Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് അല്ലാഹു വിപത്തുകളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നില്ല!

മകന്‍ ചോദിച്ച ഖദ്‌റുമായി (വിധിനിര്‍ണയം) ബന്ധപ്പെട്ട ചോദ്യങ്ങള്‍ എന്നെ ഞെട്ടിച്ചു. അവന്‍ ചോദിക്കുന്നു: ഭൂകമ്പം, സ്‌ഫോടനം, വെള്ളപ്പൊക്കം തുടങ്ങിയ കാരണങ്ങളാല്‍ മരണപ്പെടുന്നവര്‍ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്? കടലില്‍ മുങ്ങിമരിക്കുന്ന കുഞ്ഞും അംഗവൈകല്യത്തോടെ ജനിക്കുന്ന കുട്ടിയും എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്? ദാരിദ്ര്യത്തില്‍ കഴിയുന്ന ദരിദ്രന്‍ ചെയ്ത തെറ്റ് എന്താണ്? എന്തുകൊണ്ടാണ് ഈ ലോകത്ത് തിന്മകളുണ്ടാവുന്നത്? എന്തുകൊണ്ടാണ് അല്ലാഹു നമ്മെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാത്തത്? ഞാന്‍ നിയമവ്യവസ്ഥകള്‍ പാലിച്ച് ആര്‍ക്കും ദ്രോഹമൊന്നും ചെയ്യാതെ ചൊവ്വായി ജീവിക്കുകയാണെങ്കിലും വിപത്തുകളും ദുരന്തങ്ങളും എന്നെ ബാധിക്കുന്നതെന്തുകൊണ്ട്? ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം അല്ലാഹുവിന്റെ നീതിയും കാരുണ്യവും എവിടെ? ഈ പറഞ്ഞതിലെ വൈരുദ്ധ്യം കണ്ടെത്താന്‍ എന്റെ ബുദ്ധിക്ക് കഴിയുന്നില്ല.

ഞാന്‍ പറഞ്ഞു: എല്ലാവരുടെയും ചിന്തയിലുള്ള ചോദ്യങ്ങള്‍ തന്നെയാണ് നീയും ചോദിച്ചിരിക്കുന്നത്. ഗൗരവപ്പെട്ട ചോദ്യങ്ങള്‍ തന്നെയാണത്. മുമ്പ് പല തത്വചിന്തികരും ദാര്‍ശനികരും ഉന്നയിച്ച ചോദ്യങ്ങളാണവ. നന്മയും തിന്മയും പണ്ടേയുള്ളതാണ്. രക്തം ചിന്തലും കൊലപാതകങ്ങളും മനുഷ്യരുടെ പ്രവര്‍ത്തന ഫലമായുള്ളതും അല്ലാത്തതുമായ ദുരന്തങ്ങളും നേരത്തെയുള്ളതാണ്. എന്നാല്‍ ചിത്രത്തിന്റെ ഒരു ഭാഗം മാത്രം കണ്ട് ആ ചിത്രത്തെ മൊത്തത്തില്‍ വിലയിരുത്തുന്നത് തെറ്റാണ്. അവന്‍ ചോദിച്ചു: എന്താണ് നിങ്ങളുദ്ദേശിക്കുന്നത്? ഞാന്‍ പറഞ്ഞു: ഉദാഹരണമായി നിങ്ങളുടെ പല്ലിന് പുഴുക്കുത്ത് വന്ന് പല്ലുവേദന വരുമ്പോള്‍ നിങ്ങള്‍ ഡോക്ടറുടെ അടുത്ത് പോകുന്നു. അദ്ദേഹം നടത്തുന്ന ചെറിയൊരു ശസ്ത്രക്രിയ നിങ്ങള്‍ക്ക് വേദനയുണ്ടാക്കുമെങ്കിലും പല്ലുവേദനയില്‍ നിന്ന് നിങ്ങള്‍ക്കത് മോചനം നല്‍കുന്നു. എന്നാല്‍ ചികിത്സക്കിടെയുള്ള വേദനയെ നിങ്ങളെതിര്‍ക്കുകയും ആ ഡോക്ടര്‍ അക്രമിയും കാരുണ്യമില്ലാത്തവനുമാണെന്ന് നിങ്ങള്‍ വിധികല്‍പിക്കുകയും ചെയ്യുന്നു. ഡോക്ടറുടെ കാര്യത്തിലുള്ള നിങ്ങളുടെ വിലയിരുത്തല്‍ തെറ്റാണ്. കാരണം നിങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും നല്‍കാനാണ് അദ്ദേഹം വേദനിപ്പിക്കുന്നത്. ആ ചിത്രത്തെ പൂര്‍ണമായി കാണാതെ അതിലെ ചികിത്സയുടെ വേദനയെന്ന ഭാഗം മാത്രമാണ് നിങ്ങള്‍ കാണുന്നത്. ആ പ്രശ്‌നത്തിന് കാരണമായ മധുരപലഹാരങ്ങള്‍ കഴിച്ച നിങ്ങള്‍ ചികിത്സക്ക് ശേഷമുള്ള ആശ്വാസത്തെ കാത്തിരിക്കാന്‍ തയ്യാറുമല്ല. ചികിത്സക്ക് ശേഷമുള്ള ആശ്വാസവുമായി തട്ടിച്ചു നോക്കുമ്പോള്‍ ചികിത്സയുടെ വേദന വളരെ ലളിതമാണ്. അടിസ്ഥാനപരമായി വിലയിരുത്തുമ്പോള്‍ അത് നന്മയാണ്. ഇത്തരത്തിലായിരിക്കണം ഈ ലോകത്തെ നന്മ തിന്മകളെയും വിലയിരുത്തേണ്ടത്.

