Current Date

Search
Close this search box.
Search
Close this search box.

ദുല്‍ഖഅദ്, ഹജ്ജ് മാസങ്ങളിലൊന്ന്

ദുല്‍ഖഅദ് മാസം ഹജ്ജ് മാസങ്ങളിലൊന്നാണ്. അതുപോലെ, പരിശുദ്ധമാക്കപ്പെട്ട നാല് മാസങ്ങളുലൊന്നുമാണ്. അല്ലാഹു പറയുന്നു: ‘ഹജ്ജ് മാസങ്ങള്‍ അറിയപ്പെട്ടതാകുന്നു’ (അല്‍ബഖറ: 197). ‘ആകാശവും ഭൂമിയും സൃഷ്ടിച്ച ദിവസം, അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു’ (അത്തൗബ: 36). പ്രവാചകന്‍ പറയുന്നു: ‘ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ടതുമതല്‍ എങ്ങനെയായിരുന്നോ കാലം, അങ്ങനെ തന്നെ കാലം കറങ്ങികൊണ്ടിരിക്കുന്നു. വര്‍ഷത്തില്‍ പന്ത്രണ്ട് മാസങ്ങളും അതില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളുമാണ് (തുടര്‍ച്ചയായി വരുന്ന ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റവും ജുമാദക്കും ശഅ്ബാനുമിടയിലുളള റജബ് മാസവുമാണത്)’.

‘മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രയുടെ സമയപരിധി പൂര്‍ത്തിയായി’ (അല്‍അഅ്‌റാഫ്:142). ഈ സൂക്തത്തിലെ ‘മുപ്പത് രാവ്’ സൂചിപ്പുക്കുന്നത് ദുല്‍ഖഅദ് മാസത്തെയും, ‘പത്ത്’ സൂചിപ്പിക്കുന്നത് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്തിനെയുമാണ്. അബ്ദുല്ലാഹിബ്‌നു ഉമര്‍ പരിശുദ്ധമാക്കപ്പെട്ട ഈ മാസങ്ങളില്‍ നോമ്പെടുക്കുമായിരുന്നു. അല്ലാഹുവിനുളള അനുസരണവും വിധേയത്വവും വര്‍ധിക്കുന്ന മാസമാണിത്. അതുപോലെ, ഈ മാസങ്ങളില്‍ തെറ്റ് ചെയ്യുന്നത് അല്ലാഹുവില്‍ നിന്ന് കൊടിയ ശിക്ഷ ലഭിക്കാന്‍ കാരണമാകുന്നതുമാണ്. പ്രത്യേകിച്ച്, ഈ മാസങ്ങളില്‍ അക്രമവും അനീതിയും സംഭവിക്കാന്‍ പാടുളളതല്ല. ‘അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്’ (അത്തൗബ : 36). അല്ലാഹുവിലേക്ക് അടുക്കാന്‍ തൗബ വര്‍ധിപ്പിക്കുകയും തെറ്റുകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും വേണം. ‘വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതെത്രെ’ (അല്‍ഹജ്ജ്: 32).

അഹ്‌സാബ് യുദ്ധം കഴിഞ്ഞയുടനെ നടന്ന ബനീ ഖുറൈള യുദ്ധം ഹിജ്‌റ അഞ്ചാം വര്‍ഷത്തില്‍ ദുല്‍ഖഅദ മാസത്തിലാണ് സംഭവിച്ചത്. ജൂതന്മാര്‍ കരാര്‍ ലംഘനം നടത്തി വഞ്ചിച്ചതിനെ തുടര്‍ന്നാണ് യുദ്ധത്തിന് തുടക്കം കുറിച്ചത്. ‘അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത് വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല’ (അല്‍ബഖറ: 100). ഈ യുദ്ധത്തില്‍ ഏകദേശം 700 പേര്‍ കൊല്ലപ്പെടുകയും, അവരിലെ കുട്ടികളും സ്ത്രീകളും ബന്ധിയാക്കപ്പെടുകയും, സമ്പത്ത് ഗനീമത്തായി മുസ്‌ലിംകളുടെ കൈകളിലേക്ക് വന്നുചോരുകയും ചെയ്തു.

