Current Date

Search
Close this search box.
Search
Close this search box.

മൂല്യരഹിതമാകുന്നതെങ്ങനെ?

ധാര്‍മികതയെ സംബന്ധിച്ച് പറയുമ്പോൾ അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം നമ്മുടെ ശരി തെറ്റുകളെ സംബന്ധിച്ച ബോധ്യം സമൂഹത്തില്‍ നിന്നും കടം കൊണ്ടതാണ് എന്നതാണ്. അതല്ലാതെ അവയ്ക്ക് വസ്തുനിഷ്ഠമായ (objective) ഒരു അസ്തിത്വമൊന്നുമില്ല. എന്നാല്‍ ശക്തമായ ഒരു സാമൂഹ്യ സ്ഥാപനം എന്ന നിലയിൽ മതങ്ങള്‍ക്ക് ഒരു വസ്തുനിഷ്ഠ ധാർമികത (objective morality) സമൂഹത്തിന് നല്‍കാന്‍ കഴിയുന്നുണ്ട് എന്നതു കൊണ്ടാണ് ശരി തെറ്റുകളെ സംബന്ധിച്ച ഒരു വസ്തുനിഷ്ഠ ബോധം നമുക്ക് ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന തത്തുല്യമായ മറ്റേതൊരു മാധ്യമത്തിനും ഈ ധാര്‍മികതയുടെ വസ്തുനിഷ്ഠതയെ തകര്‍ക്കാനും മാറ്റി മറിക്കാനും കഴിയും.

അതുകൊണ്ടാണ് ധാര്‍മികതയെ വസ്തുനിഷ്ഠമായിത്തന്നെ നിലനിര്‍ത്താനുള്ള പിടിവാശി ഇസ്‌ലാമില്‍ കാണാന്‍ കഴിയുന്നത്. സമൂഹത്തില്‍ സംഭവിക്കുന്ന ഏതൊരു അനീതിക്കും അക്രമത്തിനുമെതിരെയും പ്രതികരിച്ചില്ലെങ്കില്‍ പിന്നെ സംഭവിക്കുക സമൂഹത്തിനു മേല്‍ ആ തിന്മ അധീശത്വം നേടുകയും അതൊരു തിന്മയാണെന്ന ബോധ്യം പോലും ജനങ്ങള്‍ക്ക് നശിക്കലുമായിരിക്കും.

അതുകൊണ്ടുതന്നെ ഒരു അനീതി കണ്ടാല്‍ കഴിയുമെങ്കിൽ അതിനെ കൈകൊണ്ട് തടയണം എന്നാണ് പ്രവാചകന്‍ പറഞ്ഞത്. അതിന് കഴിയാത്തവർ ആ തിന്മക്കെതിരെ നാവു കൊണ്ട് പ്രതികരിച്ച് തിന്മ തിന്മ തന്നെയാണെന്ന സാമൂഹ്യ ബോധം നിലനിര്‍ത്തണം. അതിനും കഴിയാത്തവരാണെങ്കില്‍ ആ തിന്മയെ മനസ്സു കൊണ്ടെങ്കിലും വെറുത്തിരിക്കണം. കാരണം, തിന്മ അധീശത്വം നേടാതിരിക്കണമെങ്കില്‍ അത് തിന്മയാണെന്ന ബോധമാണ് അടിസ്ഥാനപരമായി നിലനില്‍ക്കേണ്ടത്. വര്‍ത്തമാന കാലത്തോട് പ്രതികരിച്ച് നടത്തുന്ന വെള്ളിയാഴ്ച ഖുതുബകള്‍ പോലും നിറവേറ്റുന്നത് ഈ സാമൂഹ്യ ഉത്തരവാദിത്തമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അഥവാ ഒബ്ജക്ടിവ് ആയ ഒരു ധാര്‍മിക ബോധം സമൂഹത്തെ പഠിപ്പിക്കുകയും അതിന്റെ വസ്തുനിഷ്ഠത നിലനിര്‍ത്താനുള്ള സാമൂഹ്യ സംവിധാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ ദര്‍ശനമാണ് ഇസ്‌ലാം.

Also read: വലതു പക്ഷ രാഷ്ട്രീയം ഫ്രാന്‍സ് മുതല്‍ ഇന്ത്യ വരെ

എന്നാല്‍ സമാനരീതിയില്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനമുള്ള മറ്റേതിനും അതിന്റേതായ ധാര്‍മികതകളെ സ്ഥാപിക്കാന്‍ കഴിയും. ഇവിടെയാണ് മുതലാളിത്തത്തിന്റെയും മാധ്യമങ്ങളുടെയുമൊക്കെ സ്ഥാനം. പരമാവധി ഉപഭോക്താക്കളെ ഉണ്ടാക്കുക, ഉപഭോക്താക്കളെക്കൊണ്ട് പരമാവധി വാങ്ങിപ്പിക്കുക എന്നതൊക്കെയാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന യുക്തി. ഉപഭോക്താവിന് ആവശ്യമുള്ളിടത്തെല്ലാം ഈ മുതലാളിത്തത്തിന്റെ കച്ചവട യുക്തി പ്രവര്‍ത്തിക്കും. ഇത് സിനിമ പോലെ ശക്തമായ സാമൂഹ്യ സ്വാധീനമുള്ള ഒരു മാധ്യമത്തിന്റെ കാര്യത്തില്‍ മാത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു നോക്കാം.

എല്ലാവര്‍ക്കുമറിയുന്ന പോലെ സിനിമയെന്നത് സംഭവങ്ങളുടെ ദൃശ്യ ചിത്രീകരണം ആണ്. ഈ ചിത്രീകരണങ്ങൾക്ക്‌ ഉപഭോക്താവിനെ ആകര്‍ഷിക്കാനും അതിലൂടെ ലഹരി നല്‍കാനും കഴിയുന്നിടത്ത് മാത്രമേ അതുകൊണ്ടുദ്ദേശിക്കുന്ന കച്ചവട യുക്തി വിജയിക്കൂ. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് സ്ത്രീ ശരീരങ്ങള്‍ ഇത്തരം വിഷ്വൽ മീഡിയകളില്‍ ഉപയോഗിക്കപ്പെടുന്നത്. കാരണം പുരുഷനെ ഒരു ഉദ്ദേശ്യം കൊണ്ടാകര്‍ഷിക്കാനും ലഹരി സമാനമായ ആസ്വാദനം നല്‍കാനും സ്ത്രീ ശരീരങ്ങള്‍ കൊണ്ട് മാത്രമാണ് കഴിയുക. പുരുഷന് സ്ത്രീയോടുള്ള ജീവശാസ്ത്രപരമായ ഹെട്രോ സെക്ഷ്വൽ അട്രാക്ഷന്റെ (ഒരേ സമയത്ത് ഒന്നിലധികം സ്ത്രീകളോട് തോന്നുന്ന ആകർഷണം) കൃത്രിമമായ പ്രയോഗങ്ങളാണ് ഇത്തരം ദൃശ്യ മാധ്യമങ്ങളിലൂടെ സംഭവിക്കുന്നത് എന്നതുകൊണ്ടു തന്നെ കച്ചവട യുക്തി മാത്രം വെച്ച് വിലയിരുത്തുമ്പോള്‍ വിജയകരമാണിത്. അതുകൊണ്ടു തന്നെ കച്ചവട താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഏതൊരു സിനിമയിലും, പരസ്യത്തിലും സ്ത്രീ ശരീരം വിപണിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

എന്നാല്‍ ഈ അശ്ലീലവിപണിക്കും പരിണമിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരളവിലുള്ള നഗ്നതയോ അശ്ലീലമോ സമൂഹത്തില്‍ സര്‍വ സാധാരണമാവുകയും ആവര്‍ത്തിച്ച് ദൃശ്യമാവുകയും ചെയ്യുന്നതിലൂടെ അതുകൊണ്ടുണ്ടാകുന്ന ആസ്വാദനവും ഉത്തേചനവും സാവധാനം നശിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ നഗ്നതയുടെയും അശ്ലീലതയുടെയും ദൃശ്യവല്‍ക്കരണം കൂട്ടിയല്ലാതെ ഈ വിപണി മാല്‍സര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. കച്ചവട സിനിമാ രംഗത്ത് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് തമിഴിലും ഹിന്ദിയിലും വന്നിട്ടുള്ള മാറ്റം മാത്രം വിലയിരുത്തിയാല്‍ ഈ പരിണാമം വ്യക്തമാണ്.

ആഗോളതലത്തില്‍ ഈ പരിണാമമിന്ന് നീലച്ചിത്രങ്ങളുടെ നിലവാരത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അമേരിക്കയില്‍ നിന്ന് മാത്രം ആഴ്ചയില്‍ 211 പുതിയ പോർണോഗ്രാഫിക് സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കൊച്ചുകേരളത്തില്‍ പോലും പൊതു ഇടങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലുമെല്ലാമായി ദൃശ്യവൽക്കരിക്കപ്പെടുന്ന നീലച്ചിത്ര നായികാ നായകന്മാരുടെ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സാമൂഹ്യ മാറ്റങ്ങള്‍ ചില്ലറയാവില്ല. സമൂഹത്തില്‍ ഒരു തിന്മക്ക് ദൃശ്യത കൈവന്നു കഴിഞ്ഞാൽ അത് പിന്നെ ജനങ്ങള്‍ക്ക് തിന്മയല്ലാതാവും എന്ന് മുന്നേ പറഞ്ഞല്ലോ. അതു തന്നെയാണ് ഈ വിഷയങ്ങളില്‍ സംഭവിക്കുക.

Also read: “മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” അണയുമ്പോൾ

സിനിമയുടെ രൂപത്തിലും മറ്റും ഇന്ന് ഒരുമിച്ചിരുന്ന് കാണുന്ന അശ്ലീലതയുടെ അതിപ്രസരം ക്രമേണ അധികരിച്ച് വരികയും നിത്യം കാണുന്ന ഒന്ന് പ്രാവര്‍ത്തികമാക്കുന്നത് തെറ്റില്ലായെന്ന ബോധമുണ്ടാവുകയും ചെയ്യും. ഈ രൂപത്തില്‍ വ്യഭിചാരം പോലും പരസ്യമാകുന്ന ഒരു സാമൂഹ്യ വ്യവസ്ഥക്ക് രണ്ടോ മൂന്നോ തലമുറ ദൂരം മാത്രമേ കാണൂ.
സാമൂഹ്യ ധാര്‍മികത ക്രമരാഹിത്യത്തിലേക്ക് പരിണമിക്കുന്നതിന്റെ ഒരു രൂപം മാത്രമാണിത്. ഈ നിലയ്ക്ക് സമൂഹത്തില്‍ ഇടപെടാന്‍ കഴിയുന്ന ഏതൊന്നിനും അതിന്റെ ധാര്‍മിക സംവിധാനത്തെ നശിപ്പിക്കാനും മാറ്റി മറിക്കാനുമൊക്കെ കഴിയുമെന്നാണ് പറഞ്ഞു വന്നത്. ഈ അർത്ഥത്തിൽ സമൂഹത്തിന്റെ ധാര്‍മിക സംവിധാനങ്ങളെത്തന്നെ തകര്‍ക്കാന്‍ യോഗ്യതയുള്ള ഒരു ദര്‍ശനമാണ് നാസ്തികത.

Related Articles