Current Date

Search
Close this search box.
Search
Close this search box.

ബ്രെയിന്‍ ഡെത്ത് സംഭവിച്ച വ്യക്തിയുടെ അവയവ ദാനത്തിന്റെ ഇസ്‌ലാമിക മാനമെന്ത്?

Human-Organ.jpg

വിഷയത്തിലേക്ക് കടക്കും മുമ്പ് ബ്രെയിന്‍ ഡെത്ത് എന്താണെന്ന് പറയുന്നത് നന്നായിരിക്കും. ഒരാള്‍ക്ക് ആക്‌സിഡന്റ്  മൂലമോ മറ്റോ  ബ്രെയിന്‍ പൂര്‍ണ്ണമായി തകരുകയോ പ്രവര്‍ത്തനക്ഷമമല്ലാതാവുകയോ ചെയ്യുന്ന സാഹചര്യത്തിനാണ് ബ്രെയിന്‍ ഡെത്ത് എന്ന് പറയുന്നത്. ഇതിനര്‍ത്ഥം ആ വ്യക്തി ജീവതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നു എന്നാണ്. ഈ സമയത്ത് കൃത്രിമമായ സംവിധാനങ്ങള്‍ വഴി നിശ്ചിത സമയത്തേക്ക് ആ വ്യക്തിയുടെ നെഞ്ചിടിപ്പ് നിലനിര്‍ത്താനും അതുവഴി വൈറ്റല്‍ ഓര്‍ഗ്ഗന്‍സി(കിഡ്‌നി, ലിവര്‍, ലങ്ങ്‌സ്, ഹാര്‍ട്ട്) ലേക്കുള്ള രക്തചംക്രമണം നിലനിര്‍ത്താനും കഴിയും. കോമ സ്‌റ്റേജിനെ കുറിച്ചോ ഒരാള്‍ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ എന്തെങ്കിലും സാധ്യതയുള്ള അവസ്ഥയെ കുറിച്ചോ അല്ല ബ്രെയിന്‍ ഡെത്ത് എന്ന് പറയുന്നത്.  ഒരു കൂട്ടം ഡോക്ടേഴ്‌സ് ആണ് സാധാരണ ഗതിയില്‍ ബ്രെയിന്‍ ഡെത്ത് സ്ഥിതീകരിക്കാറ് എന്നതും മനസ്സിലാക്കേണ്ടതാണ്.

ഓരോ അഞ്ച് മിനിറ്റിലും കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ മൂലം ഒരാള്‍ മരിക്കുന്നുവെന്നാണ്കണക്ക്. അതനുസരിച്ച് ഓരോ ദിവസവും 290 പേര്‍. ഓരോ വര്‍ഷവും 2 ലക്ഷം കിഡ്‌നിയുടെയും 50000 ലിവറുകളുടെയും 50000 ഹാര്‍ട്ടുകളുടെയും ട്രാനസ്പ്ലാന്റേഷന്‍ രാജ്യത്ത് ആവശ്യമായി വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത്തരം വാര്‍ത്തകളുമായി നിലവില്‍ നമുക്കുള്ള ബന്ധം അതിലെ ഇരയായിട്ടോ, ഇരകളെ സഹായിക്കുന്ന വ്യക്തികളോ, മഹല്ലുകളോ, സംഘടനകളോ ആയിട്ടാണ്. കൂട്ടായ്മകളുണ്ടാക്കി, പരസ്യം ചെയ്ത് ആ പണം കണ്ടെത്താന്‍ വേണ്ടി നമ്മള്‍ നടത്തുന്ന ശ്രമവും പ്രാര്‍ത്ഥനകളും ശ്ലാഘനീയമാണ്. മേല്‍ പറയപ്പെട്ട പ്രധാന അവയവങ്ങള്‍ മറ്റിവെക്കാനാണ് ഈ ശ്രമങ്ങള്‍ എന്നറിയുമ്പോള്‍ തന്നെ ഈ അവയവങ്ങള്‍ ദാനം ചെയ്യേണ്ടതിന്റെ ഒരു സാധ്യതക്കും പലപ്പോഴും അനിവാര്യതക്കും മുമ്പില്‍ നിസ്സംഗരായി നില്‍ക്കുന്നവരാണ് ഭൂരിഭാഗവും എന്നതാണ് യാഥാര്‍ത്ഥ്യം.
വിശുദ്ധ ഖുര്‍ആനിലെ ശ്രദ്ധേയമായ ഒരു സൂക്തം ഇങ്ങനെ വായിക്കാം: ആര് ഒരു ആത്മാവിനെ ജീവിപ്പിക്കുന്നുവോ അവന്‍/ള്‍ മുഴുവന്‍ മനുഷ്യകുലത്തെയും ജീവിപ്പിച്ചപോലെയാണ്. (സൂറ: അല്‍ മാഇദ  32)
സൃഷ്ടിപ്പിന്റെ എല്ലാ ക്രെഡിറ്റും അധികാരങ്ങളും അല്ലാഹുവിനാണ് എന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍തന്നെ മനുഷ്യനിലേക്ക് ചേര്‍ത്ത് ജീവിപ്പിക്കുന്നവന്‍ എന്ന് പറയുന്നതിലൂടെ പലകാരണങ്ങള്‍ കൊണ്ട് ജീവിതത്തിന്റെ പൂര്‍ണ്ണതയും സൗന്ദര്യവും അനുഭവിക്കാന്‍ കഴിയാത്തവന് അതിന് അവസരമുണ്ടാക്കാന്‍ പരിശ്രമിക്കുന്നവന്‍ എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. അതില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ് അവയവദാനമെന്ന് പറയേണ്ടിയിരിക്കുന്നു. മൃഗങ്ങളിലേക്ക് ചൂണ്ടിക്കൊണ്ട് അല്ലാഹു പൂര്‍ണ്ണനായി സൃഷ്ടിക്കുന്നവനാണ്; പലപ്പോഴും മനുഷ്യരുടെ ശീലങ്ങളും നടപടിക്രമങ്ങളുമാണ് വൈകല്യങ്ങള്‍ക്ക് കാരണമാവുന്നതെന്ന റസൂല്‍(സ) യുടെ വാക്കുകള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. പലപ്പോഴും മേല്‍ പറയപ്പെട്ട വൈകല്യങ്ങളില്‍ പലതും ഗര്‍ഭസമയത്തുണ്ടാകുന്ന മാനസിക ശാരീരിക സംഘര്‍ഷങ്ങളുടെയും ജീവിത ശൈലീ രോഗങ്ങളുടെയും കാരണമായി ഉണ്ടാകുന്നവയാണ് എന്നത്‌കൊണ്ട് തന്നെ അതൊരു മനുഷ്യന്‍ ജീവിതാവസാനം വരെയും അനുഭവിക്കണമെന്ന് പറയുന്നത് ഇസ്ലാം മുമ്പോട്ട് വെക്കുന്ന ജീവിത കാഴ്ചപ്പാടിനോട് ചേരുന്നതല്ല.

പൊതുവേ രണ്ട് കാരണങ്ങളാണ് അല്ലെങ്കില്‍ സംശയങ്ങളാണ് മരണശേഷമുള്ള അവയവ ദാനത്തില്‍ നിന്ന് വിട്ട്‌നില്‍ക്കാന്‍ ഉന്നയിക്കപ്പെടാറുള്ളത്.
ഒന്ന്, മരണ ശേഷം ആ വ്യക്തിയുടെ ബോഡിയോട് അതിക്രമം കാണിക്കരുത് എന്ന ഫിഖ്ഹീ നിര്‍ദ്ദേശത്തിന് എതിരാവുമോ എന്നത്.
ഇതൊരു തെറ്റായ ധാരണയാണ്. മരണപ്പെട്ട വ്യക്തിയെ നിന്ദിക്കുക അല്ലെങ്കില്‍ വിലകുറച്ച് കാണുക എന്നനിലയില്‍ ആ മയ്യത്തിനോട് അപമര്യാദയായി പെരുമാറാതിരിക്കുക എന്നതാണ് മേല്‍പറയപ്പെട്ട കര്‍മ്മശാസ്ത്ര വിധിയുടെ താല്‍പര്യം. എന്നാല്‍ അവയവ ദാന സമയത്ത് വളരെ പ്രാധാന്യത്തോടെ ആ മയ്യത്തിനെ പരിഗണിച്ച് കൊണ്ട് തന്നെ ഏറെ പ്രയോജനപ്രദമായ ഒരു ആവശ്യം പൂര്‍ത്തീകരിക്കുകയാണ് ചെയ്യുന്നത്.

രണ്ട്, മരണപ്പെട്ടയാളുടെ ബര്‍സഖി(ഖബര്‍)യായ രക്ഷാശിക്ഷകളെ ബാധിക്കുമോ എന്നത്.
ഇതും തീരെ ബാലിഷമായ വാദമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ഇസ്ലാമികമായി രക്ഷാശിക്ഷകളുടെ അനുഭവം തികച്ചും ആത്മപ്രോക്തമാണ്; പ്രത്യേകിച്ചും ഖബറിലെ പ്രതിഫലങ്ങള്‍. രക്ഷാശിക്ഷകള്‍ അനുഭവിക്കാന്‍ ബന്ധപ്പെട്ട അവയവങ്ങള്‍ നിര്‍ബന്ധമാണെന്ന് ശഠിച്ചാല്‍ ബോഡി ദഹിപ്പിക്കപ്പെട്ടവനും ഇതരകാരണങ്ങളാല്‍ ബോഡി സംസ്‌കരിക്കാനായി ബാക്കിയാവാത്തവരും ഈ അനുഭവത്തിന് അതീതരാണെന്ന് പറയേണ്ടിവരും. അത് ദൈവനീതിക്ക് യോജിക്കുന്നതല്ല എന്ന് പ്രത്യേകം പറയേണ്ടതില്ല.

ഓര്‍ഗ്ഗന്‍ ട്രാന്‍സ്പ്ലാന്റേഷന് നിലവില്‍ കൂടുതലായി അവലംബിക്കുന്നത് ജീവിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുക എന്നതാണ് (Live Donation). ഒരാള്‍ക്ക് രണ്ട് കിഡ്‌നി ഉണ്ടായിരിക്കല്‍ അനിവാര്യമല്ല അത്‌കൊണ്ട് ഒരെണ്ണം ദാനം ചെയ്യാം, വളര്‍ച്ചാ സാധ്യതയുള്ള ഓര്‍ഗ്ഗന്‍ എന്ന നിലയില്‍ കരളും ദാനം ചെയ്യാം എന്നതാണ് ഇതില്‍ പൊതുവേ പറയാറുള്ള ന്യായം. ഒരു അനിവാര്യത എന്ന നിലയില്‍ ഇത് അംഗീകരിക്കുമ്പോള്‍ തന്നെ അതിനേക്കാള്‍ ഏതളവിലും ഉത്തമമായിട്ടുള്ളത് ബ്രെയിന്‍ ഡെത്ത് പോളുള്ള സാഹചര്യങ്ങളെ പോസിറ്റീവായി പ്രയോജനപ്പെടുത്തുക എന്നതാണ്.
ചെന്നൈ അപ്പോളോ ഗ്രൂപ്പ് ബ്രെയിന്‍ ഡെത്ത് സംഭവിച്ച അഞ്ച് പേരുടെ അവയവങ്ങളിലൂടെ 23 പേര്‍ക്ക് പുതുജീവിതം നല്‍കിയത് ഈയിടെയാണ്. ഓരോ വര്‍ഷവും ആക്‌സിഡന്റുകള്‍ മുഖേന മാത്രം ബ്രെയിന്‍ ഡെത്ത് സംഭവിക്കുന്നവരായി ഒന്നര ലക്ഷം ആളുകളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ പലരീതിയിലുള്ള തെറ്റിദ്ധാരണകള്‍ മൂലം ഈ സാഹചര്യങ്ങളെ ശരിയായി ഉപയോഗപ്പെടുത്താന്‍ കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നേരത്തെ സൂചിപ്പിച്ച പിരിവുകള്‍ക്കും കൂട്ടായ്മകള്‍ക്കുമൊപ്പം ചില മിമ്പറുകളെങ്കിലും ഇതിന്റെ പ്രാധാന്യത്തെ സൂചിപ്പിച്ചിരുന്നെങ്കില്‍ ഈ സാഹചര്യങ്ങളെ മാഫിയാവത്കരിക്കുന്ന അനുഭവങ്ങള്‍ ചെറുതായെങ്കിലും കുറക്കാമായിരുന്നു.

നേരത്തെ ഒരു അഭിപ്രായം രേഖപ്പെടുത്താത്തത് കൊണ്ട് ഇത്തരം മരണങ്ങള്‍ സംഭവിക്കുന്ന സമയത്ത് ഒരു തീരുമാനമെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ പ്രയാസപ്പെടാറാണ് പതിവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെട്ട വ്യക്തി നേരത്തേ മറിച്ചൊരു അഭിപ്രായം പറയാത്ത കാലത്തോളം അടുത്ത ബന്ധുക്കള്‍ അതിന് അനുവാദം കൊടുക്കുകയാണ് അഭികാമ്യമായിട്ടുള്ളത്. മരണശേഷം മയ്യത്തിന് വേണ്ടി ചെയ്യാവുന്ന പുണ്യങ്ങളുടെ കൂട്ടത്തില്‍ ഇനിമുതല്‍ നാമതിനെ വായിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഒരു വ്യക്തിക്ക് സ്വയംതന്നെ ഈ തീരുമാനം നേരത്തേ എടുക്കാന്‍ കഴിഞ്ഞാല്‍ ആ നിയ്യത്തിനെ നാഥന്‍ പ്രത്യേകം പരിഗണിക്കും എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയില്‍ Transplantation of human organs act 1994 അനുസരിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ട്രാന്‍സ്പ്ലാന്റേഷനില്‍ ദാതാവാകാനൊക്കൂ. അല്ലെങ്കില്‍ അടുത്ത ബന്ധുക്കളുടെ അഭിപ്രായമാണതില്‍ പരിഗണിക്കുക. കേരളത്തില്‍ kerala Network of Organ Sharing(KNOS) ആണ് അവയവ ദാന പ്രക്രിയയെ കോര്‍ഡിനേറ്റ് ചെയ്യുന്നത്. മുകളില്‍ പറഞ്ഞ വൈറ്റല്‍ ഓര്‍ഗ്ഗന്‍സ് മാത്രമല്ല ഹൃദയസ്തംഭനമുള്‍പ്പടെയുള്ള ഇതര സാഹചര്യങ്ങളില്‍ കോര്‍ണിയയും, ടിഷ്യൂസുമുള്‍പ്പടെ ഒരുപാട് അവയവങ്ങള്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിലവിലുണ്ട്.

ഇസ്ലാമിക പ്രമാണങ്ങളെ അവലംബിച്ച് കൊണ്ടുള്ള ഒരഭിപ്രായ പ്രകടനം മാത്രമാണിത്. പലതരത്തിലുള്ള സാമൂഹിക സാഹചര്യങ്ങളെ പരിഗണിച്ച് കൊണ്ട് ഈ അഭിപ്രായത്തോട് യോജിക്കുന്നവര്‍ ഇതിന് വേണ്ടി ഗവണ്‍മന്റ് സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയോ നമ്മുടെ അടുത്ത ബന്ധുക്കളോട് തങ്ങളുടെ നിലപാട് സൂചിപ്പിക്കുകയോ ചെയ്യുന്നത് ഗുണകരമാവുമെന്ന് മാത്രം സൂചിപ്പിക്കട്ടെ.

 

Related Articles