ഹിജ്‌റ എട്ടാം വര്‍ഷത്തിലെ താഇഫ് ഉപരോധം ദുല്‍ഖഅദ മാസത്തിലായിരുന്നു സംഭവിച്ചത്. ഉപരോധം മാസങ്ങളോളം നീണ്ടുനിന്നപ്പോള്‍, പ്രവാചകനും അനുചരന്മാരും പീരങ്കി നിര്‍മിച്ച് അവരെ നേരിട്ടു. അതുപോലെ, ഹിജ്‌റ ആറാം വര്‍ഷത്തില്‍ നടന്ന ഹുദൈബിയ സന്ധിക്ക് സാക്ഷ്യം വഹിച്ചത് ദുല്‍ഖഅദ മാസമായിരിന്നു. 1400 സ്വഹാബികളുമായി പ്രവാചകന്‍ ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ടു. ആ സമയം ഉസ്മാന്‍(റ)വിനെ മക്കയിലെ ഖുറൈശികളുടെ അടുക്കലേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് ഉസ്മാന്‍(റ) മരണപ്പെട്ട വാര്‍ത്ത പരന്നു. സ്വഹാബികള്‍ മരത്തന് ചുവട്ടിലിരുന്ന ഉസ്മാന്റെ രക്തത്തിന് പകരം ചോദിക്കാന്‍ തീരുമാനമെടുക്കുന്നു(ബൈഅത് ചെയ്തു). ഇതാണ് ബൈഅത് രിള്‌വാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ആ സമയം സൂറത്ത് ഫത്ഹ് അവതരിച്ചു. ഉസ്മാന്‍(റ) കൊലചെയ്യപ്പെട്ടിട്ടില്ല എന്നത് തുടര്‍ന്ന് വ്യക്തമായി. ഖുറൈശികള്‍ മര്‍കസ് ബ്‌നു ഹഫ്‌സ്, ഉര്‍വത് ബ്‌നു മസ്ഊദ്, സുഹൈല്‍ ബ്‌നു അംറ് എന്നിവരെ മുസ്‌ലിംകളുടെ അടുക്കലേക്ക് കുത്തുമായി പറഞ്ഞയച്ചു.

ചര്‍ച്ചക്കൊടുവില്‍ പത്ത് വര്‍ഷത്തേക്ക് യുദ്ധമുണ്ടാകില്ലെന്ന കരാര്‍ വ്യവസ്ഥ ചെയ്യപ്പെട്ടു. ഈ വര്‍ഷം മുസ്‌ലിംകള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ കഴിയില്ലെന്നും തുടര്‍ന്ന് വരുന്ന വര്‍ഷത്തില്‍ നിര്‍വഹിക്കാമെന്നും ധാരണയായി. ‘ഖുറൈശികളില്‍ നിന്ന് ആരെങ്കിലും മുസ്‌ലിമായി വരികയാണെങ്കില്‍ അവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കേണ്ടതാണ്’ എന്നത് ഹുദൈബിയ കരാറിലെ നിബന്ധനയാണ്. അപ്രകാരം പ്രവാചകന്‍ മക്കയിലേക്ക് തന്നെ പറഞ്ഞയച്ച വ്യക്തികളാണ് അബൂ ജന്‍ദലും അബൂ ബസീറും. ഇമാം ഇബ്‌നുല്‍ ഖയ്യിം ഹുദൈബിയ സന്ധിയില്‍നിന്നുളള ഗുണപാഠങ്ങളും ഗുണവശങ്ങളും തന്റെ ‘സാദുല്‍ മആദ്’ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇത് രാഷ്ട്രീയ തലത്തില്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതാണ്.

അവലംബം:al-forqan.net

Related Articles