Current Date

Search
Close this search box.
Search
Close this search box.

നൂഹ് പ്രവാചകന്റെ പ്രബോധനവും സുപ്രധാനമായ ഗുണപാഠങ്ങളും

നൂഹ് പ്രവാചകൻ താൻ വിശ്വസിക്കുന്ന ദീനിനെ പ്രചരിപ്പിക്കുന്നതിനും, സ്ഥാപിക്കുന്നതിനുമായി ഇറങ്ങിതിരിച്ചപ്പോൾ‍ കാരണങ്ങൾ സ്വീകരിക്കുന്ന രീതിയാണ് – سنة الأخذ بالأسباب (എല്ലാം അല്ലാഹുവിന് വിട്ടുകൊടുക്കുകയെന്നതല്ലാതെ, ഓരോ പ്രവർത്തനവും പൂർത്തീകരിക്കപ്പെടുന്നതിന് കാരണങ്ങൾ സ്വീകരിക്കുന്ന രീതി) ഉൾകൊണ്ടതെന്ന് വ്യത്യസ്ത സന്ദർഭങ്ങളിലായി കാണാവുന്നതാണ്.

ഒന്ന്: പ്രബോധന ശൈലിയിൽ
രാത്രിയിലും പകലിലും, രഹസ്യമായും പരസ്യമായും, ബുദ്ധിയും ചിന്തയും യുക്തിയും ഉപയോഗിച്ചുമാണ് നൂഹ് പ്രവാചകൻ പ്രബോധനം നടത്തിയത്. തന്റെ ഉദാത്തമായ പ്രബോധന ശൈലിയിലൂടെയും, അതിലെ സത്യസന്ധതയും പരിശുദ്ധിയും അത് ഇഹ-പര ജീവിതത്തിന് പ്രയോജനകരമാണെന്ന് സ്ഥാപിക്കാൻ കഴിഞ്ഞതിലൂടെയും ചിലരെ ഉണർത്താൻ നൂഹ് പ്രവാചകന് സാധിച്ചു.

രണ്ട്: വിശ്വസിച്ചവരുടെ കാര്യത്തിൽ
അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. നൂഹ് പ്രവാചകൻ അവരെ ഒറ്റ ശരീരത്തിലെ മാസംകഷ്ണം പോലെ പാകപ്പെടുത്തുന്നതിനും, പരസ്പരം സഹായിക്കുന്ന സംഘടിത ശക്തിയായി വളർത്തുന്നതിനും പ്രവർത്തിച്ചു. അങ്ങനെ ഒരൊറ്റ മനസ്സായി മാറുകയും അപ്രകാരം പ്രബോധന ഉത്തരവാദിത്തം അവർ ഏറ്റെടുക്കുകയും ചെയ്തു. ഓരോരുത്തരും മറ്റുള്ളവരുടെ കാര്യത്തിൽ തൽപരരും ശ്രദ്ധാലുക്കളുമായിരുന്നു. നൂഹ് പ്രവാചകൻ അവരെ ഉപദേശിക്കുകയും, മാർഗം വ്യക്തമാക്കികൊടുക്കുകയും, സംസ്കരിക്കുകയും, വളർത്തിയെടുക്കുകയും ചെയ്തു. തീർച്ചയായും, അവർ അദ്ദേഹത്തിന്റെ പ്രബോധന‍ത്തെ അനുഗമിക്കുന്ന സഹകാരികളായിരുന്നു. ഈയൊരു കുറഞ്ഞ പക്ഷത്തെ മാത്രമാണ് നൂഹ് പ്രവാചകന് പ്രബോധനത്തിലൂടെ ഉണർത്താൻ കഴിഞ്ഞത്. വിശ്വസിച്ചവർ ഒരു സന്ദേഹവുമില്ലാതെ അല്ലാഹുവിന്റെ കൽപനകൽ ജീവതത്തിൽ നടപ്പിലാക്കി. ആ വിശ്വാസികളിൽ ശക്തമാർന്ന അടിസ്ഥാന നിയമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. അവർ അദ്ദേഹത്തോടൊപ്പം പ്രയാസത്തിലും ദു:ഖത്തിലും, സന്തോഷത്തിലും സന്താപത്തിലും ജീവിച്ചു. ആ കുറഞ്ഞ വിഭാഗത്തിൽ അവർ മാതൃകാപരമായ അടിസ്ഥാനങ്ങൾ യാഥാർഥ്യമാക്കി. അവയിൽ ചിലതാണ് താഴെ വിശദീകരിക്കുന്നത്.

