Current Date

Search
Close this search box.
Search
Close this search box.

നഖ്ബ ദുരന്തത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍

Nakba1948.jpg

തീര്‍ച്ചയായും നഖ്ബ ദുരന്തം ഇപ്പോഴും അവസാനിക്കാത്ത ഒരു കൊളോണിയല്‍ പദ്ധതിയാണ്. അതേസമയം നഖ്ബ സംഭവത്തെ തന്നെ നിരാകരിക്കുകയാണ് ഇതു വരെയും സയണിസ്റ്റുകള്‍ ചെയ്ത് പോന്നിട്ടുള്ളത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൂട്ടക്കൊലയായിരുന്നില്ല അതെന്നും മറിച്ച് വരാനിരിക്കുന്ന സയണിസ്റ്റ് രാഷ്ട്രത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രതിരോധമായിരുന്നു അതെന്നുമാണ് അവര്‍ പറയുന്നത്. മാത്രമല്ല, അങ്ങനെയൊരു ‘പ്രതിരോധം’ സാധ്യമാക്കിയിരുന്നില്ലെങ്കില്‍ അറബ് മേഖലയില്‍ നിന്നുള്ള കൂട്ടമായ ആക്രമണങ്ങള്‍ തങ്ങള്‍ നേരിടേണ്ടി വരുമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഈ ‘പ്രതിരോധം’ എങ്ങനെയാണ് ജര്‍മ്മനിയിലെ ജൂത കൂട്ടക്കൊലയെപ്പോലും വെല്ലുന്ന മനുഷ്യഹത്യയായി മാറിയത് എന്നതിനെക്കുറിച്ച ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അവര്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ജൂതഹത്യയെക്കുറിച്ചും ഹോളോകോസ്റ്റിനെ കുറിച്ചുമൊക്കെ സംസാരിക്കുന്നവര്‍ നഖബ കൂട്ടക്കൊലയെക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

ഇസ്രയേലീ ആഖ്യാനപ്രകാരം ഫലസ്തീനികള്‍ തന്നെയാണ് അവരുടെ അധിനിവേശത്തിന് ഉത്തരവാദികള്‍. അപരിഷ്‌കൃതരും പൂര്‍വ്വാധുനികരുമായ സമൂഹമാണവര്‍. ഇവിടെ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചുമുള്ള ഓറിയന്റലിസ്റ്റ് വാര്‍പ്പുമാതൃകകളെത്തന്നെയാണ് സയണിസ്റ്റുകളും ഏറ്റ്പിടിക്കുന്നത്. ഇസ്രയേല്‍ ഫലസ്തീനികളില്‍ നിന്ന് തുടര്‍ച്ചയായ സുരക്ഷാഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. മാത്രമല്ല, അഞ്ചോളം അറബ് രാഷ്ട്രങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഇസ്രയേലിന്റെ അസ്തിത്വത്തെ തന്നെ വെല്ലുവിളിക്കുകയാണെന്നും അവര്‍ ആവലാതിപ്പെടുന്നു. ഇവിടെ നാം കാണുന്നത് കൊളോണിയലിസ്റ്റുകള്‍ തന്നെ സ്വയം ഇരകളായി പരിവര്‍ത്തിക്കപ്പെടുന്ന കാഴ്ചയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ ആഖ്യാനത്തെ ഏറ്റ്പിടിക്കുകയാണ് ലോകരാഷ്ട്രങ്ങളും മാധ്യമങ്ങളും ചെയ്യുന്നത്. അത്‌കൊണ്ടാണ് ഇസ്രയേലികളെക്കുറിച്ച പരാമര്‍ശങ്ങളില്‍ സിവിലിയന്‍മാര്‍ എന്ന പരാമര്‍ശവും ഫലസ്തീനികളെക്കുറിച്ച് തീവ്രവാദികള്‍, ഭീകരര്‍ എന്നീ പ്രയോഗങ്ങളും കടന്ന് വരുന്നത്.

