Current Date

Search
Close this search box.
Search
Close this search box.

വീണ്ടും പോര്‍ക്കളത്തിലേക്ക്

സേനാനായകന്‍ ഖുതൈബ ബിന്‍ മുസ്‌ലിമിന്റെ കല്‍പന പ്രകാരം സൈനികര്‍ ശത്രുവിനോട് ഏറ്റുമുട്ടാനായി അതിര്‍ത്തികള്‍ താണ്ടിക്കടന്നു. ഇരുസേനകളും അണിനിരന്ന വേളയില്‍ ശത്രുക്കളുടെ ആധിക്യവും യുദ്ധസാമഗ്രികളുടെ പെരുപ്പവും കണ്ട് മുസ്‌ലിം മനസ്സുകളില്‍ ഭയവും ഭീതിയും നിഴലിച്ചു. സൈനികരുടെ ഹൃത്തടങ്ങളില്‍ അങ്കുരിച്ച ഭീതി മനസ്സിലാക്കിയ ഖുതൈബ ബിന്‍ മുസ്‌ലിം, സൈനിക ദളങ്ങള്‍ക്കിടയിലൂടെ ചുറ്റിക്കറങ്ങി, മനസ്സാന്നിധ്യവും ദൃഢനിശ്ചയവും പകര്‍ന്നു നല്‍കി. പിന്നീട് ചുറ്റുമുള്ളവരോടായി ചോദിച്ചു: മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി എവിടെ?
അവര്‍ പറഞ്ഞു: അമീറേ, അദ്ദേഹം വലതു പാര്‍ശ്വത്തിലാണ്.
ഖുതൈബ: അദ്ദേഹം എന്തു ചെയ്യുന്നു?
അവര്‍: കണ്ണുകള്‍ പിടച്ച് വിരല്‍ വാനഭാഗത്തേക്ക് ഇളക്കിക്കൊണ്ട് കുന്തത്തില്‍ ചാരി നില്‍ക്കുകയാണ്. അമീറേ, അദ്ദേഹത്തെ വിളിക്കേണമോ?
ഖതൈബ: വേണ്ട, അദ്ദേഹത്തെ വിട്ടേക്കൂ. അല്ലാഹുവാണ, മീശമുളച്ച ആയിരം ചെറുപ്പക്കാര്‍ എടുത്തുപിടിച്ച പ്രസിദ്ധമായ ആയിരം വാളിനേക്കാള്‍ എനിക്കിഷ്ടം ആ വിരലാണ്. വിട്ടേക്കൂ… അദ്ദേഹം പ്രാര്‍ത്ഥിച്ചോട്ടെ. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിക്കുമെന്നാണ് നമ്മുടെ അറിവ്.

കൊടുങ്കാറ്റടിക്കുമ്പോള്‍ അലറിയടിക്കുന്ന കടല്‍ത്തിരകളെപ്പോലെ ഇരുപക്ഷവും ആഞ്ഞടിച്ചു. അല്ലാഹു മുസ്‌ലിം മനസ്സുകള്‍ക്ക് ശാന്തി നല്‍കി, മാലാഖമാരെക്കൊണ്ട് സഹായിച്ചു. പകല്‍ മുഴുവന്‍ അവര്‍ ശത്രുവിനെ വാളുകള്‍ കൊണ്ട് പ്രഹരിക്കുകയായിരുന്നു. പാതിരായായപ്പോള്‍ ബഹുദൈവാരധകരുടെ പാദങ്ങളെ അല്ലാഹു കിടുകിടാ വിറപ്പിച്ചു. അവരുടെ മനസ്സുകളില്‍ ഭയം വിതറി. അങ്ങിനെ അവര്‍ പുറംതിരിഞ്ഞോടി. മുജാഹിദുകള്‍ അവരെ കൊന്നും തടവിലാക്കിയും തുരത്തിയോടിച്ചും നേരിട്ടു. അതോടെ അവര്‍ കപ്പം നല്‍കി ഖുതൈബയോട് സന്ധിക്കപേക്ഷിച്ചു അദ്ദേഹം സന്ധി അംഗീകരിച്ചു.

മുസ്‌ലിംകള്‍ക്കെതിരില്‍ തന്റെ ജനതയെ ഇളക്കിവിട്ട നാശകാരിയായ വൃത്തികെട്ട ഒരുവന്‍ ശത്രു തടവുകാരിലുണ്ടായിരുന്നു. അയാള്‍ ഖുതൈബ ബിന്‍ മുസ്‌ലിമിനോട് പറഞ്ഞു: അമീര്‍, ഞാന്‍ പ്രായശ്ചിത്യം ചെയ്തുകൊള്ളാം. എത്ര തരുമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ഒരു ലക്ഷം വിലവരുന്ന അയ്യായിരം ചീനാപ്പട്ട്. അപ്പോള്‍ ഖുതൈബ സൈനികരോട് ചോദിച്ചു: നിങ്ങളുടെ അഭിപ്രായം എന്താണ്?

അവര്‍ പറഞ്ഞു: ഈ സമ്പത്ത് മുസ്‌ലിംകളുടെ യുദ്ധാര്‍ജിത സ്വത്തുക്കള്‍ ഏറെയാക്കുമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. എന്നിരിക്കലും ഈ വിജയം നേടിയെടുത്തു കഴിഞ്ഞിട്ടും ഇയാളുടെയും സമാനരായ മറ്റുള്ളവരുടെയും ഉപദ്രവഭീതിയില്‍ നിന്നും നാം മോചിതരായിട്ടില്ല. മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയോടായി അപ്പോള്‍ ഖുതൈബ ചോദിച്ചു: അബൂ അബ്ദില്ല, താങ്കള്‍ എന്ത് പറയുന്നു?

അദ്ദേഹം പറഞ്ഞു: അമീര്‍, മുസ്‌ലിംകള്‍ അവരുടെ വീടുകളില്‍ നിന്നും പുറപ്പെട്ടത് സമരസ്വത്തുക്കള്‍ വാരിക്കൂട്ടാനോ, പണം പെരുപ്പിക്കാനോ അല്ല. അല്ലാഹുവിന്റെ തൃപ്തിക്കായിട്ടും, ഭൂമിയില്‍ അവന്റെ ദീനിന്റെ പ്രചാരണത്തിനും, ശത്രുക്കളെ  അടിയറവ് പറയിക്കാനുമാണ് അവര്‍ പുറപ്പെട്ടത്.
ഖുതൈബ പറഞ്ഞു: അല്ലാഹു താങ്കള്‍ക്ക് നല്ലത് വരുത്തട്ടെ. ഇനിയും ഒരു മുസ്‌ലിം വനിതയെ ഭയചകിതയാക്കാനായി ഇവനെ വിട്ടയക്കുന്ന പ്രശ്‌നമില്ല. മോചനത്തിനായി ലോകത്തുള്ള മുഴുവന്‍ സമ്പത്തും വിനിയോഗിച്ചാലും ശരി.
തുടര്‍ന്ന് അവനെ കൊല്ലാന്‍ അദ്ദേഹം കല്‍പന നല്‍കി.

അമവീ നേതാക്കളുമായുള്ള മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയുടെ ബന്ധം യസീദ് ബിന്‍ മുഹല്ലബിലും ഖുതൈബ ബിന്‍ മുസ്‌ലിം ബാഹിലിയിലും പരിമിതമായിരുന്നില്ല. മറ്റ് നേതാക്കളുമായും ഗവര്‍ണര്‍മാരുമായും അത് തുടര്‍ന്നുപോന്നു. അദ്ദേഹവുമായി ബന്ധമുള്ള പ്രമുഖനായിരുന്നു ബസ്വറ ഗവര്‍ണര്‍ ബിലാല്‍ ബിന്‍ ബുര്‍ദ. ഈ ഗവര്‍ണറുമായി അദ്ദേഹത്തിന്റെ ബന്ധം സുപ്രസിദ്ധമാണ്.

