Current Date

Search
Close this search box.
Search
Close this search box.

മുഗള്‍ കലിഗ്രഫി: മുസ്‌ലിം ഭരണാധികാരികളുടെ പങ്ക്

ലോകത്ത് ഇന്ത്യാ ഉപഭൂഖണ്ഡം ഭരിച്ച മുസ്ലിം ഭരണാധികാരികളധികവും വ്യത്യസ്ത കഴിവുകൾ കൊണ്ട് പേരെടുത്തവരാണ്. ഏറ്റവും മനോഹര സൗധങ്ങൾ പണിതുയർത്തിയവർ മുതൽ സ്വന്തം കൈ കൊണ്ട് ഖുർആൻ എഴുതി ജീവിച്ചവർ വരെ അവരിൽ നമ്മുക്ക് കാണാം. ഇന്ത്യ ഭരിച്ച ഓരോ ഭരണകൂടത്തിൻറെയും കാലഘട്ടം വ്യത്യസ്തതകൾ കൊണ്ടലംകൃതമാണ്.

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ എഴുത്ത് ശൈലിയുടെ (കലിഗ്രഫി) വിവിധങ്ങളായ ഭാവങ്ങളെ അവതരിപ്പിച്ചവരിൽ മുന്നിലാണ് മുഗളന്മാരും അവരുടെ കാലഘട്ടവും. അവരിലെ ഓരോ ഭരണാധികാരികൾക്കുമുണ്ടായിരുന്ന സർഗാത്മക കഴിവുകൾ ചരിത്രം പലപ്പോഴും വിശദീകരിച്ചിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ട സർഗാത്മക തെളിവായി ഉദ്ധരിക്കപ്പെടുന്നതാണ് മുഗൾ സ്ഥാപകനായ സുൽത്താൻ സാഹിറുദ്ധീൻ ബാബറിൻറെ ചരിത്രം. പേർഷ്യനും അദ്ദേഹത്തിൻറെ മാത്യഭാഷയായ ടർക്കിഷും വളരെ ഭംഗിയായി എഴുതാൻ കഴിയുന്ന വ്യക്തിയായിട്ട് കൂടി ബാബർ അറിയപ്പെടുന്നുണ്ട്. സംഗീതത്തിലും പെയിൻറിംഗിലും ബാബർ താല്പര്യം കാണിച്ചിരുന്നുവെങ്കിലും കലിഗ്രഫിയിലെ പ്രശസ്തി ചരിത്രത്തിൽ അദ്ദേഹത്തിന് പ്രത്യേകം ഇടം തന്നെ നൽകി. നിരന്തരം കലിഗ്രഫി അഭ്യസിച്ച അദ്ദേഹത്തിൻറെ പേരിൽ ‘ഖത്തെ – ബാബരി’ എന്ന ലിപിയും എഴുത്ത് ശൈലി രൂപപ്പെടുകയുണ്ടായി. ഖത്തെ-ബാബരി’യിൽ അദ്ദേഹം എഴുതിയ ഖുർആൻ പതിപ്പുകൾ കാണാം. പരിശുദ്ധ മക്കയിലേക്ക് ബാബർ നൽകുന്ന സമ്മാനമായിരുന്നു പ്രസ്തുത ഖുർആൻ പതിപ്പെന്ന് അക്കാലത്ത പ്രഗത്ഭ ചരിത്രകാരനായ നിസാമുദ്ധീൻ അഹ്മദ് ബദായുനി കുറിച്ചിടുന്നു. ചില ചരിത്ര വസ്തുതകൾ പറഞ്ഞു വെക്കുന്നത് മശ്ഹദ്, ബാബരി എന്നീ രണ്ട് പേരുകളിലും ബാബറിൻറെ എഴുത്ത് ശൈലി അറിയപ്പെട്ടു എന്നാണ്. ബാബറിൻറെ ജീവിതത്തിലെ ഓരോ പ്രധാന സംഭവങ്ങളും എഴുതി സൂക്ഷിക്കാൻ കഴിയുന്ന കലിഗ്രഫറെ സാക്ഷിയായി തന്നോടൊപ്പം ബാബർ കൊണ്ടു നടന്നിരുന്നു.

Also read: സ്ത്രീകൾ സുരക്ഷയും സ്വാതന്ത്ര്യവും തേടുമ്പോൾ

എന്നാൽ ബാബർ തുടങ്ങി വെച്ച എഴുത്ത് ശൈലിയുടെ വികാസം യഥാർത്ഥത്തിൽ നടക്കുന്നത് മകൻ ഹുമയൂണിൻറെ കാലത്താണ്. ‘Mughal School of Calligraphy’ എന്ന് ചരിത്രം പോലും വിശേഷിപ്പിച്ച എഴുത്ത് ശൈലികളുടെ ഉദയമായിരുന്നു പിന്നീടുള്ള കാലഘട്ടങ്ങളിലൂടെ സംഭവിച്ചത്.

താജുദ്ധീൻ സറീൻ റഖം, ഹാഫിസ് യൂസഫ് സഅദീദി, യൂസഫ് ദഹ്ലവി, അബ്ദുൽ മജീദ്, സയ്യിദ് ഇംതിയാസ് അലി, മുഹമ്മദ് ശഫീഫ്, മുഹമ്മദ് ഇഖ്ബാൽ ബിൻ – ഇ പർവീൻ റഖം, അൻവർ ഹുസൈൻ നഫീസ് റഖം, സൂഫി ഖുർഷീദ് ആലം ഖുർഷിദ് റഖം, മഖ്ദൂം മുഹമ്മദ് ഹുസൈൻ തുടങ്ങിയവർ അക്കാലത്തെ പേരെടുത്ത കലിഗ്രഫി കലാകാരന്മാരാണ്.

‘നസ്തഅലീഖ്’ എന്ന പേർഷ്യൻ എഴുത്ത് രീതിയാണ് ഹുമയൂൺ കൂടുതൽ ഇഷ്ടപ്പെട്ടതും പ്രചരിപ്പിച്ചതും. അതിൻറെ തുടർച്ചയെന്നോണം പ്രസ്തുത എഴുത്ത് ശൈലി ഇന്ന് ഉറുദു ഭാഷയുടെ അഭിവാജ്യ ഘടകം തന്നെയായി മാറി. ഹുമയൂണിൻറെ കാലത്ത് നിരവധി കലിഗ്രഫി ആചാര്യന്മാർ പേർഷ്യയിൽ നിന്ന് ഇന്ത്യയിലെത്തി. അതിൽ പേരെടുത്ത് ചരിത്രം പരാമർശിച്ച പ്രധാനിയാണ് ‘സുലുസ്’ ‘നസ്ഖ് ‘ എഴുത്ത് ശൈലിയിൽ പ്രഗത്ഭനായ ഖ്വാജ മുഹമ്മദ് മർഫീം.

ഹുമയൂണിൻറെ ആകസ്മികമായ മരണവും മകൻ അക്ബറിൻ്റെ കാലഘട്ടവും കലിഗ്രഫിയുടെ ഉയർച്ചക്ക് ഒരു കോട്ടവും വരുത്തിയില്ല. പിതാവിനേക്കാൾ അക്ബർ കലിഗ്രഫിയെ ചേർത്ത് പിടിച്ചു. തൻ്റെ ദർബാറിലെ കലിഗ്രഫി കലാകാരന്മാർക്ക് പ്രത്യേക പരിഗണന നൽകി അക്ബർ പ്രസ്തുത കലയെ പരിപോഷിപ്പിച്ചു. മുഗൾ കാലത്ത് പേപ്പറുകളിൽ നിന്ന് കലിഗ്രഫി കെട്ടിടങ്ങളുടെ ചുവരുകളിൽ തിളങ്ങി നിന്നു. അതിവിശിഷ്ടമായ സൗദങ്ങൾ, ശവകുടീര മാതൃകകൾ, കൊട്ടാരങ്ങൾ, പള്ളികൾ എന്നിവ രൂപപ്പെടുത്തുമ്പോൾ അറബി, പേർഷ്യൻ കലിഗ്രഫി ശൈലികളെ ഉൾപ്പെടുത്തി വാസ്തുവിദ്യാ മേഖലയെ മുഗളന്മാർ കൂടുതൽ സജീവമാക്കി.

Also read: നല്ല സ്വഭാവമുള്ളവർ ഏറ്റവും നല്ലവർ!

അക്ബൻ്റ കാലത്ത് ഫത്തേപ്പൂർ സിക്രിയിൽ നിർമ്മിക്കപ്പെട്ട, പ്രഗത്ഭനായ സലീം ചിശ്തിയുടെ ശവകുടീരം കലിഗ്രഫിയിലെ ‘തുഗ് റ’ എഴുത്ത് ശൈലിയിൽ കൊത്തിവെക്കപ്പെട്ടതിൽ ഏറ്റവും മനോഹര കലാവിഷ്കാരങ്ങളിലൊന്നാണ്. ചുവരിലെ നീല പ്രതലത്തിൽ സ്വർണ്ണ നിറത്തിൽ അതിമനോഹരമായിട്ടാണ് ലിപികൾ എഴുതപ്പെട്ടിട്ടുള്ളത്. ഫത്തേപ്പൂർ സിക്രിയിലെ തന്നെ പള്ളിയിൽ ഖാന്ദഹാറിൽ നിന്നുള്ള മുഹമ്മദ് മാസൂം എന്ന കലിഗ്രഫർ തയ്യാറാക്കിയ ‘സുലുസ് ‘, ‘നസഖ് ‘ കലാവിഷ്കാരങ്ങൾ ഏറെ പ്രസിദ്ധമാണ്. അക്ബറിൻ്റെ കാലത്തെ കലിഗ്രഫി കലാകാരന്മാരിൽ പേരെടുത്തവരിൽ പ്രമുഖരായിരുന്നു കാശ്മീരിൽ നിന്നുള്ള മുഹമ്മദ് ഹുസൈൻ, ഇറാഖിൽ നിന്നുള്ള മിർ ഖലീലള്ളാഹ്. ‘സറീനെ – ഖലം’ (the golden pen) എന്ന അംഗീകാരത്തിന് അർഹമായ വ്യക്തിയാണ് മുഹമ്മദ് ഹുസൈൻ. അക്ബറിൻ്റെ കാലഘട്ടം മുഹമ്മദ് ഹുസൈൻ എന്ന കലാകാരൻ്റെ ഉയർച്ചയുടേതായിരുന്നു.

ജഹാംഗീറിൻ്റെ കാലത്ത് അദ്ദേഹം ‘നസ്തഅലീഖ് ‘ രീതികളിൽ പേരെടുത്തു കഴിഞ്ഞിരുന്നു. ‘ബാദ്ഷാ – ഹെ ഖലം’ എന്ന അംഗീകാരം ലഭിച്ച വ്യക്തിയാണ് മേൽ പരാമർശിച്ച ഇറാഖിൽ നിന്നുള്ള മിർ ഖലീലള്ളാഹ്. ഗൊൽകൊണ്ടയിലെ സുൽത്താൻ ഇബ്റാഹീം ആദിൽ ഷായുടെ ദർബാറിലെ കലാകാരനായിരുന്നു അദ്ദേഹം. ജഹാംഗീർ നല്ല എഴുത്ത് ശൈലിയുടെ ഉടമയായിരുന്നതായി ചരിത്രം പറയുന്നു. സ്വന്തം മക്കളെയും അദ്ദേഹം എഴുത്ത് കല അഭ്യസിപ്പിച്ചു. തുടർന്ന് വന്ന ഷാജഹാൻ്റ കാലഘട്ടം കലിഗ്രഫിയുടെ ഉയർച്ചയിലെ രണ്ടാം ഘട്ടമായിട്ടാണ് പൊതുവിൽ അറിയപ്പെടുന്നത്. ‘അഖാ റാഷിദ് ‘ എന്നറിയപ്പെടുന്ന അബ്ദുൾ റഷീദ് ദയ് ലാമി, മിർ ഇമാദ് എന്നീ പ്രഗത്ഭർ ഷാജഹാൻ്റെ കാലത്താണ് ജീവിച്ചത്. 22 കലിഗ്രഫി കലാകാരന്മാരുടെ പേരുകൾ പരാമർശിച്ച് പ്രസിദ്ധി നേടിയ പേർഷ്യൻ ഗ്രന്ഥത്തിൻ്റെ (‘ രിസാല ദർ ദിക്റ് ഖുഷ് നവസതാൻ ‘) യഥാർത്ഥ ഏടുകൾ ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയിൽ ലഭ്യമാണ്.

Also read: പരസ്യചിത്രങ്ങളുടെ നിഴലിനെ ഭയപ്പെടുന്ന സംഘ്പരിവാര്‍

മുഗൾ കാലത്തെ അവസാനത്തെ പ്രശസ്താനായ കലിഗ്രഫർ എന്നറിയപ്പെടുന്ന വ്യക്തിയാണ് പഞ്ചാ കഷ് ( മുഹമ്മദ് അമീർ റിദ് വി). പിന്നീട് വന്ന ഔറംഗസേബും ദാരാ ഷികോയും കലിഗ്രഫിയിൽ പേരെടുത്തവരായി മാറിയത് തന്നെ അവരുടെ പൂർവ്വ പിതാക്കളിൽ നിന്ന് അനന്തരമെടുത്ത എഴുത്ത് കല മുറുകെ പിടിച്ചത് കൊണ്ട് മാത്രമാണ്. അബ്ദുൾ റഷീദ് ദയ് ലാമിയുടെ ശിഷ്യന്മാരായിരുന്നു ഔറംഗസേബും ദാരാ ഷികോയും. ഇന്ന് ബ്രിട്ടനിലെ ബോഡ്ലിയൻ ലൈബ്രറി, ഓക്സ്ഫോർഡ്, ബ്രിട്ടീഷ് ലൈബ്രറി, ഓറിയൻ്റൽ പബ്ലിക്ക് ലൈബ്രറി, ഡൽഹിയിലെ ആർക്കിയോളജി മ്യൂസിയം എന്നിവിടങ്ങളിൽ അബ്ദുൾ റഷീദ് ദയ് ലാമിയുടെ കലിഗ്രഫി ഈടുവെപ്പുകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പേപ്പറുകളിൽ തങ്ങളുടെ കഴിവുകൾ ആവിഷ്കരിക്കുന്നതിനേക്കാൾ മുഗൾ കാലത്തെ കലാകാരന്മാർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ചുവരുകളിൽ എഴുതുന്ന കലാവിഷ്കാരങ്ങളോടായിരുന്നു. കാരണം തങ്ങളുടെ കഴിവുകളെ വരും തലമുറകൾകൾക്ക് പ്രചോദനമാവണം എന്ന നിർബന്ധ ബുദ്ധി അവർക്കുണ്ടായെന്നിരിക്കണം. മിർ സയ്യിദ് അലിയിൽ നിന്ന് നസ്തഅലീഖ് എഴുത്ത് ശൈലി പഠിച്ച ഔറംഗസേബ് സ്വന്തം കൈ കൊണ്ട് ഖുർആൻ എഴുതി പ്രസ്തുത കോപ്പികൾ മക്കയിലേക്കും മദീനയിലേക്കും അയക്കുക കൂടി ചെയ്തു. സ്വയത്തമാക്കിയ കലകളെ ദൈവമാർഗത്തിൽ എങ്ങനെ ഉപയോഗിക്കണമെന്ന് കൂടി വരച്ച് കാണിച്ച വ്യക്തിയാണ് ഔറംഗസേബ്. കൊൽകത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിൽ ഔറംഗസേബിൻ്റെ കൈ പതിഞ്ഞ ഖുർആൻ്റെ ഏടുകൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അവസാന മുഗൾ ഭരണാധികാരി ബഹദൂർ ഷാ സഫറും കലിഗ്രഫിയുടെ പ്രചാരകനായി ചരിത്രത്തിൽ നിലകൊണ്ടു. ബാബർ മുതൽ ബഹദൂർ ഷാ സഫർ വരെയുള്ള മുഗൾ സുൽത്താന്മാരുടെ ജീവിതത്തിൽ എഴുത്ത് ശൈലികൾക്ക് അവർ എത്ര മാത്രം പ്രാധാന്യം നൽകിയെന്ന് മേൽ വിവരിച്ച വസ്തുതകളിൽ നിന്ന് വായിച്ചെടുക്കാം.

ഇന്ത്യയിലെ പ്രത്യേകിച്ച് ഡൽഹിയിലെ മുസ്ലിം നിർമ്മിതികൾ ഒരിക്കലെങ്കിലും സന്ദർശിച്ചവർക്ക് കലിഗ്രഫിയിൽ കൊത്തിവെച്ച ഖുർആനിക ആയത്തുകളും പേർഷ്യൻ കവിതകളും ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ലെന്ന് തീർച്ചയാണ്. താജുദ്ധീൻ സറീൻ റഖം, ഹാഫിസ് യൂസഫ് സഅദീദി, യൂസഫ് ദഹ്ലവി,
അബ്ദുൽ മജീദ്, സയ്യിദ് ഇംതിയാസ് അലി, മുഹമ്മദ് ശഫീഫ്, മുഹമ്മദ് ഇഖ്ബാൽ ബിൻ – ഇ പർവീൻ റഖം, അൻവർ ഹുസൈൻ നഫീസ് റഖം, സൂഫി ഖുർഷീദ് ആലം ഖുർഷിദ് റഖം, മഖ്ദൂം മുഹമ്മദ് ഹുസൈൻ തുടങ്ങിയവർ അക്കാലത്തെ പേരെടുത്ത കലിഗ്രഫി കലാകാരന്മാരാണ്.

Related Articles