Current Date

Search
Close this search box.
Search
Close this search box.

അപവാദങ്ങള്‍ പല തരം – 1

വ്യത്യസ്ത കാലങ്ങളില്‍, വിശ്വാസികള്‍ നേരിട്ട പവാദങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഇനി പരിശോധിക്കാനുള്ളത്.
1. വ്യഭിചാരം : യൂസുഫും മര്‍യമും നേരിടേണ്ടി വന്ന വ്യഭിചാരാരോപണങ്ങള്‍ നാം മുമ്പു വിവരിച്ചു. അതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ആരോപണം നബിയുടെ കാലത്തും ഉണ്ടായിട്ടുണ്ട്. ചാരിത്ര്യ ശുദ്ധിയുള്ള വനിതകളെ കുറിച്ച് അപവാദം നടത്തുക അവിശ്വാസികളെ സംബന്ധിച്ചിടത്തൊളം ഒരു ഹരമാണ്. പക്ഷെ, അതിന്റെ അനന്തര ഫലത്തെ കുറിച്ച ബോധമുണ്ടാവുകയാണെങ്കില്‍, ആരും അതിനൊരിക്കലും ധൈര്യപ്പെടുകയില്ല. ചാരിത്യ ശുദ്ധിയുള്ള വനിതകളെ അപവദിച്ചാലുള്ള ഭവിഷ്യത്തിനെ ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു: “അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ). അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും.” (24: 23-25)
2. അഹങ്കാരം : വിശ്വാസികള്‍ക്കെതിരെ പതിവായി ആരോപിക്കപ്പെടുന്ന ഒരു അപവാദമാണിത്. പൊതുവെ, ആളുകള്‍ വെറുക്കുന്ന ഒരു സ്വഭാവമാണിതെന്നതിനാലാണ്, ഇത് പ്രയോഗിക്കപ്പെടുന്നത്. തദ്വാരാ, ഇത്തരക്കാരില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോകുന്നു. ഈ മനശാസ്ത്രം മനസ്സിലാക്കിയ അവിശ്വാസികള്‍, പ്രവാചന്മാര്‍ക്കെതിരെ ഇത് പ്രയോഗിക്കാറുണ്ട്. പ്രവാചകനായ സ്വാലിഹ് ഉദാഹരണം. ഖുര്‍ആന്‍ പറയുന്നു: “ഥമൂദ് സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍ പറഞ്ഞു. നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും നമ്മുടെ കൂട്ടത്തില്‍ നിന്ന് അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ? അല്ല, അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു. എന്നാല്‍ നാളെ അവര്‍ അറിഞ്ഞ് കൊള്ളും; ആരാണ് അഹങ്കാരിയായ വ്യാജവാദിയെന്ന്.” (54: 23 – 26)
അതെ, തങ്ങളില്‍ പെട്ട ഒരാളെ, തങ്ങളുടെ ഉദ്ബോധകനായി തെരഞ്ഞെടുക്കുന്നത് സ്വാലിഹിന്റെ ജനത ഇഷ്ടപ്പെട്ടില്ല. അതിനാല്‍, ഉത്തമ ദൈവഭക്തനും വിശ്വസ്തനും വിനയാന്വിതനുമായ സ്വാലിഹിനെ വെറുപ്പോടെയായിരുന്നു അവര്‍ സ്വീകരിച്ചത്. സത്യമതത്തിലെക്കും, ധാര്‍മിക സദാചാരത്തിലെക്കും സന്മാര്‍ഗത്തിലേക്കും ക്ഷണിച്ചപ്പോള്‍, അവര്‍ അദ്ദേഹത്തെ അപവദിച്ചത് അത് കൊണ്ടായിരുന്നു. കേവലം വാചികം എന്ന നിലക്ക് ഈ ആക്രമണത്തെ നിസ്സാരമായി വിലയിരുത്തപ്പെട്ടേക്കാമെങ്കിലും, തദ്വാരാ, ലഭിച്ചേക്കാവുന്ന, ഭൗതികവും പാരത്രികവുമായ ശിക്ഷകളെ കുറിച്ച് വിശ്വാസികള്‍ ബോധവാന്മാരാകേണ്ടതുണ്ട്. ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയാത്ത ഒരു ഖണ്ഡിത നിയമമത്രെ അത്. സ്വാലിഹിന്റെ ജനതയെ ബാധിച്ച ദുരന്തം ഖുര്‍ആന്‍ വിവരിക്കുന്നു: “അപ്പോള്‍ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിരുന്നു (എന്നു നോക്കുക.) നാം അവരുടെ നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച് കെട്ടുന്നവര്‍ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു.” (54: 30, 31)

