Current Date

Search
Close this search box.
Search
Close this search box.

ബലിയുടെ ആത്മാവ്

രണ്ടു ബലികളെ കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നത്. ഒന്ന് ബനീ ഇസ്റാഈല്‍ സമൂഹം നടത്തിയ ബലിയാണ്. പ്രസ്തുത ബലിയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അവര്‍ പ്രവാചകനോട് ഒരുപാട് ചോദ്യം ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചപ്പോള്‍ അവര്‍ക്ക് നിര്‍ബന്ധപൂര്‍വം ബലി നടത്തേണ്ടി വന്നു. അതിനവര്‍ ഉപയോഗിച്ചത് ആ നാട്ടിലെ തന്നെ ഏറ്റവും മുന്തിയ ഉരുവിനെയും. പക്ഷെ ആ ബലിയെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ‘അങ്ങനെ അവര്‍ അതിനെ അറുത്തു. അവരത് ചെയ്യാന്‍ തയാറായിരുന്നില്ല’ എന്നായിരുന്നു.

അതെ സമയം മറ്റൊരു ബലിയെ കുറിച്ച് കൂടി ഖുര്‍ആന്‍ പറയുന്നു. ആ ബലി നടന്നിട്ടില്ല. എങ്കിലും ബലി എന്നതിന്റെ ആത്മാവായി അത് കണക്കാക്കുന്നു. ഇബ്രാഹിം നബി മകന്‍ ഇസ്മായിലിനെ ബലി നല്‍കാന്‍ തയ്യാറായ സംഭവത്തെ കുറിച്ചാണ് അങ്ങിനെ പറയുന്നത്. ബലിയെ കുറിച്ച് ഖുര്‍ആന്‍ മറ്റൊന്നും കൂടി പറഞ്ഞു ‘അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു’. അതെ സമയം ബലി മൃഗത്തിന് വേണ്ട വിശേഷണങ്ങള്‍ കൂടി ഇസ്ലാം പറയുന്നുണ്ട്. എല്ലാ തരത്തിലുമുള്ള ന്യൂനതകളില്‍ നിന്നും മുക്തമാവണം എന്നത് അതിന്റെ ഒരു നിബന്ധനയാണ്.

മുകളില്‍ പറഞ്ഞ രണ്ടു ഉദാഹരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുക കര്‍മങ്ങളുടെ ബാഹ്യരൂപവും ആത്മാവും തമ്മിലുള്ള വൈരുധ്യമാണ്. അത് കൊണ്ടാണ് ഹജ്ജിനെ കുറിച്ച് പറഞ്ഞപ്പോള്‍ ‘നിങ്ങള്‍ പാഥേയം ഒരുക്കണം എന്നാല്‍ ഏറ്റവും നല്ല പാഥേയം സൂക്ഷ്മതയാണ്’ എന്ന് ഖുര്‍ആന്‍ പറഞ്ഞത്. യാത്രക്കും മറ്റും വേണ്ട സാഹചര്യങ്ങള്‍ ഒരുക്കണം എന്നത് പോലെ തന്നെ ‘തഖ്വ’ എന്ന പാഥേയവും ഒപ്പം കരുതണം. ഉരുക്കളുടെ ബാഹ്യമായ രൂപമല്ല അല്ലാഹുവിന്റെ അരികില്‍ മാര്‍ക്കിടുക. അതിന്റെ പിന്നിലെ ത്യാഗവും സമര്‍പ്പണവുമാണ്. സമര്‍പ്പണം കൈമോശം വന്നാല്‍ പിന്നെ കര്‍മങ്ങള്‍ ജീവനില്ലാത്തതാകും. അതാണ് ബനൂ ഇസ്റാഈല്‍ സമൂഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. ബാഹ്യമായ കണക്കില്‍ ഏറ്റവും നല്ല ഉരുവിനെ തന്നെ ബലി കര്‍മം നടത്തി. പക്ഷെ അതിന്റെ പിന്നിലെ ‘തഖ്വ’ ചോര്‍ന്നു പോയി.

നമ്മുടെ നാട്ടിലും ഉദുഹിയ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും മത്സരം നടക്കാറുണ്ട്. നന്മയിലെ മത്സരം നല്ലതാണ്. പക്ഷെ അത് ബലിയുടെ എണ്ണത്തിലും വണ്ണത്തിലുമുള്ള മത്സരമാകരുത്. പകരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിക്കാനുള്ള മനസ്സുമായി ബന്ധപ്പെട്ടതാണ്. ബലിയും നമസ്‌കാരവും ഒരിടത്തു ഖുര്‍ആന്‍ ചേര്‍ത്ത് പറയുന്നു. ഒന്ന് അനുഷ്ഠിക്കാന്‍ തീര്‍ത്തും പ്രയാസമേറിയത്. അതായത് നമസ്‌കാരം. മറ്റൊന്ന് ധനവുമായി ബന്ധപ്പെട്ടതും. തികഞ്ഞ വിശാല മനസ്സുള്ളവര്‍ക്കു മാത്രമാണ് ഇവ രണ്ടും സമര്‍ത്ഥമായി മറികടക്കാന്‍ കഴിയുക. ഹജ്ജിനെ കുറിച്ച് പറഞ്ഞപ്പോള്‍ പറഞ്ഞത് ‘ഈ നിര്‍ണിത മാസങ്ങളില്‍ ഹജ്ജു ചെയ്യാന്‍ തീരുമാനിച്ചവര്‍, ഹജ്ജുവേളയില്‍ സ്ത്രീസംസര്‍ഗവും പാപവൃത്തികളും വാക്കേറ്റങ്ങളും വര്‍ജിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കട്ടെ’ എന്നാണ്. ഇത്തരം കാര്യങ്ങളില്‍ നിന്നും മാറി നില്ക്കാന്‍ വേണ്ടിയാണു പാഥേയത്തില്‍ ‘തഖ്വ’യെ കുറിച്ചു പറഞ്ഞതും.

അള്ളാഹു മനുഷ്യ മനസ്സിലേക്കും അവന്റെ പ്രവര്‍ത്തിയിലേക്കുമാണ് നോക്കുന്നത് എന്ന പ്രവാചക വചനം കൂടി ഇതിനോട് ചേര്‍ത്ത് പറയണം . ആത്മാര്‍ഥതയുണ്ടായില്ല എന്നതാണ് ഏറ്റവും മുന്തിയ ഉരുവിനെ ബലി കഴിച്ചും ഒരു വിഭാഗത്തിന്റെ ബലി സ്വീകരിക്കാതെ പോയത്. അതെ സമയം തികഞ്ഞ സമര്‍പ്പണവും ആര്‍ത്മാര്‍ത്ഥയുമാണ് ഇബ്രാഹിം നബിയുടെ ബലിയെ എന്നും ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നതും.

Related Articles