Also read: ഗസൽ ഒഴുകുന്ന പുരാന ഡൽഹിയിലെ ശാഹ് വലിയുല്ലാഹ് പബ്ലിക്ക് ലൈബ്രറി

വിഷയം കൂടുതല്‍ മനസ്സിലാക്കുന്നതിനായി ഞാന്‍ മറ്റൊരു ഉദാഹരണം പറയാം. കാറുകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് ഞാനൊരു കാര്‍ നല്‍കുന്നു. കാര്‍ പുറത്തുവിടുന്ന പുക വലിയ ദോഷങ്ങളുണ്ടാക്കുന്നു എന്നത് മാത്രം പരിഗണിച്ചാല്‍ കാര്‍ മോശപ്പെട്ട കാര്യമാണ്. എന്നാല്‍ ആ പുക കാറിന്റെ ചലനത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് ഏറെ പ്രയോജനങ്ങളുണ്ടെന്നും വിലയിരുത്തുമ്പോള്‍ കാറിനെ ദോഷകരമായി കാണുകയില്ല. അവന്‍ പറഞ്ഞു: ഇപ്പോഴെനിക്ക് കാര്യങ്ങള്‍ വ്യക്തമായി. ഏതൊരു ദോഷത്തിലും നന്മയുണ്ട്, എന്നാല്‍ എല്ലായ്‌പ്പോഴും ഞാനത് കാണുന്നില്ല. ഞാന്‍ പറഞ്ഞു: അതെ, ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളോടുള്ള മുസ്‌ലിമിന്റെ കാഴ്ച്ചപ്പാട് ഇതാണ്. നന്മകളും തിന്മകളും അടങ്ങിയ ദൈവികവിധിയില്‍ വിശ്വസിക്കല്‍ നമുക്ക് നിര്‍ബന്ധമാണ്. ജീവിതത്തിന്റെ അടിസ്ഥാനം തിന്മയല്ല, നന്മയാണ്. അടിസ്ഥാനപരമായി കുട്ടികള്‍ വൈകല്യമില്ലാതെ ജനിക്കുന്നവരാണ്. അവരിലെ അപവാദമാണ് വൈകല്യങ്ങളുള്ളവര്‍. സ്വസ്ഥമായ ജീവിതമാണ് അടിസ്ഥാനം, ദുരന്തങ്ങള്‍ അതിലെ അപവാദമാണ്. മൂസാ നബി(അ)യുടെ കഥയിലെ സദ്‌വൃത്തനായ ദാസനെ കുറിച്ച വിവരണം സംഭവങ്ങളെ എങ്ങനെയാണ് പൂര്‍ണാര്‍ത്ഥത്തില്‍ കാണേണ്ടതെന്ന് നമുക്ക് വിശദീകരിച്ചു തരുന്നുണ്ട്. അത്തരത്തില്‍ കാണുമ്പോള്‍ മാത്രമേ ദൈവികവിധിയിലെ നീതിയും കാരുണ്യവും മനസ്സിലാക്കാന്‍ സാധിക്കൂ.