സയണിസ്റ്റുകള്‍ക്ക് ദ്വിരാഷ്ട്രം എന്ന സങ്കല്‍പ്പമായിരുന്നു തുടക്കത്തിലുണ്ടായിരുന്നത് എന്നും  ഫലസ്തീനികളെ അവരുടെ നാട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കുക എന്ന ലക്ഷ്യം അവര്‍ക്കുണ്ടായിരുന്നില്ല എന്നുമുള്ള ഒരാഖ്യാനവും നിലവിലുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദ്വിരാഷ്ട്രം എന്ന സങ്കല്‍പ്പത്തെ ആദ്യമായി മുന്നോട്ടു വെക്കുന്നത് ഫലസ്തീനിലെ ഹമാസടക്കമുള്ള ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളാണ്. ആ നിര്‍ദേശങ്ങളെ അന്നുമിന്നും ശക്തമായി എതിര്‍ക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്തിട്ടുള്ളത്. ഇവിടെ ശ്രദ്ധേയമായ കാര്യം ഇതാണ്: ഒരു രാഷ്ട്രം കീഴടക്കാന്‍ കൊളോണിയലിസ്റ്റുകള്‍ വരുന്നു. എന്നാല്‍ അവരെക്കൂടി ഉള്‍ക്കൊണ്ട് കൊണ്ട് രാഷ്ട്ര രൂപീകരണം നടത്താന്‍ കോളനീകരിക്കപ്പെട്ട രാഷ്ട്രം തയ്യാറാവുന്നു! ചരിത്രത്തില്‍ ഇതിന് തുല്യമായ സംഭവം എപ്പോഴാണ് ഉണ്ടായിട്ടുള്ളത്? എന്നാല്‍ ദ്വിരാഷ്ട്രം എന്ന ജനാധിപത്യപരമായ ആശയത്തെ സ്വീകരിക്കാന്‍ ഒരിക്കല്‍ പോലുംം സയണിസ്റ്റുകള്‍ തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഞാന്‍ മനസ്സിലാക്കുന്നത് 1948 ല്‍ നടന്ന നഖ്ബ സംഭവം 1967 ലെ അധിനിവേശത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് എന്നാണ്. കാരണം ഫലസ്തീനിന്റെ അസ്തിത്വത്തെ തന്ന ചോദ്യം ചെയ്ത ഒന്നായിരുന്നു നഖബ സംഭവം. അതൊരിക്കലും ഇസ്രയേല്‍ അവകാശപ്പെടുന്നത് പോലെ പെട്ടെന്നുണ്ടായ സംഭവമൊന്നുമല്ല. മറിച്ച് വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെയും ഗൂഢാലോചനയുടെയും ഫലമായി രൂപപ്പെട്ടതാണത്. മാത്രമല്ല, സയണിസ്റ്റ് അധിനിവേശത്തിന്റെ പ്രത്യേകത എന്നത് തന്നെ യാദൃശ്ചികമായി അവിടെ ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. അമ്പരപ്പിക്കുന്ന ആസൂത്രണ മികവാണ് സയണിസ്റ്റ് പദ്ധതികളിലെല്ലാം നമുക്ക് കാണാനാവുക. ജൂത ജനസംഖ്യ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് അതിന് പിന്നിലുണ്ടായിരുന്നത്. എതിരാളികളുടെ ജനസംഖ്യ ക്രമാതീതമായി കുറക്കുക എന്നതാണ് അതിനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്ന്. ലോകത്തുടനീളം രൂപപ്പെട്ടിട്ടുള്ള ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെയെല്ലാം പ്രവര്‍ത്തന രീതിയും ഇത് തന്നെയാണ്. ജര്‍മ്മനിയില്‍ നടന്ന നാസികളുടെ ജൂതഹത്യയുടെയും ലക്ഷ്യം അത് തന്നെയായിരുന്നു. അന്നത്തെ ഇരകള്‍ ഇന്ന് വേട്ടക്കാരാകുന്നു എന്നതാണ് വൈരുദ്ധ്യം.