3. ഭ്രാന്ത് : വിശ്വാസികളില്‍ പൊതുവെ ആരോപിക്കപ്പെടുന്ന മറ്റൊരു അപവാദമാണിത്. മുഹമ്മദ് നബിയടക്കമുള്ള പല പ്രവാചകന്മാരും ഈ അപവാദത്തിന്ന് ഇരകളായിട്ടുണ്ട്. അല്ലാഹുവോടും അവന്റെ മതത്തോടും അവര്‍ക്കുണ്ടായിരുന്ന ഭക്തിയായിരുന്നു കാരണം. ഖുര്‍ആന്‍ പറയുന്നു: “അതല്ല അവരുടെ ദൂതനെ അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണോ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നത് ? അതല്ല, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? അല്ല, അദ്ദേഹം അവരുടെയടുക്കല്‍ സത്യവും കൊണ്ട് വന്നിരിക്കയാണ്. എന്നാല്‍ അവരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ. സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു. (23: 69 – 71)
അവിശ്വാസികളൂടെ ഭൗതിക താല്പര്യങ്ങളും പ്രവാചകന്മാര്‍ കൊണ്ടു വന്ന സത്യവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു ഈ ശത്രുതയുടെ ഹേതു. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് പ്രവാചകന്മാര്‍ തങ്ങളെ ഭരമേല്പിച്ച സന്ദേശം എത്തിച്ചു കൊടുത്തതെങ്കിലും, തങ്ങളില്‍ ഭയങ്കരമായൊരു ഭാരം അടിച്ചേല്പിച്ചുവെന്ന പോലെ, ഭൂരിഭാഗമാളുകളും, അവരെ തിരസ്‌കരിക്കുകയും വധിക്കാന്‍ പോലും ശ്രമിക്കുകയുമായിരുന്നു. ഖുര്‍ആന്‍ പറയുന്നു: “അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാല്‍ നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്. അവന്‍ ഉപജീവനം നല്‍കുന്നവരുടെ കൂട്ടത്തില്‍ ഉത്തമനാകുന്നു. തീര്‍ച്ചയായും നീ അവരെ നേരായ പാതയിലേക്കാകുന്നു ക്ഷണിക്കുന്നത്. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ആ പാതയില്‍ നിന്ന് തെറ്റിപ്പോകുന്നവരാകുന്നു.” (23: 72 – 74)
പ്രവാചകന്മാരിലുള്ള ഈ ഭ്രാന്താരോപണം ഒരു പാരമ്പര്യമായി തന്നെ തുടര്‍ന്നു പോന്നിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. സകല പ്രവാചകന്മാരും അവരുടെ ശേഷം വന്ന പല പ്രബോധകരായ വിശ്വാസികളും ഈ അപവാദത്തിന്നിരയായിട്ടുണ്ട്.
ഉദാഹരണമായി, മുഹമ്മദ് നബിയോട് ശത്രുക്കള്‍ പറഞ്ഞു: “അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.” (15: 6)
അല്ലാഹു തിരുമേനിയോട് പറയുന്നു: “സത്യനിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍കൊണ്ട് നോക്കിയിട്ട് നീ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയും.” (68: 51)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: “എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.” (44: 14)
പ്രവാചകനായ ഹൂദിന്നും ഇതേ അനുഭവം തന്നെയാണുണ്ടായത്. ഖുര്‍ആന്‍ പറയുന്നു: “അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൗഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.  അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ യാതൊരു മൗഢ്യവുമില്ല. പക്ഷെ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്. എന്റെ രക്ഷിതാവിന്റെ സന്നുേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു.” (7: 66 – 68)
നൂഹിന്റെ ജനത അദ്ദേഹത്തെ കുറിച്ചു പറഞ്ഞതും മറ്റൊന്നായിരുന്നില്ല. ഖുര്‍ആന്‍ തന്നെ പറയട്ടെ: “ഇവന്‍ ഭ്രാന്ത് ബാധിച്ച ഒരു മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ കുറച്ചുകാലം വരെ ഇവന്റെ കാര്യത്തില്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ.” (23: 25 – 26)
പ്രവാചകനായ മൂസയെ കുറിച്ച ഫറവോന്റെ ആരൊപണവും അദ്ദേഹം ഭ്രാന്തനാണെന്നായിരുന്നു: “അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്.” (26: 27)
ഇതിന്റെ അനന്തര ഫലമെന്തായിരുന്നു? ഖുര്‍ആന്‍ തന്നെ പറയുന്നു: “അപ്പോള്‍ അവന്‍ തന്റെ ശക്തിയില്‍ അഹങ്കരിച്ച് പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്. (മൂസാ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന് അവന്‍ പറയുകയും ചെയ്തു. അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടുകയും, എന്നിട്ട് അവരെ കടലില്‍ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍.”  (51: 39 – 40)                                        (തുടരും)

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles