Current Date

Search
Close this search box.
Search
Close this search box.

പ്രവാചക ചരിത്രവും അഭിപ്രായ രൂപീകരണവും

അല്ലാഹുവിങ്കല്‍നിന്ന് വഹ്‌യ് (വെളിപാട്) ലഭിച്ച, പാപ സുരക്ഷിതനായ പ്രവാചകനായാണ് മുഹമ്മദ് നബി(സ)യെ എല്ലാവരും മനസ്സിലാക്കുന്നത്. അങ്ങനെയുളള പ്രവാചകന്‍ ഒരിക്കല്‍പോലും കൂടിയാലോചനയും അഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ലായെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. എന്നാല്‍, പ്രാവചകന്റെ ഓരോ പ്രവര്‍ത്തനവും സമൂഹത്തിന് മാതൃകയും, പില്‍ക്കാലത്ത് മുസ്‌ലിം സമൂഹത്തിന് വഴികാണിക്കുന്ന മാര്‍ഗദര്‍ശനവുമാണ്. അങ്ങനെയായിരിക്കെ, പ്രവാചകന്‍ കൂടിയാലോചന നടത്തുകയും അതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായും കാണാവുന്നതാണ്. അബൂഹുറൈറ(റ) പറയുന്നു: ‘അനുചരന്മാരുമായി കൂടിയാലോചന നടത്തുന്ന പ്രവാചകനേക്കാള്‍ കൂടിയാലോചന നടത്തുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല’. എന്നാല്‍, അനുചരന്മാരുമായി നടത്തിയ കൂടിയാലോചനയില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കല്‍ പ്രവാചകന് നിര്‍ബന്ധമാണോ? ഭൂരിപക്ഷം വരുന്ന അഭിപ്രായം സ്വീകരിക്കേണ്ടതുണ്ടോ? അല്ലെങ്കില്‍, ചര്‍ച്ചനടത്തിയ ശേഷം പ്രവാചകന്‍ തന്റെ അഭിപ്രായത്തിനാണോ പ്രാമുഖ്യം നല്‍കിയിരുന്നത്? യഥാര്‍ഥത്തില്‍, പ്രവാചകന്‍ ഏതെങ്കിലും ഒരുകാര്യത്തില്‍ കൂടിയാലോചിക്കുകയാണെങ്കില്‍, സ്വഹാബികളുടെ അഭിപ്രായങ്ങളെ തള്ളുകയോ അല്ലെങ്കില്‍, ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനെതിരായി തീരുമാനമെടുക്കുകയോ ചെയ്യാറില്ല. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച് തീരുമാനത്തിലെത്തുകയാണ് പ്രവാചകന്‍ സ്വീകരിച്ചിട്ടുളളത്.

അഭിപ്രായ രൂപീകരണത്തിലെ പ്രവാചക മാതൃകകള്‍:

