Current Date

Search
Close this search box.
Search
Close this search box.

കാലത്തെ പഴിക്കുന്നതിനെ സംബന്ധിച്ച് പണ്ഡിതർ എന്തുപറയുന്നു?

ഈയിടെയായി, പ്രത്യകിച്ച് നിലവിലെ സാഹചര്യത്തെ മുന്നിൽ വെക്കുമ്പോൾ ചില വൈറസുകുകൾ വ്യാപിച്ചുകൊണ്ടിരിക്കുന്നതായി കാണുന്നു. പല വീടുകൾ തകർക്കപ്പെടുന്നതായും, വെട്ടുകിളികളുടെ ശല്യം കാരണമായി കൃഷിയിടത്തിൽ നാശം സംഭവിക്കുന്നതായും, പല നേതാക്കളും നായകന്മാരും മരണപ്പെടുന്നതായും കാണുന്നു. അത്തരത്തിൽ വ്യത്യസ്തമാർന്ന തലത്തിൽ കാലത്തിന്റെ വിപത്തുകൾക്ക് നാം സാക്ഷികളാകുന്നു. എന്നാൽ, ഈയൊരു നടപടിക്രമങ്ങളെ ഗൗരവതരത്തിൽ കാണുകയും, കാലത്തെ പഴിക്കുന്നത് വർധിക്കുകയും ചെയ്തിരിക്കുന്നു. ചിലയാളുകൾ ‘ഇതെന്ത് നാശം പിടിച്ച വർഷമാണ്’ അല്ലെങ്കിൽ ‘ഇതെന്ത് അശുഭ കാലമാണ്’ എന്നിങ്ങനെ കാലത്തെ പഴിക്കുന്നു. മറ്റുചിലർ കളിയാക്കിയും, പരിഹസിച്ചും ഇപ്രകാരം പറയുന്നു; വർഷം തുടങ്ങിയിട്ടൊള്ളു, അപ്പോഴേക്ക് ഇതെല്ലാം സംഭവിച്ചു. തുടർന്ന് അട്ടഹസിക്കാനും, പരിഹസിക്കാനും, അശുഭം പ്രകടിപ്പിക്കാനും  തുടങ്ങുന്നു.

ഈ സന്ദർഭത്തിൽ, അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്ത പ്രവാചക വചനം സഹോദരീ-സഹോദരന്മാർ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. പ്രവാചകൻ(സ) പറയുന്നു: ‘അല്ലാഹു പറയുന്നു; ആദം സന്തതികൾ തന്നെ വേദനിപ്പിക്കുന്നു. അവർ കാലത്തെ ആക്ഷേപിക്കുന്നു. എന്നാൽ രാവും, പകലും മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കാലമാകുന്നു ഞാൻ.’ മറ്റൊരു റിപ്പോർട്ട് പ്രകാരം ‘നിങ്ങൾ കാലത്തെ ചീത്തവിളിക്കരുത്. തീർച്ചയായും, അല്ലാഹുവാകുന്നു കാലം’ എന്നിങ്ങനെ കാണാവുന്നതാണ്. ഇത് ഇമാം ബുഖാരിയും, മുസ് ലിമും ഉദ്ധരിച്ചിരിക്കുന്നു. പണ്ഡിതർ കാലത്തെ പഴിക്കുന്നതുമായി ബന്ധപ്പെട്ട് എന്തുപറഞ്ഞുവെന്ന് വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഇമാം ഹാഫിദ് ബിൻ കസീറ് അൽജാസിയ അധ്യായത്തിന്റെ (152/4) വിശദീകരണത്തിൽ പറയുന്നു: ഇമാം ശാഫിഈ, അബൂഉബൈദ തുടങ്ങിയവർ പ്രവാചക വചനത്തെ വിശദീകരിച്ചുകൊണ്ട് പറയുന്നു; ‘നിങ്ങൾ കാലത്തെ ചീത്തവിളിക്കരുത്. തീർച്ചയായും, അല്ലാഹു തന്നെയാകുന്നു കാലം.’ ജാഹിലിയ്യ കാലത്ത് അറബികൾ എന്തെങ്കിലും പ്രയാസമോ, ദുഃഖമോ, പരീക്ഷണമോ സംഭവിക്കുകയാണെങ്കിൽ പറയുമായിരുന്നു, ‘ഈ നിശച്ച കാലം’ എന്ന്. അവർ ആ സംഭവങ്ങളെ കാലത്തിലേക്ക് ചേർത്ത് കാലത്തെ പഴിക്കുമായിരുന്നു. തീർച്ചയായും, അപ്രകാരം പ്രവർത്തിക്കുന്നത് അല്ലാഹുവാകുന്നു. അതിനാൽ, കാലത്തെ ചീത്തവിളിക്കുകയെന്നത് അല്ലാഹുവിനെ ചീത്തവിളിക്കലാകുന്നു. യഥാർഥ്യത്തിൽ അതെല്ലാം പ്രവർത്തിക്കുന്നത് അല്ലാഹു തന്നെയാകുന്നു. ഇക്കാരണത്താൽ കാലത്തെ പഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു. കാലത്തെ സംരക്ഷിച്ചുനിർത്തുന്നത് അല്ലാഹുവാകുന്നു. അവനിലേക്കാണ് അവർ ആ സംഭവങ്ങളെ ചേർക്കുന്നത്. അതിന്റെ വിശദീകരണത്തിൽ വന്ന ഏറ്റവും നല്ല വ്യഖ്യാനമാണിത്.

Also read: ജീവിതവിജയത്തിന് നബി(സ) നൽകിയ രണ്ട് ആയുധങ്ങൾ

‘ഖൗലുൽ മുഫീദ് അലാ ശർഹി കിതാബിത്തൗഹീദിൽ’ ഇബ്നു ഉസൈമീൻ പറയുന്നു: കാലത്തെ ചീത്തവിളിക്കുന്നത് മൂന്ന് തരത്തിലാണ്. ഒന്ന്, ആക്ഷേപിക്കണമെന്ന ഉദ്ദേശമില്ലാതെ നന്മ മാത്രം കരുതുക. ഈ രീതി അനുവദനീയമാണ്. ഉദാഹരണമായി, ഇന്നത്തെ ദിവസത്തെ ചൂട് അല്ലെങ്കിൽ തണുപ്പ് കാരണമായി ക്ഷീണിച്ചിരിക്കുന്നവെന്ന് പറയുന്നതുപോലെ. പ്രവർത്തനം അതിന്റെ ഉദ്ദേശശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഇതുപോലുള്ള പദങ്ങൾ ഉപയോഗിക്കുന്നത് കേവലം വിവരങ്ങൾ  അറിയിക്കുന്നതിനുവേണ്ടിയാണ്. അപ്രകാരം ലൂത്വ്(അ) പറഞ്ഞു: ‘ഇതൊരു വിഷമകരമായ ദിവസമാകുന്നു.’

രണ്ട്, കാലമാണിതെല്ലാം ചെയ്യുന്നത് എന്ന നിലക്ക് കാലത്തെ പഴിക്കുക. കാര്യങ്ങൾ നന്മയിലേക്കും, തിന്മയിലേക്കും കൊണ്ടെത്തിക്കുന്നത് കാലമാണെന്ന് കരുതി കാലത്തെ പഴിചാരുക. ഇത് കൊടിയ ശിർക്കാകുന്നു. കാരണം, ഓരോ സംഭവങ്ങളെയും അല്ലാഹുവല്ലാത്തതിലേക്ക് (കാലത്തിലേക്ക്) ചേർക്കുന്നതിലൂടെ അല്ലാഹുവിനൊപ്പം മറ്റൊരു സ്രഷ്ടാവുണ്ടെന്ന് അവൻ വിശ്വിസിക്കുന്നു.  അല്ലാഹുവിനൊപ്പം മറ്റൊരു സ്രഷ്ടാവുണ്ടെന്ന് വിശ്വസിക്കുന്നവൻ നിഷേധിയാണ്. അതുപോലെ, അല്ലാഹുവിനൊപ്പം ആരാധനക്കർഹനായി മറ്റൊരു ആരാധ്യനുണ്ടെന്ന് വിശ്വസിക്കുന്നവൻ കാഫിറാകുന്നു.

മൂന്ന്, കാലമാണിതെല്ലാം ചെയ്യുന്നത് എന്ന നിലക്കല്ലാതെ കാലത്തെ പഴിക്കുക. എന്നാൽ, അല്ലാഹുവാണിതെല്ലാം ചെയ്യുന്നതെന്ന് അവൻ വിശ്വസിക്കുന്നു. പക്ഷേ, അവൻ കാലത്തെ ആക്ഷേപിക്കുന്നു. കാരണം, ഇത് അവന്റെ അടുക്കൽ വെറുക്കപ്പെട്ടതാകുന്നു എന്നതാണ്. ഇത് നിഷിദ്ധമാണ്. എന്നാൽ ശിർക്കിന്റെ പരിധിയിലെത്തുകയില്ല. അവൻ ബുദ്ധിക്ക് സ്ഥിരതയില്ലാത്തവനും, മതത്തിൽ വഴിപിഴക്കുകയും ചെയ്തവനാണ്. യഥാർഥത്തിൽ അവന്റ ഈ ആക്ഷേപം മടങ്ങുന്നത് അല്ലാഹുവിലേക്കാണ്. കാരണം കാലത്തെ നിയന്ത്രിക്കുന്നവൻ അല്ലാഹുവാണല്ലോ. അവന്റെ ഉദ്ദേശത്തിനനുസരിച്ച് അതിൽ നന്മയും, തിന്മയും വ്യവസ്ഥചെയ്തിരിക്കുന്നു. ഇതൊന്നും കാലമല്ല പ്രവർത്തിക്കുന്നത്. അല്ലാഹുവിനെ നേരിട്ട് ആക്ഷേപിക്കുന്നില്ല എന്ന കാരണത്താൽ ഇപ്രകാരം ചീത്ത വിളിക്കുന്നതിലൂടെ ഒരുവൻ നിഷേധിയാവുകയില്ല.