Also read: ഇസ്രയേലിന്‍റെ ചതിയില്‍ അകപ്പെടാതിരിക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു

– അവർ അല്ലാഹുവിലുള്ള വിശ്വാസത്തിലും അവന്റെ ഏകത്വത്തിലും മുന്നേറുന്നവരും, തങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നവരുമായിരുന്നു.
– പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും അവർ സ്ഥൈര്യത്തോടെ നിലകൊള്ളുന്നവരായിരുന്നു.
– അവർ പരീക്ഷണങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.
– അവർ സത്യത്തിന്റെയും, ഏകദൈവ വിശ്വാസ പ്രബോധനത്തിന്റെയും സഹയാത്രികരായിരുന്നു.
– അവർ പശ്ചാത്തപിക്കുകയും, വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അല്ലാഹുവിന് നന്ദി കാണിക്കുന്നവരായിരുന്നു.
– അവർ രണ്ടാം ലോക നാഗരികതയുടെ സ്ഥാപനത്തിൽ പങ്കാളികളാകുന്നതിന് വൈജ്ഞാനികവും, ആശയപരവും, മാനുഷികമായും പാകപ്പെടുത്തപ്പെട്ടവരായിരുന്നു.
– അവർ നിലവിലുണ്ടായിരുന്ന നിയമങ്ങളും വ്യവസ്ഥകളും അറിയുകയും, ജീവിതത്തിന്റെ കാര്യത്തിലും എളിമയിലും വളരെ മുന്നിലുമായിരുന്നു. അതവർ നൂഹ് പ്രവാചകനിൽ നിന്ന് പഠിച്ചെടുത്തതായിരുന്നു.
– അല്ലാഹുവിന്റെ വിധിയിലും അവൻ നൽകിയതിലും അവർ സംതൃപ്തരായിരുന്നു.
– അവർ പങ്കുകൂടുന്നതിൽ നീതിപുലർത്തിയിരുന്നു; അന്യായം കാണിക്കുന്നവരായിരുന്നില്ല.
– അവർ കാലത്തിന്റെ സത്തയും, നൂണ്ടാറ്റിന്റെ ശേഷിപ്പുമായിരുന്നു.
– അവർ സഹായികളും പിന്തുണക്കുന്നവരുമായിരുന്നു.
– അവർ ‍ദ്യഢനിശ്ചയത്തിന്റെ ആളുകളായിരുന്നു.
– അല്ലാഹുവിനോട് അങ്ങേയറ്റം അടുത്തവരായിരുന്നു. അവരുടെ കാര്യങ്ങൾ തുടങ്ങിയിരുന്നത് അല്ലാഹുവിന്റെ നാമത്തിലായിരുന്നു. അഥവാ അവനെ സ്തുതിച്ചുകൊണ്ടും പ്രാർഥിച്ചുകൊണ്ടുമായിരുന്നു.
– അവർ നൂഹ് പ്രവാചകനെ കേൾക്കുകയും, അനുസരിക്കുകയും, അദ്ദേഹത്തോടൊപ്പം സ്ഥൈര്യത്തോടെ നിലകൊള്ളുകയും ചെയ്യുന്ന ജനങ്ങളിലെ മഹത്തായ കൂട്ടമായിരുന്നു.
– അവർ പിശാചിന് വശംവദരായിരുന്നില്ല.

