Current Date

Search
Close this search box.
Search
Close this search box.

ഉറുമ്പുകള്‍ കണ്ട ദുരന്തം

ants.jpg

സൂഫി ചിന്തകനും എഴുത്തുകാരനുമായ അഹ്മദ് ഹില്‍മി തന്റെ പ്രശസ്തമായ ‘അഅ്മാകേ ഹയാല്‍’ (ഭാവനയുടെ ആഴങ്ങള്‍) എന്ന ഗ്രന്ഥത്തില്‍ മനുഷ്യ മനസ്സിന്റെ പരിമിതിയെ അടയാളപ്പെടുത്തുന്ന ഒരു കഥ ഉദ്ധരിക്കുന്നു. കേന്ദ്ര കഥാപാത്രമായ റാജി സൂഫിയായ അയ്‌നാലി ബാബയെ കാണാന്‍ പോകുന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ബാബ റാജിക്ക് കുടിക്കാനായി ഒരു കപ്പ് കാപ്പി നല്‍കി. റാജി അത് കുടിച്ചുകൊണ്ടിരിക്കെ അയ്‌നാലി ബാബ തന്റെ കയ്യിലുള്ള ഓടക്കുഴല്‍ വായിക്കാനാരംഭിച്ചു. ബാബയുടെ ഓടക്കുഴല്‍ വാദനത്തിന്റെ മാസ്മരികതയില്‍ റാജി പതിയെ കണ്ണുകളടച്ചു. അവന്‍ ഏതോ ഒരു സ്വപ്‌നലോകത്ത് എത്തിച്ചേര്‍ന്നു.

സ്വപ്‌നത്തില്‍ അവന്‍ ഒരു ഉറുമ്പ് രാജകുമാരനായിരുന്നു. രാജഗുരു വന്ന് രാജാവിന്റെ അടുക്കല്‍ നിന്ന് രാജകുമാരന് വിദ്യ അഭ്യസിപ്പിക്കാനുള്ള അനുമതി തേടി. പിതാവിന്റെ അനുമതിയോടെ രാജകുമാരനായ റാജി അന്നത്തെ ഭൂമിശാസ്ത്ര ക്ലാസിനായി ഗുരുവിനൊപ്പം പുറപ്പെട്ടു. അത് ഒരു പ്രശാന്തമായ പ്രഭാതമായിരുന്നു. ഗുരു അവിടെയുള്ള മലകളെ കുറിച്ചും പുഴകളെ കുറിച്ചുമൊക്കെ വിവരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ഘോര ശബ്ദവും തുടര്‍ന്ന് പേമാരിയും അവര്‍ കണ്ടു. മുന്നിലുണ്ടായിരുന്ന ഉറുമ്പുകളെല്ലാം നിലവിളിച്ച് ഓടുന്നതാണ് അവര്‍ കണ്ടത്. എന്നാല്‍ മനുഷ്യ മനസ്സിലൂടെ ആ കാഴ്ച കണ്ട റാജിക്ക് കാര്യം പിടികിട്ടി. അവിടെ നടന്ന ഘോര ഗര്‍ജ്ജനം യഥാര്‍ത്ഥത്തില്‍ കുതിരകളുടെ കുളമ്പടി ശബ്ദമായിരുന്നു. അവര്‍ക്ക് അനുഭവപ്പെട്ട പേമാരിയാകട്ടെ കുതിരകള്‍ മൂത്രമൊഴിച്ചതായിരുന്നു. ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട ഉറുമ്പുകള്‍ ഗുരുവിനോടൊപ്പം മടങ്ങുകയാണ്. ക്ലാസില്‍ എത്തിയ ശേഷം എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് രാവിലെ നടന്ന ദുരന്തത്തെ കുറിച്ചായിരുന്നു. ഓരോരുത്തരും അവരുടേതായ രീതിയില്‍ ദുരന്തത്തിന്റെ ഭീകരതയെ കുറിച്ച് പറഞ്ഞു. എന്നാല്‍ ആ വിശദീകരണങ്ങളൊന്നും യഥാര്‍ത്ഥ്യവുമായി തെല്ലും ബന്ധമില്ലാത്തവയാണെന്ന് റാജിക്ക് ബോധ്യമായി.

തനിക്ക് കുറച്ച് കൂടി വിശാലമായ രീതിയില്‍ ആ സംഭവത്തെ കാണാന്‍ പറ്റിയെന്നും അത് ദുരന്തമല്ലായിരുന്നുവെന്നും പറയാന്‍ റാജിക്ക് തോന്നി. എന്നാല്‍ തന്നെ ആരും അവിടെ വിശ്വസിക്കില്ല എന്നു റാജിക്ക് മനസ്സിലായി. കാരണം, അവര്‍ കാര്യങ്ങളെ മനസ്സിലാക്കുന്നത് അവരുടെ കാഴ്ചപ്പാടിലൂടെയാണ്. അതുകൊണ്ട് ഉറുമ്പുകളായ തന്റെ സഹജീവികള്‍ പറയുന്ന വിശദീകരണങ്ങള്‍ അവന്‍ സശ്രദ്ധം കേട്ടിരുന്നു. എന്നാല്‍ പതിയെ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു. കണ്ണ് തുറന്നു നോക്കിയപ്പോള്‍ ബാബയും ചിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു കവിതയും:
”സൂര്യന്‍ അതാ കത്തുന്നു,
ഭൂമി ഇതാ വിറക്കുന്നു.
എല്ലാം ഒരുനാള്‍ തകരും.
അല്ലയോ ജ്ഞാനിയായ മനുഷ്യാ
നിനക്കറിയുമോ അതിന്റെ കാരണം.”

പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊള്ളുന്നിടത്ത് മനുഷ്യ മനസ്സും കഥയില്‍ സൂചിപ്പിച്ച ഉറുമ്പുകള്‍ക്ക് തുല്യമാണ്. ദൈവിക വചനങ്ങളെയും പ്രവാചക അധ്യാപനങ്ങളെയും ഉള്‍കൊള്ളാനാവാത്ത മനസ്സുകളെല്ലാം ആ ഉറുമ്പുകളുടേത് പോലെ കുടുസ്സാണ്. തങ്ങളുടെ ലോകവീക്ഷണമാണ് ശരി എന്ന് അവര്‍ വിശ്വസിക്കുന്നു. ഭൗതികലോകത്ത് അസംഭവ്യമായ പല കാര്യങ്ങളും സ്വപ്‌നങ്ങളിലൂടെ നാം ദര്‍ശിക്കാറുണ്ട്. തീര്‍ച്ചയായും സ്വപ്‌നങ്ങള്‍ പരലോക ചിന്തയെ ഉണര്‍ത്തേണ്ടവയാണ്. കാരണം അസംഭവ്യമെന്ന് നമുക്ക് തോന്നുന്നവ ഭൗതികലോകത്ത് തന്നെ സംഭവിക്കുന്നതായിട്ട് നാം സ്വപ്‌നം കാണുന്നുവെങ്കില്‍ എന്തുകൊണ്ട് അവ യാഥാര്‍ത്ഥ്യമായി കൂടാ? അത്രയും ഭാവന മാത്രമേ പരലോകത്തിന്റെ അസ്തിത്വ ചിന്തയ്ക്ക് നമുക്ക് ആവശ്യമായിട്ടുള്ളൂ. നമ്മുടെ ഇന്ദ്രിയങ്ങള്‍ പരിമിതമാണെന്ന് സ്വയം സമ്മതിക്കുമ്പോള്‍ തന്നെ ഈ ലോകത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളെ എന്തുകൊണ്ട് നാം വിലകുറച്ച് കാണുന്നു?

പ്രവാചകന്മാരാണ് അഭൗതിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് കറ കളഞ്ഞ ജ്ഞാനമുള്ള മനുഷ്യര്‍. കാരണം, അവരുടെ ജ്ഞാനം ദൈവികമാണ്. എന്നാല്‍ ദൈവിക ജ്ഞാനത്തെ അംഗീകരിക്കാത്ത പല മനുഷ്യരും ഈ ലോകത്തിന്റെ രഹസ്യങ്ങള്‍ ചികഞ്ഞ് ചിഞ്ഞ് തത്വജ്ഞാനികളുടെയും ചിന്തകന്മാരുടെയും വേഷം കെട്ടിയവരാണ്. അവര്‍ സ്വന്തം പരിമിതികളുടെ വലയത്തിനകത്ത് നിന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നു. അപൂര്‍ണമായ തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് വേണ്ടി പരസ്പരം തര്‍ക്കിക്കുന്നു. ഫ്രഞ്ച് ചിന്തകനായ ബ്ലെയ്‌സ് പാസ്‌ക്കല്‍ കുറേക്കാലം തന്റെ താത്വിക വിശകലനങ്ങളില്‍ അഭിരമിച്ച ശേഷം അവസാനം മനസ്സിന്റെ പരിമിതികളെ കുറിച്ച് ബോധവാനായി. മനുഷ്യ ചിന്തകളുടെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് അദ്ദേഹം പറയുന്നു:
”കാലദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരാത്ത ഒരു ശരിയോ തെറ്റോ ലോകത്ത് ഇല്ല. അക്ഷാംശ രേഖാംശങ്ങളില്‍ വരുന്ന നേരിയ വ്യതിയാനം പോലും കര്‍മശാസ്ത്രങ്ങളില്‍ മാറ്റം വരുത്തുന്നു. അടിസ്ഥാന നിയമങ്ങള്‍ പോലും വ്യത്യസ്തമാകുന്നു. ഒരു നദിക്കോ പര്‍വതത്തിനോ അപ്പുറവും ഇപ്പുറവും നീതി രണ്ടാണ്. പിരണീസിന് ഇപ്പുറമുള്ള ശരി, അപ്പുറത്ത് തെറ്റ് ആയിരിക്കും.”

വിവ: അനസ് പടന്ന

Related Articles