Current Date

Search
Close this search box.
Search
Close this search box.

മൂന്നാം ലിംഗം; ഇസ്‌ലാമും വൈദ്യശാസ്ത്ര സമീപനവും

third-gender.jpg

സ്ത്രീയോ പുരുഷനോ എന്ന് കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥയെ കുറിക്കാനാണ് മൂന്നാം ലിംഗം എന്ന് പ്രയോഗിക്കുന്നത്. ഇസ്‌ലാമിക ഫിഖ്ഹ് ഇവരുടെ വിഷയം വിശദമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അതേസമയം വൈദ്യശാസ്ത്രം ഫുഖഹാഖളുടെ മാനദണ്ഡത്തിനു പുറമെ ഗ്രന്ഥികളുടെയും ഹോര്‍മോണുകളുടെയും കാര്യം കൂടി പരിഗണിച്ചിരിക്കുന്നു. തികച്ചും സ്ത്രൈണ ഘടനയിലുള്ള ഒരു വ്യക്തിയുടെ ആന്തരികഘടന ചിലപ്പോള്‍ പൂര്‍ണമായും പുരുഷന്റേതായിരിക്കും. നേരെ തിരിച്ചും സംഭവിക്കും. ഒരു പഠനത്തില്‍ വ്യക്തമായതനുസരിച്ച് 25000ല്‍ ഒന്നുമാത്രമേ ഇങ്ങനെ ജനിക്കുന്നുള്ളൂ. അതുതന്നെ ശസ്ത്രക്രിയയിലൂടെ സാധാരണഗതിയിലേക്ക് മാറ്റാനും വൈദ്യശാസ്ത്രത്തിന് കഴിയും. അങ്ങനെ മാറ്റപ്പെടുന്നതോടെ സ്ത്രീക്കും പുരുഷനും അവരവരുടെ വിധികള്‍ ബാധകമാവുകയും ചെയ്യും.

ചുരുക്കത്തില്‍, നപുംസകങ്ങള്‍ എന്നത് ഒരു സാമൂഹിക പ്രശ്‌നമായതുകൊണ്ട് സമൂഹം തന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ജനന ശേഷം അധികം വൈകാതെ ചികിത്സയിലൂടെ പ്രശ്‌നപരിഹാരം നേടിയാല്‍ പ്രായപൂര്‍ത്തിയെത്തുന്നത് വരെയുള്ള എല്ലാ ഇളവുകളും അവര്‍ക്ക് ശരീഅത്ത് വിധികള്‍ പാലിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ ഒരു സാമൂഹിക ബാധ്യത(ഫര്‍ദ് കിഫായ)യായി മനസ്സിലാക്കപ്പെടുന്നു. ചെറുപ്പത്തിലേ ശ്രദ്ധിച്ചാല്‍ പരിഹരിക്കാവുന്നതാണ് മിക്ക കേസുകളും. അവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കലും അതിനുള്ള സംവിധാനമൊരുക്കലുമെല്ലാം ഇസ്‌ലാമിക ദൃഷ്ട്യാ ഫര്‍ദായ കാര്യങ്ങളാണ്. സ്വവര്‍ഗരതി പോലുള്ള സദാചാരധാര്‍മിക വിരുദ്ധ പ്രവണതകള്‍ സമൂഹത്തില്‍ വളരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ബാധ്യതയും തഥൈവ.

ഇത്തരം വൈകല്യങ്ങളെയും രോഗങ്ങളെയും തിരിച്ചറിഞ്ഞ് അനുയോജ്യവും ഫലപ്രദവുമായ ചികിത്സ നല്‍കുകയെന്നതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ആണും പെണ്ണുമായിട്ടല്ലാതെ മൂന്നാമതൊരു വര്‍ഗത്തെ പറ്റി ഖുര്‍ആന്‍ സൂചിപ്പിക്കുകപോലും ചെയ്യാത്തതും സുന്നത്തില്‍ സ്വഹീഹായ ഒരു റിപ്പോര്‍ട്ടു പോലും ഇല്ലാത്തതും ഒരുപക്ഷേ അതുകൊണ്ടായിരിക്കാം. തദ്വിഷയകമായി ചില ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരെണ്ണം പോലും സ്വീകാര്യമായിട്ടില്ല; എല്ലാം പറ്റെ ദുര്‍ബലമോ വ്യാജമോ ആണ്.

ഈ രംഗത്ത് പരിചയ സമ്പന്നരും ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവരുമായ ഡോക്ടര്‍മാരുടെ പഠനങ്ങളും അനുഭവങ്ങളും ഈയൊരു വസ്തുതയാണ് ഊന്നിപ്പറയുന്നത്. കേവലം വാദങ്ങളും സമര്‍ഥനങ്ങളുമല്ല, പ്രത്യുത പ്രായോഗിക രംഗത്തെ അവരുടെ അറിവും പരിചയവും കൂടി വെച്ചുകൊണ്ടുള്ളതാണ് ഈ വിശദീകരണമെന്നുകൂടി മനസ്സിലാക്കണം. സുഊദിയില്‍ മാത്രം കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ 300 പേരെ ഇത്തരം ചികിത്സകളിലൂടെയും സര്‍ജറിയിലൂടെയും മാറ്റിയെടുത്തിട്ടുണ്ട്. അവരില്‍ 100 ശതമാനം പേരും വിജയകരമായ കുടുംബജീവിതം നയിക്കുന്നുവെന്ന് കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ജിദ്ദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഉസാമാ ത്വയ്യിബ് പറയുന്നു (ഇസ്‌ലാം ഓണ്‍ലൈന്‍). വിജയകരമായി നടത്തപ്പെട്ട ഈ ശസ്ത്രക്രിയകളില്‍ ഏഴ് ശതമാനം മാത്രമേ പ്രായമുള്ളവരില്‍ നത്തിയിട്ടുള്ളൂ. 93 ശതമാനവും ശൈശവം, ബാല്യഘട്ടങ്ങളില്‍ ഉള്ളവരിലാണ് നടത്തിയിട്ടുള്ളത്.

പിറന്നയുടനെത്തന്നെ ശിശുക്കളുടെ ശാരീരികവും ബുദ്ധിപരവുമായ ഘടനയും കഴിവും പഞ്ചേന്ദ്രിയങ്ങളുടെ ക്രയശേഷിയും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. കാഴ്ച, ശ്രവണം തുടങ്ങിയവയില്‍ വൈകല്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ആ പ്രായത്തില്‍ തന്നെ ചികിത്സിക്കുന്നത് ചെലവും റിസ്‌കും കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമാണ്. ലൈംഗിക വൈകല്യങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ശൈശവ ഘട്ടങ്ങളില്‍ തന്നെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ താരതമ്യേന ചെലവേറിയതും ശ്രമകരവുമാണെങ്കിലും സമൂഹത്തിന്റെ പൊതുതാല്‍പര്യമെന്ന നിലയില്‍ പരിഗണന നല്‍കിയാല്‍ അതും ഒരളവോളം പരിഹരിക്കാന്‍ കഴിയും.

ഇത് തീര്‍ത്തും പ്രകൃതിപരവും, മാറ്റമോ ചികിത്സയോ അസാധ്യമായതുമായ പ്രശ്‌നമായി കാണാതെ പരിഹാരം സാധ്യമായ ഒരു രോഗമായി കാണുക എന്നതാണ് പ്രാഥമികമായി വേണ്ടത്. അപ്പോള്‍ സ്വാഭാവികമായും ശുഭാപ്തി വിശ്വാസം കൈവരും. അതാണ് പ്രവാചകന്‍ പഠിപ്പിച്ചതും. അവിടുന്ന് പറഞ്ഞു: ”നിശ്ചയമായും അല്ലാഹു രോഗം ഇറക്കി, മരുന്നും ഇറക്കി, എല്ലാ രോഗത്തിനും മരുന്നും നിശ്ചയിച്ചു. അതുകൊണ്ട് നിങ്ങള്‍ ചികിത്സിക്കുക നിഷിദ്ധമായത് കൊണ്ട് ചികിത്സിക്കാതിരിക്കുക” (അബൂദാവൂദ് 3876).

