Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം നവീകൃത പതിപ്പ്

islam1.jpg

അല്ലാഹു മനുഷ്യരിലേക്കും ജിന്നുകളിലേക്കും തന്റെ സന്മാര്‍ഗചാരികളും വിശ്വസ്തരുമായ പ്രവാചകന്മാരെ സന്ദേശങ്ങളുമായി നിയോഗിക്കുകയുണ്ടായി. അല്ലാഹു അവരെ പാപങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ മറ്റ് മനുഷ്യരെ പോലെ തന്നെ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്തവരായിരുന്നു. അല്ലാഹു അവരെ എല്ലാ സൃഷ്ടിജാലങ്ങളിലും വെച്ച് ഉന്നതരാക്കി. അവരില്‍ തന്നെ ഏറ്റവും ഉല്‍കൃഷ്ടന്‍ അന്ത്യപ്രവാചകനായി നിയോഗിതനായ മുഹമ്മദ് നബി(സ) യാണ്.

പ്രവാചകന്‍(സ) യിലൂടെ അല്ലാഹു അവതരിപ്പിച്ച സന്ദേശം മുന്‍കാല പ്രവാചക ദീനുകളുടെ നവീകരിച്ച രൂപമാണ്. നവീകരിച്ച പതിപ്പ് മുന്നിലുണ്ടായിരിക്കെ പഴയ പതിപ്പുകളിലേക്ക് തിരിയുന്നത് മനുഷ്യയുക്തിക്ക് ചേര്‍ന്നതല്ല. എല്ലാ പ്രവാചക ദീനുകളും മുന്നോട്ട് വെച്ച് ഏകദൈവത്വം തന്നെയാണ് ഇസ്‌ലാമും ആതന്ത്യധികമായി ഉദ്‌ഘോഷിക്കുന്നത്. യൂനുസിനേക്കാള്‍ ശ്രേഷ്ഠന്‍ ഞാന്‍ ആണെന്ന് നിങ്ങള്‍ പറയരുതെന്ന് പ്രവാചകന്‍(സ) അരുളിയത് അവര്‍ ഇരുവരും കൊണ്ടുവന്ന സന്ദേശത്തിന്റെ സാദൃശ്യം വിളംബരം ചെയ്യുന്നതാണ്. യൂനുസ്(അ) പറഞ്ഞ ഏകദൈവത്വം തന്നെയാണ് മുഹമ്മദ് നബി(സ)യും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ടപ്പോഴും യൂനുസ് കാണിച്ച ദൈവവിശ്വാസമാണ് അറേബ്യന്‍ ഉപദ്വീപ് തന്റെ കാല്‍ക്കീഴില്‍ വന്നപ്പോള്‍ പ്രവാചകന്‍(സ) കാണിച്ച വിനയവും. അവര്‍ ഇരുവരുടെയും സന്ദേശത്തിന്റെ പ്രകാശം ഒന്നായിരുന്നു. അതുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ”ദൂതന്മാര്‍ക്കിടയില്‍ നാം വേര്‍തിരിവു കല്‍പിക്കുന്നില്ല” (അല്‍ബഖറ: 285).

ഇസ്‌ലാമിനെ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദീന്‍ ആയിക്കൊണ്ടാണ് അല്ലാഹു അവതരിപ്പിച്ചത്. ക്രിസ്ത്യാനി ആയാലും ജൂതന്‍ ആയാലും മറ്റേത് മതവിഭാഗക്കാരനായാലും ഇസ്‌ലാമിലാണ് അഭയം കണ്ടെത്തേണ്ടത്. കാരണം, തങ്ങള്‍ വിശ്വസിക്കുന്ന ദൈവം മനുഷ്യസമൂഹത്തിന് മൊത്തമായി നല്‍കിയ അവസാന ആദര്‍ശത്തെ അവര്‍ കണ്ടെത്തേണ്ടതുണ്ട്. മുന്‍കഴിഞ്ഞു പോയ വിശ്വാസ സംഹിതകളെ നിരാകരിച്ചു കൊണ്ടല്ല ഇസ്‌ലാം കടന്നുവന്നത്, അവയെയൊക്കെ അംഗീകരിച്ചുകൊണ്ടും സത്യപ്പെടുത്തിക്കൊണ്ടുമാണ്. കാരണം, അവയുടെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പാണ് ഇസ്‌ലാം. ഇസ്‌ലാമിനെ അറിഞ്ഞതിനു ശേഷം പഴയ ആദര്‍ശങ്ങളില്‍ തന്നെ തുടരുന്നവര്‍ സ്വന്തത്തോട് ചെയ്യുന്ന അനീതിയാണെന്ന് ദൈവിക പ്രമാണം.

ഇസ്‌ലാമിന്റെ വരവോടെ മുന്‍കാല ദൈവിക മതങ്ങള്‍ കാലഹരണപ്പെട്ടുപോയി എന്നു പറയുന്നതിനെ പൗരാണിക പണ്ഡിതന്‍ ഇബ്‌നു അറബി വിമര്‍ശിക്കുന്നു. മറ്റ് ദൈവിക മതങ്ങള്‍ നക്ഷത്രങ്ങളാണെങ്കില്‍, ഇസ്‌ലാം ശോഭയോടെ ജ്വലിക്കുന്ന സൂര്യനാണ്. സൂര്യനും സ്വയം ഒരു നക്ഷത്രമാണ് താനും. എന്നാല്‍ സൂര്യന്റെ വെളിച്ചത്തില്‍ നക്ഷത്രങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു. എല്ലാവരും സൂര്യനെ ആശ്രയിക്കുന്നു. എന്നാല്‍ നക്ഷത്രങ്ങള്‍ക്ക് സ്ഥാനചലനമുണ്ടാവുകയോ അവയുടെ ഉണ്‍മ നഷ്ടപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച് സൂര്യന്റെ ശോഭയില്‍ അവ മനുഷ്യരുടെ ദൃഷ്ടിയില്‍ പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഉദാഹരണത്തിലൂടെ മുന്‍കാല ദൈവിക മതങ്ങള്‍ ഇസ്‌ലാമിന്റെ വരവോടെ കാലഹരണപ്പെടുകയല്ലെന്നും മറിച്ച് ഇസ്‌ലാം അവയെ നവീകരിക്കുകയായിരുന്നു എന്നും ഇബ്‌നു അറബി പ്രസ്താവിക്കുന്നു.

വിവ: അനസ് പടന്ന

Related Articles