Current Date

Search
Close this search box.
Search
Close this search box.

സര്‍ സയ്യിദ് അഹ്മദ് ഖാനും എം.എ.ഒ കോളജിന്റെ രൂപീകരണവും

sir-sayyid-ahmed-khan.jpg

ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു ഇന്ന് അലീഗഢ് മുസ്‌ലിം സര്‍വകലാശാല. 1877 ജനുവരി എട്ടിന് പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും സാമൂഹ്യ പരിഷ്‌കാര്‍ത്താവുമായ സര്‍ സയ്യിദ് അഹ്മദ് ഖാനാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് (എം.എ.ഒ) എന്ന പേരിലായിരുന്നു ഈ സര്‍വകലാശാല ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉന്നമനത്തിനും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്ക് മാറ്റം വരുത്താനും വേണ്ടിയാണ് അദ്ദേഹം ഈ സംരഭത്തിന് തുടക്കം കുറിച്ചത്. ഇംഗ്ലീഷും ശാസ്ത്ര വിഷയങ്ങളും പഠിക്കാതെ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഇനി മുന്നോട്ടു പോകാനാവില്ലെന്ന ചിന്തയാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.

മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജ് ആരംഭിക്കുന്നതിന്റെ ഭാഗമായി സര്‍ സയ്യിദ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്,ഓക്‌സ്‌ഫോര്‍ഡ് എന്നീ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തി. തുടര്‍ന്ന് വിദ്യാസമ്പന്നരായ ഇന്ത്യന്‍ മുസ്‌ലിംകളെ വാര്‍ത്തെടുക്കാന്‍ കേംബ്രിഡ്ജിന്റെയും ഓക്‌സ്‌ഫോഡിന്റെയും അതേ മാതൃകയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ 1877 ജനുവരി എട്ടിന് അലീഗഢില്‍ എം.എ.ഒ കോളജ് സ്ഥാപിച്ചതോടെ അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. വിദ്യാഭ്യാസപരമായി മുസ്‌ലിംകളെ ശാക്തീകരിക്കാനുള്ള കോളജ് എന്ന ലക്ഷ്യത്തോടെയാണ് ആരംഭമെങ്കിലും എല്ലാ മതസ്ഥരായ വിദ്യാര്‍ഥികള്‍ക്കുമുന്നിലും അദ്ദേഹം കോളജിന്റെ വാതിലുകള്‍ തുറന്നിട്ടു.

1884 ഫെബ്രുവരി മൂന്നിന് ലാഹോറില്‍ വച്ചു നടത്തിയ പ്രസംഗത്തില്‍ സര്‍ സയ്യിദ് പറഞ്ഞു: ‘എം.എ.ഒ കോളജ് ഞാന്‍ ആരംഭിച്ചത് മുസ്‌ലിംകള്‍ക്ക് മാത്രമാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയത് എന്നില്‍ വിഷമമുണ്ടാക്കി. അത് ഹിന്ദു-മുസ്‌ലിം വിവേചനമായി ആരും കാണരുത്. കോളജ് ആരംഭിക്കാനുള്ളതിന്റെ പ്രധാന കാരണം നിരക്ഷരരായി സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരെ വിദ്യാസമ്പന്നരാക്കുക എന്നതു തന്നെയാണ്. മുസ്ലിങ്ങളുടെ ജീവിത നിലവാരം നാള്‍ക്കുനാള്‍ താഴേക്കാണ് കുതിക്കുന്നതെന്ന് നിങ്ങളെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. മുസ്‌ലിംകള്‍ക്കിടയിലെ യാഥാസ്ഥിക മതവിഭാഗത്തിന്റെ വിശ്വാസം അവരെ ഇംഗ്ലീഷ്,ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നതില്‍ നിന്നും അകറ്റി.

മാത്രമല്ല, സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും തങ്ങളുടെ കുട്ടികളെ പറഞ്ഞയക്കാനും അവര്‍ വിമുഖത കാട്ടി. അതിനാല്‍ അവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു. കോളജില്‍ എല്ലാ മതവിഭാഗങ്ങളില്‍പെട്ട കുട്ടികള്‍ക്ക് പഠിക്കാമെന്നും ഹിന്ദു-മുസ്‌ലിം വിവേചനം അവിടെയുണ്ടാകില്ലെന്നും’ അദ്ദേഹം പറഞ്ഞു. സര്‍ സയ്യിദ് തുടക്കമിട്ട ഈ പാത ഉള്‍ക്കൊണ്ട് അലീഗഢ് മുസ്‌ലിം സര്‍വകലാശാല ഇന്ന് അതിന്റെ വാതിലുകള്‍ സര്‍വജാതി-മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും നേരെ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്.

സാധാരണ രീതിയിലുള്ള പരമ്പരാഗത വിദ്യാഭ്യാസം നല്‍കുന്നതിനല്ല സര്‍ സയ്യിദ് ഇങ്ങനെ ഒരു കോളജ് ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ താമസിച്ചു പഠിക്കുന്ന കോളജിനു കൂടിയാണ് അദ്ദേഹം തുടക്കമിട്ടത്. റസിഡന്‍സി വിദ്യാഭ്യാസത്തെക്കുറിച്ച് അക്കാലത്ത് നിരവധി തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്നു. യുവാക്കളും കൗമാരക്കാരുമായ ആണ്‍കുട്ടികളെ എങ്ങനെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കും എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്. കേംബ്രിഡ്ജ് കോളജിലെ കുട്ടികള്‍ ചര്‍ച്ചില്‍ പോകുന്ന പോലെ ഇവിടുത്തെ കുട്ടികള്‍ പള്ളിയിലും പോയി പഠനവും മുന്നോട്ടു കൊണ്ടു പോകും. എല്ലാത്തിനും പ്രത്യേക സമയം ഒരുക്കി നല്‍കി,യൂണിഫോം സമ്പ്രദായം കൊണ്ടുവന്നു. വിദ്യാര്‍ഥികള്‍ക്ക് സ്‌പോര്‍ട്‌സിനും ഗെയിംസിനും പുറമെ അവര്‍ക്കിഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സമൂഹത്തില്‍ നല്ല ഉത്തരവാദിത്വമുള്ള ചെറുപ്പക്കാരെ സൃഷ്ടിച്ചെടുക്കാന്‍ ഈ ബോര്‍ഡിങ് സമ്പ്രദായത്തിന് സാധിച്ചു.

എം.എ.ഒ കോളജ് ആരംഭിച്ചതിലൂടെ രാജ്യത്തിന്റെ മുസ്ലിംകളുടെ സാമ്പത്തിക,സാമൂഹ്യ, രാഷ്ട്രീയ അവസ്ഥകള്‍ മാറ്റിമറിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. രാജ്യത്തെ പൗരന്മാരെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലേക്കു തുറന്നുവിടുക കൂടിയായിരുന്നു. ഇന്ന് അലീഗഢിലെ വിദ്യാര്‍ഥികള്‍ ലോകമെമ്പാടും ചിതറി കിടക്കുകയാണ്.
‘എം.എ.ഒ കോളജിലെ കുട്ടികള്‍ ലോകത്തിന്റെ മുക്കിലും മൂലയിലും സന്ദര്‍ശനം നടത്തി മനുഷ്യത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പരത്തും.’ സര്‍ സയ്യിദ് നേരത്തെ പറഞ്ഞുവച്ച വാക്കുകള്‍ യാഥാര്‍ത്ഥ്യമാവുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്.    

വിവര്‍ത്തനം: പി.കെ സഹീര്‍ അഹ്മദ്

 

 

Related Articles