Current Date

Search
Close this search box.
Search
Close this search box.

അലി ശരീഅത്തിയുടെ കാഴ്ചപ്പാടില്‍ ‘മനുഷ്യന്‍’

തത്വശാസ്ത്ര ചിന്തയില്‍ പ്രാപഞ്ചിക വ്യവസ്ഥയില്‍ നിലകൊള്ളുന്ന മനുഷ്യനെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ നിരവിധിയാണ്. പ്രാപഞ്ചിക ഘടനയില്‍ ദൈവത്തിനുള്ള ഉന്നത സ്ഥാനം അട്ടിമറിച്ച് മനുഷ്യനെ ആ പദവിയിലേക്ക് ഉയര്‍ത്തുകയും, പരിശുദ്ധിയുടെ പ്രതീകമായി മനുഷ്യനെ കാണുകയും ചെയ്യുന്ന കാഴ്ചപ്പാടാണ് പാശ്ചാത്യന്‍ ആധുനികത അവതരിപ്പിക്കുന്നത്. ഇത് മതങ്ങള്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനത്തിനും, പുരാതന കാഴ്ചപ്പാടിനും, ഇതര വീക്ഷണത്തിങ്ങള്‍ക്കുമെതിരാണ്. മനുഷ്യ അസ്തിത്വത്തെ കുറച്ചുകാണുകയും, മനുഷ്യന് അത്ര പ്രാധാന്യമില്ലാതിരിക്കുകയും, മനുഷ്യന്‍ ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട വഴിപാടാവുകയും, മനുഷ്യന്‍ നിര്‍ബന്ധിത ദൈവിക വിധികള്‍ക്കനുസരിച്ച്  ജീവിക്കാന്‍ വിധിക്കപ്പെട്ടവനാവുകയും ചെയ്യുന്ന വീക്ഷണങ്ങള്‍ക്കെതിരാണ് ദൈവിക പദവിയിലേക്ക് മനുഷ്യനെ ഉയര്‍ത്തുകയെന്നത്. മനുഷ്യനെ നിന്ദ്യനായി കാണുകയോ അല്ലെങ്കില്‍, മനുഷ്യനെ ദൈവത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തുകയോ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ മൂന്നാമതൊരു കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.  അത് ദൈവത്തിന്റെ ‘ഖലീഫ’ (പ്രതിനിധി) എന്ന പദവിയാണ്. ഇത് ആധുനിക ഇസ്‌ലാമിക ചിന്തകരെ അഗാധമായി സ്വാധീനിച്ച ആശയമാണ്. അവര്‍ ഈ ആശയത്തിന് വ്യത്യസ്തമായ വിശദീകരണങ്ങളും നല്‍കുന്നു. അപ്രകാരം മനുഷ്യനെ സംബന്ധിച്ചും, പ്രാപഞ്ചിക വ്യവസ്ഥയുമായി മനുഷ്യനുള്ള ബന്ധവും അലി ശരീഅത്തിയുടെ (1933-1977) കാഴ്ചപ്പാടില്‍ വിശകലന വിധേയമാക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട വിശകലനം:

സൃഷ്ടിപ്പിന്റെ കഥ വിശകലനം ചെയ്തുകൊണ്ടാണ് ‘മനുഷ്യന്‍’ എന്താണ് എന്ന ചര്‍ച്ചക്ക് അലി ശരീഅത്തി തുടക്കം കുറിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്ന മനുഷ്യ സൃഷ്ടിപ്പിന്റെ കഥ  ആലങ്കാരികവും പ്രതീകാത്മകവുമായ ഭാഷയിലാണെന്ന് അലി ശരീഅത്തി നിരീക്ഷിക്കുന്നു. സൂചനകളിലൂടെ ആശയങ്ങള്‍ കൈമാറുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. സ്പഷ്ടമായ ഭാഷ ആശയങ്ങള്‍ എളുപ്പത്തില്‍ കൈമാറാന്‍ സഹായകരമാണ്. പക്ഷേ, ഒരൊറ്റ അര്‍ഥമാണ് അത് പ്രതിഫലിപ്പിക്കുന്നത്, അനന്തമായി നിലനില്‍ക്കാന്‍ കഴിയുകയില്ല, കാലക്രമേണ ദുര്‍ബലമായ ആശയമായി ഇല്ലാതാകുന്നതുമാണ്. എന്നാല്‍, ആലങ്കാരിക ഭാഷാ പ്രയോഗങ്ങള്‍ വിഭിന്നമായ അര്‍ഥതലങ്ങള്‍ സമ്മാനിക്കുന്നതും, ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് പ്രവഹിക്കുന്നതുമാണ്. അതിന്റെ ആശയലോകം നശിച്ചുപോവുകയില്ല, അവയില്‍ നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കുന്ന അര്‍ഥതലങ്ങള്‍ കാലങ്ങളിലൂടെ സഞ്ചരിക്കുന്നതുമാണ്. കരുത്തോടെ, പുതുമയോടെ നിലനില്‍ക്കുന്ന ദീനീ വസ്തുതകളോട് യോജിച്ചതുമാണത്.

മനുഷ്യനെ ‘ഖലീഫയായി’ നിയോഗിക്കുകയാണെന്ന വിശുദ്ധ ഖുര്‍ആനിലെ സൃഷ്ടിപ്പിന്റെ കഥ വ്യതിരിക്തമാണ് (ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോവുകയാണ്). ആധുനിക നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഒരു മനുഷ്യ കേന്ദ്രീകൃത പ്രത്യയശാസ്ത്രങ്ങള്‍ക്കും അംഗീകരിച്ചുകൊടുക്കാന്‍ കഴിയാത്ത പദവിയാണ് വിശുദ്ധ ഖുര്‍ആന്‍ ‘മനുഷ്യന്’ വകവെച്ചുനല്‍കുന്നത്. പക്ഷേ, പ്രത്യയശാസ്ത്രങ്ങള്‍ അവതരിപ്പിക്കുന്നത് പോലെ ദൈവത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തുന്നില്ല. അല്ലാഹുവിന്റെ ഖലീഫയാണെന്നതിന്റെ പൊരുള്‍ ഉള്‍കൊണ്ട് പ്രപഞ്ചത്തിന് അനുഗുണമായും, ഇതര ജീവകളോടുള്ള ഉത്തരാവദിത്വം നിര്‍വഹിക്കുകയും ചെയ്യുന്ന വീക്ഷണമാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. രക്തം ചിന്തുകയും, ഭൂമിയില്‍ നാശം വിതക്കുകയും ചെയ്യുന്ന മനുഷ്യന്റെ കാര്യത്തില്‍ മലക്കുകള്‍ക്ക് ഭയമുണ്ടാവുകയും, അത് ദൈവത്തോട് മലക്കുകള്‍ പങ്കുവെക്കുകയും ചെയ്തിരിന്നു. എന്നിട്ടും, ദൈവം മനുഷ്യ സൃഷ്ടിപ്പുമായി മുന്നോട്ടുപോവുകയായിരുന്നു.

മനുഷ്യന്റെ ഈ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഒരു സൂചന മറഞ്ഞുകിടക്കുന്നുണ്ടെന്ന് അലി ശരീഅത്തി നിരീക്ഷിക്കുന്നു. മഹത്വമുള്ളതോ, ഉയര്‍ന്നതോ അല്ലാത്ത ഭൂമിയിലെ നിസാരമായ വസ്തുവായ മണ്ണില്‍ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നത്. തുടര്‍ന്ന് അതിലേക്ക് ആത്മാവിനെ ഊതുകയായിരുന്നു. അത് മനുഷ്യന് പറയാന്‍ പറ്റുന്ന ഏറ്റവും നല്ല വസ്തുവില്‍ നിന്നുമായിരുന്നു. അഥവാ, രണ്ട് വ്യത്യസ്ത തരത്തിലുള്ള വസ്തുവില്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നത്. ഒന്ന് ഭൂമിയിലേക്ക് കൊണ്ടുപോകുന്നതും, മറ്റൊന്ന് ആകാശത്തിന്റെ ഉയര്‍ച്ചയിലേക്ക് കൊണ്ടുപോകുന്നതുമാണ്. വ്യത്യസ്തമായ ഈ ഘടനയാണ് മനുഷ്യ മഹത്വത്തിന്റെ രഹസ്യം. ആ രണ്ട് വസ്തുവിനുമിടയില്‍ മനുഷ്യന്‍ ആന്തരിക സംഘട്ടനം അനുഭവിക്കുന്നു. അങ്ങനെ മനുഷ്യന്‍ അവയിലൊന്നിനെ സ്വീകരിക്കുന്നു. ഭൂമിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് മോശക്കാരനാകുവാനും, ആകാശത്തിന്റെ ഉയര്‍ച്ചയിലേക്ക് കുതിച്ച് നല്ലവനാകുവനാനും മനുഷ്യന് കഴിയുന്നു. ഇത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘തര്‍ച്ചയായും, അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു’.

അലി ശരീഅത്തി മനുഷ്യ സൃഷ്ടിപ്പിനെ കൂടുതല്‍ വിശദീകരിക്കുന്നു; ആത്മാവ് ഊതപ്പെട്ടു എന്നതുകൊണ്ട് മാത്രം മനുഷ്യന് മഹത്വം ലഭിക്കുന്നില്ല, സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് മനുഷ്യനെ ആദരിക്കുന്ന മറ്റു രണ്ട് ഘടകങ്ങള്‍ കൂടിചേരുമ്പാഴാണ് അത് സംഭവിക്കുന്നത്. അതിലൊന്ന് മനുഷ്യനെ നാമങ്ങള്‍ പഠിപ്പിച്ചുവെന്നതും, മറ്റൊന്ന്  അമാനത്ത് നല്‍കി എന്നതുമാണ്. ഇതര ജീവികളില്‍നിന്ന് വ്യത്യസ്തമായി തീരുമാനിക്കാനും ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഉള്ള കഴിവ് അല്ലാഹു മനുഷ്യന് നല്‍കി എന്നത് മാത്രമല്ല അലി ശരീഅത്തി അമാനത്ത് കൊണ്ട് അര്‍ഥമാക്കുന്നത്. സൃഷ്ടിക്കപ്പെട്ട രൂപത്തില്‍ മനുഷ്യന് മാത്രമാണ് ധിക്കരിക്കാന്‍ കഴിയുന്നത്, ഭൗതികവും ആത്മീയുവുമായ ആവശ്യങ്ങള്‍ക്കനുസൃതമായി മുന്നോട്ടുപോകാന്‍ കഴിയുന്നത്, നന്മ-തിന്മകള്‍ പ്രവര്‍ത്തിക്കാനും ബുദ്ധി ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും കഴിയുന്നത്, നല്ല വ്യക്തിയാകുവാനും മോശക്കാരനാകുവാനും കഴിയന്നത്. നിസാരമായി മണ്ണിന്റെ ഗര്‍ത്തങ്ങളില്‍ ദുര്‍ബലനായി ജീവിക്കാനും, വാനിന്റെ ചക്രവാളങ്ങളിലേക്ക് ഉയര്‍ന്ന് ജീവിക്കാനുമുള്ള മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് സ്വയം തീരുമാനത്തിനുള്ള സ്വാതന്ത്ര്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

