Current Date

Search
Close this search box.
Search
Close this search box.

ദൈവത്തിന്റെ മഹത്വവും മനുഷ്യന്റെ മഹത്വവും

greatness-123.jpg

അല്ലാഹുവിന്റെ നിരുപാധികമായ മഹത്വം അംഗീകരിക്കുന്നത് മനുഷ്യന്റെ ന്യൂനതയും കുറവുമായി കാണുന്ന ചിലര്‍ ഇക്കാലത്തുണ്ട്. ഈ പ്രപഞ്ചത്തില്‍ ശക്തിയുടെയും മഹത്വത്തിന്റെയും കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന രണ്ട് ശക്തികളെ പോലെയാണ് അവര്‍ ദൈവത്തെയും മനുഷ്യരെയും കാണുന്നത്. അല്ലാഹുവിന്റെ മഹത്വത്തെ സംബന്ധിച്ച ബോധം നമ്മില്‍ എത്രത്തോളം ശക്തമാകുന്നുവോ അത്രത്തോളം നമ്മുടെ മഹത്വം വര്‍ധിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ആ മഹത്തായ ദൈവത്തിന്റെ സൃഷ്ടികളാണ് നാം.

ദൈവത്തെ താഴ്ത്തിയിട്ട്, അല്ലെങ്കില്‍ നിഷേധിച്ചു കൊണ്ട് സ്വയം ഉന്നതരായി കരുതുന്നവര്‍ സ്വയം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. തൊട്ടടുത്തുള്ള ചക്രവാളത്തിനപ്പുറം അവരുടെ കാഴ്ച്ച എത്തുന്നില്ല. മനുഷ്യന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നത് അവന്റെ ദൗര്‍ബല്യവും അശക്തിയും കാരണമാണെന്നാണ് അവര്‍ വിചാരിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ വീക്ഷണത്തില്‍ ഒരു ദൈവത്തിന്റെ ആവശ്യമില്ലാതിരിക്കുമ്പോള്‍ അവന്‍ ശക്തനുമാണ്.

മനുഷ്യന്റെ ശക്തി വളരുമ്പോഴെല്ലാം അല്ലാഹുവിന്റെ മഹത്വത്തെ കുറിച്ച ബോധവും അവനില്‍ വളരുമെന്നത് ശ്രദ്ധേയമാണ്. കാരണം ആ ശക്തിയുടെ സ്രോതസ്സിനെ അവന്‍ തിരിച്ചറിയുന്നു. അല്ലാഹുവിന്റെ മഹത്വം അംഗീകരിക്കല്‍ ന്യൂനതയോ കുറവോ ആയി കാണുന്നവരല്ല വിശ്വാസികള്‍. നേരെ മറിച്ചാണ് അവര്‍ക്കത്. ഈ പ്രപഞ്ചം ഒന്നടങ്കം അടക്കിവാഴുന്ന ആ മഹാശക്തിയിലേക്ക് തങ്ങളെ ചേര്‍ത്തുവെക്കുന്നതിലൂടെ പ്രതാപവും പ്രതിരോധവുമാണ് അവരനുഭവിക്കുന്നത്. ഈ ഭൂമിയിലും അതില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കും ഇടയിലാണ് തങ്ങളുടെ മഹത്വത്തിന്റെ സ്ഥാനമെന്ന് അവര്‍ തിരിച്ചറിയുന്നു. ഈ പ്രപഞ്ചം ഒന്നടങ്കം ചൂഴ്ന്നു നില്‍ക്കുന്ന അല്ലാഹുവിന്റെ മഹത്വവുമായി അതൊരിക്കലും ഏറ്റുമുട്ടുന്നില്ലെന്നും അവര്‍ക്കറിയാം. അവരുടെ അടിയുറച്ച വിശ്വാസം അവര്‍ക്ക് മഹത്വവും പ്രതാപവും നല്‍കുന്നു. കാഴ്ച്ചയുടെ ചക്രവാളങ്ങളെ മറക്കുന്ന രീതിയില്‍ കണ്ണുകള്‍ക്ക് നീര് ബാധിച്ചവരെ പോലെ സ്വയം ഊതിവീര്‍പ്പിക്കപ്പെട്ടവരായിരിക്കുകയില്ല അവര്‍.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

വിവ: നസീഫ്‌

Related Articles