Current Date

Search
Close this search box.
Search
Close this search box.

ഓര്‍മകളാണ് ജീവിതം

damascus.jpg

‘ജീവിതം സ്‌നേഹമാണ്, സ്‌നേഹമാണ് ജീവിതം’ എന്നത് ശൗഖിയുടെ വാക്കുകളാണ്. പക്ഷേ, എനിക്കങ്ങനെ അഭിപ്രായമില്ല. സ്‌നേഹിച്ചിരുന്നവര്‍ മരിക്കുകയും അവരുടെ സ്‌നേഹമില്ലാതെ ആളുകള്‍ ജീവിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ‘ജീവിതം ഓര്‍മകളല്ലാതെ മറ്റൊന്നുമല്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതെങ്കില്‍ കൂടുതല്‍ സത്യസന്ധമാവുമായിരുന്നു.

സസ്യങ്ങള്‍ അതിന്റെ വേരുകളുപയോഗിച്ച് മണ്ണില്‍ നിന്നും അതിന്റെ ജീവിതം വലിച്ചെടുക്കുന്നു. അത് നീക്കപ്പെടുമ്പോള്‍ അതിന്റെ ഇലകള്‍ വാടുകയും അതിന്റെ ഞരമ്പുകള്‍ തളരുകയും ചെയ്യുന്നു. മനുഷ്യനും ഒരര്‍ഥത്തില്‍ സസ്യത്തെ പോലെയാണ്. അവന്റെ ഓര്‍മകളാണ് വേരുകള്‍. അവനുമായി ബന്ധപ്പെട്ട ഓര്‍മകളില്ലാത്ത ഒരു നാട്ടിലേക്ക് അവന്‍ നീക്കപ്പെട്ടാല്‍ ജീവിതത്തിന്റെ ഒഴുക്കിന് തടസ്സം വന്ന പോലെയായിരിക്കും അനുഭവപ്പെടുക. പുതിയ നാട്ടില്‍ അവനെ താമസിപ്പിക്കുമ്പോള്‍ മുറിഞ്ഞിടത്ത് വെച്ച് ചേര്‍ക്കാന്‍ തുടങ്ങുന്നു. പുതിയ മണ്ണിലേക്ക് പറിച്ചു നടുന്ന ചെടി അതിന്റെ വേര് താഴേക്കിറക്കി വളരുന്ന പോലെയാണത്. അതിനെ ആദ്യമുണ്ടായിരുന്നിടത്തേക്ക് വീണ്ടും മടക്കിയാല്‍ പിന്നെയും അത് വാടുന്നു.

1928ല്‍ പഠനാവശ്യാര്‍ഥം ഈജിപ്തിലേക്കും, 1936ല്‍ അധ്യാപനത്തിനായി ഇറാഖിലേക്കും പിന്നീട് 1937ല്‍ ബൈറൂത്തിലേക്കും പോയപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞ വികാരമാണത്. പിന്നീട് 1963ല്‍ സൗദിയിലെത്തുകയും താമസം തുടരുകയും ചെയ്യുന്നു. വിദ്യാര്‍ഥിയുടെ ലോകം അവന്റെ ലൈബ്രറിയായതു കൊണ്ട് ഞാനെവിടെയും സുസ്ഥിരത കണ്ടെത്തിയില്ല. ശാമിലെ (സിറിയ) എന്റെ ലൈബ്രറി പതിനൊന്ന് വര്‍ഷമായി തുറക്കാത്ത 85 പെട്ടികളിലാണ് ഉപേക്ഷിച്ചത്. അവ ചിതലരിച്ചുവോ, ഇന്നും നിലനില്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അതിനടുത്ത് എത്തിപ്പെടാന്‍ എനിക്കിന്ന് സാധിക്കുന്നില്ല. കൂലിക്കോ അല്ലാതെയോ അതെനിക്ക് എത്തിച്ച് തരാന്‍ ഒരു സുകൃതവാനെ കണ്ടെത്താനും എനിക്കായില്ല. ആരില്‍ നിന്നും ഒരു നന്മയും ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അല്ലാഹു അവന്റെ നന്മകളാല്‍ എന്നെ ഐശ്വര്യാവാനാക്കിയിരിക്കുന്നു.

കുറേ കാലങ്ങള്‍ കഴിയുമ്പോള്‍ ശാം സന്ദര്‍ശിക്കുന്ന ഒരാളായി ഞാന്‍ മാറി. അതിനെ കുറിച്ച് ധാരാളം ഞാന്‍ എഴുതിയിട്ടുണ്ട്. അവിടത്തെ മറ്റൊരാളും അത്രത്തോളം എഴുതിയിട്ടുണ്ടാവില്ല. അതിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും ഞാന്‍ ഭാഗമായി. നാല് വര്‍ഷം മുമ്പാണ് അവസാനമായി ഞാന്‍ അവിടെ സന്ദര്‍ശിച്ചത്. (ഹി. 1401ല്‍ എഴുതുന്നത്). അതിന് ശേഷം അഞ്ച് വര്‍ഷത്തെ വേര്‍പാടിന് ശേഷമാണ് പിന്നെ പോകുന്നത്. എനിക്ക് പരിചയമില്ലാത്ത പുതിയ എയര്‍പോര്‍ട്ടിലാണ് ഞാനന്ന് വിമാനമിറങ്ങിയത്. ദൂരെ നിന്നും നാടുകണ്ട ഞാന്‍ ബല്‍ഖീസ് രാജ്ഞി പറഞ്ഞപോലെ ‘അതുപോലെയുണ്ടല്ലോ ഇതെന്ന്’ പറഞ്ഞു പോയി.

ചക്രവാളത്തില്‍ മുട്ടികുത്തിയിരിക്കുന്നതായി വെളിപ്പെടുന്ന മല ഖാസിയൂനാണ്. സ്‌നേഹ സമ്പന്നനായ പിതാവിനരികിലെ കുട്ടികളെ പോലെ നിരനിരയായി വീടുകള്‍ കാണുന്നിടം സഫ തെരുവിലെ അക്‌റാദ്, മുഹാജിരീന്‍ സാലിഹിയ്യ പ്രദേശങ്ങളാണ്. സത്യത്തെ കുറിക്കാന്‍ അത്തഹിയ്യാത്തില്‍ ചൂണ്ടുന്ന വിരല്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന വെളുത്ത തൂണുകള്‍ മസ്ജിദുകളുടെ മിനാരങ്ങളാണ്. ആദ്യം ഒരു മസ്ജിദ് സ്ഥാപിച്ചിട്ടല്ലാതെ ഒരു ഗ്രാമവും ഉണ്ടായിട്ടില്ലെന്നത് ശാമുകാര്‍ക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമാണ്. അവിടത്തെ ജനതെ അവരുടെ പണം ഉപയോഗിച്ചത് നിര്‍മിക്കുന്നു. മസ്ജിദുകള്‍ കേവലം പ്രകടനത്തിനോ അലങ്കാരത്തിനോ അല്ല, മറിച്ച് നമസ്‌കാരക്കാരെ കൊണ്ടും പഠിതാക്കളെ കൊണ്ടും നിറക്കാനാണവ. അവരിലേറെയും യുവാക്കളുമാണ്.

ഇതാണ് ദമസ്‌കസ്. നാട്ടിലേക്ക് മടങ്ങുന്നവന്റെ സന്തോഷം എന്തുകൊണ്ടാണ് എനിക്കനുഭവിക്കാനാവാത്തത്? എന്തുകൊണ്ടാണ് മറ്റൊരു തരത്തില്‍ ഞാനത് കാണുന്നത്?

കാര്‍ എന്നെയും വഹിച്ച് 25 കിലോമീറ്ററോളം ഒരൊറ്റ തോട്ടത്തിലൂടെ നീങ്ങി. കിഴക്കന്‍ ഗൗത്തയില്‍ അവശേഷിക്കുന്നത് അത് മാത്രമാണ്. പരസ്പരം കണ്ടുമുട്ടുന്ന കൂട്ടുകാരെ പോലെ കൈകള്‍ കോര്‍ത്താണ് അതിലെ മരങ്ങള്‍ നില്‍ക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന പ്രണയിതാക്കളെ പോലെ ആലിംഗനം ചെയ്യുന്നവയാണ് അവയുടെ ശാഖകള്‍. അവ കടന്ന് ഞങ്ങള്‍ ദമസ്‌കസിലെത്തി.

