Current Date

Search
Close this search box.
Search
Close this search box.

ജ്ഞാതവും അജ്ഞാതവും

planet33.jpg

അജ്ഞാതമായ ശക്തികളിലും സംഭവങ്ങളിലും നിരുപാധികം വിശ്വാസമര്‍പിക്കുന്നത് അപകടമാണ്. കാരണം അത് നമ്മെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നു. ജീവിതത്തെ തന്നെ അത് ഊഹമാക്കി മാറ്റുകയും ചെയ്യുന്നു. എന്നാല്‍ ആ വിശ്വാസത്തെ നിരുപാധികം നിഷേധിക്കുന്നതിന്റെ അപകടവും ഒട്ടും കുറവല്ല. കാരണം അജ്ഞാതമായ എല്ലാറ്റിലേക്കുമുള്ള കവാടങ്ങള്‍ അടക്കുകയാണത് ചെയ്യുന്നത്. നമ്മുടെ മാനുഷികമായ ധാരണക്കും അപ്പുറമായതിന്റെ പേരില്‍ മാത്രം ദൃശ്യമല്ലാത്ത എല്ലാ ശക്തികളെയും നിഷേധിക്കുമ്പോള്‍ നമ്മുടെ അവബോധത്തെ ചുരുക്കിക്കെട്ടുകയാണ് ചെയ്യുന്നത്.

പ്രാപഞ്ചിക ശക്തികളെ മനസ്സിലാക്കുന്നതിലുള്ള ദൗര്‍ബല്യങ്ങളുടെ പരമ്പരയാണ് ഭൂമിയിലെ മനുഷ്യജീവിതം. അല്ലെങ്കില്‍ ആ ശക്തികളെ മനസ്സിലാക്കാനുള്ള കഴിവിന്റെ പരമ്പരയാണത്. വലുതാകും തോറും മുന്നോട്ടുള്ള കാല്‍വെപ്പുകളും അവന്‍ തുടരും. അതുവരെ തന്റെ അറിവില്‍ ഇല്ലാതിരുന്ന പ്രാപഞ്ചിക ശക്തികളെ കുറിച്ച് അറിയുന്ന മനുഷ്യന്‍ താന്‍ ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത ശക്തികളുണ്ടെന്ന ഉള്‍ക്കാഴ്ച്ചയോടു കൂടിയായിരിക്കും മുന്നോട്ടു നീങ്ങുക. കാരണം അവന്‍ എപ്പോഴും പരീക്ഷണത്തിലാണ്.

നമുക്ക് അജ്ഞാതമായതിനും നമ്മുടെ ജീവിതത്തില്‍ ഇടം നല്‍കലാണ് മനുഷ്യബുദ്ധിയോട് കാണിക്കുന്ന ആദരവ്. ഊഹങ്ങളിലും അന്ധവിശ്വാസങ്ങളിലും കഴിയുന്നവര്‍ ചെയ്യുന്നത് പോലെ നമ്മുടെ കാര്യങ്ങള്‍ അതില്‍ അര്‍പിക്കാനല്ല. മറിച്ച് ഈ പ്രപഞ്ചത്തിന്റെ വലുപ്പം യാഥാര്‍ഥ്യബോധത്തോടെ അനുഭവിക്കുന്നതിനാണത്. ഈ പ്രപഞ്ചം എത്രത്തോളം വിശാലമാണെന്ന് നാം മനസ്സിലാക്കുന്നതിന് വേണ്ടിയാണത്. ഈ ഗുണം മനുഷ്യാത്മാവിന് വലിയ അവബോധം പകര്‍ന്നു നല്‍കും. നമ്മെയും ഈ പ്രപഞ്ചത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച ബോധം നമുക്കുള്ളില്‍ അതുണ്ടാക്കും. ഇന്നുവരെ നാം നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കിയ എല്ലാറ്റിനേക്കാളും ആഴവും പരപ്പും ഉള്ളതായിരിക്കും അതെന്നതില്‍ സംശയമില്ല. നിത്യവും അജ്ഞാതമായ ഓരോ കാര്യങ്ങള്‍ നാം കണ്ടെത്തുമ്പോള്‍ നാം ജീവിക്കുന്നു എന്നതിനെയാണത് കുറിക്കുന്നത്.

(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

Related Articles