Current Date

Search
Close this search box.
Search
Close this search box.

സന്തുലിത വ്യക്തിത്വം കാഴ്ചവെച്ച അബൂബക്കര്‍ (റ)

കാലം കണ്ടുമുട്ടിയ അസ്വാഭാവിക പ്രതിഭയാണ് അബൂബക്കര്‍(റ). അത് അദ്ദേഹത്തിന്റെ വിശ്വാസത്തിലും, ബുദ്ധിയിലും, വിവേകത്തിലും, സൗമ്യതയിലും, നേതൃത്വത്തിലും തെളിഞ്ഞുകാണാവുന്നതാണ്. ‘നിര്‍മല മനസ്സുളളവന്‍’, ‘പെട്ടെന്ന് കരയുകയും സങ്കടപ്പെടുകയും ചെയ്യുന്നവന്‍’ എന്നതാണ് മകളായ ആയിശ(റ) പിതാവിന് നല്‍കുന്ന വിശേഷണങ്ങള്‍. ദുര്‍ബലനും വളരെ സാധുവായ ഒരു മനുഷ്യന്‍ എന്ന അര്‍ഥമല്ല ആയിശ(റ) ഇതിലൂടെ പറഞ്ഞുവെക്കുന്നത്. ചരിത്രത്തില്‍ അത്തരം അബൂബക്കറി(റ)നെ കണ്ടെത്താന്‍ കഴിയുകയുമില്ല. ആയിശ(റ) തന്നെ അതിന്റെ ഉദ്ദേശം വ്യക്തമാക്കുന്നു: നമസ്‌കാരത്തില്‍ ഇമാമായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരച്ചില്‍ കാരണം ശബ്ദം കേള്‍ക്കാതിരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു, പ്രവാചകന്‍ നിന്ന് നമസ്‌കരിച്ച സ്ഥലത്താവുമ്പോള്‍ പ്രത്യേകിച്ചും. തന്റെ പിതാവ് നിര്‍മല മനസ്സിനുടമയാണെന്ന് മകള്‍ ആയിശ(റ) വിശദമാക്കുന്നു. എന്നാല്‍, അബൂബക്കറി(റ)ന്റെ നിലപാടുകള്‍ സന്തുലിതവും മികവുറ്റതാണെന്നും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്ന വസ്തുതയാണ്.

എപ്പോള്‍ കരുണയും, സൗമ്യതയും, നിര്‍മലഭാവവും ആവശ്യമാണോ അപ്പോള്‍ അപ്രകാരത്തിലും, എപ്പോഴാണ് ശക്തനും കരുത്തനുമായി നിലകൊള്ളേണ്ടത് ആ സമയങ്ങളില്‍ അതിനനുസൃതമായും നിലകൊളളുന്ന വ്യക്തിയായാണ് ചരിത്രം അബൂബക്കറി(റ)നെ അടയാളപ്പെടുത്തുന്നത്. ഇത് അദ്ദേഹം ഉള്‍കൊണ്ട യുക്തിയുടെയും വിവേകത്തിന്റെയും മിതസമീപനത്തിന്റെയും ഭാഗമാണ്. എല്ലാ കാര്യങ്ങളും നിശ്ചിത പരിധകളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. അത് ലംഘിപ്പെട്ടുകഴിഞ്ഞാല്‍ എല്ലാം തകിടം മറിയുന്നതുമാണ്. ഇമാം ഇബ്നുല്‍ ഖയ്യിം പറയുന്നു: ‘നിയമം എന്നുളളത് മുഴുവനും നീതിയാണ്. തീവ്രതക്കും ലാഘവത്വത്തിനുമിടയിലാണത് ‘.

നിര്‍മലതയും കാരുണ്യവും:

നിര്‍മല മനസ്സിനുടമയാണ് അബൂബക്കര്‍ (റ). ഇത് അദ്ദേഹത്തിന്റെ നമസ്‌കാരങ്ങളില്‍ പ്രകടമാണ്. ഖുറൈശികള്‍ തങ്ങളുടെ സ്ത്രീകള്‍ അബൂബക്കറി(റ)ന്റെ ഖുര്‍ആന്‍ പാരായണത്തില്‍ വീണുപോകുമോയെന്ന് ഭയന്ന്, ഇബ്‌നു ദുഘ്‌നയോട് അബൂബക്കറി(റ)ന് നല്‍കിയ പിന്തുണയും താമസ സൗകര്യവും പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ, അബൂബക്കര്‍(റ)വിന്റെ നിര്‍മല സ്വഭാവത്തിനും കാരുണ്യത്തിനുമുളള ഉദാഹരമാണ് ബദ്ര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ബന്ധികളെ വധിക്കാതെ നഷ്ടപരിഹാരം അവരില്‍നിന്ന് സ്വീകരിച്ച് വിട്ടയക്കണമെന്ന നിലപാട്. അബൂബക്കര്‍(റ) പറയുന്നു: ഇവര്‍ നമ്മുടെ കുടുംബക്കാരും സഹോദരങ്ങളുമാണ്. അവരില്‍ നിന്ന് നഷ്ടപരിഹാരം സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. അത് നിഷേധികള്‍ക്കുമേല്‍ വിശ്വാസികളുടെ ശക്തി വര്‍ധിപ്പിക്കുന്നതുമാണ്. അല്ലാഹു അവര്‍ക്ക് സന്മാര്‍ഗം നല്‍കട്ടെ. അങ്ങനെ അവര്‍ നമ്മുടെ സഹായികളായി മാറുകയും ചെയ്യട്ടെ. ബന്ധികളുമായ ബന്ധപ്പെട്ട ഈ വിഷയത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ) അദ്ദേഹത്തിന്റെ അഭിപ്രായത്തെ വാഴ്ത്തിയത് ആദരണീയരായ ദൃഢനിശ്ചയത്തിന്റെ പേരില്‍ (أولو العزم )അറിയപ്പെടുന്ന പ്രവാചകരുമായാണ്.’ അല്ലയോ അബൂബക്കര്‍ താങ്കളുടെ, ഉപമ ഇബ്‌റാഹീം പ്രവാചകന് സമാനമാണ്’ ‘അല്ലയോ അബൂബക്കര്‍ താങ്കളുടെ ഉപമ ഈസാ പ്രവാചന് സമാനമാണ്’ എന്നിങ്ങനയാണ് പ്രവാചകന്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ പുകഴ്ത്തിപറഞ്ഞത്.

കരുത്തും ഊര്‍ജസ്വലതയും:

പ്രവാചകന്റെ മരണവാര്‍ത്ത വിശ്വാസികള്‍ക്കിടയില്‍ അസ്വസ്ഥതക്കും അങ്കലാപ്പിനും കാരണമായി. ഉമര്‍ബ്‌നു ഖത്വാബ്(റ) പോലും പറയുകയുണ്ടായി: പ്രവാചകന്‍ മുഹമ്മദ്(സ) മരിച്ചുവെന്ന് കപടവിശ്വാസിള്‍ പറഞ്ഞുനടക്കുകയാണ്. എന്നാല്‍, അല്ലാഹുവിന്റെ പ്രവാചകന്‍ മരിച്ചിട്ടില്ല, മൂസാ പ്രവാചകന്‍ അല്ലാഹുവിലേക്ക് യാത്രപോയതുപോലെ പ്രവാചകനും യാത്രപോയിരിക്കുകയാണ്. നാല്‍പത് ദിവസങ്ങള്‍ക്കു ശേഷം മൂസാ പ്രവാചകന്‍ സമുദായത്തിലേക്ക് തിരിച്ചുവന്നതുപോലെ പ്രവാചകനും തിരിച്ചുവരുന്നതാണ്. തീര്‍ച്ചയായും പ്രവാചകന്‍ മുഹമ്മദ്(സ) തിരിച്ചുവരുന്നതാണ്. പ്രവാചകന്‍ മരിച്ചിരിക്കുന്നവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ കൈയും കാലും ഞാന്‍ ഛേദിക്കുന്നതാണ്.

ഈയൊരു വിഷയത്തില്‍ ദുര്‍ബലനായ ലോലമനസ്സുളള വ്യക്തിയായി മാറിനില്‍ക്കുന്ന അബൂബക്കറി(റ)നെ ചരിത്രത്തില്‍ കാണാന്‍ കഴിയുകയില്ല. കരുത്തുളള ശക്തനായ അബൂബക്കറിനെയാണ് അവിടെ കാണാന്‍ കഴിയുക. അദ്ദേഹം അനുചരന്മാരോട് പറഞ്ഞു: ‘ ആരെങ്കിലും മുഹമ്മദിനെ ആരാധിക്കുന്നവെങ്കില്‍ തീര്‍ച്ചയായും മുഹമ്മദ് മരണം വരിച്ചിരിക്കുന്നു. അല്ലാഹുവിനെ ആരെങ്കിലും ആരാധിക്കുന്നവെങ്കില്‍ അല്ലാഹു മരണമില്ലാതെ എന്നെന്നും ജീവിക്കുന്നവനാകുന്നു’.
നമസ്‌ക്കാരത്തില്‍ ലോലഹൃദയനായ അബൂബക്കര്‍(റ) ഇവിടെ കരുത്തുറ്റ ശക്തനായ വ്യക്തിയായി മാറുകയാണ്. സന്ദര്‍ഭോചിതമായിട്ടാണ് അദ്ദേഹം എല്ലാ കാര്യങ്ങളിലും ഇടപ്പെട്ടിരുന്നത്. ഇസ്‌ലാമിന്റെ സന്തുലിത കാഴ്ചപ്പാടാണ് അബൂബക്കര്‍(റ) അവസരങ്ങള്‍ക്കനുസൃതമായി പ്രയോഗവത്കരിക്കുന്നത്.

മതപരിത്യാഗികള്‍ക്കെതിരിലുളള യുദ്ധം:

പ്രവാചകന്റെ മരണ ശേഷം ഒരുപാട് ഗോത്രങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് പരിത്യാഗം നടത്തുകയുണ്ടായി. ഈ വിഷയത്തെയും അബൂബക്കര്‍(റ) ശക്തിയുക്തം നേരിടുകയാണുണ്ടായത്. പ്രവാചക അനുചരന്മാരെയല്ലാം ഒരുമിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ചചെയ്തു. മതപരിത്യാഗം ചെയ്തവരെ വിട്ടേക്കുക എന്നതായിരുന്നു അനുചരന്മാരുടെ മുഴുവനും അഭിപ്രായം. കാരണം അവര്‍ അറേബ്യയുടെ ഭൂരിഭാഗമുണ്ടായിരുന്നു. അവരോട് യുദ്ധം ചെയ്യാനുളള ശേഷി മുസ്‌ലിംകള്‍ക്കില്ലെന്ന് സ്വഹാബികള്‍ വിലയിരുത്തി. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം! പ്രവാചകന് നല്‍കിയിരുന്ന ഒട്ടകത്തിന്റെ കയറാണ് അവര്‍ നല്‍കാന്‍ വിസമ്മതിക്കുന്നതെങ്കില്‍പോലും അവരോട് ഞാന്‍ യുദ്ധം ചെയ്യുന്നതാണ്. ഇവിടെയും നമസ്‌ക്കാരത്തില്‍ നിര്‍മലഹൃദയനായിരുന്ന അബൂബക്കറിനെ കാണുകയില്ല.

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്‌

Related Articles