എന്നാല്‍ അത് ദമസ്‌കസാണെന്ന് എനിക്ക് തോന്നിയില്ല. വിമാനം വഴിതെറ്റി മറ്റെവിടെയോ ഇറങ്ങിയിരിക്കുകയാണെന്ന് ഞാന്‍ കരുതി. വീതിയേറിയ റോഡുകള്‍, ഉയര്‍ന്ന കെട്ടിടങ്ങള്‍, മൈതാനങ്ങള്‍, പാലങ്ങള്‍… അവക്കും എനിക്കുമിടയില്‍ എന്ത് ബന്ധം? പുതിയൊരു നഗരമാണിത്, അതുപോലുള്ള നഗരങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും ഞാന്‍ കണ്ടിരിക്കുന്നു. പ്രിന്റ് ചെയ്ത പുസ്തകത്തിന്റെ പതിപ്പുകള്‍ പോലെയാണത്. എനിക്ക് വേണ്ടത് എന്റെ കയ്യെഴുത്ത് പ്രതിയും. എന്റെ കയ്യെഴുത്ത് പ്രതിക്ക് ന്യൂനതകളുണ്ടാവാം. വൈകല്യമുള്ളതിന്റെ പേരില്‍ ഏതെങ്കിലും പിതാവ് മകനെ ഉപേക്ഷിച്ച് വൈകല്യങ്ങളൊന്നുമില്ലാത്ത മറ്റൊരാളുടെ മകനെ സ്വീകരിക്കുമോ?

എന്റെ കുടുംബം കഴിഞ്ഞിരുന്ന, ഞാന്‍ കുട്ടിക്കാലം ചെലവഴിച്ച ദമസ്‌കസാണ് എനിക്ക് വേണ്ടത്. എവിടെ പോയി ആ ദമസ്‌കസ്? ദമസ്‌കസ് തന്നെയാണോ ഇത്? അവിടത്തെ ജനസംഖ്യ വര്‍ധിക്കുകയും കെട്ടിടങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ടെങ്കിലും, എന്തിനാണത് അതിന്റെ അടയാളങ്ങളും വസ്ത്രങ്ങളും മാറിയത്? മുഖങ്ങളും മാറിയിക്കുന്നു. നേരത്തെ വഴിയില്‍ പത്ത് പേരെ കണ്ടുമുട്ടിയാല്‍ ഒന്നോ രണ്ടോ പേരെ എനിക്കും നാലോ അഞ്ചോ പേര്‍ എന്നെയും തിരിച്ചറിയുമായിരുന്നു. എന്നാല്‍ ഇന്ന് നൂറില്‍ ഒരാളെ മാത്രമേ എനിക്കറിയാന്‍ കഴിയുന്നുള്ളൂ. എന്നെ അറിയുന്നതോ മൂന്ന് പേരുമായിരിക്കും. ഈ ലോകം മാറ്റിമറിക്കപ്പെട്ടുവോ, അതല്ല എന്റെ നാട്ടില്‍ ഞാന്‍ അപരിചതനായി മാറിയോ?

ഈ വഴികളില്‍ ഞാന്‍ അറിഞ്ഞ, ഞാന്‍ സ്‌നേഹിച്ചിരുന്ന ദമസ്‌കസിനെ തേടി. ആ ദമസ്‌കസിനെ അറിയുന്നവര്‍ക്ക് എങ്ങനെ അതിനെ സ്‌നഹിക്കാതിരിക്കാനാവും? പ്രിയപ്പെട്ടവന്റെ വീട് കാണിച്ചു തരുമോയെന്ന് നല്ലവരായ പല വഴിയാത്രികരോടും ഞാന്‍ ചോദിച്ചു. എന്നാല്‍ ഉത്തരം നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല.

