Current Date

Search
Close this search box.
Search
Close this search box.

രഹസ്യവിവാഹങ്ങളെ കുറിച്ച്

wedding-mrg.jpg

ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി പാശ്ചാത്യ നാടുകളിലെത്തുന്ന ചില വ്യക്തികളില്‍ കാണപ്പെടുന്ന രഹസ്യവിവാഹമെന്ന പ്രവണതയെ കുറിച്ച് എഴുതണമെന്ന് പലരും എന്നോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടില്ല എന്നറിയുമ്പോള്‍ മാത്രമാണ് ആളുകള്‍ രഹസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുള്ളത് എന്ന കാര്യമാണ് ഒന്നാമതായി എനിക്ക് പറയാനുള്ളത്. ഇസ്‌ലാമിക അധ്യാപനങ്ങള്‍ നിര്‍വ്വഹിക്കുക എന്ന ഉത്തരവാദിത്വമേറ്റെടുക്കുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം തങ്ങള്‍ ദൈവിക ദീനിന്റെ പ്രതിനിധികളെന്നും ആളുകള്‍ തങ്ങളെ മാതൃകാ പുരുഷന്‍മാരായാണ് കണക്കാക്കുന്നത് എന്നുമാണ്. അവരുടെ വാക്കുകള്‍ മാത്രമല്ല, മറിച്ച് അവരുടെ പ്രവര്‍ത്തനങ്ങളും ജീവിതശൈലിയുമെല്ലാം മറ്റുള്ളവരുടെ തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കും. ആ സ്വാധീനത്തിനും മറ്റുള്ളവരുടെ ജീവിതത്തില്‍ അതുണ്ടാക്കുന്ന അനന്തരഫലങ്ങള്‍ക്കും അവര്‍ അല്ലാഹുവിന് മുമ്പില്‍ മറുപടി പറയേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. അല്ലാഹുവിന്റെയും പ്രവാചകന്റെയും അസംതൃപ്തിക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഭയപ്പെടുന്നവര്‍ മുറുകെപ്പിടിക്കുന്ന ആദര്‍ശങ്ങളെ പിന്തുടരുകയാണ് അധ്യാപകരും ദഅ്‌വാ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമെല്ലാം ചെയ്യേണ്ടത്. നല്ല പ്രവര്‍ത്തനങ്ങള്‍ ചീത്ത പ്രവര്‍ത്തനങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് എല്ലാ മുസ്‌ലിംകള്‍ക്കുമറിയാം. പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:’തീര്‍ച്ചയായും, നല്ല പ്രവര്‍ത്തനങ്ങള്‍ ചീത്ത പ്രവര്‍ത്തനങ്ങളെ നീക്കം ചെയ്യുന്നു’. (ഹൂദ്:114) ദിവസേന നമസ്‌കാരം നിര്‍വ്വഹിക്കുന്നത് നമ്മെ സൂക്ഷമതയുള്ളവരാക്കുകയും പരാജയങ്ങളും പരിമിതികളും ശീലമാകുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു. നല്ല ചിന്തകളും വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ് നമ്മില്‍ നിന്നുണ്ടാകേണ്ടത്. അപ്പോള്‍ മാത്രമേ വ്യര്‍ത്ഥമായ പ്രലോഭനങ്ങളെ നമുക്ക് തടയാനാകൂ. അതിലൂടെ, അല്ലാഹു ഉദ്ദേശിച്ചാല്‍, തിന്‍മകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുന്നു.

സ്ത്രീകളുടെ അന്തസ്സിനെയും അവകാശങ്ങളെയും രഹസ്യവിവാഹം ഭംഗപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. യൂറോപ്പിലും അമേരിക്കയിലുമുള്ള ദഅ്‌വാ പ്രവര്‍ത്തകര്‍ക്കിടയിലും പടിഞ്ഞാറ് സന്ദര്‍ശിക്കുന്നവര്‍ക്കിടയിലും കുറഞ്ഞ കാലത്തേക്ക് സ്ത്രീകളെ വിവാഹം കഴിക്കുക എന്ന പ്രവൃത്തി കാണപ്പെടുന്നുണ്ട്. പിന്നീടവര്‍ വേറെ സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ആദ്യത്തെ വിവാഹം റദ്ദ് ചെയ്യുകയും പുതിയ വിവാഹം കഴിക്കുകയുമാണ് ചെയ്യുക. ഇത് തീര്‍ച്ചയായും ഇസ്‌ലാമിക നിയമങ്ങളുടെ ലംഘനമാണ്. വിവാഹം കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ലക്ഷ്യങ്ങള്‍ ഇതിലൂടെ ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടുകയില്ല. മാത്രമല്ല, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അത്തരത്തിലുള്ള വിവാഹങ്ങള്‍ക്ക് സന്നദ്ധമാകുന്ന സ്ത്രീകള്‍ ഇവിടെ ചൂഷണം ചെയ്യപ്പെടുകയാണ്. പലിശയും പോലെ തന്നെയുള്ള ഒരു തിന്‍മയാണ്ത്. പണം നല്‍കുന്നതിന്റെ ഉദ്ദേശങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടുന്നു. മാത്രമല്ല, നിവൃത്തികേട് കൊണ്ട് പണം കടംവാങ്ങുന്നവരോടുള്ള ക്രൂരമായ ചൂഷണം കൂടിയാണിത്.

