Current Date

Search
Close this search box.
Search
Close this search box.

വ്യക്തികളും അവരുടെ അടിസ്ഥാനങ്ങളും

bulb3.jpg

ഞാന്‍ വ്യക്തികളുടെ അടിസ്ഥാന ഗുണങ്ങളെ കുറിച്ച് മാത്രമുള്ള വിവരണത്തില്‍ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലല്ല. കാരണം, ശക്തമായ പ്രേരണ നല്‍കുന്ന ഒരു ആദര്‍ശമില്ലാതെ എന്ത് അടിസ്ഥാനമാണുള്ളത്? മനുഷ്യഹൃദയത്തിലല്ലാതെ എങ്ങനെയാണ് ശക്തവും പ്രേരകവുമായ ആദര്‍ശമുണ്ടാവുക? അടിസ്ഥാനങ്ങളും ചിന്തകളും സ്വന്തം നിലക്ക് – അതിന് പ്രേരകമായ ആദര്‍ശമില്ലെങ്കില്‍ – വെറും വാചകങ്ങള്‍ മാത്രമാണ്. ഏറിപ്പോയാല്‍ ജീവനില്ലാത്ത ആശയങ്ങള്‍ മാത്രം! മനുഷ്യഹൃദയത്തില്‍ നിന്നുത്ഭവിക്കുന്ന വിശ്വാസത്തിന്റെ ചൂടാണ് അതിന് ജീവന്‍ നല്‍കുന്നത്. മരവിച്ച മനസ്സില്‍ നിന്നും മുളക്കുന്ന അടിസ്ഥാനങ്ങളിലോ ചിന്തകളിലോ മറ്റുള്ളവര്‍ വിശ്വസിക്കില്ല. എന്നാല്‍ ജ്വലിക്കുന്ന ഹൃദയത്തിന്റെ അവസ്ഥ അങ്ങനെയല്ല.

നിങ്ങളുടെ ചിന്തയില്‍ ഒന്നാമതായി നിങ്ങള്‍ വിശ്വസിക്കണം. ആ വിശ്വാസം ശക്തിപ്പെടുത്താന്‍ സാധ്യമാവുന്നത്ര ശക്തമാവണം. അപ്പോഴാണ് മറ്റുള്ളവര്‍ അതില്‍ വിശ്വസിക്കുക. അല്ലാത്തപക്ഷം ആത്മാവോ ജീവനോ ഇല്ലാത്ത കേവലം വാചകഘടന മാത്രമായി അതവശേഷിക്കും.

മനുഷ്യാത്മാവിനെ ധരിച്ചിട്ടല്ലാതെ ഒരു ചിന്തക്ക് ജീവനില്ല, മനുഷ്യരൂപത്തില്‍ ഭൂമിയില്‍ ചരിക്കുന്ന ഒരു ജീവനായി അത് മാറുകയുമില്ല. അപ്രകാരം ആത്മാര്‍ഥമായി അടിയുറച്ച് വിശ്വസിക്കുന്ന ഒരു ചിന്ത ഹൃദയത്തില്‍ കുടികൊള്ളുന്നില്ലെങ്കില്‍ വ്യക്തിക്കും നിലനില്‍പ്പില്ല. ചിന്തയെയും വ്യക്തിയെയും വേര്‍തിരിക്കുന്നത് ആത്മാവിനെയും ശരീരത്തെയും വേര്‍തിരിക്കുന്നത് പോലെയാണ്. അല്ലെങ്കില്‍ ആശയത്തെയും വാചകത്തെയും വേര്‍തിരിക്കുന്ന പോലെ. പലപ്പോഴും അസംഭവ്യമാണത്. ചിലപ്പോള്‍ ആശയങ്ങളെ വഹിക്കുന്നുണ്ടെങ്കിലും നിലനില്‍പില്ലാത്തവയായിരിക്കും അവ. ജീവിച്ചിട്ടുള്ള ആശയങ്ങളെല്ലാം മനുഷ്യഹൃദയത്തില്‍ നിന്ന് പോഷണം സ്വീകരിച്ചിട്ടുള്ളവയാണ്. പവിത്രമായ ആ പോഷണം ലഭിച്ചിട്ടില്ലാത്ത ചിന്തകള്‍ ചാപ്പിള്ളകളായിട്ടാണ് പുറത്തു വരുന്നത്. മനുഷ്യരെ ഒരു ചാണ്‍ പോലും അത് മുന്നോട്ട് തള്ളുകയുമില്ല.

(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

വിവ: നസീഫ്‌

Related Articles