മനുഷ്യന്റെ അസ്തിത്വത്തെയും ജീവിക്കുന്ന ചുറ്റിപാടിനെയും സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്, മൂന്ന് വസ്തുതകള്‍ മുന്നോട്ടുവെച്ചാണ് മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച ശരീഅത്തി അവസാനിപ്പിക്കുന്നത്. ഒന്ന്: എല്ലാ മനുഷ്യരും സഹോദരങ്ങളാണ്. പക്ഷേ, എല്ലാവരും സമന്മാരല്ല. അവക്കിടയിലെ വ്യത്യാസം ദൃശ്യവുമാണ്. സമത്വമെന്നത് അവകാശവുമായി ബന്ധപ്പെട്ട സാങ്കേതികപദമാണ്. എന്നാല്‍, സാഹോദര്യമെന്നത് മനുഷ്യര്‍ക്കിടയിലെ പൊതുസ്വഭാവമാണ്. രണ്ട്: സ്ത്രീയും പുരുഷനും സമന്മാരാണ്. ഇത് എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും, പൂര്‍വ മതങ്ങള്‍ക്കുമെതിരാണ്. അവര്‍ എല്ലാ വശങ്ങളിലും സമന്മാരാണ്. സൃഷ്ടിപ്പിന്റെ കാര്യത്തിലും, സൃഷ്ടിപ്പിനടിസ്ഥാനമായ മണ്ണിന്റെ കാര്യത്തിലും അവര്‍ സമന്മാരായിരുന്നു. മൂന്ന്: അറിവുള്ളത് കൊണ്ടാണ് മനുഷ്യന് ശ്രേഷ്ഠത ലഭിക്കുന്നത്. പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകള്‍ മനുഷ്യന് സാഷ്ടാംഗം ചെയ്തത് അറിവ് നല്‍കപ്പെട്ടു എന്നതിനാലായിരുന്നു. തീരുമാനിക്കാനും, ഇച്ഛകള്‍ക്കനുസിരിച്ച് പ്രവര്‍ത്തിക്കാനുമുള്ള കഴിവ് മുഖേന മനുഷ്യന് അല്ലാഹുവിലേക്ക് കൂടുതലായി അടുക്കുവാനോ, അല്ലെങ്കില്‍ മണ്ണിന്റെ പതിതാവസ്ഥയിലേക്ക് താഴുവാനോ ഉള്ള അവസരമാണ് നല്‍കുന്നത്.

മതവും ഇബാദത്തും:

മതത്തിന്റെ രണ്ട് അവസ്ഥകളില്‍ രണ്ടും മനുഷ്യന് അനിവാര്യമാണ് എന്ന് അലി ശരീഅത്തി നിരീക്ഷിക്കുന്നു. പരലോകത്തിന് വേണ്ടി മാത്രം ജീവിക്കുക, കേവലം ഭൗതികിതയില്‍ മാത്രം അഭിരമിച്ച് ജീവിക്കുക എന്നീ രണ്ട് അവസ്ഥകള്‍ക്കിടയില്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് സന്തുലിതമായ കാഴ്ചപ്പാടാണ്. അഥവാ, ഇവ രണ്ടിനുമിടയില്‍ സന്തുലിതമായി കാഴ്ചപ്പാട് സ്വീകരിച്ച് മാനുഷിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയാണത്.
ഇബാദത്തിന് സാധാരണ നല്‍കാറുളള അര്‍ഥം ആരാധനാ കര്‍മങ്ങള്‍ എന്നതാണ്. മതപരമായ ഉത്തരവാദിത്വങ്ങള്‍ക്കും, ഉരുവിടുന്ന വാചകങ്ങള്‍ക്കുമാണ് പരമ്പരാഗതമായി ഇബാദത്ത് എന്ന് വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍, ഇബാദത്ത് ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. ഇബാദത്ത് എന്നതിന്റെ അര്‍ഥം ഭാഷപരമായ പ്രയോഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.  “عبَد الطريق” എന്നാല്‍ എളുപ്പത്തില്‍ ലക്ഷ്യത്തിലേക്ക് നീങ്ങാനുളള യാത്രക്കാരന്റെ തയാറെടുപ്പാണ്. അഥവാ, അത് മനുഷ്യനെ സംസ്‌കരിക്കാനും, ദുന്‍യാവിന്റെ സുഖത്തില്‍ ആനന്ദിച്ചും ഉല്ലസിച്ചും ജീവിക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തുവാനും, അങ്ങനെ നിഷ്‌കളങ്കമായ വിശ്വാസത്തിലേക്ക് എത്തിക്കുവാനുമുള്ള സന്മാര്‍ഗമാണ് ഇബാദത്ത് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഉദാഹരണമായി, നമസ്‌കാരം മനുഷ്യനെ സ്വാര്‍ത്ഥതയില്‍ നിന്നും, കേവല ഭൗതിക ജീവതത്തില്‍ നിന്നും തടഞ്ഞ് നിരന്തര ദൈവിക സ്മരണയിലേക്ക് കൊണ്ടുപോയി, വ്യക്തിക്കും സമൂഹത്തിനും നിലകൊള്ളാന്‍ പ്രേരിപ്പിക്കുന്നു. സ്വാര്‍ത്ഥവും ഭൗതികവുമായ ജീവിതത്തിലെ നിസാരതയില്‍ നിന്ന് നമസ്‌കാരം മുനുഷ്യനെ മുക്തമാക്കുകയും, ഉന്നത സ്ഥാനം നല്‍കുകയും ചെയ്യുന്നു.

