Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ സെമിറ്റിക്ക് വിരുദ്ധതയുടെ ഭാരംപേറുന്ന ഫലസ്തീനികള്‍

anti-jew.jpg

ജൂതന്‍മാരുടെ ഭൂമി എന്ന അവകാശവാദവുമായി ഫലസ്തീന്‍ പിടിച്ചടക്കാന്‍ തുടങ്ങിയത് 1897-ലെ ആദ്യത്തെ സയണിസ്റ്റ് സമ്മേളനത്തോടെയല്ല. മറിച്ച്, അധിനിവേശത്തെക്കുറിച്ച ആലോചനകള്‍ക്ക് അതിനും ഒരുപാട് വര്‍ഷത്തെ പഴക്കമുണ്ട്. സിറിയ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ തുടര്‍ച്ചയായി തന്നെയാണ് 1948-ലെ ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ കാണേണ്ടത്. അഥവാ, ഫലസ്തീന്‍ അധിനിവേശം ഒറ്റപ്പെട്ട സംഗതിയല്ല. ലോകത്തുടനീളമുള്ള കൊളോണിയല്‍ പദ്ധതികളുടെ തുടര്‍ച്ച തന്നെയാണത്. 18, 19 നൂറ്റാണ്ടുകളില്‍ കൊളോണിയലിസ്റ്റുകള്‍ തുടങ്ങിവെച്ച ആലോചനകള്‍ ഇരുപതാം നൂറ്റാണ്ടില്‍ ബ്രിട്ടന്റെ ഫലസ്തീന്‍ അധിനിവേശത്തോട് കൂടി പ്രായോഗികവല്‍ക്കരിക്കപ്പെടുകയായിരുന്നു.

ചരിത്രപരമായി യൂറോപ്പിനെ അസ്വസ്ഥപ്പെടുത്തിയിരുന്ന ജൂതപ്രശ്‌നത്തെ ഫലപ്രദമായി അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ജൂതന്‍മാര്‍ക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ വക ഒരു രാഷ്ട്രം എന്ന ആശയം മുന്നോട്ട് വെക്കപ്പെടുന്നത്. അഥവാ, ചരിത്രപരമായും ദൈവശാസ്ത്രപരമായും തങ്ങള്‍ തന്നെ നിര്‍മ്മിച്ചെടുത്ത ഒരു പ്രതിസന്ധിയെ പരിഹരിക്കുക എന്ന നിലക്കാണ് ഫലസ്തീന്‍ അധിനിവേശത്തെ യൂറോപ്പ് മനസ്സിലാക്കിയത്. തുടക്കത്തില്‍ അര്‍ജന്റീന, എത്യോപ്യ തുടങ്ങിയ രാഷ്ട്രങ്ങളെയാണ് കണ്ടുവെച്ചിരുന്നതെങ്കിലും അവസാനം ഫലസ്തീനാണ് നറുക്ക് വീണത്. ദേശീയതയോട് അനുകൂല സമീപനം സ്വീകരിച്ച ജൂതരുടെയും താല്‍പര്യം അത് തന്നെയായിരുന്നു.

ജൂത റബ്ബിയായിരുന്ന ഹിര്‍ഷ് കലിഷെര്‍ 1862 ല്‍ ഒരു പുസ്തകമെഴുതിയിരുന്നു. ദെരിഷത് സിയോണ്‍ (Deishat-zion) എന്നായിരുന്നു അതിന്റെ തലക്കെട്ട്. ജൂതന്‍മാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ യൂറോപ്പില്‍ നിന്ന് സെമിറ്റിക് വിരുദ്ധത എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേസമയം ആ രാഷ്ട്രം ഫലസ്തീനില്‍ മാത്രമേ സ്ഥാപിക്കാവൂ എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പുസ്തകം എഴുതുക മാത്രമല്ല, 1870-ല്‍ ഒരു ജൂത കാര്‍ഷിക സ്‌കൂള്‍ ഫലസ്തീനില്‍ തുടങ്ങിക്കൊണ്ട് അദ്ദേഹം തന്നെ ‘മാതൃക”യാവുകയും ചെയ്തു.

മറ്റൊരു ജൂത ഗ്രന്ഥകാരനായ മോസെസ്സ് ഹെസ്സ്, ‘റോമും ജെറൂസലേമും’ ( Rome and Jerusalem) എന്ന ഒരു പുസ്തകം എഴുതുകയുണ്ടായി. ഫ്രാന്‍സിനോട് ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹം പുസ്തകത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഒരു ദേശരാഷ്ട്രത്തെക്കുറിച്ച ഭാവനകള്‍ അദ്ദേഹം നല്‍കുന്നില്ലെങ്കിലും യൂറോപ്പിന്റെ ചുമലില്‍ നിന്ന് സെമിറ്റിക് വിരുദ്ധത നീക്കം ചെയ്യാനുള്ള സുവര്‍ണ്ണാവസരമായാണ് ഇസ്രായേലീ കുടിയേറ്റത്തെ അദ്ദേഹം മനസ്സിലാക്കുന്നത്. സെമിറ്റിക് വിരുദ്ധതയുടെ ഭാരം മുഴുവന്‍ ഫലസ്തീനികളില്‍ കെട്ടിവെക്കുന്നതിലൂടെ നൂറ്റാണ്ടിന്റെ ചരിത്രമുള്ള യൂറോപ്യന്‍ വംശീയതയെ മറച്ച് പിടിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്ക്കൂട്ടല്‍.

യൂറോപ്പിനെ അലട്ടിയിരുന്ന ജൂതപ്രശ്‌നത്തെ ദൈവശാസ്ത്രപരമായി നേരിടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ജൂതരെ മുഴുവന്‍ യൂറോപ്പില്‍ നിന്ന് ഫലസ്തീനിലേക്ക് പറിച്ച് നടുന്നത്. അത് വഴി യൂറോപ്പിന്റെ തന്നെ സെമിറ്റിക്ക് വിരുദ്ധ പാരമ്പര്യത്തെ പൊതു സംസാരങ്ങളില്‍ നിന്ന് മറച്ച് പിടിക്കാന്‍ സാധിക്കുകയും ചെയ്തു. അതിനാല്‍ ഫലസ്തീനിലെ കൊളോണിയല്‍ പദ്ധതിയെ രണ്ട് തരത്തിലാണ് മനസ്സിലാക്കേണ്ടത്. ഒന്നാമതായി, സെമിറ്റിക്ക് വിരുദ്ധതയെ ശക്തമായി നാം എതിര്‍ക്കേണ്ടതുണ്ട്. അഥവാ, സയണിസ്റ്റ് വിരുദ്ധത ജൂതവിദ്വേഷമായി പരിവര്‍ത്തിപ്പിക്കപ്പെടാന്‍ അനുവദിച്ച് കൂടാ. രണ്ടാമതായി, യൂറോപ്പിന്റെ പാപഭാരം മുഴുവന്‍ ഒരു സമൂഹത്തിന് മേല്‍ കെട്ടിവെക്കുന്ന പ്രവണതയെ നാം ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. അഥവാ, തങ്ങളുണ്ടാക്കി വെച്ച പ്രശ്‌നത്തിന് യൂറോപ്പ് തന്നെയാണ് പരിഹാരം കാണേണ്ടത് എന്നര്‍ത്ഥം.

ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഫലസ്തീനിലെ ജൂത കുടിയേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഫലസ്തീന്‍, ലബനാന്‍, സിറിയ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനത്തെ മുതലെടുത്ത് ഇസ്രയേല്‍ എന്ന ദേശരാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനായി  സാമ്പത്തികവും സൈനികപരവും രാഷ്ട്രീയപരവുമായ ശ്രമങ്ങള്‍ക്ക് സയണിസ്റ്റുകള്‍ തുടക്കം കുറിക്കുന്നത്.

ഈ സന്ദര്‍ഭത്തില്‍ തന്നെ തങ്ങളുടെ സിയോണിസ്റ്റ് പദ്ധതിയുടെ ഫണ്ടിംഗിനായി നിരവധി സാമ്പത്തിക യൂണിറ്റുകള്‍ ജൂതര്‍ ഫലസ്തീനില്‍ സ്ഥാപിക്കുകയുണ്ടായി. ജര്‍മനിയും സാമ്പത്തിക യൂണിറ്റുകള്‍ സ്ഥാപിച്ച് കൊണ്ട് ഈ പദ്ധതിക്ക് പിന്തുണയറിയിക്കുകയും ചെയ്തു. കൂടാതെ, ഈയാവശ്യാര്‍ത്ഥം 1870-ല്‍ ഒരു ആംഗ്ലോ-ജൂത സംഘടനക്ക് സിയോണിസ്റ്റുകള്‍ രൂപം നല്‍കുകയും ചെയ്തു. 1873-ല്‍ മറ്റൊരു ജര്‍മന്‍ ജൂത സംഘടനയും നിലവില്‍ വരികയുണ്ടായി. ഫലസ്തീനിലെ സയണിസ്റ്റ് പദ്ധതിക്ക് പരമാവധി സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക എന്നതായിരുന്നു ഇവയുടെയല്ലാം ലക്ഷ്യം. (തുടരും)

വിവ: സഅദ് സല്‍മി

കോളനിവല്‍ക്കരണവും ക്രൈസ്തവവല്‍ക്കരണവും തമ്മിലെന്ത്?

ഖിലാഫത്തിന്റെ രണ്ടാം ജന്മം സ്വപ്‌നം കണ്ട സുല്‍ത്താന്‍

Related Articles