ഇന്ന് പെയിന്‍ ആന്റ് പാലിയേറ്റീവ് പോലെ സമൂഹത്തിന്റെ സത്വര ശ്രദ്ധ തേടുന്ന ഒരു പ്രശ്‌നം തന്നെയാണിതും. പുറത്തു പറയാന്‍ മടിക്കുന്ന, പുറമേക്ക് കണ്ടാല്‍ തിരിച്ചറിയാന്‍ പലപ്പോഴും സാധിക്കാത്ത ഈ ശാരീരിക വൈകല്യത്തെ സമൂഹം പലപ്പോഴും അവജ്ഞയോടെ കാണുന്നതും, അത്തരക്കാര്‍ക്ക് കുറ്റവാളികളുടെ പരിവേഷം ചാര്‍ത്തി നല്‍കുന്നതും എന്തുമാത്രം സങ്കടകരമല്ല!

ഇമാം ഖുര്‍ത്വുബി തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു: മിക്ക മനുഷ്യരെയും അല്ലാഹു ആണോ പെണ്ണോ ആയിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ ചിലരില്‍ അല്ലാഹു സ്‌െ്രെതണ പ്രകൃതിയും പുരുഷ പ്രകൃതിയും ഒരുമിച്ച് ചേര്‍ത്തെന്നിരിക്കും. അവരാണ് നപുംസകങ്ങള്‍ എന്ന് പറയപ്പെടുന്നത്. ഫുഖഹാക്കള്‍ക്കിടയില്‍ ഈ വിഭാഗം ‘ഖുന്‍സാ മുശ്കില്‍’ എന്നറിയപ്പെടുന്നു. ഇമാം ഇബ്‌നുല്‍ അറബിയെ ഉദ്ധരിച്ചുകൊണ്ട് ഖുര്‍ത്വുബി തുടര്‍ന്ന് പറയുന്നു: ”ചില തലയെടുപ്പുള്ള പണ്ഡിതര്‍ തന്നെ നപുംസകങ്ങള്‍ എന്നൊരു വിഭാഗമുണ്ടെന്ന കാര്യം നിഷേധിച്ചിട്ടുണ്ട്. അല്ലാഹു മനുഷ്യരെ ആണും പെണ്ണുമായിട്ടേ സൃഷ്ടിച്ചിട്ടുള്ളൂ എന്നതാണ് അവരുടെ ന്യായം. തികഞ്ഞ അജ്ഞതയും, സ്പഷ്ടവും ഖണ്ഡിതവുമായ യാഥാര്‍ഥ്യങ്ങളെ പറ്റിയുള്ള അന്തമില്ലായ്മയും, വിശാലനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവിന്റെ കഴിവിനെ മനസ്സിലാക്കുന്നതിലെ പോരായ്മയുമാണ് ഇത്തരം വാദങ്ങളുടെ പിന്നിലെന്നാണ് നമുക്ക് പറയാനുള്ളത്. ഖുര്‍ആന്റെ ബാഹ്യഘടന തന്നെ നപുംസകങ്ങളുണ്ടാകുന്നതിനെ നിഷേധിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹു പറഞ്ഞിരിക്കുന്നു: ആകാശങ്ങളും ഭൂമിയും അവനുള്ളതാണ്, അവന്‍ ഉദ്ദേശിക്കുന്നത് പടയ്ക്കുന്നു (ഖുര്‍തുബി 16/52).