കഴിഞ്ഞ കാലത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഇബാദത്തിന് ആധുനിക കാലത്ത് കൈവന്നിട്ടുണ്ട്. കഴിഞ്ഞകാലം നാം ബൂര്‍ഷ്വാസിക്ക് കീഴിലായിരുന്നു, അതിന് മുമ്പ് ഫ്യൂഡല്‍ വ്യവസ്ഥക്ക് കീഴിലുമായിരുന്നു. ആ സമയം മനുഷ്യന് പ്രകൃതിയെ കുറിച്ചും ദൈവത്തെ കുറിച്ചും ചിന്തിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ സാമ്പത്തികമായും, സാംസ്‌കാരികമായും, സാമൂഹികമായും, രാഷ്ട്രീയമായും കൂടികലര്‍ന്ന ഒന്നായി മുതലാളിത്തം മാറിയിരിക്കുന്നു. നാശോന്മുഖമായ മുതലാളിത്തം ഭൂമിയെ മാത്രമല്ല നശിപ്പിക്കുന്നത്, മറിച്ച് മനുഷ്യനെ ആകമാനം ഇല്ലാതാക്കുകയാണ്. എല്ലാ മൂല്യങ്ങളും ഇല്ലായ്മ ചെയ്ത് കടന്നുപോകുന്ന ഇത്തരം ഭീതിതമായ പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കാന്‍ കഴിയുന്നത് ഇബാദത്തുകള്‍ക്ക് മാത്രമാണ്. അത് ദൈവവുമായുളള ബന്ധം ഊട്ടിയുറപ്പിക്കുന്നു. മുതലാളിത്തം കനത്ത പ്രഹരശേഷിയില്‍ ധാര്‍മിക ജീവിതത്തിനെതിരെ ആഞ്ഞടിക്കുമ്പോള്‍ ആ ദൈവിക ബന്ധം എല്ലാ ദുഷിച്ച പ്രവണതകളില്‍ നിന്നും മനുഷ്യനെ തടഞ്ഞുനിര്‍ത്തുന്നു.

മനുഷ്യനും പ്രാപഞ്ചികതയും:

