെ എത്ര ആളുകളിൽ നിന്നാണ് വിശുദ്ധ റമദാൻ വിടവാങ്ങുന്നത്! അല്ലാഹുവിനോട് ശരണം തേടുന്നു!  ഖേദകരമെന്ന് പറയട്ടെ, ചിലയാളുകൾ റമദാനിൽ നോമ്പെടുക്കുകയും നമസ്കരിക്കുകയും ചെയ്യുന്നു. ലൈലത്തുൽ ഖദറിനെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നിട്ടും അവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നില്ല. കാരണം, വിശ്വാസമില്ലാതെയും, അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംഷിക്കാതെയുമാണ് അവർ നോമ്പെടുക്കുന്നത്. ആളുകൾ അങ്ങനെ ചെയ്യുന്നു, അത് കൊണ്ട് അവരും അങ്ങനെ ചെയ്യുന്നു! ചിലപ്പോൾ വിശ്വാസത്തോടെ തന്നെയായിരിക്കാം അവർ നോമ്പെടുക്കുന്നത്. പക്ഷേ, ചെറിയ കാര്യത്തിന് അവർ ദേഷ്യപ്പെടുന്നു. അവസാന നാളിൽ അവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ച് നോക്കുക.

Also read: ഹജ്ജാജിന്റെ ഉറക്കംകെടുത്തിയ ധീരവനിത

അവർ രാത്രിയിൽ നമസ്കരിക്കുന്നു. പക്ഷേ, വിശ്വാസമില്ലാതെയും, പ്രതിഫലം കാംഷിക്കാതെയുമാണ് അവർ നമസ്കരിക്കുന്നത്. മറ്റുള്ളവർ ചെയ്യുന്നു അതുകൊണ്ട് അവരും ചെയ്യുന്നവെന്ന് മാത്രം. ചിലപ്പോൾ വിശ്വാസത്തോടെ തന്നെയായിരിക്കാം അവർ നമസ്കരിക്കുന്നത്. പക്ഷേ, അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുമെന്ന കാര്യം അവർ മറക്കുന്നു. ഉദാഹരണമായി, നമസ്കാരത്തിൽ ദീർഘ നേരം ഇമാം സുജൂദിലാകുമ്പോൾ അവർ പിറുപിറുക്കുന്നു, എ.സിക്ക് പ്രശ്നമുണ്ടാവുകയോ പള്ളിയിൽ ചൂട് കൂടുകയോ ചെയ്താൽ അവർ കോപിക്കുന്നു. അല്ലെങ്കിൽ, തനിക്ക് പിന്നിൽ നിന്ന് നമസ്കരിക്കുന്നതിന് പെട്ടെന്ന് വരാൻ ആവശ്യപ്പെട്ട് വീട്ടുകാരുമായി ദേഷ്യപ്പെടുന്നു. ചിലപ്പോൾ അവർ ലൈലത്തുൽ ഖദറിന്റെ രാവുകളെ ജീവിപ്പിക്കുന്നു. പക്ഷേ, അവർ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടുകൂടിയുമല്ല ലൈലത്തുൽ ഖദറിന്റെ രാവിൽ നമസ്കരിക്കുന്നത്.

എന്നാൽ, മുകളിൽ പറഞ്ഞതിൽ നിന്ന് വിഭിന്നമായി ലൈലത്തുൽ ഖദറിന്റെ രാവിൽ നമസ്കരിക്കുന്നവരുണ്ട്. അവർ വിശുദ്ധമായ മനസ്സിന്റെ ഉടമകളാണ്. അവർ നോമ്പെടുക്കുന്നത് വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടുകൂടിയുമാണ്. അല്ലാഹു അവരുടെ ലൈലത്തുൽ ഖദറിലെ പ്രവർത്തനങ്ങൾ പാഴാക്കി കളയുകയില്ല. അല്ലാഹു അവരെ ശിക്ഷയിൽ നിന്ന് അകറ്റിനിർത്തുന്നു. അവരുടെ പദവി ഉയർത്തുന്നു. അവരെ ആദരിക്കുന്നു. ഈയൊരു സ്ഥാനം അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്നതാണ്. അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘സ്വർഗത്തിന് എട്ട് കവാടങ്ങളുണ്ട്. ഓരോ കവാടത്തിലൂടെയാണ് അതിന്റെ ആളുകൾ വിളിക്കപ്പെടുക. നമസ്കാരക്കാരെ നമസ്കാര കവാടത്തിലൂടെ വിളിക്കപ്പെടുന്നു. ജിഹാദ് ചെയ്തവരെ ആ കവാടത്തിലൂടെ വിളിക്കപ്പെടന്നു. ദാനധർമങ്ങൾ നൽകിയവരെ ആ കവാടത്തിലൂടെ വിളിക്കപ്പെടുന്നു. നോമ്പുകാരെ റയ്യാൻ കവാടത്തിലൂടെ വിളിക്കപ്പെടുന്നു. അപ്പോൾ അബൂബക്കർ(റ) ചോദിച്ചു: ആ കവാടങ്ങളിലൂടെ തന്നെ വിളിക്കപ്പെടുകയെന്നത് അനിവാര്യമാണോ? തുടർന്ന് ചോദിച്ചു: പ്രവാചകരെ, ആരെങ്കലും ആ കവാടിങ്ങളിലൂടെയല്ലാം വിളിക്കകപ്പെടുമോ? പ്രവാചകൻ(സ) പറഞ്ഞു: അതെ, അബൂബക്കർ, താങ്കൾ അവരിലുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’

ഈയൊരു സന്ദർഭത്തിൽ, ഈ ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ, സിറിയയിലും, ഇതര ദേശങ്ങളിലും ശരീരം കൊണ്ടും സമ്പത്തുകൊണ്ടും ജിഹാദ് ചെയ്യുന്ന, നോമ്പെടുക്കുന്ന, നമസ്കരിക്കുന്ന, സകാത് നൽകുന്ന  നമ്മുടെ സഹോദരന്മാർ ആ കവാടങ്ങളിലൂടെ വിളിക്കപ്പെടണമെന്ന്, പ്രവേശിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് റമദാനിലൂടെ ലഭ്യമാകുന്ന അവസരമാണ്. ചിലർക്ക് അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തുകൊടുക്കുന്നു. കാരണം, വിശ്വാസത്തോടെയും പ്രതിഫലം കാംഷിച്ചുമാണ് അവർ നോമ്പെടുത്തത്. വിശ്വാസത്തോടെയും, പ്രിതിഫലം കാംഷിച്ചുമാണ് അവർ നമസ്കരിച്ചത്. ലൈലത്തുൽ ഖദറിന്റെ രാവിൽ വിശ്വാസത്തോടെയും പ്രതിപലം കാംഷിച്ചുമാണ് അവർ നമസ്കരിച്ചത്. അപ്രകാരം അവർക്ക് കത്തിയാളുന്ന തീയിൽനിന്ന് മോചനവും, സ്വർഗത്തിലെ വ്യത്യസ്ത പദവികളിൽ നിന്ന് ഉന്നതമായ സ്ഥാനവും ലഭിക്കുന്നു. എന്നെയും നിങ്ങളെയും അല്ലാഹു വിജയികളിൽ ഉൾപ്പെടുത്തട്ടെയെന്ന് പ്രാർഥിക്കുന്നു.

Also read: യുക്തിവാദി വിമർശനങ്ങൾ ഇസ്‌ലാമിന് ഗുണകരമായി ഭവിക്കുമ്പോൾ

മൂന്ന് അവസരങ്ങളിൽ ഏതെങ്കിലുമൊന്നിൽ വീഴ്ച സംഭവിക്കുകയാണെങ്കിൽ മറ്റ് അവസരങ്ങളിലൂടെ അത് പൂർത്തീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. അല്ലാഹുവാണ് സത്യം! ഈ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്താൻ കഴിയാതെയാണ് റമദാൻ വിടവാങ്ങുന്നതെങ്കിൽ അത് അന്തിമമായ പരാജയമായിരിക്കും. അല്ലാഹുവാണ് സത്യം! അവന്റെ കാരുണ്യത്തിൽ നിന്ന് തഴയപ്പെടുന്നതുമാണ്. പ്രവാചകന്റെ ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്; ‘റമദാൻ വന്നെത്തിയിട്ടും ഒരുവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നില്ലെങ്കിൽ അവൻ നശിച്ചതുതന്നെ.’

