Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ ധാര്‍മികത ഇസ്‌ലാമില്‍

ഇസ്‌ലാമിന്റെ സാമൂഹ്യ ധാര്‍മിക വശങ്ങളെ ഒരു ചെറിയ ലേഖനം കൊണ്ട് വിശദീകരിക്കാൻ കഴിയില്ല. എന്നാല്‍ നാസ്തിക ദര്‍ശനങ്ങളുമായുള്ള അതിന്റെയൊരു താരതമ്യം ഈ വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചക്ക് സഹായിച്ചേക്കാം. ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരിസ്‌ലാമിക സമൂഹം സ്ഥാപിതമായി. കുത്തഴിഞ്ഞ ലൈംഗിക അരാചകത്വത്തിലും ഗോത്രപ്പകയിലും യുദ്ധങ്ങളിലും പെണ്‍ വിരോധത്തിലും ലഹരിയിലുമൊക്കെ മുങ്ങിക്കിടന്ന ഒരു സമൂഹം ഇസ്‌ലാം കൊണ്ട് പരിഷ്‌കൃതമാവുകയും രണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് ധാര്‍മികമായും മാനവികമായുമൊക്കെ ഉയര്‍ന്നു നില്‍ക്കുന്ന മാതൃകാപരമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയുമുണ്ടായി.

ഇവിടെ നവീകരണത്തിന് ഹേതുവായത് പ്രവാചകനും ഇസ്‌ലാമുമാണ്. എന്നാല്‍ ഇനി പ്രവാചകന്റെ സ്ഥാനത്ത് ഒരു നാസ്തിക സംഘമാണ് അവിടെ പകരമായുണ്ടായിരുന്നതെന്നു കരുതുക. എങ്കില്‍ എന്ത് നവോത്ഥാനമാണവിടെ സംഭവിക്കുക?

രക്തബന്ധമുള്ളവര്‍ക്കിടയില്‍ പോലും താല്‍പര്യമെങ്കില്‍ ലൈംഗിക ബന്ധമാകാമെന്ന് ഇന്നും പറയുന്ന നാസ്തികരെ സംബന്ധിച്ചിടത്തോളം ഏതൊരു ലൈംഗിക ദുരാചാരവും പ്രശ്‌നമാകില്ല എന്നുറപ്പാണ്. എന്നു മാത്രമല്ല ഇഷ്ടമുള്ളവര്‍ക്കിടയിലെല്ലാം ഇഷ്ടമുള്ളപ്പോഴെല്ലാം രമിക്കാന്‍ സാധിക്കണമെന്നും അതൊരു അവകാശമാണെന്നും വാദിച്ചു നടക്കുന്ന നാസ്തികരെ സംബന്ധിച്ച് ജാഹിലിയ്യത്തിന്റെ സകല അരാചകത്വങ്ങളും സാധുവായിരിക്കുകയും ചെയ്യും.

Also read: ഇഷ്ടപ്പെട്ട പുസ്തകം എതെന്ന ചോദ്യത്തിന് ജി എസ് പ്രദീപിനുള്ള ഉത്തരം

ജീവിതം ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്ന ആശയം നല്‍കുന്ന നാസ്തിക ലോക വീക്ഷണ പ്രകാരം മദ്യവും ലഹരിയുമൊക്കെ ആസ്വദിക്കാന്‍ മാത്രമാണല്ലോ യുക്തിയുള്ളത്. അഥവാ യാതൊരു നവീകരണ നിലവാരവുമില്ലെന്നു മാത്രമല്ല നിലനില്‍ക്കുന്ന ദുരാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ മാത്രമേ നാസ്തികത പ്രേരണയാകുന്നുള്ളൂ. വാസ്തവത്തില്‍ ജാഹിലിയ്യത്തിന്റെ കാരണം പോലും വ്യക്തികളുടെ സ്വാര്‍ഥ സുഖ ലാഭങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം സാംസ്‌കാരികമായി സ്ഥാപിക്കപ്പെട്ടതാണ്. നാസ്തികതയും ഇതിന് മാത്രമാണ് പ്രേരണയാകുന്നുള്ളൂ എന്ന് പറഞ്ഞാല്‍ അര്‍ഥം നാസ്തികത പരിഹാരമാകുന്നില്ലെന്നു മാത്രമല്ല പ്രശ്‌നങ്ങളുടെ ഹേതു കിടക്കുന്നതു പോലും ഭൗതികവാദത്തിലാണ് എന്നാണ്.

അഥവാ വ്യക്തിനിഷ്ഠമായി ധാര്‍മികത മെനയുന്നിടത്തല്ല വസ്തുനിഷ്ഠമായൊരു ധാര്‍മിക വ്യവസ്ഥക്ക് കീഴ്‌പ്പെടുന്നിടത്താണ് മാനവികതയും മെച്ചപ്പെട്ടൊരു സമൂഹവും ഉണ്ടാവുന്നത്. ഇസ്‌ലാം സാമൂഹ്യമായി അത്തരമൊരു വ്യവസ്ഥയെ സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല അതിന്റെ മൂല്യങ്ങളെ ശക്തമായിത്തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ സാമൂഹ്യ സംവിധാനങ്ങളും ഉപയോഗിച്ചിരിക്കുന്നതായി കാണാം.

ഇസ്‌ലാം അതിന്റെ സാമൂഹ്യമായ നീതിയെയും ധാര്‍മികതയെയും സ്ഥാപിക്കുന്നത് വ്യക്തിക്കും സമൂഹത്തിനുമിടയിലുള്ള സമന്വയത്തിലൂടെയും കൂട്ടുത്തരവാദിത്തത്തിലൂടെയുമാണ്. സമൂഹത്തിന്റെ അടിത്തറയെന്ന നിലക്ക് വ്യക്തികളില്‍ സാമൂഹ്യ മന:സാക്ഷിയെ നിര്‍മിച്ചും സമൂഹത്തില്‍ പൊതുവായവ നിലനില്‍ക്കാന്‍ നിയമങ്ങളെ ഉപയോഗിച്ചുമൊക്കെ ഇത് പ്രവര്‍ത്തിക്കുന്നു.

Also read: കുട്ടികളിൽ പ്രായത്തിനൊത്ത പക്വതയെ വളർത്തണം

കുറച്ച് മതകീയമായ അരുതായ്മകളെ കല്‍പ്പിക്കുകയല്ല, മറിച്ച് കൊള്ളയും കൊലയും വഞ്ചനയും വ്യഭിചാരവും അനീതികളുമൊക്കെ ഇസ്‌ലാമില്‍ അരുതായ്മകളാകുന്നത് അത് സമൂഹത്തിന് വിനാശകരമാകുന്നതുകൊണ്ടു കൂടിയാണ്. നീതി പുലര്‍ത്താനും സദാചാരം അനുഷ്ഠിക്കാനുമുള്ള ഇസ്‌ലാമിക കല്‍പനകള്‍ ഉണ്ടാകുന്നത് മെച്ചപ്പെട്ട സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാകുന്നതുകൊണ്ടാണ്. ഈ നിലക്ക് ഇസ്‌ലാമിന്റെ മന:സാക്ഷി തന്നെ നില്‍ക്കുന്നത് സമൂഹത്തിനൊപ്പമാണ്. ഒരു ധാര്‍മിക വ്യവസ്ഥയുടെ സൃഷ്ടിക്ക് ഇസ്‌ലാം ഉപയോഗിച്ചിരിക്കുന്ന മാര്‍ഗങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1. ഒന്നാമതായി വസ്തു നിഷ്ഠമായ ഒരു ധാര്‍മിക വ്യവസ്ഥയെ സമൂഹത്തിന് നല്‍കാനായി ഇസ്‌ലാമിന് കഴിയുന്നു. അതുകൊണ്ട് തന്നെ ധാര്‍മികതയെ സംബന്ധിച്ച പൊതുബോധം സാമൂഹ്യമായിത്തന്നെ നിലനില്‍ക്കുന്നു.
2. മനുഷ്യനെ സൃഷ്ടിച്ച ദൈവമാണ് ഈ നിയമങ്ങളുടെയെല്ലാം സ്രഷ്ടാവ് എന്നതു കൊണ്ടു തന്നെ മനുഷ്യനെ പോലെ ആ നിയമങ്ങള്‍ക്കും വസ്തുനിഷ്ഠമായ ഒരസ്തിത്വവും മനുഷ്യ പ്രകൃതവുമായുള്ള യോജിപ്പും പ്രായോഗികതയുമുണ്ട്.
3. തന്റെ ഓരോ ചലനങ്ങളും റബ്ബ് അറിയുന്നുണ്ടെന്നും ഓരോ പ്രവര്‍ത്തിക്കും നാളെ മറുപടി പറയേണ്ടി വരുമെന്നുമുള്ള ചിന്ത റബ്ബിന്റെ നിയമത്തെ അനുസരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു.
4. നന്മ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു നല്ല ജവിതവും തിന്മ ചെയ്യുന്നവര്‍ക്ക് ദുഷിച്ച മറ്റൊരു ഭാവിയുമുണ്ടാകുമെന്ന ഇസ്‌ലാമിക ലോക വീക്ഷണം എന്തിന് നല്ല മനുഷ്യനാകണമെന്നതിന് യുക്തിഭദ്രമായ ന്യായം നല്‍കുന്നു.
5. ജീവിതം പരീക്ഷണമാകുന്നതു കൊണ്ടു തന്നെ സല്‍ക്കര്‍മങ്ങളിലൂടെ അതിനെ ജയിക്കൽ ജീവിത ലക്ഷ്യമാകുന്നു.
6. നീതി കല്‍പ്പിക്കലും അനീതികളെ തടയലും വ്യക്തികളുടെ ചുമതലയാകുന്നതു കൊണ്ടു ധാര്‍മിക യുക്തമായ സമൂഹം നിലനില്‍ക്കുന്നു.
7. വര്‍ഗ്ഗ വര്‍ണ്ണ ഭാഷാ ദേശങ്ങള്‍ക്കതീതമായി മുഴുവന്‍ മനുഷ്യര്‍ക്കും ഒരു ദൈവവും ഒരു നിയമ വ്യവസ്ഥയുമാണെന്ന സിദ്ധാന്തം വിഭാഗീയതകള്‍ക്കും സംഘട്ടനങ്ങള്‍ക്കും അതീതമായ സമൂഹത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു.

സമൂഹത്തിന്റെ അടിത്തറയെന്ന നിലക്ക് വ്യക്തികളില്‍ ധാര്‍മികമായ മന:സാക്ഷിയെ നിര്‍മിക്കാനും സാമൂഹ്യമായി അവയെ നിലനിര്‍ത്താനും ഇസ്‌ലാം സ്വീകരിച്ചിട്ടുള്ള നിയമ നിലപാടുകളുടെ ചുരുക്കരൂപം മാത്രമാണിത്. ഇസ്‌ലാമിന്റെ ഈ നിലപാടുകളെ മാത്രം ആശയരഹിതമായ നാസ്തിക ദര്‍ശനങ്ങളുമായി തുലനം ചെയ്യുന്നവര്‍ക്ക് അതിൻറെ സാമൂഹ്യവും ധാര്‍മികവും മാനവികവുമായ പ്രസക്തി ബോധ്യമാകുമെന്നുറപ്പാണ്.

Related Articles