Current Date

Search
Close this search box.
Search
Close this search box.

സയണിസത്തിനെതിരെ നിലകൊള്ളുന്ന ജൂതപ്രസ്ഥാനങ്ങള്‍

anti-zion.jpg

സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഒരു പ്രധാന പ്രചോദനമായി പ്രമുഖ ചരിത്രകാരനായ ഇസ്മാഈല്‍ ഫാറൂഖി ചൂണ്ടിക്കാണിക്കുന്നത് യൂറോപ്പിലെ റൊമാന്റിസിസ്റ്റ് പ്രസ്ഥാനത്തെയാണ്. തീര്‍ച്ചയായും റൊമാന്റിസിസ്റ്റ് പ്രസ്ഥാനം ദേശീയത, ഫാസിസം, ഏകാധിപത്യം തുടങ്ങിയ മനോഭാവങ്ങള്‍ക്കെല്ലാം വിത്തുപാകിയിട്ടുണ്ട്. യൂറോപ്യന്‍ ജ്ഞാനോദയം ഉല്‍പ്പാദിപ്പിച്ച യുക്തിപരതക്കെതിരെ ക്രൈസ്തവ മതപാരമ്പര്യത്തെ മുറുകെപ്പിടിച്ച് കൊണ്ട് തുടങ്ങിയ പ്രസ്ഥാനമായിരുന്നു അത്. ഫാറൂഖി വളരെ കൃത്യമായി സയണിസത്തെ റൊമാന്റിക്ക് പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഈ റൊമാന്റിക് പാരമ്പര്യത്തെ പിന്തുടര്‍ന്ന് കൊണ്ടാണ് സയണിസം മതത്തെ ദേശീയതയുമായി ബന്ധിപ്പിക്കുന്നത്. ഇസ്രയേലി ദേശരാഷ്ട്രം എന്ന ആശയം അങ്ങനെയാണ് ഉത്ഭവിക്കുന്നത്.

സയണിസത്തിന്റെ അടിസ്ഥാനം മതപരമോ ആത്മീയമോ അല്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, ഭൗതികവും അതിര്‍ത്തിപരവുമാണ്. അത് പിന്നീട് ഒരു ദേശീയതയായി വികസിക്കുകയായിരുന്നു. ഒരു മതഗ്രന്ഥത്തെ അതിനടിസ്ഥാനമാക്കുകയും ചെയ്തു. ഒരു ജനതയെയും ജനതയെയും കുറിച്ച വിശുദ്ധ വേദപുസ്തകം എന്നാണ് ചരിത്രകാരനും അക്കാദമീഷ്യനുമായ മാര്‍ട്ടിന്‍ ബുബെര്‍ അതിനെ വിളിക്കുന്നത്. മറ്റൊരു ചരിത്രകാരനായ അഹദ് ഹാം ഇസ്രയേലിന്റെ ജ്ഞാനശാസ്ത്രപരമായ അപ്രമാദിത്യം വിളിച്ചോതുന്ന ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്. ഒരു സയണിസ്റ്റ് നേതാവ് പറഞ്ഞതാണിത്: ‘ഇപ്പോള്‍ ചരിത്രത്തെ തന്നെ നിര്‍മ്മിക്കുന്നത് ഞങ്ങളാണെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്’.

വംശീയമായ ആധിപത്യ പ്രവണതകളുള്ള ഒരു ദേശീയ പദ്ധതിയായാണ് സയണിസം ലോകത്ത് വേരുറക്കുന്നത്. ദേശീയത എന്ന ആധുനിക ആശയമാണ് അതിനായവര്‍ ഉപയോഗപ്പെടുത്തിയത്. അതിലൂടെ തങ്ങളുടെ ജൂതപാരമ്പര്യത്തെ മറച്ച് പിടിക്കാനും യൂറോപ്യന്‍ ദേശീയതയുടെ ഭാഗമാകാനും അവര്‍ക്ക് കഴിഞ്ഞു. കാരണം ജൂതസ്വത്വം യൂറോപ്പിനെ സംബദ്ധിച്ചിടത്തോളം അപരമായിരുന്നു. അതിനാല്‍ തന്നെ ഈ ജൂതസ്വത്വത്തില്‍ നിന്നും കുതറിമാറി യൂറോപ്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാകാന്‍ സയണിസ്റ്റുകള്‍ക്ക് സാധിച്ചത് ദേശരാഷ്ട്രം എന്ന ആധുനിക പദ്ധതിയിലൂടെയാണ്. അങ്ങനെയാണ് യൂറോപ്പിനെയും വെല്ലുന്ന ജ്ഞാനശാസ്ത്ര മേധാവിത്വം സയണിസം നേടിയെടുത്തത്.

