Current Date

Search
Close this search box.
Search
Close this search box.

ഇബ്‌നുല്‍ ഹൈതം: ആധുനിക ദര്‍ശനശാസ്ത്രത്തിന്റെ പിതാവ്

പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു അബൂ അലി അല്‍ ഹസന്‍ ഇബ്‌നുല്‍ ഹൈതം (ക്രി.965 – 1040). പാശ്ചാത്യ ലോകത്ത് ‘അല്‍ഹാസന്‍’ എന്നറിയപ്പെടുന്ന ഇബ്‌നുല്‍ ഹൈതം ക്രി.965ല്‍ ബസ്വറയിലാണ് ജനിച്ചത്. ബസ്വറയില്‍ നിന്നും ബഗ്ദാദില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കി. പിന്നീട് ഈജിപ്തിലെത്തിയ അദ്ദേഹത്തോട് നൈലിലെ പ്രളയജലം നിയന്ത്രിക്കാന്‍ അവിടുത്തെ ഭരണാധികാരി ആവശ്യപ്പെടുകയുണ്ടായി. ഈ ശ്രമം പരാജയ പ്പെട്ടതിനാല്‍ അല്‍ ഹാകിമിന്റെ ശിക്ഷയെ ഭയപ്പെട്ട് അല്‍ ഹാകിം മരിക്കും വരെ ഇബ്‌നുല്‍ ഹൈതം ഭ്രാന്തനായി അഭിനയിച്ചു.

തുടര്‍ന്ന് സ്‌പെയ്‌നിലെത്തിയപ്പോള്‍ തന്റെ ശാസ്ത്രാന്വേഷണങ്ങള്‍ക്ക് പ്രത്യേകം സമയം കണ്ടെത്താന്‍ ഇദ്ദേഹം മറന്നില്ല. ദര്‍ശനശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും വൈദ്യ ശാസ്ത്രത്തിലും കനപ്പെട്ട ഗ്രന്ഥങ്ങള്‍ തന്നെ ഇദ്ദേഹം രചിക്കുകയുണ്ടായി.

പ്രകാശത്തിന്റെ വിവിധ മാധ്യമങ്ങളിലൂടെയുള്ള സഞ്ചാരത്തെക്കുറിച്ച് പഠിച്ച ഇദ്ദേഹം റിഫ്രാക്ഷന്റെ നിയമങ്ങള്‍ കണ്ടെത്തി. പ്രകാശം അതിന്റെ മൂലവര്‍ണങ്ങളായി വികിരണം ചെയ്യപ്പെടുന്നതിനെക്കുറിച്ച ആദ്യ പഠനങ്ങള്‍ നടത്തിയതും ഇദ്ദേഹമാണ്. ഇബ്‌നുല്‍ ഹൈതമിന്റെ പ്രധാന കൃതിയായ ‘കിതാബ് അല്‍ മനാളിര്‍’ മധ്യകാലഘട്ടത്തില്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. നിഴലിനെക്കുറിച്ചും ഗ്രഹണങ്ങളെക്കുറിച്ചും മഴവില്ലിനെക്കുറിച്ചും ഗഹനമായ പഠനങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടു.
കണ്ണിന്റെ വ്യത്യസ്ത ഭാഗങ്ങളെക്കുറിച്ചും കാഴ്ചയെക്കുറിച്ചും ശാസ്ത്രീയ വിശദീകരണം നല്‍കിയ ആദ്യ വ്യക്തിയാണദ്ദേഹം. ക്യാമറ കണ്ടുപിടിച്ചതിദ്ദേഹമാണ്. കണ്ണില്‍ നിന്നും ഉത്ഭവിക്കുന്ന പ്രകാശകിരണങ്ങളാണ് കാഴ്ച സാധ്യമാക്കുന്നതെന്ന ടോളമിയുടെയും യൂക്ലിഡിന്റെയും വാദങ്ങളെ ഖണ്ഡിച്ച ഇദ്ദേഹം അതുത്ഭവിക്കുന്നത് കാണപ്പെടുന്ന വസ്തുവില്‍ നിന്നാണെന്നും സമര്‍ഥിച്ചു. ഈ കണ്ടെത്തലുകളൊക്കെയാണ് അദ്ദേഹത്തിന് ആധുനിക ദര്‍ശനശാസ്തത്തിന്റെ പിതാവ് എന്ന പേര് നേടിക്കൊടുത്തത്.
ഇദ്ദേഹം രചിച്ച കിതാബുല്‍ മനാളിറിന്റെ ലാറ്റിന്‍ പരിഭാഷ പാശ്ചാത്യ ശാസ്ത്രകാരന്മാരില്‍ വലിയ സ്വാധീനം ചെലുത്തി. ശാസ്ത്ര പരീക്ഷണങ്ങളില്‍ വലിയ കുതിച്ചുചാട്ടങ്ങള്‍ക്ക് ഇത് കാരണമായി.