മൂന്ന്: കപ്പൽ നിർമാണം
കാരണങ്ങളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നൂഹ് പ്രവാചകന്റെ മാതൃകയാണ് കപ്പൽ നിർമാണത്തിലൂടെ കാണാൻ കഴിയുക. കപ്പൽ നിർമിക്കുകയെന്നത് അല്ലാഹുവിന്റെ കൽപനയായിരുന്നു. നൂഹ് പ്രവാചകൻ നിർമാണ പ്രവർത്തനത്തിനായി പദ്ധതിയൊരുക്കുകയും, നിർമാണത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും, അത് യാഥാർഥ്യമാക്കുന്നതിനായുള്ള വഴി കൃത്യപ്പെടുത്തുകയും, സഹായികളെ നിർണയിക്കുകയും ചെയ്തു. സമൂഹം ഇതിനെ പരിഹസിച്ചു. പ്രളയത്തിന് മുമ്പ് അവർക്കായിരുന്നു മേൽകൈ. അദ്ദേഹം കപ്പൽ നിർമിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്റെ അടുത്ത് കൂടി കടന്ന് പോയപ്പോഴല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങൾ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ പരിഹസിക്കുന്നതുപോലെ തന്നെ ഞങ്ങൾ നിങ്ങളെയും പരിഹസിക്കുന്നതാണ്. അപമാനകരമായ ശിക്ഷ ആർക്കാണ് വന്നെത്തുന്നതെന്നും, സ്ഥിരമായ ശിക്ഷ ആരുടെ മേലാണ് വന്നുഭവിക്കുന്നതെന്നും നിങ്ങൾക്ക് വഴിയെ അറിയാം. (ഹൂദ്: 38,39)

Also read: വ്യക്തിത്വവും വിദ്യാഭ്യാസവും

അല്ലാഹുവിന്റെ നടപടിക്രമങ്ങളിൽപ്പെട്ടതാണ് അവന്റ പ്രപഞ്ചത്തിലും നിയമത്തിലും കാരണങ്ങളുണ്ടാക്കുകയെന്നത്. അല്ലെങ്കിൽ പ്രവർത്തനം സാധ്യമാകുന്നതിന് കാരണങ്ങളെ സ്വീകരിക്കുകയെന്നത്. അല്ലാഹുവിലുള്ള ഖദ്റിലും ഖദാഇലും വിശ്വസിക്കുന്ന കരുത്തുറ്റ വിശ്വാസമുള്ള ആളുകൾ അപ്രകാരമായിരുന്നു. അഥവാ അല്ലാഹുവിന്റെ റസൂൽ ദാരിദ്രത്തെ പ്രയത്നം കൊണ്ടും, അവിവേകത്തെ വിവേകം കൊണ്ടും, രോഗത്തെ ചികിത്സ കൊണ്ടും, നിഷേധത്തെയും ധിക്കാരത്തെയും പോരാട്ടം കൊണ്ടും ചെറുത്തതുപോലെ. അലസത, ദുർബലത, ദു:ഖം, സങ്കടം തുടങ്ങിയവയിൽ നിന്ന് അല്ലാഹുവിന്റെ റസൂൽ അല്ലാഹുവിനോട് ശരണം തേടിയിരുന്നു. ഭക്ഷണപാനീയങ്ങൾ ലഭ്യമാകുന്നതിന് കാരണങ്ങളെ സ്വീകരിക്കുന്ന രീതിയാണ് പ്രവാചകൻ സ്വീകരിച്ചത്. ഒരു വർഷത്തേക്ക് വേണ്ട ധാന്യം പ്രവാചകൻ സൂക്ഷിച്ചുവെച്ചിരുന്നു. ആകാശത്ത് നിന്ന് വിഭവങ്ങൾ ഇറങ്ങുന്നതിനായി കാത്തുനിൽക്കുകയായിരുന്നില്ല. ഒട്ടകത്തെ കെട്ടിയിടുകയാണോ അതല്ല കെട്ടിയിടാതെ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയാണോ വേണ്ടതെന്ന് പ്രവാചകനോട് ചോദിച്ചപ്പോൾ പറഞ്ഞത്: അതിനെ കെട്ടിയിടുകയും ഭരമേൽപ്പിക്കുകയും ചെയ്യുക. പ്രവാചകൻ(സ) പറഞ്ഞു: സിംഹത്തിൽ നിന്ന് ഓടിയകലുന്നതുപോലെ കുഷ്ഠരോഗത്തിൽ നിന്ന് ഓടിയകലുക.