ബൈബിളിലെ ദാവീദ്-ഗോലിയാത്ത് കഥയെ അനുസ്മരിച്ച് കൊണ്ടാണ് സയണിസ്റ്റുകള്‍ അധിനിവേശത്തിനനുകൂലമായ ആഖ്യാനങ്ങള്‍ നിര്‍മ്മിക്കുന്നത്. അത്പ്രകാരം ആധുനിക ഇസ്രയേല്‍ ദാവീദാണ്. ഗോലിയാത്ത് എന്ന ഫലസ്തീനിനോടാണ് അവര്‍ ഏറ്റുമുട്ടുന്നത്. ഫലസ്തീന്‍ മാത്രമല്ല ഗോലിയാത്ത്. അറബ് രാഷ്ട്രങ്ങള്‍ മുഴുവന്‍ ഗോലിയാത്താണ്. ഈ ആഖ്യാനത്തെ മുന്‍നിര്‍ത്തിയാണ് നഖ്ബ സംഭവത്തെ അവര്‍ ന്യായീകരിക്കുന്നത്. അങ്ങനെയാണ് ലോകത്തുടനീളമുള്ള ക്രൈസ്തവ സമൂഹങ്ങളുടെ പിന്തുണ ഉറപ്പ് വരുത്താന്‍ അവര്‍ക്ക് സാധിച്ചത്. ബൈബിള്‍ എങ്ങെനെയാണ് അധിനിവേശത്തെ ന്യായീകരിക്കുന്ന ഒരു ഉപകരണമായി മാറുന്നത് നാം നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ഇവിടെയും നാം അതാണ് കാണുന്നത്. ചരിത്രത്തെയും ചരിത്രാഖ്യാനങ്ങളെയും നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന മാധ്യമമായി ബൈബിള്‍ മാറുകയാണ് ചെയ്യുന്നത്.

ചരിത്രകാരനായ നൂര്‍ മസല്‍ഹ നഖബ സംഭവത്തെ മുന്‍നിര്‍ത്തി ഒരു പുസ്തകമെഴുതിയിട്ടുണ്ട്. The Palestine Nakaba: Decolonizing History, narrating the subaltern, reclaiming memory എന്നതാണ് പുസ്തകത്തിന്റെ തലക്കെട്ട്. അതിലദ്ദേഹം പറയുന്നത് ഫലസ്തീനിന്റ ആധുനിക ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമാണ് നഖ്ബ എന്നാണ്. അഞ്ഞൂറോളം ഗ്രാമങ്ങളും നഗരങ്ങളുമാണ് അന്ന് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ആ സംഭവത്തിന് ശേഷമാണ് ഫലസ്തീന്‍ അന്താരാഷ്ട്ര മാപ്പുകളില്‍ നിന്നും ഇല്ലാതാകുന്നത്. എങ്ങനെയാണ് ഒരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സത്താപരമായും രാഷ്ട്രീയപരവുമായുള്ള നിലനില്‍പ്പ് ഇല്ലാതാക്കപ്പെടുന്നത് എന്ന ചോദ്യത്തെയാണ് നൂര്‍ അഭിമുഖീകരിക്കുന്നത്.് ഏഴ് ലക്ഷത്തിലധികം വരുന്ന ഒരു സമൂഹത്തെ വെറും ആറ് മാസത്തെ കാലയളവ് കൊണ്ട് വംശീയമായി ഉന്‍മൂലനം നടത്താന്‍ കഴിയുന്ന സയണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സവിശേഷതയെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. അതേസമയം, ഇപ്പോഴും നഖ്ബ ദുരന്തത്തെ അംഗീകരിക്കാനോ മാപ്പ് പറയാനോ ഇസ്രയേല്‍ തയ്യാറായിട്ടില്ല. (തുടരും)

വിവ: സഅദ് സല്‍മി

ഫലസ്തീന്‍ അഭയാര്‍ഥി പ്രതിസന്ധിയും ലോകരാഷ്ട്രങ്ങളും

കുടിയേറ്റം എന്ന ആധുനിക കൊളോണിയല്‍ പദ്ധതി

Related Articles