Also read: ഗാന്ധി വിമർശങ്ങളുടെ കുഴമറിച്ചിലുകളും ഇസ്‌ലാമും

‘സാദുൽ മആദിൽ’ ഇമാം ഇബ്നുൽ ഖയ്യിം കാലത്തെ പഴിക്കുന്നതുകൊണ്ടുള്ള മൂന്ന് വലിയ വിപത്തുകൾ പറയുന്നു: ഒന്ന്, ആക്ഷേപിക്കാൻ  അർഹനല്ലാത്തവനെ ആക്ഷേപിക്കുന്നു. വിധേയപ്പെടുത്തി കൊടുത്തതിനനുസരിച്ച് വിധേയപ്പെട്ടും, കൽപനകൾക്ക് കീഴൊതുങ്ങിയും മുന്നോട്ടുപോകുന്ന അല്ലാഹുവിന്റെ സൃഷ്ടികളിൽപെട്ട സൃഷ്ടിയാണ് കാലം. ആക്ഷേപത്തനും, നിന്ദക്കും കൂടുതൽ അർഹൻ ആക്ഷേപിക്കുന്നവൻ തന്നെയാണ്.

രണ്ട്, ആക്ഷേപിക്കുന്നതിൽ ശിർക്ക് ഉൾചേർന്നുവരുന്നു. കാലത്തിന് ഉപകാരവും, ഉപദ്രവും ചെയ്യാൻ കഴിവുണ്ടെന്ന് വിചാരിച്ച് കാലത്തെ പഴിക്കുക എന്നതാണിത്. നൽകാൻ അർഹതയില്ലാത്തതിന് (കാലത്തിന്) ആര് കഴിവ് വകവെച്ച് നൽകിയോ അവൻ അക്രമിയാണ്. പദവി നൽകാൻ അർഹതയില്ലാത്തതിന് പദവി നൽകുകയാണത്.

മൂന്ന്, ഈ പ്രവർത്തനങ്ങൾ ആരാണോ ചെയ്തത് അവനിലെത്തുന്നു ആക്ഷേപം. നടന്നുകൊണ്ടിരിക്കുന്ന ഈ സംഭവങ്ങളിൽ അല്ലാഹു മനുഷ്യരുടെ ഇച്ഛകൾ സ്വീകരിക്കുകയാണെങ്കിൽ ആകാശവും, ഭൂമിയും താറുമാറാകുമായിരുന്നു.

ഇനി മനുഷ്യരുടെ ഇച്ഛകൾക്ക് അനുകൂലമാണെങ്കിൽ അവർ അവനെ പുകഴ്ത്തുകയും, സ്തുതിക്കുകയും ചെയ്യുന്നു. യഥാർഥ്യത്തിൽ, കാലത്തിന്റെ രക്ഷിതാവ് നൽകുന്നവനും, തടയുന്നവനും, ഉയർന്നുനിൽൽക്കുന്നവനും, താഴ്ന്നുനിൽക്കുന്നവനുമാണ്. അതിൽ കാലത്തിന് ഒരു പങ്കുമില്ല. അതിനാൽ, കാലത്തെ ആക്ഷേപിക്കുന്നത് അതിന്റെ രക്ഷിതാവിനെ ആക്ഷേപിക്കലാകുന്നു. ഇതാണ് രക്ഷിതാവിനെ വേദനിപ്പിക്കുന്നത്. കാലത്തെ പഴിക്കുന്നവൻ ശിർക്ക് ചെയ്യുക, അല്ലാഹുവിനെ ആക്ഷേപിക്കുക എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുന്നതായിരിക്കും. കാലമാണിതെല്ലാം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതിലൂടെ ശിർക്ക് ചെയ്യുന്നു, അല്ലാഹുവാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതിലൂടെ അല്ലാഹുവിനെ പഴിചാരുന്നു.

വിവ: അർശദ് കാരക്കാട്

Related Articles