അല്ലാഹുവിന്റെ റസൂൽ വിജയംവരിച്ച യുദ്ധങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിനും ഉദ്ദേശത്തിനുമനുസൃതമായ പ്രവാചക പ്രവർത്തനങ്ങളുടെ ഫലമായിരുന്നു. മുൻകരുതലെടുക്കുകയും, സൈന്യത്തെ സജ്ജമാക്കുകയും, പടച്ചട്ടയണിയുകയും, തലമൂടുകയും ചെയ്തായിരുന്നു പ്രവാചകൻ യുദ്ധത്തിന് തയാറായിരുന്നത്. റുമാത്ത് പർവതത്തിൽ അമ്പെയ്ത്തുകാരെ നിർത്തി. മദീനക്ക് ചുറ്റും കിടങ്ങ് കുഴിച്ചു. എത്യോപ്യയിലേക്കും തുടർന്ന് മദീനയിലേക്കും ഹിജ്റ പോകുന്നതിന് അനുവാദം നൽകി. പ്രവാചകൻ കൂട്ടമായിട്ടായിരുന്നില്ല ഹിജ്റപോയത്. ഹിജ്റയിൽ സൂക്ഷമതയുടെ എല്ലാ കാരണങ്ങളും സ്വീകരിച്ചു. യാത്രചെയ്യാനുള്ള വാഹനവും കൂടെ വഴികാണിക്കുന്നതിന് ആളെയും നിശ്ചയിച്ചു. പതിവായ പോകുന്ന വഴിയിലൂടെയല്ലാതെ യാത്ര തുടങ്ങി. ഗുഹയിൽ ഒളിച്ചു. ജിഹാദിനോ ഉംറക്കോ വേണ്ടി യാത്ര പുറപ്പെടുകയാണെങ്കിൽ പാഥേയും കൂടെ കരുതുമായിരുന്നു. പ്രവാചകൻ അല്ലാഹുവിൽ ഭരമേൽക്കുന്നവരുടെ നേതാവായിരുന്നു -സയ്യിദുൽ ‍മുത്തവക്കിൽ. അല്ലാഹുവിന്റെ ഖദ്ർ സത്യമാണ്. അതാണ് യാഥാർഥ്യമാവുക.

എന്നാൽ, അല്ലാഹു സൃഷ്ടിച്ച കാരണങ്ങളുടെ അടിസ്ഥാനത്തിൽ പ്രാപഞ്ചിക വ്യവസ്ഥയിൽ നിലനിൽക്കുന്ന നടപടിക്രമങ്ങളിലൂടെയാണ് കാര്യങ്ങൾ നടപ്പിലാക്കപ്പെടുന്നത്. ഉത്തരവാദിത്തങ്ങളടങ്ങുന്ന വ്യവസ്ഥയും, അസ്തിത്വവും നിലനിർത്തുന്നതിന് വേണ്ടിയാണത്. ഇത്തരമൊരു നടപടിക്രമവും, കാരണങ്ങളും അല്ലാഹുവിന്റെ വിശാലവും പൂർണവുമായ ഖദ്റിൽ നിന്ന് വേർപ്പെട്ട് നിൽക്കുന്ന ഒന്നല്ല. കാരണങ്ങളെ സ്വീകരിക്കുകയും, ആ കാരണങ്ങളിലൂടെ അതിന്റെ ലക്ഷ്യത്തിലേക്കെത്തുന്നതിന് നന്നായി പ്രവർത്തിക്കുകയും, അതിന് വേണ്ടി വ്യക്തികളും ജനതയും സമൂഹവും കടുത്ത പരീക്ഷണങ്ങൾ നേരിടുകയും ചെയ്ത പാഠമാണ് നൂഹ് പ്രവാചകന്റെ സംഭവം നമ്മെ പിഠിപ്പിക്കുന്നത്. നൂഹ് പ്രവാചകനും അദ്ദേഹത്തിൽ വിശ്വസിച്ചവരും കപ്പൽ നിർമിക്കുകയും, അതിന്റെ നർമാണത്തിൽ സൂക്ഷമത പുല‍ർത്തുകയും, സമുദ്ര നിയമങ്ങൾ മനസ്സിലാക്കുകയും ചെയ്തതിലൂടെ അല്ലാഹു അവരെ രക്ഷിച്ചു. ഈ ഉന്നതമായ നാഗരികതയുടെ നിർണാണത്തിന് അവരെ സഹായിച്ചത് ദൈവിക വിജ്ഞാനീയങ്ങൾ സ്വാംശീകരിക്കുന്നതിലെ ദൃഢനിശ്ചയവും ദൃഢബോധവുമായിരുന്നു.