Also read: ഇമാം ഹംബലിനു ഖലീഫയെ ചോദ്യം ചെയ്യാന്‍ ധൈര്യം നല്‍കിയത് ?

അദ്ദേഹം പറഞ്ഞു: എനിക്കിപ്പോള്‍ ബോധ്യമായി. ഞാന്‍ തുടര്‍ന്നു: മനുഷ്യന്‍ പരീക്ഷിക്കപ്പെടുമെന്നും ജീവിതത്തില്‍ പരീക്ഷണങ്ങളെ നേരിടേണ്ടി വരുമെന്നും വിശ്വസിക്കുന്നവരാണ് മുസ്‌ലിംകളായ നമ്മള്‍. നിങ്ങള്‍ ദോഷകരമെന്ന് വിശേഷിപ്പിക്കുന്ന കാര്യം മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം പരീക്ഷണമാണ്. പരീക്ഷണത്തില്‍ അവന്‍ സഹനം കൈക്കൊള്ളുകയും വിജയിക്കുകയും ദൈവികവിധിയിലെ നന്മതിന്മകളില്‍ സംതൃപ്തനാവുകയും ചെയ്യുന്നുവോ ഇല്ലയോ എന്ന് നോക്കുന്നതിനാണത്. കാരണം നമ്മുടെ നിലനില്‍പിന്റെ അടിസ്ഥാനം തന്നെ അല്ലാഹുവിനുള്ള ഇബാദത്താണ്. നമ്മുടെ ക്ഷമയും തൃപ്തിയും വിശ്വാസവും എത്രത്തോളമുണ്ടെന്ന് അറിയുന്നതിനായി നന്മകളാലും തിന്മകളാലും അല്ലാഹു പരീക്ഷിക്കും. അല്ലാഹു പറയുന്നു: ”നാം നിങ്ങളെ സുസ്ഥിതിയിലും ദുഃസ്ഥിതിയിലും അകപ്പെടുത്തി പരീക്ഷിച്ചുകൊണ്ടിരിക്കുകയാകുന്നു.’ അവന്‍ പറഞ്ഞു: ഉപ്പാ, എനിക്ക് കാര്യങ്ങള്‍ വളരെ വ്യക്തമായി.

ഞാന്‍ പറഞ്ഞു: ഇപ്രകാരം നീ കാണുന്ന ദുസ്ഥിതികളെ ശരിയായി വിലയിരുത്താന്‍ നീ നോക്കേണ്ട വലിയൊരു ചിത്രമുണ്ട്. ഇഹലോകത്തിനൊപ്പം പരലോകത്തെ കൂടി കാണലാണത്. ഈ ലോകത്ത് കാണുന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്, അതൊരിക്കലും പൂര്‍ണമായ ജീവിതമല്ല. ദരിദ്രന്‍ ഈ ലോകത്ത് ദൗര്‍ഭാഗ്യവാനായിരിക്കാം അതേസമയം പരലോകത്ത് അവന്‍ സൗഭാഗ്യവാനും ആയിരിക്കാം. ജീവിതത്തിലെ ഓരോ കാര്യങ്ങളെയും വിലയിരുത്തുമ്പോള്‍ ഇക്കാര്യം നീ പരിഗണിക്കേണ്ടതുണ്ട്. അവന്‍ പറഞ്ഞു: ജീവിതത്തിലെ സംഭവങ്ങളിലെ അല്ലാഹുവിന്റെ നീതിയും കാരുണ്യവും എനിക്ക് മനസ്സിലായി. നീതിയുടെയും കാരുണ്യത്തിന്റെയും കണ്ണുകള്‍ കൊണ്ടെങ്ങനെ ദുരവസ്ഥകളെ നോക്കികാണണമെന്നും ഞാന്‍ തിരിച്ചറിഞ്ഞു.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles