Current Date

Search
Close this search box.
Search
Close this search box.

അസാന്നിധ്യമാണ് നമ്മെ സാധ്യമാക്കുന്നത്

faith.jpg

കല്‍പ്പറ്റ നാരായണന്റെ ‘തത്സമയം’ എന്ന പുസ്തകം ആരംഭിക്കുന്നത് ഒരു കഥ പറഞ്ഞു കൊണ്ടാണ്. ‘കുവൈറ്റില്‍ ജോലി ചെയ്യുന്ന യുവാവ് നാട്ടിലെ ഭാവി വധു കൂടിയായ കാമുകിക്ക് നിത്യവും കത്തെഴുതി. ചില ദിവസങ്ങളില്‍ സ്‌നേഹം നിയന്ത്രിക്കുവാനാവാതെ രണ്ടും മൂന്നും കത്തുകള്‍ വരെ അയാളെഴുതി. ഒടുവില്‍ അത് സംഭവിച്ചു. അവള്‍ പോസ്റ്റ്മാന്റെ കൂടെ ഒളിച്ചോടി’.

അടുത്തിരുന്ന് ഒരുപാട് സ്‌നേഹം തന്ന് അകലേക്ക് മറഞ്ഞ പല ബന്ധങ്ങളും നമുക്കുണ്ട്. പലപ്പോഴും അവരെക്കുറിച്ച ഓര്‍മ്മകള്‍ നമ്മളെ വല്ലാതെ പുളകം കൊള്ളിക്കും. മുമ്പൊരു തീവ്ര സാന്നിധ്യത്തിന്റെ അനുഭവമായിരുന്ന അത്തരം ബന്ധങ്ങള്‍ അസാന്നിധ്യത്തിനിടയിലും പുന:രാവിഷ്‌ക്കരിക്കാന്‍ നമ്മളങ്ങനെ ശ്രമിക്കും. ചാരത്തിരുന്ന് ചേര്‍ത്തു പിടിക്കാനാവില്ലെങ്കിലും അവരവശേഷിപ്പിച്ചു പോയ ഓര്‍മ്മകളെ നാം താലോലിക്കും. അവരുപയോഗിച്ചിരുന്ന വസ്തുക്കളും, അവരോടൊപ്പം സഞ്ചരിച്ച വഴിത്താരകളും അവരുടെ അസാന്നിധ്യത്തെ വലിയൊരു അദൃശ്യ സാന്നിധ്യമായി നമ്മളനുഭവിക്കും.

കഥയിലെ നായിക അദൃശ്യ സാന്നിധ്യത്തിന്റെ അനുഭൂതിയില്‍ നിന്ന് അപ്പപ്പോള്‍ ജീവിതത്തിന് വര്‍ണ്ണം നല്‍കുന്ന സാന്നിധ്യത്തോടൊപ്പം ചേര്‍ന്നു പോവാന്‍ തീരുമാനിച്ചവളാണ്. ഇന്നിന്റെ സന്തോഷത്തില്‍ മാത്രം ജീവിതത്തെ വരച്ചവള്‍ പ്രപഞ്ചനാഥനുമായുള്ള നമ്മുടെ ബന്ധത്തെ അടയാളപ്പെടുത്താനുള്ള സാധ്യതകള്‍ നമുക്കിവിടെ ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. ‘ഗൈബി’ ല്‍ വിശ്വസിക്കാനാണ് ഖുര്‍ആന്‍ നമ്മോടാവശ്യപ്പെടുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയാത്ത അനുഭവമാണല്ലോ ‘ഗൈബ്’ എന്നിട്ടും നമ്മളവനില്‍ വിശ്വസിക്കുന്നത് തീവ്രമായ ഒരാസാന്നിധ്യത്തിലും ഹൃദയവും മനസ്സും ആ സാന്നിധ്യത്തെ തിരിച്ചറിയുന്നതു കൊണ്ടാണ്. ഒരേ സമയം സാന്നിധ്യവും അസാന്നിധ്യവുമാണ് അല്ലാഹു. ‘നിങ്ങളെവിടെയാണെങ്കിലും അവന്‍ നിങ്ങളോടൊപ്പമുണ്ട്’ എന്ന് ഖുര്‍ആന്‍ പറയുന്നത് നാഥന്റെ അസാന്നിധ്യത്തെ സാന്നിധ്യമായി അനുഭവഭേദ്യമാക്കാനാണ്. തിന്മകളില്‍ നിന്നകലാനുള്ള താക്കീതിന്റെ ധ്വനി മാത്രമല്ല, ഏത് പ്രതിസന്ധികളിലും തളരാതിരിക്കാന്‍ അവന്‍ കൂടെയുണ്ടെന്ന സ്വരം കൂടിയുണ്ടതിന്.

‘അല്ലാഹുവിനെക്കുറിച്ച ഓര്‍മ്മകള്‍ നിറയുമ്പോഴാണ് ഹൃദയങ്ങള്‍ സമാധാനം പ്രാപിക്കുന്നത്’ എന്ന് ഖുര്‍ആനരുളുന്നതും ഇവിടെ കൂട്ടിവായിക്കണം. ആ സ്മരണയുടെ നിലനില്‍പ്പാണ് നമസ്‌കാരമടക്കം താല്‍പ്പര്യപ്പെടുന്നതെന്ന് മറ്റൊരു ഖുര്‍ആനിക ഭാഷ്യം. സ്മരിക്കുന്തോറും തിരികെയോര്‍ക്കുന്ന, അടുക്കുന്തോറും അകത്തേക്കു പ്രവഹിക്കുന്ന വലിയൊരാത്മനിര്‍വൃതിയായി നാഥന്‍ നമ്മോടൊപ്പമുണ്ടാകുമ്പോഴാണ് ജീവിതം സൂക്ഷ്മതയുടെ ആഴങ്ങള്‍ തൊട്ടറിയുന്നത്. അവനെ ഭയപ്പെട്ടുകൊണ്ടു മാത്രമല്ല, സ്‌നേഹിച്ചു കൂടിയുള്ള ജീവിതനിര്‍വ്വഹണമാണ് നമ്മോട് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഭീതിയോടെ മാത്രം ചേര്‍ന്നു നില്‍ക്കാനുള്ള ഇടങ്ങളായല്ല, ജീവനാഥനെ അനുഭവിക്കാനുള്ള ആഹ്ലാദത്തിന്റെ സന്ദര്‍ഭമായിക്കൂടി ആരാധനകളെ മനസ്സിലാക്കുമ്പോഴാണ് അവ പൂര്‍ണ്ണത പ്രാപിക്കുന്നത്. ‘എന്റെ അടിമ എന്നെക്കുറിച്ച് കരുതുന്നത് പോലെയാണ് അവന് ഞാന്‍’ എന്ന് നാഥന്‍ തന്നെ പറയുന്നത് അവനെക്കുറിച്ചൊരു സ്‌നേഹസങ്കല്‍പ്പം കൂടി രൂപീകരിക്കാന്‍ നമുക്ക് പ്രചോദനമാവേണ്ടതില്ലേ? അത് മായാവാദത്തിലേക്കു സഞ്ചരിക്കുന്ന, ആരാധനകളെ കയ്യൊഴിയുന്ന അപകടമാവരുത്. അല്ലാഹുവിന്റെ ആധിപത്യത്തെ അവന്‍ സ്വയം തന്നെ പൂരിപ്പിക്കുന്ന ഒരു സ്‌നേഹ സങ്കല്‍പ്പമാണ് പ്രമാണങ്ങളവതരിപ്പിക്കുന്നത്. നാഥന്റെ ആധിപത്യത്തെ മറികടക്കുന്ന, അവനിലേക്കു ലയിച്ചു ചേരുന്ന അതിവാദത്തിന്റെ ആത്യന്തികതകളേതുമില്ലാതെ നാഥനിലേക്കു നമുക്ക് മടങ്ങാം.

(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles