Current Date

Search
Close this search box.
Search
Close this search box.

വീടകം ഈദ് ഗാഹാക്കാം

മുസ്ലിമിന് ആഘോഷിക്കാൻ രണ്ടവസരങ്ങളാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. മഹാമാരിക്കാലത്ത് ആഘോഷങ്ങൾ നാമമാത്രമാക്കണമെന്ന് നമ്മോട് പ്രത്യേകം ഉണർത്തേണ്ടതില്ല. എന്നാൽ പെരുന്നാളുകൾക്ക് കഴിഞ്ഞകൊല്ലം വരെ ഈദ് ഗാഹുകളിലും പള്ളികളിലും പോയിരുന്നവർക്ക് ഇക്കൊല്ലം ചെറിയ വിഷമം ഉണ്ടാവുക സ്വാഭാവികം. നാട്ടുകാരേയും ബന്ധുക്കളേയും മറ്റും ഒന്നിച്ച് കാണുവാനും സന്തോഷങ്ങൾ പങ്കിടുവാനുമുള്ള അവസരം നഷ്ടപ്പെടുന്നത് വല്ലാത്ത നഷ്ടം തന്നെ, സംശയമില്ല. എന്നാൽ ഇസ്ലാം വളരെ പ്രാധാന്യം നല്കിയിട്ടുള്ള ഈ ആരാധന ഒഴിവാക്കുകയാണോ അതോ ഉള്ള സാഹചര്യം ഉപയോഗപ്പെടുത്തി വീട്ടിൽ നമസ്ക്കരിക്കണമോ? പ്രമാണങ്ങൾ എന്ത് പറയുന്നു എന്ന് നോക്കാം:-

പെരുന്നാൾ നമസ്ക്കാരം ഹമ്പലി വീക്ഷണപ്രകാരം സാമൂഹിക ബാധ്യതയും ഹനഫീ മദ്ഹബ് അനുസരിച്ച് വാജിബും മറ്റു പണ്ഡിതന്മാരുടെ വീക്ഷണത്തിൽ പ്രബലമായ സുന്നത്തുമാണ്. നബി (സ) ജീവിതത്തിലൊരിക്കൽ മാത്രമാണ് അത് പള്ളിയിൽ വെച്ച് നിർവ്വഹിച്ചിട്ടുള്ളത്. ശക്തമായ മഴകാരണം ഈദ്‌ഗാഹിൽ (മുസ്വല്ലൽ ഈദ് ) നമസ്കരിക്കൽ പ്രയാസകരമായത് കൊണ്ടാവണം ആ തവണ പള്ളിയിൽ നമസ്ക്കരിച്ചത്. അല്ലാത്തൊപ്പോഴെല്ലാം  മദീനത്തെ പ്രധാന സ്ഥലത്ത് ആബാലവൃദ്ധം നിർവ്വഹിക്കുകയാണ് ചെയ്തിരുന്നത്.നബി (സ) പള്ളിയിൽ നമസ്കരിച്ചു എന്നതും മക്കത്ത് കാലാകാലമായി പള്ളിയിലാണ് നമസ്കരിച്ചു വരുന്നത് എന്നതും പെരുന്നാൾ നമസ്കാരം വേണമെങ്കിൽ പള്ളിയിലാക്കാൻ തെളിവാക്കാവുന്നതാണ്.

Also read: കിഴക്കോ, പടിഞ്ഞാറോ- ദൈവത്തിൻ്റെ ദിശയേത്?

ഇത്തരം സംഘടിത നമസ്കാരങ്ങൾ നഷ്ടപ്പെട്ട ആളുകൾക്കും സ്ത്രീകൾക്കും യാത്രക്കാർക്കുമെല്ലാം പെരുന്നാൾ നമസ്കാരം ഒറ്റക്കോ സംഘടിതമായോ നമസ്കരിക്കാവുന്നതാണ് എന്നാണ് ഫിഖ്ഹീ ഗ്രന്ഥങ്ങൾ പറയുന്നത്.
ഉദാ: കിഫായതു ത്ത്വാലിബി ർറബ്ബാനി 1/389
അൽ മുഗ്നി 2/190
ഇത്തരം ഘട്ടങ്ങളിൽ മറ്റു പരസ്യങ്ങൾ കൂടാതെ വീട്ടുകാരെ മാത്രം സംഘടിപ്പിച്ച് വീടിനുള്ളിൽ സംഘടിതമായി നമസ്ക്കരിക്കാമെന്ന് മാലികി മദ്ഹബിലെ ആധികാരിക ഗ്രന്ഥം ശർഹുത്തൽഖീനിൽ ( 3/ 26 ) പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഖുതുബ നിയമമാക്കപ്പെട്ടിട്ടില്ല. അഥവാ തക്ബീറും നമസ്കാരവുമാണ് പെരുന്നാൾ നമസ്കാരത്തിന്റെ മുഖ്യ ഉള്ളടക്കം. ഖുതുബയെ കുറിച്ചുള്ള ഒരു സൂചനയും താഴെ പരാമർശിക്കുന്ന ഹദീസുകളിലും ലഭ്യമല്ല. وما فاتكم فاقضوا (നഷ്ടപ്പെട്ടത് ഖദാ വീട്ടൂ )

അനസ് (റ) യും ഇപ്രകാരം പെരുന്നാൾ നമസ്കാരം സംഘടിതമായി ഖദാ വീട്ടിയിട്ടുണ്ടെന്നും അപ്പോൾ അബ്ദുല്ലാഹിബിനി അബീ ഉത്ബ:(റ) യാണ് നമസ്കാരത്തിന് നേതൃത്വം നല്കിയിരുന്നതു് എന്നും ഹദീസുകളിൽ കാണുന്നു.  പെരുന്നാളിന്റെ പ്രധാന ചടങ്ങായ ഈ തക്ബീറും നമസ്കാരവുമൊന്നും ചൈതന്യം ചോരാതെ നിർവ്വഹിക്കാൻ ലോക്ഡൗൺ നീണ്ട് പള്ളി/ ഈദ് ഗാഹ് നമസ്കാരങ്ങൾക്ക് അനുമതി കിട്ടാൻ സാധ്യതയില്ലാത്തതിൽ കൂടുതലായി ദു:ഖിക്കാനൊന്നുമില്ല എന്നറിയിക്കാനാണീ കുറിപ്പ്.

(ഇബ്നു ബാസ്, ഇബ്നു ഉസൈമീൻ, അബ്ദുല്ലാഹി ബ്നു ബയ്യ എന്നിവരുടെ ഫത് വകൾ അവലംബിച്ച് തയ്യാറാക്കിയത് )

Related Articles