ഒരിക്കല്‍ അദ്ദേഹം പരുപരുത്ത കമ്പിളി നിര്‍മിതമായ ഒരുതരം വസ്ത്രം ധരിച്ച് ഗവര്‍ണറുടെ അടുക്കല്‍ കടന്നുചെന്നു. ബിലാല്‍ ചോദിച്ചു: അബൂ അബ്ദില്ല, ഈ പരുപരുത്ത വസ്ത്രം ധരിക്കാന്‍ കാരണം എന്താണ്? ശൈഖ് അത് ഗൗനിച്ചില്ല, മറുപടി പറഞ്ഞില്ല.
ഗവര്‍ണര്‍ അദ്ദേഹത്തിന്റെ നേരെ നോക്കി ചോദിച്ചു: അബൂ അബ്ദില്ല, എന്തേ എനിക്ക് മറുപടി നല്‍കുന്നില്ല.
ശൈഖ്: ഭൗതികവിരക്തി കൊണ്ടാണെന്ന് പറയാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട്, അപ്പോള്‍ ഞാന്‍ എന്നെത്തന്നെ പരിശുദ്ധപ്പെടുത്തിയതാകും. ദാരിദ്ര്യം കൊണ്ടാണെന്ന് പറയാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല, അപ്പാള്‍ എന്റെ രക്ഷിതാവിനെ സംബന്ധിച്ച് ഞാന്‍ പരാതി പറഞ്ഞു എന്നാകും. എനിക്ക് ഇതൊന്നും ഇഷ്ടമല്ല.
ഗവര്‍ണര്‍: അബൂ അബ്ദില്ല, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ നിവര്‍ത്തിച്ചു തരാം.
ശൈഖ്: എനിക്കോ, ജനങ്ങളില്‍ ആരോടും എനിക്ക് ഒന്നും ആവശ്യപ്പെടാനില്ല. ഒരു മുസ്‌ലിം സഹോദരന്റെ ആവശ്യാര്‍ത്ഥമാണ് ഞാന്‍ താങ്കളുടെ അടുത്തേക്ക് വന്നത്. അത് ചെയ്യാന്‍ അല്ലാഹു അനുവദിക്കുന്നുണ്ടെങ്കില്‍ ചെയ്തു കൊടുക്കൂ. താങ്കള്‍ സ്തുത്യര്‍ഹനാകും. അല്ലാഹു അനുവദിക്കാത്തതാണെങ്കില്‍ ചെയ്തു കൊടുക്കേണ്ടതില്ല, തക്കതായ കാരണം താങ്കള്‍ക്കുണ്ടല്ലോ.

ഗവര്‍ണര്‍: അല്ലാഹുവിന്റെ അനുമതിയുള്ളതാണെങ്കില്‍ നാമത് ചെയ്തു കൊടുക്കും. ശേഷം ഗവര്‍ണര്‍ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു ചോദിച്ചു. അബൂ അബ്ദില്ല, വിധിതീരുമാനത്തെ സംബന്ധിച്ച് താങ്കള്‍ എന്ത് പറയുന്നു?
ശൈഖ്: അമീര്‍, വിധിതീരുമാനത്തെ സംബന്ധിച്ച് അല്ലാഹു അടിമകളോട് അന്ത്യദിനത്തില്‍ ചോദിക്കുകയില്ല. അവരുടെ കര്‍മങ്ങളെ സംബന്ധിച്ചാണ് അവന്‍ ചോദിക്കുക. അതോടെ ഗവര്‍ണര്‍ നാണിച്ചു മിണ്ടാതിരുന്നു.
അവിടെ അങ്ങിനെ ഇരിക്കവേ ഉച്ചഭക്ഷണ സമയമായി. ഗവര്‍ണര്‍ അദ്ദേഹത്തെ ഭക്ഷണത്തിന് ക്ഷണിച്ചു. അദ്ദേഹം വിസമ്മതം പ്രകടിപ്പിച്ചു. ഗവര്‍ണര്‍ പിന്നെയും നിര്‍ബന്ധിച്ചു. അദ്ദേഹം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു. ഗവര്‍ണര്‍ കോപിഷ്ടനായി പറഞ്ഞു: അബൂ അബ്ദില്ല, ഞങ്ങളുടെ ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടല്ലേ?
ശൈഖ്: അമീറേ, അങ്ങിനെ പറയരുതേ. അല്ലാഹുവാണ, നേതാക്കളേ, നിങ്ങളില്‍ നല്ലയാളുകള്‍ ഞങ്ങളുടെ മക്കളേക്കാളും അടുത്ത ബന്ധുക്കളേക്കാളും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണ്. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

മുഹമ്മദ് ബിന്‍ അസ്ദി – 1
മുഹമ്മദ് ബിന്‍ അസ്ദി – 2
മുഹമ്മദ് ബിന്‍ അസ്ദി – 3
മുഹമ്മദ് ബിന്‍ അസ്ദി – 5

Related Articles