ഇസ്‌ലാമിലെ വിവാഹം
മഅ്‌റൂഫ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ഇസ്‌ലാമിലെ വിവാഹം എന്നത് നന്‍മയുള്ള പ്രവൃത്തിയാണ്. സൂറത്തുന്നിസാഇല്‍ പറയുന്നത് പോലെ ഒരടിമയെയാണ് ഒരു മുസ്‌ലിം വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പോലും അയാള്‍ അവളുടെ കുടുംബത്തിന്റെ സമ്മതം വാങ്ങുകയും മഹ്ര്‍ നല്‍കുകയും വേണം. അതല്ലാതെ രഹസ്യമായ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് ഇസ്‌ലാം വിലക്കുന്നുണ്ട്. രഹസ്യവും താല്‍ക്കാലികവുമായ വിവാഹങ്ങള്‍ പലിശയെപ്പോലെത്തന്നെ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു നിയമമറയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

വിവാഹബന്ധത്തിലേര്‍പ്പെടുന്ന ഇരുകൂട്ടരെ സംബന്ധിച്ചിടത്തോളവും വിവാഹം എന്നത് വ്യക്തിപരവും സാമൂഹികവുമായ ഒരു യാഥാര്‍ത്ഥ്യമാണ്. വിവാഹത്തെ നന്‍മയുളള പ്രവര്‍ത്തനമാക്കി മാറ്റുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണിത്. അതിനാല്‍ തന്നെ കുട്ടികള്‍ വളര്‍ന്ന് വരേണ്ട ആരോഗ്യകരമായ ഒരു സാമൂഹിക ഇടത്തെ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാകണം വിവാഹം നടത്തപ്പെടേണ്ടത്. പരസ്പരം ഒരു പരിചയവുമില്ലാത്തവരെ തമ്മില്‍ ബന്ധിപ്പിക്കുകയും നിലവിലുള്ള ബന്ധങ്ങളെ സുദൃഢമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണത്. അതിലൂടെ കുടുംബം ഒരുപാട് വിശാലമാകുന്നു. കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം ഉത്തരവാദിത്വങ്ങള്‍ (ശാരീരികം, സാമ്പത്തികം, ആത്മീയം) പങ്ക് വെക്കപ്പെടുകയും ചെയ്യുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയുമാണ് സാമൂഹ്യബന്ധങ്ങള്‍ ചെയ്യുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ഭാര്യയെ സംരക്ഷിക്കാം എന്ന ഉറപ്പിലാണ് ഒരാള്‍ വിവാഹം കഴിക്കുന്നത്. ഒരു സുന്നി മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം താല്‍ക്കാലിക സംരക്ഷണത്തിന്റെ പേരില്‍ വിവാഹം കഴിക്കുന്നത് അനുവദനീയമല്ല. ഇനി ഒരു സുന്നി മുസ്‌ലിമിന് എണ്ണക്കിണറുണ്ടെന്ന് കരുതുക. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതകാലം മുഴുവന്‍ ഒരു പെണ്ണിനെ സംരക്ഷിക്കാന്‍ അയാള്‍ക്ക് കഴിയും. എങ്കില്‍പ്പോലും താല്‍ക്കാലിക വിവാഹത്തിലേര്‍പ്പെടല്‍ അയാള്‍ക്ക് നിഷിദ്ധമാണ്. എത്രതന്നെ സമ്പത്ത് അയാള്‍ക്കുണ്ടെങ്കിലും ശരി. അത്‌പോലെ ആ പെണ്ണിനും ഇങ്ങനെ വിവാഹം കഴിക്കല്‍ നിഷിദ്ധമാണ്.