കാറ്റുവീശിയപ്പോള്‍ അതിനൊപ്പം എത്തിയ സുഗന്ധം എന്നെ അവിടെയത്തിച്ചു. അപ്പോള്‍ മര്‍ജാ സ്‌ക്വയറിലായിരുന്നു ഞാന്‍. നേരത്തെ നാടിന്റെ അറ്റമായിരുന്ന അത് മധ്യമായി മാറിയിരിക്കുന്നു. മനുഷ്യരെ പോലെ നഗരങ്ങളും ജീവിക്കുകയും മരിക്കുകയും വളരുകയും യൗവനം പ്രാപിക്കുകയും വാര്‍ധക്യത്തിലെത്തുകയും ചെയ്യുന്നു. ചിലപ്പോഴെല്ലാം ഒരു കുട്ടിക്ക് ജന്മം നല്‍കുകയും ആ കുട്ടി അതിനെ കവച്ചു വെക്കുന്ന രീതിയില്‍ വളരുകയും ചെയ്യുന്നു.

ഹമീദിയ മാര്‍ക്കറ്റില്‍ ഞാന്‍ പ്രവേശിച്ചു. അവിടെ നിന്ന ഞാന്‍ സിനിമയില്‍ കാണുന്ന ‘സ്ലോമോഷന്‍’ രൂപത്തിലല്ലാതെ നീങ്ങിയില്ല. തിക്കും തിരക്കും താങ്ങാന്‍ ശേഷിയുള്ള ചുമല്‍ എനിക്കില്ലെന്ന കാര്യം മറന്ന് ഞാന്‍ തിക്കിത്തിരക്കി. പ്രയാസം സഹിച്ച് ഞാന്‍ കോട്ടയുടെ (ദമസ്‌കസില്‍ ഇന്നും നിലനില്‍ക്കുന്ന കോട്ട) കിടങ്ങിനടുത്തെത്തി. വലത്തോട്ട് തിരിഞ്ഞപ്പോള്‍ ഞാന്‍ നിന്നിരുന്നത് വാണിജ്യകാര്യ സ്‌കൂളിന് മുന്നിലാണെന്ന് മനസ്സിലാക്കി. എന്താണ് വാണിജ്യകാര്യ സ്‌കൂള്‍? ഏറെ പഴക്കമുള്ളതും പ്രധാനവുമായ ഇടമാണത്. നമ്മുടെ വൈജ്ഞാനിക ചരിത്രത്തില്‍ എന്നല്ല, മാനവിക ചരിത്രത്തില്‍ തന്നെ വലിയ സ്വാധീനം അതുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലുതും പുരോഗമിച്ചതും സമ്പൂര്‍ണവുമായ ആശുപത്രി അവിടെയായിരുന്നു. അത്തരത്തിലൊന്ന് ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടില്ല.  സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കി സ്ഥാപിച്ച ആശുപത്രിയായ ഭീമാരിസ്ഥാന്‍ ആയിരുന്നു അത്. അതിന്റെ മഹത്വത്തെ കുറിച്ചല്ല ഞാന്‍ നിങ്ങളോട് പറയുന്നത്. അതിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്ക് അന്വേഷിക്കാം.

പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് അല്‍ഫഗ്‌റു റാസി ഇടവഴിലേക്ക് ഞാന്‍ പ്രവേശിച്ചു. അവിടെ അദ്ദേഹത്തിന്റെ ഖബറുണ്ട് (ആ ഖബറുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥയുണ്ട്). ഖബറിനും കവിയും സാഹിത്യകാരനുമായ ഖലീല്‍ മര്‍ദം ബേയുടെ വീടിനുമിടയിലൂടെ ഞാന്‍ നടന്നു. (തുടരുന്നു)

ഓര്‍മകളിലേക്കൊരു തിരിച്ചു നടത്തം
ഇന്നലെകളിലെ അസംഭവ്യങ്ങളാണ് ഇന്നിന്റെ അനുഭവങ്ങള്‍

 

Related Articles