മൂന്നാം ലിംഗം മൂന്നുവിധം
1. XYക്രോമസോമുകള്‍ വഹിക്കുന്നു. അതോടൊപ്പം പെണ്‍കുട്ടികളുടെ ലൈംഗികാവയവങ്ങളോട് സാദൃശ്യമുള്ള മൂത്രദ്വാരവും ഒപ്പം തന്നെ വൃഷ്ണങ്ങളും കാണപ്പെടുന്നു. ഇത്തരക്കാരെ പൂര്‍ണമായും ആണ്‍കുട്ടികളാക്കുക സാധ്യമാണ്.
2. പുരുഷന്റേത് പോലുള്ള ലൈംഗികാവയവങ്ങള്‍ ഉള്ള സ്ത്രീകള്‍. എന്നാല്‍ ബാക്കിയെല്ലാം സ്ത്രീയുടേത് തന്നെയായിരിക്കും. ഗര്‍ഭാശയങ്ങള്‍ വരെ ഉണ്ടായിരിക്കും. ഇത്തരം കുട്ടികള്‍ പെണ്‍കുട്ടികള്‍ തന്നെയാണ്. ചെറിയ സര്‍ജറിയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.
3. സ്ത്രീപുരുഷ പ്രകൃതിയും അവയവങ്ങളും കൂടിക്കലര്‍ന്ന് സങ്കീര്‍ണമായ ഘടനയുള്ളവര്‍. മൊത്തം ബാഹ്യആന്തരിക ഘടനകളും സ്വഭാവവും പഠിച്ച് കൂടുതല്‍ ചായ്‌വ് എങ്ങോട്ടാണോ അതനുസരിച്ച് ശസ്ത്രക്രിയ നടത്തി പരിഹരിക്കാവുന്നതാണ്.

ഏതാണ്ട് 30,000 ഡോളര്‍ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ ഒരു സാമൂഹിക ദൗത്യം എന്ന നിലയില്‍ സുഊദിയിലെ ജിദ്ദ മെഡിക്കല്‍ ഹോസ്പിറ്റല്‍ തികച്ചും സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്. പുരുഷനെ സ്ത്രീയോ സ്ത്രീയെ പുരുഷനോ ആക്കുന്ന പ്രക്രിയയല്ല ഇവിടെ നടക്കുന്നത്. സ്‌െ്രെതണ പ്രകൃതിയോ സ്‌െ്രെതണ ഹോര്‍മോണുകളുടെ ആധിക്യമോ പുരുഷന്റേതിനേക്കാള്‍ അധികമുള്ള കാരണത്താല്‍ അസന്തുലിത സ്വഭാവമുള്ളവരെ ശസ്ത്രക്രിയ വഴി യഥാര്‍ഥ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്. ആദ്യം പറഞ്ഞത് ഇസ്‌ലാം ഒരു നിലക്കും അംഗീകരിക്കുന്നില്ല. പുരുഷന്‍ സ്ത്രീയായും സ്ത്രീ പുരുഷനായും പരിവര്‍ത്തിക്കപ്പെടുന്ന ഒരു പ്രക്രിയയും ഇസ്‌ലാം അനുവദിക്കുന്നില്ല.

കാരണങ്ങള്‍
ഇത്തരം അസന്തുലിത പ്രകൃതിയോടെ ജനിക്കാനുള്ള കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയ ഡോ. ജമാല്‍ പറയുന്നത് ബന്ധുക്കള്‍ പരസ്പരം വിവാഹം ചെയ്യുന്നത് വലിയൊരളവോളം ഇതിന് കാരണമാകുന്നുണ്ടെന്നാണ്. ഡോ. അലി ഖറദാഗി പറയുന്നു: ”നപുംസകം ഒഴികഴിവുള്ളവനും പരീക്ഷണത്തിന് ഇരയായവനുമത്രെ. താനകപ്പെട്ട പരീക്ഷണത്തില്‍ ക്ഷമയവലംബിക്കുക വഴി അവന് കൂലിയും പ്രതിഫലവും ലഭിക്കുന്നതാണ്. ശര്‍അനുസരിച്ച് തന്നെ തനിക്കേറ്റവും ചേര്‍ച്ചയുള്ള ഏതെങ്കിലും ഒരു ലിംഗത്തിലേക്ക് മാറാന്‍ അവനവകാശമുണ്ട്” (അലി ഖറദാഗിയുടെ സൈറ്റ് നോക്കുക).

അതിനാല്‍ പഴയകാല ഫിഖ്ഹീ ഗ്രന്ഥങ്ങളെയും ഫുഖഹാക്കളെയും പഴിക്കുന്നതില്‍ അര്‍ഥമില്ല. അവര്‍ അവരുടെ അറിവനുസരിച്ച് പറഞ്ഞു. ഇന്നത്തെപ്പോലെ ഹോര്‍മോണുകളെപ്പറ്റിയോ ജീനുകളെ പറ്റിയോ അറിവില്ലാത്ത കാലത്ത് അവര്‍ പറഞ്ഞതിനെ കൊച്ചാക്കുന്നവര്‍ ടെക്സ്റ്റ് മാത്രം വായിക്കുന്നു, കോണ്‍ടെക്സ്റ്റ് മറക്കുന്നു. സ്ത്രീ പുരുഷ ബന്ധങ്ങള്‍ വളരെ കര്‍ശനമായ നിയമങ്ങളാല്‍ ആവിഷ്‌കരിക്കപ്പെട്ട ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാലത്തില്ലാതിരുന്ന ഒരു പരിഹാരത്തെപ്പറ്റി പറഞ്ഞില്ല എന്നും മൂന്നാം ലിംഗക്കാരെ അവഗണിച്ചൂ എന്നും പറയുന്നത് അവരോട് ചെയ്യുന്ന അനീതി ആയിരിക്കും.
എന്നാല്‍ ചില സ്വഹാബിമാരുടെ വചനങ്ങള്‍ ഇതുസംബന്ധമായി വന്നിട്ടുണ്ട്. ഉദാഹരണമായി ഹുസൈന്‍ ബിന്‍ കബീര്‍ പറയുന്നു: ”നപുംസകത്തെപ്പറ്റി അലി(റ) പറയുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്: അവന്റെ മൂത്ര ദ്വാരം എങ്ങനെയാണോ അതനുസരിച്ച് അവനുള്ള അനന്തരാവകാശ വിഹിതം പതിച്ചു നല്‍കുക” (ബൈഹഖി). വേറൊരു നിവേദനത്തില്‍ കാണാം: പുരുഷന്‍ മൂത്രമൊഴിക്കുന്നത് പോലെയാണെങ്കില്‍ ആണായും, പെണ്ണ് മൂത്രമൊഴിക്കുന്നത് പോലെയാണെങ്കില്‍ പെണ്ണായും പരിഗണിക്കും (ബൈഹഖി).

ചുരുക്കത്തില്‍ എല്ലാവരാലും ആട്ടിയോടിക്കപ്പെടുന്നവരും അവഗണിക്കപ്പെടുന്നവരും എന്ന അവരുടെ നില തീര്‍ച്ചയായും മാറേണ്ടതുണ്ട്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ള പൗരന്മാര്‍ എന്ന തലത്തിലേക്ക് ഇത്തരക്കാരെ പരിഗണിക്കാന്‍ കഴിയേണ്ടതുണ്ട്. മറ്റേതൊരു രോഗിയുടെയും കാര്യത്തില്‍ സമൂഹത്തിന് ബാധ്യതയുള്ളത് പോലെത്തന്നെ ഇത്തരം വികല പ്രകൃതിയോടെ ജനിക്കുന്നവരുടെ കാര്യത്തിലും അതേ ബാധ്യത ഒട്ടും കുറയാതെ സമൂഹത്തിനുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തണം. അത് പണ്ഡിതന്മാരുടെ ചുമതലയാണ്.

മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സംഘടനകളും ഈ വിഷയത്തില്‍ സജീവ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ജനിതക പ്രശ്‌നങ്ങളോ ശാരീരിക വൈകല്യങ്ങളോ ഇല്ലാത്ത ഒരു പറ്റം തെമ്മാടികള്‍ തങ്ങളുടെ മാനസികോല്ലാസത്തിന് ഇത്തരക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയാനും സാധിക്കേണ്ടതുണ്ട്.

കടപ്പാട്: പ്രബോധനം

മൂന്നാം ലിംഗം; കര്‍മശാസ്ത്ര പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍

Related Articles