ബദര്‍യുദ്ധത്തില്‍: മുസ്‌ലിംകള്‍ക്കെതിരില്‍, മക്കയിലെ മുശ്‌രിക്കുകള്‍ യുദ്ധത്തിന് തയാറായി വരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രവാചകന്‍ എങ്ങനെ നേരിടണമെന്ന് അനുചരന്മാരുമായി കൂടിയാലോചിച്ചു. അബൂബക്കര്‍(റ), ഉമര്‍(റ), മിഖ്ദാദ് ബ്‌നു അംറ്(റ) തുടങ്ങിയവര്‍ സംസാരിക്കുകയും പ്രവാചകന്റെ അഭിപ്രായത്തെ- ഖുറൈശികളെ നേരിടണമെന്നതിനെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍, ഇവര്‍ മൂവരും മുഹാജിറുകളില്‍പ്പെട്ടവരായിരുന്നു. തുടര്‍ന്ന് അന്‍സാറുകളുടെ അഭിപ്രായം എന്താണെന്ന് അറിയാനായിരുന്നു പ്രവാചകന്‍ താല്‍പര്യപ്പെട്ടത്. പ്രവാചകന്‍ പറഞ്ഞു: അല്ലയോ ജനങ്ങളെ, അഭിപ്രായം ആരാഞ്ഞാലും. ഇബ്‌നു ഇസ്ഹാഖ് പറയുന്നു: ‘പ്രവാചകന്‍ ഉദ്ദേശിച്ചത് അന്‍സാറുകളെയാണ്. അവര്‍ എണ്ണത്തില്‍ ഒരുപാടുണ്ടായിരുന്നല്ലോ’ . ഇവിടെ പ്രവാചകന്‍ ഭൂരിപക്ഷ അഭിപ്രായം അറിയാന്‍ വേണ്ടി സ്വാഹാബികളെ പ്രേരിപ്പിക്കുകയാണ്. ഖുറൈശികള്‍ക്കെതിരില്‍ യുദ്ധത്തിന് തയാറെടുക്കുമ്പോള്‍ അന്‍സാറുകളില്‍പ്പെട്ട നേതാക്കളുടെ അഭിപ്രായവും അറിയേണ്ടതുണ്ട്. അന്‍സാറുകള്‍ പ്രവാചകന്റെ അഭിപ്രായം അറിയുകയും മനസ്സിലാക്കുകയും ചെയ്തപ്പോള്‍, പ്രവാചക അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അവരിലെ നേതാക്കന്മാരുടെ അഭിപ്രായം വ്യക്തമാക്കപ്പെട്ട ശേഷം പ്രവാചകന്‍ അവരോട് പറഞ്ഞു: ‘നിങ്ങള്‍ പോകുക; സന്തോഷ വാര്‍ത്ത അറിയിക്കുക. തീര്‍ച്ചയായും, അല്ലാഹു രണ്ട് വിഭാഗങ്ങളിലൊന്ന് എനിക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍, യുദ്ധത്തിന് തയാറായിവരുന്ന വിഭാഗത്തോട് യുദ്ധം ചെയ്യാനലാണ് എന്റെ അഭിപ്രായം.

ഉഹ്ദുയുദ്ധത്തില്‍: ഖുറൈശികള്‍ മദീനയിലേക്ക് വലിയ സന്നാഹങ്ങളുമായി പുറപ്പെട്ടതറിഞ്ഞ പ്രവാചകന്‍(സ) സ്വഹാബികളുമായി കൂടിയാലോചന നടത്തി. മദീനക്ക് പുറത്ത് വച്ച് യുദ്ധം ചെയ്യാനായിരുന്നു ഭൂരിപക്ഷാഭിപ്രായം. കാരണം മുഴുവന്‍ ശത്രുക്കളും അങ്ങനെയൊന്ന് കരുതിയിരിക്കുകയില്ല. അത്തരത്തില്‍ യുദ്ധ തയാറെടുപ്പ് നടത്താനായിരുന്നു സ്വഹാബികളുടെ അഭിപ്രായം. എന്നാല്‍, മുസ്‌ലിംകള്‍ ദുര്‍ബലരും പേടിക്കുന്നവരുമായിരുന്നു. പ്രവാചകന്റെയും, സ്വഹാബികളിലെ ഒരു വിഭാഗത്തിന്റെയും അഭിപ്രായം മദീനയില്‍ തന്നെ തങ്ങണമെന്നായിരുന്നു. മുശ്‌രിക്കുകള്‍ മദീനയില്‍ പ്രവേശിക്കുകയാണെങ്കില്‍ മുസ്‌ലിംകള്‍ക്ക് അവരുമായി യുദ്ധത്തിലേര്‍പ്പെടാന്‍ കൂടുതല്‍ എളുപ്പമായിരിക്കുമെന്നതാണ് കാരണം. ഇൗ വിഷയത്തില്‍ പ്രവാചകന്‍ സ്വീകരിച്ചത് തന്റെ അഭിപ്രായത്തിനെതിരായ ഭൂരിപക്ഷ അഭിപ്രായത്തെയാണ്.

അഹ്‌സാബ് യുദ്ധത്തില്‍: മുശ്‌രിക്കുകളും, ജൂതന്മാരും, മുനാഫിഖുകളും സഖ്യം ചേര്‍ന്ന് മദീന ഉപരോധിക്കുവാന്‍ വരുന്നുണ്ടെന്ന് പ്രവാചകന്‍ അറിയുകയുണ്ടായി. ഇത് മുസ്‌ലിംകളെ അപകടകരമായ അവസ്ഥയിലേക്ക് തിള്ളിയിട്ടു. പ്രവാചകന്‍ ഇവരുടെ സംഘടിതമായ ഉപരോധത്തെ പൊളിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. അവരിലെ ദുര്‍ബല വിഭാഗമായ ഗത്ഫാന്റെ അടുക്കല്‍പോയി, നേതാക്കളുമായി സംസാരിച്ചു. ആ വര്‍ഷത്തിലെ മൂന്നിലൊന്ന് ഫലം മുന്നില്‍വച്ച് സഖ്യത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ അത് സ്വീകരിക്കുകയും ചെയ്തു. പക്ഷേ, പ്രവാചകന്‍ ഈ വിഭവത്തിന്റെ ആളുകളുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് നിബന്ധ വച്ചു. അവര്‍ മദീനക്കാരായിരുന്ന അന്‍സാറുകളായിരുന്നു. അങ്ങനെ, പ്രവാചകന്‍ അന്‍സാറുകളുടെ നേതാക്കന്മാര്‍ക്ക് മുന്നില്‍ വിഷയമവതരിച്ചപ്പോള്‍ അവര്‍ ചോദിച്ചു: ഇത് അല്ലാഹുവില്‍നിന്നുളള വഹ്‌യാണെങ്കില്‍ ഞങ്ങള്‍ താങ്കളെ അനുസരിക്കുന്നതാണ്! അല്ലെങ്കില്‍ ഇത് പ്രവാചകന്‍ കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്നതാണോ? അതുമല്ലെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്ത രൂപപ്പെടുത്തിയതാണോ? ഉപരോധം ലഘൂകരിക്കുന്നതിന് വേണ്ടി ഞാന്‍ കണ്ടെത്തിയ അഭിപ്രായമാണിതെന്ന് പ്രവാചകന്‍(സ) പറഞ്ഞപ്പോള്‍, സഅദ് ബ്‌നു മുആദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, അവരും ഞങ്ങളും ദൈവത്തില്‍ പങ്കു ചേര്‍ക്കുന്നവരും വിഗ്രഹാരാധന നടത്തുന്നവരുമായിരുന്നു. അപ്പോള്‍, അല്ലാഹു ഞങ്ങള്‍ക്ക് ഇസ്‌ലാം നല്‍കികൊണ്ട് ആദരിക്കുകയും സന്മാര്‍ഗത്താലുക്കുകയും ചെയ്തു. താങ്കളെ കൊണ്ടും അല്ലാഹുവിനെ കൊണ്ടും ഞങ്ങള്‍ അഭിമാനമുളളവരായി തീര്‍ന്നു. എന്നിട്ട്, ഞങ്ങള്‍ അവര്‍ക്ക് സമ്പത്ത് നല്‍കുകയോ? അല്ലാഹുവാണ് സത്യം! നമുക്ക് അതിന്റെ ആവശ്യമില്ല. അല്ലാഹുവാണ് സത്യം! അവരുമായ യുദ്ധമല്ലാതെ മറ്റൊന്നുമില്ല. പ്രവാചകന്‍ പറഞ്ഞു: താങ്കള്‍ പറഞ്ഞതാണ് ശരി. അപ്പോള്‍ സഅദ് ബ്‌നു മുആദ്(റ) കരാര്‍പത്രം വായിച്ചു. പ്രവാചകന്‍ അതില്‍ എഴുതിയതെല്ലാം മായിച്ചുകളഞ്ഞു. തുടര്‍ന്ന് പറഞ്ഞു: ‘എന്നാല്‍ നാം യുദ്ധത്തിന് തയാറാവുക’.

ഈ അവസ്ഥകളിലെല്ലാം പ്രവാചകന് തന്റെ പ്രവാചകത്വ അര്‍ഹത ഉപയോഗപ്പെടുത്തി തീരുമാനമെടുക്കാമായിരുന്നു. അല്ലെങ്കില്‍, നേതാവെന്ന നിലയില്‍ തന്റെ അഭിപ്രായത്തെ നടപ്പിലാക്കാമായിരുന്നു. അതുമല്ലെങ്കില്‍, പ്രവാചന് തന്റെ അഭിപ്രായത്തോട് പിന്തുണ പ്രഖ്യാപിച്ച ഒരു വിഭാഗം സ്വഹാബികളേയും കൂട്ടി തന്റെ കാഴ്ചപ്പാട് നടപ്പിലാക്കാമായിരുന്നു. എന്നാല്‍ പ്രവാചകന്‍ അപ്രകാരം ചെയ്തില്ല. ഇതിലൂടെ ഉദാത്ത മാതൃകയും ഉയര്‍ന്ന ലക്ഷ്യവുമാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്. ഇതായിരിക്കണം നാം മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യേണ്ടത്.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Related Articles