Also read: ഇസ്രായേലുമായുള്ള ബന്ധത്തിനായി ക്യൂ നില്‍ക്കുന്നവര്‍

നാല്: രണ്ടാം മനുഷ്യ നാഗരികതയുടെ ഉദയം
മൃഗങ്ങൾ, പക്ഷികൾ, ആ കാലത്ത് അറിയപ്പെട്ട ചെടികൾ, മനുഷ്യനിർമാണത്തിനാവശ്യമായ വസ്തുക്കൾ എന്നിവ നൂഹ് പ്രവാചകൻ കപ്പലിൽ വഹിച്ചിരുന്നു. എല്ലാ വർഗത്തിൽ നിന്നും രണ്ട് ഇണകളെ വീതം അതിൽ കയറ്റികൊള്ളുക. (ഹൂദ്: 40) ഇവിടെ “قلنا” – നാം പറഞ്ഞു എന്നതിൽ മഹത്വത്തെ സൂചിപ്പിക്കുന്ന നൂനാണ് വന്നിരിക്കുന്നത്. നടക്കാനിരിക്കുന്നത് മഹത്തായ സംഭവമാണെന്നതിൽ യാതൊരു സംശയവുമില്ല. അതിനാലാണ് نون العظمة – മഹത്വത്തെ സൂചിപ്പിക്കുന്ന നൂനിനോട് ചേർത്തുപറഞ്ഞത്. നൂഹ് പ്രവാചകൻ അല്ലാഹുവിന്റെ നിർദേശങ്ങൾ സ്വീകരിക്കുകയും, ഓരോ വർഗത്തിൽ നിന്നുള്ള ഇണകളെ തന്നോടൊപ്പം കപ്പലിൽ വഹിക്കുകയും ചെയ്തു. ഇതാണ് രണ്ടാം മനുഷ്യ നാഗരികതയുടെ ഉദയത്തിനും, വളർച്ചക്കും കാരണമായത്. കാരണങ്ങൾ സ്വീകരിക്കുന്ന രീതി നൂഹ് പ്രവാചകന്റെ ഒരുപാട് പ്രവർത്തനങ്ങളിൽ കാണാവുന്നതാണ്. അവയിൽ പ്രധാനപ്പെട്ടതാണ് ചുവടെ കുറിക്കുന്നത്.

– അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിലെ നൂഹ് പ്രവാചകന്റെ ശൈലി
– തന്നെ വിശ്വസിച്ചവരോടുള്ള അദ്ദേഹത്തിന്റെ താൽപര്യവും ശ്രദ്ധയും
– കപ്പൽ നിർമാണം
– രണ്ടാം മനുഷ്യ നാഗരികതയുടെ നിർമാണത്തിനാവശ്യമായത് കപ്പലിൽ വഹിക്കുക

വിവ: അർശദ് കാരക്കാട്

Related Articles