Faith

ചൈനയും ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്ന മുസ്‌ലിംകളും

മുസ്‌ലിം മനസ്സുകളില്‍ നിന്നും ഇസ്‌ലാമിനെ തുടച്ചുനീക്കാന്‍ സര്‍വശക്തിയുമെടുത്ത് ശ്രമിക്കുകയാണ് ചൈന. പ്രത്യേകിച്ചും അധിനിവിഷ്ട കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ വ്യത്യസ്തമായ കാരണങ്ങള്‍ ഉയര്‍ത്തി കൊടിയ പീഢനങ്ങള്‍ക്കാണവര്‍ വിധേയരാക്കപ്പെടുന്നത്. അല്ലാഹു നിര്‍വഹിക്കാന്‍ കല്‍പിച്ചിട്ടുള്ള ദീനീ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും മുസ്‌ലിംകളെ തടയാന്‍ ശ്രമിക്കുന്നതില്‍ വിഷയം ഒതുങ്ങുന്നില്ല. അതിലുപരിയായി തങ്ങള്‍ വിശ്വസിക്കുന്ന ദീന്‍ ഉപേക്ഷിച്ച് മതനിരാസത്തിലധിഷ്ഠിതമായ കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നവരാക്കി മാറ്റിയെടുക്കുന്നതിനുള്ള മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്.

ചൈനീസ് ഭരണകൂടത്തിന്റെ ഈ അതിക്രമങ്ങള്‍ രഹസ്യമായി നടക്കുന്ന ഒന്നല്ല. ഇക്കാര്യങ്ങള്‍ ഭരണകൂടം നിഷേധിക്കുന്നില്ലെന്ന് മാത്രമല്ല, ജനങ്ങള്‍ക്ക് മുമ്പില്‍ പരസ്യപ്പെടുത്തുകയാണ്. വിഷയത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണനയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്നതും മുതലെടുക്കുകയാണവര്‍. ചൈനീസ് ഭരണകൂടം മുസ്‌ലിംകളെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ദശലക്ഷത്തോളം വരുന്ന ഉയ്ഗൂര്‍ വംശജര്‍ ചൈനിയില്‍ വലിയ ജയിലില്‍ അടക്കപ്പെട്ട പോലെ തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന നിരവധി റിപോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള മനുഷ്യാവകാശ വേദി പറഞ്ഞിരിക്കുന്നത്.

ഉയ്ഗൂരിലെ രണ്ട് ദശലക്ഷത്തോളം വരുന്ന മുസ്‌ലിം ന്യൂനപക്ഷം കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ഷിന്‍ജിയാങ് പ്രദേശത്തെ രാഷ്ട്രീയ തടവറയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വംശീയ ഉന്മൂലന വിവേചന സമിതിയംഗം ജോ മക്‌ഡോഗല്‍ സാക്ഷ്യപ്പെടുത്തുന്നു. അവര്‍ പറയുന്നു: ഉയ്ഗൂര്‍ വംശജരുടെ പ്രദേശം ഒരു കൂറ്റന്‍ തടങ്കല്‍ പാളയമാക്കി മാറ്റിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വിശ്വസനീയമായ നിരവധി റിപോര്‍ട്ടുകള്‍ ഞങ്ങള്‍ ഉത്കണ്ഠാകുലരാക്കി. മതതീവ്രവാദത്തെ ചെറുക്കലിന്റെയും സമൂഹത്തിന്റെ സുസ്ഥിരത സംരക്ഷിക്കുന്നതിന്റെയും മറയിട്ട് ‘അവകാശങ്ങളില്ലാത്ത’ മേഖലയായിട്ടാണതിനെ കണക്കാക്കുന്നത്.

അതേസമയം ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പത്രം ആവശ്യപ്പെട്ടത് പോലെ മസ്ജിദുകള്‍ തകര്‍ക്കുന്നതിന് നിയമ സാധുത നല്‍കുന്ന പ്രവര്‍ത്തനങ്ങളും ചൈനീസ് ഭരണകൂടം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ചരിത്രപ്രധാന മസ്ജിദ് തകര്‍ക്കാനുള്ള പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണ് രാജ്യത്തെ ഉദ്യോഗസ്ഥര്‍. ‘നിയമത്തിന്റെ അധികാരത്തിന് മുകളില്‍ ഒരു മതവും ഇല്ല’ എന്നാണ് അവര്‍ പറയുന്നത്.

ഗ്ലോബല്‍ ടൈംസ് പത്രം അതിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞു: ”രാജ്യത്തെ മുഴുവന്‍ മതവിഭാഗങ്ങള്‍ക്കും അവയൊന്നും തന്നെ നിയമത്തിന് മുകളിലല്ല എന്ന സന്ദേശം ഭരണകൂടം നല്‍കേണ്ടതുണ്ട്.” ”മസ്ജിദ് തകര്‍ക്കുന്നത് തീര്‍ച്ചയായും പ്രദേശത്തെ മതവിശ്വാസികളുടെ രോഷം ഉയര്‍ത്തുന്നതിന് കാരണമാകും. അതേസമയം പ്രാദേശിക ഭരണകൂടം അതിനോട് കാണിക്കുന്നനിഷ്‌ക്രിയത്വം ചൈനയില്‍ നിയമങ്ങളേക്കാള്‍ ഉയര്‍ന്ന അധികാരം മതങ്ങള്‍ക്കുണ്ടെന്ന ചിന്തക്കത് പോഷണം നല്‍കും.” എന്നും പത്രം കൂട്ടിചേര്‍ത്തു.

വടക്കന്‍ ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ സ്വയംഭരണ പ്രദേശമായ നിങ്‌സിയയില്‍ ഈയടുത്ത് പുതിക്കിപണിത പൗരാണിക മസ്ജിദ് തകര്‍ക്കാനുള്ള ഭരണകൂടനീക്കത്തിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. ചൈനീസ് നിര്‍മാണ രീതിയില്‍ 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിക്കപ്പെട്ട ഫോക്യോ നഗരത്തിലെ ഫോക്യോ മസ്ജിദിന് മുന്നില്‍ നൂറുകണക്കിന് ഖോയ് വംശജരായ മുസ്‌ലിംകളാണ് പ്രകടനം നടത്തിയതെന്ന് പ്രാദേശിക പത്രമായ സൗത്ത് ചൈന മോണിംഗ് റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ ‘ചൈനീസ് സാംസ്‌കാരിക വിപ്ലവത്തി’നിടെ തകര്‍ക്കപ്പെട്ടതായിരുന്നു അത്. ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രകടനക്കാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പാണ് തകര്‍ക്കപ്പെട്ട മസ്ജിദ് പുനര്‍നിര്‍മിച്ചത്.

ചരിത്ര പ്രധാനമായ മസ്ജിദ് തകര്‍ത്തതിന് ഭരണകൂടം ന്യായം കണ്ടെത്തുന്നതിന് അതിന് നിര്‍മാണാനുമതി ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞാണ്. നിങ്‌സിയ പ്രദേശം നേരത്തെ അത്ര വലിയ ഒരു പ്രകടനത്തിനും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും ‘സൗത്ത് ചൈന മോണിംഗ്’ സൂചിപ്പിക്കുന്നു. എല്ലാത്തരം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായ നടപടികളാണ് ചൈനീസ് ഭരണകൂടം അവിടത്തെ മുസ്‌ലിംകള്‍ക്ക് നേരെ സ്വീകരിക്കുന്നത്. മുസ്‌ലിം രാഷ്ട്രങ്ങളും ഭരണകൂടങ്ങളും ചൈനയുടെ ഈ നീക്കത്തിന് കടിഞ്ഞാണിടാന്‍ മുന്നോട്ടുവരേണ്ടത് അനിവാര്യമായിരിക്കുകയാണ്.

മൊഴിമാറ്റം: അബൂഅയാശ്

Facebook Comments
Show More

Related Articles

Close
Close