Current Date

Search
Close this search box.
Search
Close this search box.

ടെന്‍ഷനില്ലാത്ത ജീവിതം സാധ്യമാവുന്നത്

പ്രവാചകന്‍(സ) പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അന്‍സാരികളില്‍ പെട്ട അബൂ ഉമാമ(റ)വിനെ കണ്ടു. റസൂല്‍(സ)അദ്ദേഹത്തോട് ചോദിച്ചു. നമസ്‌കാരത്തിന്റേതല്ലാത്ത സമയത്ത് താങ്കളെ എന്താണ് പള്ളിയില്‍ കാണുന്നത്? അദ്ദേഹം പറഞ്ഞു. എന്നെ ബാധിച്ച മനപ്രയാസങ്ങളും കടബാധ്യതയുമാണ് പ്രവാചകരേ ഇതിന് പ്രേരിപ്പിച്ചത്. പ്രവാചകന്‍ ചോദിച്ചു. കടബാധ്യതയില്‍ നിന്ന് നീ രക്ഷപ്പെടുകയും നിന്റെ പ്രയാസങ്ങള്‍ അല്ലാഹു ദൂരീകരിച്ചുതരികയും ചെയ്യുന്ന ഒരു പ്രാര്‍ഥന നിങ്ങള്‍ക്ക് ഞാന്‍ പഠിപ്പിച്ചു തന്നിട്ടില്ലയോ? ഞാന്‍ പറഞ്ഞു. അതെ, പ്രവാചകരേ. റസൂല്‍ പറഞ്ഞു. നീ പ്രഭാതത്തിലും പ്രദോഷത്തിലും ഈ പ്രാര്‍ഥന ഉരുവിടുക.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ، قَالَ: فَفَعَلْتُ ذَلِكَ فَأَذْهَبَ اللَّهُ عَزَّ وَجَلَّ هَمِّي، وَقَضَى عَنِّي دَيْنِي
[ أبو داود ]

‘ അല്ലാഹുവേ, ഭീരുത്വം, പിശുക്ക്, കടത്തിന്റെ ആധിക്യം, ജനങ്ങളുടെ അധീശത്വം എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ ശരണം തേടുന്നു. അബൂ ഉമാമ വിവരിക്കുന്നു. ഞാന്‍ അപ്രകാരം ചെയ്തപ്പോള്‍ അല്ലാഹു എന്റെ കടബാധ്യത നീക്കിത്തരുകയും എന്റെ ടെന്‍ഷനുകള്‍ ദൂരീകരിക്കുകയും ചെയ്തു.(അബൂദാവൂദ്).

ആധുനിക ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മാനസിക അസ്വസ്ഥതക്കും ടെന്‍ഷനും വിഷാദരോഗങ്ങള്‍ക്കും അടിപ്പെട്ടവരെയാ്രണ്. കേരളത്തില്‍ 10% വിഷാദ രോഗികള്‍ എന്ന് ആരോഗ്യ മന്ത്രി. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂണുപോലെ കൗണ്‍സിലിംങ്ങ് സെന്ററുകള്‍ വര്‍ദ്ധിച്ചുവരുന്നു. ചെറിയ കുട്ടികള്‍ വരെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ടെന്‍ഷനെ കുറിച്ചാണ്. ശാസ്ത്രത്തിന് മനശാന്തി നല്‍കാന്‍ കഴിഞിരുന്നുവെങ്കില്‍ ഐസക് ന്യൂട്ടനും, ഐന്‍സ്റ്റീനും വിഷാദരോഗികളാകുമായിരുന്നില്ല.

മനശാസ്ത്രത്തിനും സാധിക്കുമൊ?
ആധുനിക മനശാസ്ത്രത്തിന്റെ പിതാവ് സിഗ്മണ്ട് ഫ്രോയിഡ് വിഷാദ രോഗിയായിരുന്നില്ലെ?. കാറല്‍ മാക്‌സ് മഹാനായ ദാര്‍ശനികനായിരുന്നില്ലെ. തന്റെ മകന്‍ മുഷ് മരണപ്പെട്ടപ്പോള്‍ അയാള്‍ അസ്വസ്തനായി. ഭാര്യ ജെന്നി മരണപ്പെട്ടപ്പോള്‍ ആശ്വാസം കണ്ടെത്തിയത് മദ്യത്തിലായിരുന്നു. മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തെരുവ് വിളക്കുകള്‍ കല്ലെറിഞുടച്ചു. ഇവര്‍ക്കൊന്നും ഭൗതികതയും ശാസ്ത്രവും യുക്തിചിന്തയും സമാധാനം നല്‍കാത്തതെന്ത്?. എന്നാല്‍ ശക്തരായ ദൈവവിശ്വാസത്തിന്റെ ഉടമകളൊ?, ദൈവ വിശ്വാസം സമാധാനം നല്‍കുന്നു.

സൃഷ്ടാവിനെ കൂട്ടുക്കാരനാക്കുക. അത് ശാന്തമായ മനസ്സ് നമുക് സമ്മാനിക്കും. ദൈവസ്മരണയില്‍ കഴിയുന്നവര്‍ക് ശാന്തമായ മനസ്സുണ്ടാകുമെന്നാണ് ഖുര്‍ആന്‍ പാഠം

 أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ

ആധുനിക സമൂഹം ഇത്തരമൊരു ദുരവസ്ഥയിലേക്കെത്തിച്ചേരാന്‍ പ്രധാന കാരണമെന്താണ്?.  ഇതിനെ കുറിച്ച് നാം ഗൗരവതരമായി അന്വേഷിക്കേണ്ടതുണ്ട്.

രണ്ട് പ്രധാന കാരണങ്ങള്‍

1) ഉള്ളതില്‍ തൃപ്തി പ്പെടാന്‍ കഴിയാതിരിക്കുക. മറ്റുള്ളവരെ പോലെ ആകണമെന്ന ചിന്ത.

പ്രവാചകന്റെ ചികില്‍സ: ഭൗതികമായി നമ്മേക്കാള്‍ ജീവിത നിലവാരം കുറഞവരിലേക് നോക്കുക. അല്ലാഹു നമുക് നല്‍കിയ അനുഗ്രഹം നമുക് ബോധ്യം വരും.

 عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: “انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ، وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ، فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ”

2)തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം പരമാവധി ആസ്വദിക്കലാണ് എന്ന് തെറ്റി ധരിക്കാതിരിക്കുക. അത്തരം മനോഗതിയെ പ്രവാചകന്‍ മനോഹരമായി ചിത്രീകരിക്കുന്നത് കാണാം.

 عَنْ أَنَسِ بْنِ مَالِكٍ ( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَوْ كَانَ لِابْنِ آدَمَ وَادٍ مِنْ ذَهَبٍ الْتَمَسَ مَعَهُ وَادِيًا آخَرَ وَلَنْ يَمْلَأَ فَمَهُ إِلَّا التُّرَابُ

മനുഷ്യപുത്രന് സ്വര്‍ണത്താലുള്ള ഒരു താഴ്‌വര ദൈവം നല്‍കിയാലും അതുപോലുള്ള ഒന്നു കൂടി ലഭിച്ചെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കും. മരിച്ച് മണ്ണടിയുന്നതുവരെ ഈ ചിന്ത അവനെ വിട്ടൊഴിയില്ല’.

عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «إِيَّاكُمْ وَالدَّيْنَ، فَإِنَّهُ هَمٌّ بِاللَّيْلِ وَمَذَلَّةٌ بِالنَّهَارِ

കടത്തെ നിങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കുക! അത് രാത്രിയില്‍ നിങ്ങളുടെ ഉറക്കം കെടുത്തുകയും പകലില്‍ നിങ്ങള്‍ക്ക് നിന്ദ്യത വരുത്തുകയും ചെയ്യും എന്ന അധ്യാപനം ഇന്ന് വളരെ പ്രസക്തമാണ്.

ആവശ്യം, അത്യാവശ്യം, അനാവശ്യം ഏതെന്ന് നോക്കാതെ എളുപ്പത്തില്‍ എല്ലാം നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ ലോണും പലിശയുമായി കയറിയിറങ്ങുന്നവരെ കാത്തിരിക്കുന്നതും ദുരന്തങ്ങളാണ്. അതിനാല്‍ തന്നെ ജീവിതത്തെ കുറിച്ച സന്തുലിതമായ വീക്ഷണം കെട്ടിപ്പെടുക്കുകയും ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്ന ഒരു മനസ്സ് രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരത്തിലുള്ള ടെന്‍ഷനുകളില്‍ നിന്നു മാനസിക അസ്വസഥതകളില്‍ നിന്നും മുക്തമാകാനുള്ള ഏക വഴി.
അതോടൊപ്പം അബൂഉമാമ(റ)വിന് പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥന പതിവാക്കുകയും അതിന്റെ താല്‍പര്യമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുക .

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ،

ഒരിക്കല്‍, കിസ്‌റാ രാജാവായിരുന്ന അനോഷിര്‍വാന്‍ തന്റെ മന്ത്രി ബുസര്‍ജംഹിര്‍ ബിന്‍ ബുഖ്തഖാനെ തടവിലാക്കി.  യുക്തിചിന്തയില്‍ പ്രസിദ്ധനായ മന്ത്രിയെ ഖബറിന് സമാനമായ ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ ഇരുമ്പു ചങ്ങല കൊണ്ടായിരുന്നു ബന്ധിച്ചിരുന്നത്. ധരിക്കാന്‍ പരുക്കനായ പരുത്തി വസത്രങ്ങള്‍ മാത്രം നല്‍കി. ദിനേന രണ്ട് റൊട്ടി, ഒരുകപ്പ് വെള്ളം മാസങ്ങളോളം ബുസര്‍ജംഹിര്‍ ജയിലില്‍ കഴിഞ്ഞു. അതിനിടെ രാജാവ് പറഞ്ഞു :
‘അദ്ദേഹത്തിന്റെ കൂട്ടുകാരെ അയാളുടെ അടുത്തേക്ക് അയക്കുക. അദ്ദേഹത്തോട് സ്വതന്ത്രമായി കാര്യങ്ങള്‍ ആരായാനുള്ള അവസരം അനുയായികള്‍ക്ക് ഒരുക്കിക്കൊടുക്കുക. ആ സംസാരം മുഴുവന്‍ ശ്രവിച്ച് തനിക്ക് പറഞ്ഞു തരിക. അനുയായികള്‍ ജയിലിനകത്ത് കയറി അദ്ദേഹത്തോട് പറഞ്ഞു : അല്ലയോ നമ്മുടെ പ്രിയ തത്വചിന്തകനായ നേതാവേ…. അങ്ങ് ഈ ജയിലില്‍ അനുഭവിക്കുന്ന ഇടുക്കവും ബന്ധനവും ധരിക്കുന്ന വസ്ത്രത്തിന്റെ പരുക്കന്‍ രൂപവും ജയില്‍ വാസത്തിന്റെ കാഠിന്യവുമെല്ലാം നമ്മള്‍ കാണുന്നു. അതോടൊപ്പം തന്നെ താങ്ങളുടെ മുഖത്തെ തിളക്കവും ശരീരത്തിന്റെ ആരോഗ്യവും പഴയപടി മാറ്റമില്ലാതെയും കാണുന്നു. അതിനുള്ള കാരണം ഒന്ന് വിവരിക്കാമോ ?

അപ്പോള്‍ അദ്ദേഹം പറഞ്ഞു : എനിക്ക് കിട്ടിയ റൊട്ടിയോടൊപ്പം അഞ്ച് വിശിഷ്ടമായ ഭക്ഷണം ഞാന്‍ കഴിക്കുന്നു.
1) അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം’.
2)’എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് എന്ന അറിവ്.
3) ക്ഷമ.
4)’എനിക്ക് ബാധിച്ചത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ചെറുതാണ് ‘ എന്ന വിചാരം.
5)’എല്ലാ ദുഖത്തിനും ഒരു സന്തോഷകരമായ അന്ത്യമുണ്ടാവുമെന്ന’ ഉറപ്പ്.

ഈ ഭക്ഷണങ്ങള്‍ അകത്ത് ചെല്ലുന്നതിനാല്‍ ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. നിങ്ങളെന്നെ സുസ്‌മേരവദനനായി കാണുന്നതിന്റെ കാരണവും അതുതന്നെ. ‘അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം’ വിശ്വാസിക് താങ്ങും തണലുമാണ്. പ്രവാചകന്‍ (സ), അബ്ദുല്ലാഹ് ബിന്‍ അബ്ബാസിന് നല്‍കിയ ശ്രദ്ധേയമായ ഉപദേശം കാണുക.

അബ്ദുല്ലാഹ് ബിന്‍ അബ്ബാസ്(റ) പറഞ്ഞു : ഒരിക്കല്‍ ഞാന്‍ പ്രവാചകന് അകമ്പടിയായി നടക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞു.

يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظْ اللَّهَ يَحْفَظْكَ، احْفَظْ اللَّهَ تَجِدْهُ تُجَاهَكَ،

‘അല്ലയോ മകനേ.. ഞാന്‍ നിന്നെ ചില വാക്കുകള്‍ പഠിപ്പിക്കാം. നീ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍ നിന്നെ നേര്‍മാര്‍ഗത്തിലാക്കും

 إِذَا سَأَلْتَ فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ،

നീ ചോദിക്കുമ്പോള്‍ അല്ലാഹുവിനോട് മാത്രം ചോദിക്കുക. നീ സഹായം തേടുമ്പോള്‍ അല്ലാഹുവിനോട് മാത്രം തേടുക.

وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ، لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ،

ലോകജനത മുഴുവനും ചേര്‍ന്ന് നിനക്ക് വല്ല ഉപകാരവും ചെയ്യണമെന്ന് കരുതിയാലും അല്ലാഹു വിധിച്ചെങ്കിലേ നിനക്ക് ആ നന്‍മ കരസ്ഥമാക്കാന്‍ സാധിക്കൂ.

 وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، …
[ الترمذي، أحمد ]

ലോകജനത മുഴുവന്‍ ചേര്‍ന്ന് നിനക്ക് വല്ല ഉപദ്രവവും ചെയ്യണമെന്ന് കരുതിയാലും, അല്ലാഹു വിധിച്ചെങ്കിലേ ആ ഉപദ്രവം നിന്നെ ബാധിക്കൂ. തീ ഇബ്രാഹീം നബിയെ കരിച്ചു കളയാതിരുന്നത്,  മത്സ്യം യൂനുസ് നബിയെ വിഴുങ്ങാതിരുന്നത്, നദി മൂസാ നബിയെ മുക്കിക്കളയാതിരുന്നത്,  കൂരിരുള്‍ മുറ്റിയ കിണറും ദുഖം നല്‍കിയ ജയിലും യൂസുഫ് നബിയ തളര്‍ത്താതിരുന്നത് എല്ലാം അല്ലാഹുവിലുള്ള വിശ്വാസം അവര്‍ക്കേകിയ കരുത്താണ്.

‘എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് ‘ എന്തെങ്കിലും ആപത്ത് ബാധിക്കുമ്പോള്‍ അത് തനിക്കായി നേരത്തെ കുറിക്കപ്പെട്ട വിധിയുടെ ഭാഗമാണെന്ന് സത്യവിശ്വാസി കരുതും. അതിനാല്‍ തന്നെ ആ ആപത്തിന്റെ കാഠിന്യം കുറയുന്നതായി അനുഭവപ്പെടും. അല്ലാഹു പറയുന്നത് കാണുക.

مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ

‘അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും നമുക്ക് വന്നു ഭവിക്കുകയില്ല.
പ്രവാചക വചനം ഇതിന് ബലമേകുന്നു. പ്രവാചകന്‍ പറയുന്നു. ‘വിധിവിശ്വാസം മനസിനകത്ത് രൂഢമൂലമാവുകയും ഹൃദയത്തില്‍ ആണ്ടു പതിക്കുകയും ചെയ്താല്‍, പരീക്ഷണങ്ങള്‍ പാരിതോഷികങ്ങളായി മാറും. ഉത്കണ്ഠകള്‍ ഉപഹാരങ്ങളായി മാറും, പരുക്കനായവ നൈര്‍മല്യമുള്ളതായിത്തീരും. വേദനയേറിയ സംഭവവികാസങ്ങള്‍ പ്രതിഫലാര്‍ഹമായിത്തീരും.

ശാരീരിക പരീക്ഷണങ്ങള്‍, ഉറ്റവരുടെ വേര്‍പാട്, ഭയം നിറയുന്ന സാഹചര്യം, താമസ സ്ഥലം നശിക്കല്‍, കച്ചവടം തകരല്‍ തുടങ്ങിയ ഏത് വിധം പരീക്ഷണങ്ങളും വിശ്വാസിയെ തളര്‍ത്തുകയില്ല. കാരണം ലോക നിയന്താവായ അല്ലാഹുവിന്റെ വിധിയാണ് നടപ്പിലാക്കപ്പെട്ടത് എന്നവന് ബോധ്യപ്പെടുന്നു.

പരീക്ഷണം ബാധിച്ചപ്പോള്‍ ഉമര്‍ (റ) പറഞ്ഞ വാക്കുകള്‍ ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയത് കാണുക : ‘മൂന്ന് കാര്യത്തില്‍ അല്ലാഹുവിന് സ്തുതി. ആ പരീക്ഷണം എന്റെ ദീനിനെ ബാധിക്കാത്തതാക്കിയതില്‍, അത് കൂട്ടത്തില്‍ ഏറ്റവും വലുതാക്കാതിരുന്നതിനാല്‍, ക്ഷമിക്കാനുള്ള കഴിവ് എനിക്ക് നല്‍കിയതിനാല്‍.’

Related Articles