ഒരാണും പെണ്ണും തമ്മിലുള്ള നിയമവിരുദ്ധമായ ഏതൊരു ബന്ധത്തെക്കാളും വിവാഹത്തെ ശ്രേഷ്ടകരമായ ഒരു കര്‍മ്മമാക്കുന്നത് പരസ്പരമുള്ള ഉത്തരവാദിത്വബോധത്തിലധിഷ്ഠിതമായ ബന്ധമാണത് എന്നതാണ്. സ്വകാര്യതയും ആത്മബന്ധവുമാണ് വിവാഹം സാധ്യമാക്കുന്നത്. അതേസമയം ഒരു വിവാഹം നടന്നാല്‍ അത് ചുറ്റുമുള്ള സമൂഹം അറിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആ വിവാഹബന്ധത്തെ ആഘോഷിക്കാനും അതിന് സംരക്ഷണം നല്‍കാനും അവര്‍ക്ക് സാധിക്കുകയുള്ളൂ. രഹസ്യവിവാഹങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങളോടൊപ്പം സമൂഹത്തിന്റെ അവകാശങ്ങളും ഹനിക്കുന്നുണ്ട്. സാമൂഹിക ക്രമത്തെയും ഐക്യത്തെയും പരസ്പരവിശ്വാസത്തെയുമാണ് അത് നശിപ്പിക്കുന്നത്. അമേരിക്കന്‍ രീതിയിലുള്ള ഫാ്സ്റ്റ് ഫുഡുകള്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുന്നത് പോലെ രഹസ്യവിവാഹങ്ങള്‍ (സാമൂഹിക മാധ്യമങ്ങളില്‍ രൂപപ്പെടുന്ന സൗഹൃദങ്ങളെപ്പോലെ) വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങള്‍ക്ക് തീരാനഷ്ടമാണ് വരുത്തിവെക്കുന്നത്.

പ്രവാചകന്‍(സ) ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ‘വിവാഹത്തെ പരസ്യപ്പെടുത്തുക’ (അന്നസാഇ: 3369; മുസ്‌നദ് അഹ്മദ്: 15697; സുനനു സഈദ് ബിന്‍ മന്‍സൂര്‍: 635

വിവാഹത്തെ പരസ്യപ്പെടുത്തേണ്ടതുണ്ടെന്നും രഹസ്യമാക്കി വെക്കാന്‍ പാടില്ലെന്നുമുള്ള വ്യക്തമായ നിര്‍ദേശമാണ് പ്രവാചകന്‍ നല്‍കുന്നത്. പ്രവാചകനും സ്വഹാബികളും ആദ്യ തലമുറകളില്‍ പെട്ട പണ്ഡിതരുമെല്ലാം അങ്ങനെയായിരുന്നു വിവാഹബന്ധത്തിലേര്‍പ്പെട്ടിരുന്നത്. അവരാരും തന്നെ രഹസ്യവിവാഹത്തിലേര്‍പ്പെടുകയോ അതിനെ പിന്തുണക്കുകയോ ചെയ്തിട്ടില്ല. രഹസ്യവിവാഹങ്ങളെ തുറന്നെതിര്‍ത്തവരില്‍ പ്രധാനികളായിരുന്നു ഉമര്‍ ബ്‌നു ഖത്താബ്, ഉര്‍വ്വ ബ്‌നു അല്‍ സുബൈര്‍, ഉബൈദുല്ലാഹ് ബ്‌നു അബ്ദില്ലാഹ് ബ്‌നു ഉത്ബ, ആമിര്‍ അല്‍-ശഅ്ബി തുടങ്ങിയവര്‍ എന്നാണ് അല്‍-മുഗ്നി, കെ. അല്‍-നിക്കാഹില്‍ (അല്‍മുഗ്നി) പറയുന്നത്. അബൂബക്കര്‍ അബ്ദുല്‍ അസീസ് പറയുന്നു: ‘അത്തരത്തിലുള്ള വിവാഹം വ്യര്‍ത്ഥമാണ്’. അത്‌പോലെ ഭൂരിപക്ഷം വരുന്ന ഫുഖഹാക്കളും പറയുന്നത് വിവാഹത്തെ പരസ്യപ്പെടുത്തണം എന്നാണ്.

സുഹ്‌രിയുടെയും അഭിപ്രായം ഇതുതന്നെയാണ്: ‘ആരെങ്കിലും രഹസ്യമായി വിവാഹം കഴിക്കുകയും രണ്ട് സാക്ഷികളെ കൊണ്ടുവരികയും അവരോട് വിവാഹം രഹസ്യമാക്കി വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയാണെങ്കില്‍ അങ്ങനെ വിവാഹിതരായവരുടെ ബന്ധം വേര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്’. അത്‌പോലെ ഇമാം മാലിക്ക്(റ) പറയുന്നത് വിവാഹത്തെ പരസ്യപ്പെടുത്താതിരിക്കുന്ന പക്ഷം വിവാഹം അസാധുവാണ് എന്നാണ് (അല്‍മുഗ്നി)

വിവാഹത്തെ പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമല്ല എന്ന് പറയുന്ന പണ്ഡിതര്‍ പോലും അത് രഹസ്യമാക്കി വെക്കുന്നതിനെ അംഗീകരിക്കുന്നില്ല. ഇബ്‌നു തൈമിയ്യ രഹസ്യവിവാഹങ്ങളെ വേശ്യാവൃത്തിയോടാണ് തുലനം ചെയ്യുന്നത് (മജ്മൂഉല്‍ ഫതാവാ, 32102).

ചുരുക്കത്തില്‍:
സുന്നി ഫിഖ്ഹ് രഹസ്യവിവാഹങ്ങളെയും താല്‍ക്കാലിക വിവാഹങ്ങളെയും (രഹസ്യമോ പരസ്യമോ ആയ) ശകതമായി എതിര്‍ക്കുന്നുണ്ട്. കാരണം അത് സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുകയും വിവാഹം കൊണ്ടുണ്ടാകേണ്ട നന്‍മകളെ തടയുകയും ചെയ്യുന്നുണ്ട്. അത്‌പോല കുടുംബജീവിതത്തിലൂടെ രൂപപ്പെടുന്ന എല്ലാ തരത്തിലുമുള്ള ബന്ധങ്ങളെയും അതില്ലാതാക്കുന്നു. രഹസ്യതാല്‍ക്കാലിക വിവാഹങ്ങള്‍ വിവാഹത്തെ കേവലമൊരു ലൈംഗിക ബന്ധത്തിനുള്ള മാര്‍ഗ്ഗമായി മാത്രമാണ് കാണുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അപമാനകരമാണത്. അതിനാല്‍ തന്നെ ആരെയും വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നതിന് മുമ്പ് സ്ത്രീകള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നത്. അതുപോലെ വിവാഹത്തിന് മുമ്പ് കുടുംബത്തെയും സുഹൃത്തുക്കളെയും സമുദായത്തെയും അറിയിക്കുകയും അവരുടെ പിന്തുണയും സംരക്ഷണവും തേടുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിക നിയമങ്ങളെയും മൂല്യങ്ങളെയും ലംഘിച്ച് കൊണ്ടും അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്‍പ്പനകളെ ധിക്കരിച്ച് കൊണ്ടും വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനേക്കാള്‍ നല്ലത് സ്ത്രീക്കും പുരുഷനും ഒറ്റക്ക് ജീവിക്കുന്നതാണ്.

പൊതുരംഗത്ത് ഇസ്‌ലാമിക അധ്യാപകരായും ദഅ്‌വാ പ്രവര്‍ത്തകരുമായി അറിയപ്പെടുന്നവര്‍ തന്നെ രഹസ്യവിവാഹങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവരെക്കുറിച്ച് ഞാനെന്ത് പറയാനാണ്? അല്ലാഹുവെ ഭയന്ന് കൊണ്ട് തങ്ങളുടെ ഉദ്ദേശങ്ങളെ പുന:പ്പരിശോധിക്കേണ്ടത് അവരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്. മാത്രമല്ല, പാപമോചനത്തിനും ആത്മപരിഷ്‌കരണത്തിനുമുള്ള വാതിലുകള്‍ അടഞ്ഞിട്ടില്ല എന്നുമവര്‍ ഓര്‍ക്കേണ്ടതുണ്ട്. തന്നിലേക്ക് തിരിയുന്ന പക്ഷം അല്ലാഹു സൃഷ്ടികള്‍ക്ക് പൊറുത്തുകൊടുക്കുമെന്ന് അല്ലാഹുവിന്റെ പ്രവാചകന്‍ നിരവധി സന്ദര്‍ഭങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. നിഷ്‌കളങ്കമായി പാപമോചനം തേടുന്ന ആര്‍ക്കുമവന്‍ പൊറുത്തുകൊടുക്കും. ഒരു വിശ്വാസിയുടെ പാപങ്ങളും (അതിനി എത്ര വലുതാണെങ്കിലും ശരി) അവന്റെ കാരുണ്യത്തേക്കാള്‍ വലുതല്ല.

വിവ: സഅദ് സല്‍മി

Related Articles