നമ്മോട് ഒരാളെ കുറിച്ച് പറയപ്പെടുകയാണ്. അയാൾ എളുപ്പമുള്ള ഒരു ജോലിക്ക് മൂന്ന് പ്രാവശ്യം അപേക്ഷിച്ചു. പിന്നീട്, അത് അവഗണിച്ചതുകൊണ്ടോ ഗൗരവത്തിലെടുക്കാത്തുതുകൊണ്ടോ അയാൾക്ക് അതിൽ പരാജയപ്പെടേണ്ടതായി വന്നു. പിന്നീട് ഏറ്റവും എളുപ്പമുളള ജോലി തെരഞ്ഞെടുത്ത് അതിന് അപേക്ഷിച്ചു. ആദ്യത്തെ പ്രാവശ്യം പരാജയപ്പെട്ടു. രണ്ടാമതും പരാജയപ്പെട്ടു. മൂന്നാമതും പരാജയപ്പെട്ടു. നാം അയാളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്. അല്ലാഹു നിങ്ങളെ പരിഗണിക്കാതിരിക്കുക എന്നത് നിങ്ങൾ കരുതിയിരിക്കുക.

അവർ പിന്നോട്ട് പിന്നോട്ട് പോയികൊണ്ടിരിക്കുന്നവരാണ്. അല്ലാഹുവിന്റെ ദാസന്മാരെ, അവരിൽ നിന്ന് അല്ലാഹുവിനോട് ശരണം തേടുക! റമദാനിലെ അവസാന പത്തിൽ ചിലരെ ഞാൻ കാണുകയുണ്ടായി. ഹറമിനും അവർക്കുമടിയിൽ കുറഞ്ഞ മീറ്റർ മാത്രമേ ദൂരമുള്ളൂ. അവർ ഇമാമിന്റെ ഖുർആൻ പാരായണം കേൾക്കുകയും, അതേസമയം തെറ്റിൽ മുഴുകി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹറമിന്റെ ചാരത്തിരുന്ന് അവർ ചീട്ടുകളിക്കുന്നു, പുകവലിക്കുന്നു, ഹുക്ക വലിക്കുന്നു, വൃത്തികേടുകൾ സംസാരിക്കുന്നു. അവർക്ക് മുന്നിൽ നിഷിദ്ധമായ വിനോദ ഉപകരണങ്ങളുമുണ്ട്. മുസ് ലിംകളായിരിക്കെ അവർ നമസ്കരിക്കുന്നില്ല. ഇതിനെക്കാൾ വലിയൊരു നഷ്ടം വേറെയെന്തിങ്കിലുമുണ്ടോ!

Also read: മണ്ണും തീയും വംശീയത വന്ന വഴി!

ഖേദകരമെന്ന് പറയട്ടെ, റമദാൻ വന്നെത്തിയിട്ടും അവർ അല്ലാഹുവിൽ നിന്ന് അകലുന്നത് വർധിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. കുറച്ച് മുമ്പ് ഒരു സംഘടയുടെ റിപ്പോർട്ട് കാണാനിടയായി. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അത് യുവാക്കൾ യുവതികൾക്കെതിരെ അതിക്രമം കാണിച്ചതുമായി ബന്ധപ്പെട്ട കണക്കുകളായിരുന്നു. എന്നാൽ, അത് റമദാനിൽ വർധിച്ചിരിക്കുന്നുവെന്നതാണ്. അല്ലാഹുവിന്റെ ദാസന്മാരെ, അല്ലാഹുവിനെ സൂക്ഷിക്കുക, കാരുണ്യത്തിന്റെ മാസം നിങ്ങൾക്കെതിരിൽ സാക്ഷി പറയാതിരിക്കട്ടെ. ഈ അവസരം ഉപയോഗപ്പെുടുത്തുക. നിങ്ങൾക്ക് എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇനിയും നിങ്ങൾക്ക് മുമ്പിൽ അവസരം അവശേഷിക്കുകയാണ്. പ്രവർത്തനമെന്നത് അതിന്റെ അവസാനമാണ്. എനിക്കും നിങ്ങൾക്കും ഈ അവസരങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കാൻ കഴിയട്ടെയെന്ന്  പ്രാർഥിക്കുന്നു. ലോക രക്ഷിതാവായ അല്ലാഹുവിന് സ്തുതി!

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Related Articles