ചരിത്രത്തില്‍ ഇടപെടുന്ന ദൈവം എന്നാണ് സയണിസ്റ്റുകള്‍ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്. അങ്ങനെ ചരിത്രത്തില്‍ സമയോചിതമായി ഇടപെട്ടത് കൊണ്ടാണല്ലോ ദേശരാഷ്ട്രം എന്ന ആശയത്തെ സ്വാംശീകരിക്കാനും യൂറോപ്പ്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാകാനും അവര്‍ക്ക് സാധിച്ചത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സയണിസ്റ്റ് പ്രസ്ഥാനം മാത്രമല്ല യൂറോപ്പിലെ സെമിറ്റിക്ക് വിരുദ്ധതക്കെതിരെ നിലകൊണ്ടത്. മതപരവും മതേതരവുമായ മറ്റ് ജൂത സംഘടനകളും സെമിറ്റിക്ക് വിരുദ്ധതക്കെതിരെ ശക്തമായി നിലകൊണ്ടിരുന്നു. മാര്‍ക്‌സിസ്റ്റ് പാരമ്പര്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവയായിരുന്നു അവ. ലോകത്തുടനീളമുള്ള കുടിയേറ്റ ജൂത സമൂഹങ്ങള്‍ക്കിടയില്‍ അവ വലിയ തോതില്‍ സ്വാധീനം ചെലുത്തിയിരുന്നു.

ഫലസ്തീനിലേക്ക് കുടിയേറാനുള്ള സയണിസ്റ്റ് ആഹ്വാനത്തെ വെല്ലുവിളിച്ച് കൊണ്ട് യൂറോപ്പില്‍ തന്നെ നില്‍ക്കാനാണ് അത്തരം സെമിറ്റിക്ക് വിരുദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടത്. അവരെ സംബന്ധിച്ചിടത്തോളം ജൂതവംശീയതക്കുത്തരവാദിയായ യൂറോപ്പ് തന്നെയാണ് അതിന് നഷ്ടപരിഹാരം നല്‍കേണ്ടത്. അല്ലാതെ അതുമായി യാതൊരു ബന്ധവുമില്ലാത്ത ഫലസ്തീനല്ല. അത്‌പോലെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേലിനെതിരെയും സയണിസത്തിനെതിരെയും കര്‍ശനമായ നിലപാട് സ്വീകരിക്കുന്ന ജൂത ആക്ടിവിസ്റ്റുകളെ നമുക്ക് കാണാന്‍ സാധിക്കും. അവരോടൊപ്പം ഒരു ഐക്യമുന്നണി രൂപപ്പെടുത്തിക്കൊണ്ടാണ് ഫലസ്തീന്‍ വിമോചനപ്പോരാട്ടം വികസിക്കേണ്ടത്.

ഒരു കൊളോണിയല്‍ ദേശരാഷ്ട്രം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി മാത്രം സെമിറ്റിക്ക് വിരുദ്ധതയെക്കുറിച്ചും ജൂതസ്വത്വത്തെക്കുറിച്ചും സംസാരിക്കുന്ന സയണിസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായാണ് ഞാന്‍ മുകളില്‍ പരമാര്‍ശിച്ച ജൂത പ്രസ്ഥാനങ്ങള്‍ ചിന്തിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഫലസ്തീനികളും ജൂതരും ഒരുമിച്ച് നിന്നുകൊണ്ടാണ് കൊളോണിയലിസത്തെയും സയണിസത്തെയും നേരിടേണ്ടത്. അഥവാ, കൊളോണിയാലിറ്റിയെയാണ് അത്തരം പ്രസ്ഥാനങ്ങള്‍ വിമര്‍ശന വിധേയമാക്കുന്നത്. ദേശീയത, ദേശരാഷ്ട്രം എന്നീ ആധുനിക യൂറോപ്യന്‍ ആശയങ്ങളെ അവ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ചുരുക്കത്തില്‍, സയണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ജ്ഞാനശാസ്ത്രപരമായ വെല്ലുവിളിയായി അവ മാറുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. (തുടരും)

വിവ: സഅദ് സല്‍മി

സയണിസം ഒരു ജൂതവിരുദ്ധ പ്രത്യയശാസ്ത്രം

രാഷ്ട്ര നിര്‍മ്മാണത്തിന് വഴിയൊരുക്കിയ നഖബ

Related Articles