Current Date

Search
Close this search box.
Search
Close this search box.

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല

വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ബഖറയിലെ 256-ാം വചനത്തില്‍ പറയുന്നു: ‘ദീനില്‍ ബലാല്‍ക്കാരമില്ല’. ചില ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ ഈ സൂക്തത്തെ ദുര്‍ബലപ്പെട്ട സൂക്തങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതെസമയം ഈ വചനം ഇസ്‌ലാമിന്റെ കൃത്യമായ നിലപാടാണ് പ്രകടമാക്കുന്നത്. അഥവാ മതം ഒരുവനെയും വിശ്വാസിയാകുവാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നതാണ്. ബുദ്ധി ഉപയോഗിച്ചും വിശാലമായ ഹൃദയത്തോടെയുമാണ് വിശ്വാസം സ്വീകരിക്കേണ്ടത്. ബലാല്‍ക്കാരമെന്നത് ഇസ്‌ലാമികമല്ല. മതവും ബലാല്‍ക്കാരവും ഒരിക്കലും ചേര്‍ന്നുനില്‍ക്കുകയുമില്ല. ബലാല്‍ക്കാരമെന്നത് ദീനില്‍ എപ്പോഴാണ് സ്ഥാപിതമാകുന്നത് ആ സമയം ദീന്‍ നശിച്ചുപോകുന്നതായിരിക്കും. നിര്‍ബന്ധതാവസ്ഥ വിശ്വാസത്തെയല്ല പ്രതിഫലിപ്പിക്കുക, മറിച്ച് കാപട്യവും കളവുമാണ്.

ബലാല്‍ക്കാരം വിശ്വാസത്തിന് കാരണമാകുന്നില്ല എന്നതുപോലെ തന്നെ നിഷേധത്തിനും മതപരിത്യാഗത്തിനും കാരണമാകുന്നില്ല. ഒരുവന്‍ നിഷേധിയാകുവാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ അവന്‍ നിഷേധിയാവുകയില്ല. ഒരുവന്‍ മതപരിത്യാഗിയാകുവാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ അവന്‍ മതപരത്യാഗിയാകുന്നിമില്ല. അതുപോലെ തന്നെയാണ് വിശ്വാസിയാകുവാന്‍ ഒരാള്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴും സംഭവിക്കുന്നത്. യഥാര്‍ഥ തൃപ്തിയില്ലാതെ ആരും വിശ്വാസിയാകുന്നില്ല- അല്ലാഹുവാണ് രക്ഷിതാവെന്നും ഇസ്‌ലാമാണ് മതമെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനുമാണെന്നുമുളള കാര്യത്തില്‍ ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു എന്ന വിശ്വാസം കൊണ്ടല്ലാതെ ഒരുവനും വിശ്വാസിയാവുകയില്ല.

ദുനിയാവിലെ ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ ഒരുവനെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ശരിയാവുകയില്ല എന്ന് നാം അറിയുന്നതുപോലെ തന്നെ ദീനിലും അത് ശരിയാവുന്നില്ല. ഇത് കച്ചവടത്തിലും വിവാഹത്തിലും മറ്റുളള സന്ദര്‍ഭങ്ങളിലെല്ലാം നാം മനസ്സിലാക്കിയതുമാണ്. ആയതിനാല്‍ വിശ്വാസം നിര്‍ബന്ധത്തെ തുടര്‍ന്ന് രൂപമെടുക്കുന്ന ഒന്നല്ല. ഇസ്‌ലാമിന്റെ കൃത്യമായ ഈ വിശ്വാസ കാഴ്ചപ്പാട് ആദ്യകാലം മുതല്‍തന്നെ രൂപമെടുത്തതും അവസാന നാളുവരെ നിലനില്‍ക്കുന്നതുമാണ്. ഇത് സ്ത്രീക്കും പുരഷനും, വേദം നല്‍കപ്പെട്ടവര്‍ക്കും ബഹുദൈവാരാധകര്‍ക്കും, ഇസ്‌ലാമിലേക്ക് ഇനിയും പ്രവേശിച്ചിട്ടില്ലാത്ത മുഴവന്‍ ആളുകള്‍ക്കും മേല്‍ നിലകൊള്ളുന്ന ഇസ്‌ലാമിന്റെ കൃത്യമായ വിശ്വാസ കാഴ്ചപ്പാടാണ്. നിര്‍ബന്ധിതമായ അവസ്ഥയിലൂടെ വിശ്വാസത്തിന് ഒരു തുടക്കവുമില്ല, തുടര്‍ച്ചയുമില്ല.

ഇനി, ദീനില്‍ ബലാല്‍ക്കാരമുണ്ട് എന്ന് പറയുകയാണെങ്കില്‍ അത് അല്ലാഹുവില്‍ നിന്നുതന്നെ തുടങ്ങേണ്ടതായിരുന്നു. സത്യത്തില്‍ ബലാല്‍ക്കാരത്തിന് ഏറ്റവും നന്നായി കഴിവുളളവനാണല്ലോ അവന്‍! അല്ലാഹു നിഷേധിയായ ഒരുവനെ നിര്‍ബന്ധിച്ച് മുസ്‌ലിമാക്കുന്നില്ല, എല്ലാ മനുഷ്യരെയും മുസ്‌ലിമാക്കുന്നില്ല. ഇതിലൂടെ ബലാല്‍ക്കാരം എന്ന അടിസ്ഥാനരഹിതമായ വാദം തിരസ്‌കരിക്കപ്പെടുകയാണ്. ‘നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുളളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ ജനങ്ങള്‍ മുസ്‌ലിമാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയാണോ?’ (യൂനുസ്: 99). ‘പറയുക, ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളുവുള്ളത്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു’ (അല്‍അന്‍ആം: 149). ‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ അവനോട് പങ്കുചേര്‍ക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടവനുമല്ല’ (അല്‍അന്‍ആം: 107). ദീനില്‍ ബലാല്‍ക്കാരില്ല {لاَ إِكْرَاهَ فِي الدِّينِ} എന്ന സൂക്തം ദുര്‍ബലപ്പെട്ടതല്ല എന്ന് സ്ഥിരപ്പട്ടതുപോലെ പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതുമല്ല. ഈ ആയത്ത് പൊതുവായ സ്വഭാവത്തിലാണ് വന്നിട്ടുളളത്. അല്ലാമ ഇബ്‌നു ആശൂര്‍ പറയുന്നു: നിഷേധത്തിന്റെ സ്വഭാവത്തിലാണ് ഈ സൂക്തം വന്നിട്ടുളളത്. അത് പൊതുവായതിനെയാണ് സൂചിപ്പിക്കുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് ഏതുതരത്തിലുളള ബലാല്‍ക്കാരവും ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നതാണ്.

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്‌

Related Articles