പ്രാപഞ്ചിക ഘടനയെ സംബന്ധിച്ച് അലി ശരീഅത്തി വശലനം നടത്തുന്നുണ്ട്. അത്, മനുഷ്യന്‍ എങ്ങനെ സ്വന്തത്തിലേക്ക് നോക്കുന്നു, അവന്റെ ചുറ്റിലേക്ക് നോക്കി എങ്ങനെ മനസ്സിലാക്കുന്നു, എങ്ങനെ വിശദീകരിക്കുന്നു എന്നതാണ്. ദൈവം, മനുഷ്യന്‍, പ്രകൃതി എന്ന മൂന്ന് അടിസ്ഥാനങ്ങളാണ് അതില്‍ ഉള്‍കൊള്ളുന്നത്. ഈ ലോകത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് അലി ശരീഅത്ത് വിശകലനം ചെയ്യുന്നു. അതിലൊന്ന് ഭൗതികത അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ്. ഇവിടെ നിലനില്‍ക്കുന്നതെല്ലാം ഒരു കൂട്ടം പദാര്‍ഥങ്ങള്‍ മാത്രമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ലോകത്തിന് ഒരു അടിസ്ഥാന ഘടകം മാത്രമാണുള്ളത്; അത് പദാര്‍ഥമാണ്. പ്രപഞ്ച സൃഷ്ടിപ്പിന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ല, അത് ഉദ്ദേങ്ങളൊന്നുമില്ലാതെ സൃഷ്ടിക്കപ്പെട്ടതാണ്. ഇവിടെ വസിക്കുന്നവര്‍ ഒരുകൂട്ടം വിഡ്ഡികളുമാണ് എന്ന കാഴ്ചപ്പാടാണ് അവര്‍ അവതരിപ്പിക്കുന്നത്. ഫ്രഞ്ച് ദാര്‍ശിനികനായിരുന്ന സാര്‍ത്ര് പറയുന്നു: ‘ഈ നിസാരമായ കുടിലില്‍ വിവേകമെത്തിയിട്ടുള്ള ഒരേയൊരു വിഭാഗം മനുഷ്യന്‍ മാത്രമാണ്’. ഇതിനെതിരായ കാഴ്ചപ്പാടാണ് മതങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ലക്ഷ്യങ്ങള്‍ക്കനുസൃതമായി സഞ്ചരിക്കുന്ന കൃത്യവും സൂക്ഷമവുമായ വ്യവസ്ഥയാണ് പ്രപഞ്ചത്തനുള്ളതെ് മതദര്‍ശനങ്ങള്‍ വിശ്വസിക്കുന്നു. ഈ മത കാഴ്ചപ്പാട് മനുഷ്യ ജീവതത്തന് അര്‍ഥവും ലക്ഷ്യവുമുണ്ടെന്ന് പ്രഖ്യാപിക്കുന്നു. ഇവിടെയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതും, സാഹോദര്യം എന്ന കാഴ്ചപ്പാടും അര്‍ഥപൂര്‍ണമാകുന്നത്.

ഭൗതിക പ്രത്യയശാസ്ത്രങ്ങളില്‍ ദൈവത്തിന്റെ പദവിയില്‍ മനുഷ്യര്‍ കയറി ഇരിക്കുന്നുവെന്ന് പറഞ്ഞുവെച്ചാണ് അലി ശരീഅത്തി ഈ ചര്‍ച്ചക്ക് വിരാമമിടുന്നത്. തീര്‍ച്ചയായും, ഇതിനെല്ലാം പ്രത്യാഘാതങ്ങള്‍ സംഭവിക്കുന്നതാണ്. ഇവിടെ, നല്ലത്, ചീത്തത് എന്ന വേര്‍തിരിവ് അപ്രത്യക്ഷമാകുന്നു, നല്ല പ്രവര്‍ത്തനവും ചീത്ത പ്രവര്‍ത്തനവും നിര്‍വചിക്കുന്നതിന്റെ അടിസ്ഥാനം ‘ഞാന്‍’ എന്ന സംജ്ഞയായി മാറുന്നു, ആസ്വാദിക്കാനും ഉല്ലസിക്കാനും കഴിയുന്ന എല്ലാ പ്രവര്‍ത്തനവും നന്മയാകുന്നു, അങ്ങനെ വെറുതെ സൃഷ്ടിച്ചുവെന്നത് തത്വശാസ്ത്രവും ദര്‍ശനവുമായി മാറുന്നു.

അവലംബം: islamonline.net
മൊഴിമാറ്റം: അര്‍ശദ് കാരക്കാട്

Related Articles