അദ്ദേഹം തന്നെ രചിച്ച മറ്റൊരു ഗ്രന്ഥമായ ‘മീസാന്‍ അല്‍ ഹിക്മ’ യില്‍ അന്തരീക്ഷ സാന്ദ്രതയെക്കുറിച്ചും അതും ഭൂമിയുടെ ഉയരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. അന്തരീക്ഷ വികിരണത്തെക്കുറിച്ചും അദ്ദേഹം അതില്‍ ചര്‍ച്ച ചെയ്യുന്നു.
ഗണിത ശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനും ഇബ്‌നുല്‍ ഹൈതം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അള്‍ജിബ്രയും ജോമെട്രിയും തമ്മില്‍ കൃത്യമായ ഒരു ബന്ധം ഇദ്ദേഹം സ്ഥാപിച്ചെടുത്തു. വസ്തുക്കളുടെ ചലനത്തെക്കുറിച്ച് പഠിച്ച ഇദ്ദേഹമാണ് ‘ഒരു ബാഹ്യ ശക്തി തടഞ്ഞു നിര്‍ത്തുകയോ ദിശ മാറ്റുകയോ ചെയ്തില്ലെങ്കില്‍ എല്ലാ വസ്തുക്കളും അനന്തമായി ചലിച്ചു കൊണ്ടിരിക്കും’ എന്ന സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. ന്യൂട്ടന്റെ ഒന്നാം ചലന നിയമം ഇതിന് സമാനമാണ്.

200 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചുവെങ്കിലും അവയില്‍ ചിലതിനു മാത്രമേ കാലത്തെ അതിജീവിക്കാനായുള്ളു. ദര്‍ശനശാസ്ത്രത്തില്‍ ഇദ്ദേഹം രചിച്ച കനപ്പെട്ട പ്രബന്ധം പോലും അതിന്റെ ലാറ്റിന്‍ പരിഭാഷയിലൂടെയാണ് നിലനില്‍ക്കുന്നത്. പ്രപഞ്ച ശാസ്ത്രത്തില്‍ ഇദ്ദേഹം രചിച്ച പല ഗ്രന്ഥങ്ങളും മധ്യകാലഘട്ടത്തില്‍ ലാറ്റിനിലേക്കും ഹീബ്രുവിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. പരിണാമ സിദ്ധാന്തത്തെക്കുറിച്ചും മികച്ചൊരു ഗ്രന്ഥം ഇദ്ദേഹം രചിക്കുകയുണ്ടായി.

ഇദ്ദേഹത്തിന്റെ എഴുത്തുകളില്‍ ശാസ്ത്രീയ വിജ്ഞാനങ്ങളില്‍ മുസ്ലിം സമൂഹം അക്കാലത്ത് കൈവരിച്ച പുരോഗതി വ്യക്തമായി കാണാം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടവയായിരുന്നു അവരവതരിപ്പിച്ച സിദ്ധാന്തങ്ങള്‍.

ഇബ്‌നുല്‍ ഹൈതം ദര്‍ശനശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ ആധുനിക ശാസ്ത്രം ഇന്നും വലിയ മതിപ്പോടെയാണ് കാണുന്നത്. ദര്‍ശനശാസ്ത്രത്തില്‍ പുതിയൊരു യുഗത്തിനാണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ അടിത്തറ പാക്കിയത്.

കടപ്പാട്: islamweb.net

Related Articles