Current Date

Search
Close this search box.
Search
Close this search box.

സമുദായത്തെയും അതിലെ സംഘടനകളെയും കുറിച്ച് ഡോ:ഫസല്‍ ഗഫൂറിനും ചിലത് പറയാനുണ്ട്‌

എം.ഇ.എസ് സ്ഥാപകനായ ഡോ:ഗഫൂറിന്റെ മകനാണ് ഡോ:ഫസല്‍ ഗഫൂര്‍. സാമുദായികവിദ്യാഭ്യാസ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപ്പെടുന്ന വ്യക്തി. വിദ്യഭ്യാസം, മുസ്‌ലിം സംഘടനകള്‍, സ്ത്രീപുരുഷ സമത്വം, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ എം.ഇ.എസ് പ്രസിഡന്റു കൂടിയായ ഫസല്‍ തന്റേതായ നിലപാടുകള്‍ വ്യക്തമാക്കുകയാണ് പുതിയ ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലെ (2013 ജൂലൈ 27) അസീസ് തരുവണയുമായുള്ള ദീര്‍ഘ അഭിമുഖത്തില്‍. ഇടക്കിടെ പൊട്ടിക്കുന്ന വിവാദ വര്‍ത്തമാനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍; മുസ്‌ലിം സമുദായത്തിനെതിരെ ഹിന്ദു സമുദായ സംഘടനകളായ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഉയര്‍ത്തിവിടുന്ന വ്യാജവിവാദങ്ങള്‍ക്ക് നേരെ ചൊവ്വെ ചുട്ട മറുപടി കൊടുക്കുന്ന സമുദായത്തിലെ ഏക നേതാവു കൂടിയാണ് ഡോ: ഫസല്‍ ഗഫൂര്‍. ഈയടുത്ത് ‘ഞങ്ങളുടെ പണം കൊണ്ടാണ് നിങ്ങളുടെ ആസ്ഥാനം ഉണ്ടാക്കിയതെന്ന് മറക്കേണ്ടന്ന്‘ അദ്ദേഹം എന്‍ .എസ്എസ് ആസ്ഥാനമായ ചങ്ങനാശേരിയിലെ പൊതുപരിപാടിയില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. (ഫസല്‍ ഗഫൂറിന്റെ വല്ല്യുപ്പ മണക്കാട്ട് കുഞഹമ്മദ് ഹാജി ദാനം നല്‍കിയ 25 ഏക്കര്‍ സ്ഥലത്താണ് എന്‍ .എസ്.എസ് അവരുടെ ആസ്ഥാനം പണിതിരിക്കുന്നത്.) ഫസല്‍ഗഫൂര്‍ ചന്ദ്രികയില്‍ തുറന്ന് പറഞ്ഞ കാര്യങ്ങളില്‍ ചിലത് പകര്‍ത്തി എഴുതുക മാത്രമാണ് ഈ ലക്കം വായനാവാരം ചെയ്യുന്നത്.
     
ആദ്യം എന്‍. എസ് എസിന് ഭൂമി ദാനം നല്‍കിയ ചരിത്രം അടയാളപ്പെടുത്തട്ടെ ‘എന്റെ വല്ല്യുപ്പയുടെ ജ്യേഷ്ടന്‍ മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ഒരു പ്രതിഭാസ വ്യക്തിത്വമായിരുന്നു. 1921 ല്‍ മുസ്‌ലിം ഐക്യസംഘം ഉണ്ടാക്കിയത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു.അദ്ദേഹം എന്‍ എസ് എസ് ഹെഡ് ക്വാര്‍ട്ടെഴ്‌സ് പണിയാന്‍ 25 ഏക്കര്‍ ഭൂമി ദാനം കൊടുത്ത ആളാണ്. എന്‍ എസ് എസിന്റെ ആസ്ഥാനത്ത് പോയി ഞാനിത് പ്രസംഗിച്ചിട്ടും ഒരു എന്‍ എസ് എസുക്കാരനും ഇതു വരെ മുണ്ടിയിട്ടില്ല.‘ മുസ്‌ലിം സമുദായത്തിലെ പുതിയ സാമ്പത്തിക ഉണര്‍വ് ചൂണ്ടി കാണച്ച് സാമ്പത്തിക സംവരണമാണ് ഇനിയുളള കാലം ആവശ്യപ്പെടുന്നതെന്ന് ഫസല്‍ ഗഫൂര്‍ ചന്ദ്രികയിലും ആവര്‍ത്തിക്കുന്നുണ്ട്.

സമസ്തയും ഏപിയും മുജാഹിദും ജമാഅത്തുമെല്ലാം മെമ്പര്‍മാരുടെ എണ്ണവും വണ്ണവും വെച്ച് നോക്കുമ്പോള്‍ എം.ഇ.എസിന്റെ പിറകിലെ വരൂവെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ‘നിങ്ങള്‍ക്കൊക്കെ ഒരു തെറ്റിദ്ധാരണയുണ്ട്. സമസ്തയും കാന്തപുരം വിഭാഗമൊക്കെയാണ് വലിയ സംഘടനകളെന്ന്. ഒരിക്കലുമല്ല, മുസ്‌ലിം ലീഗ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സംഘടന എം ഇ എസ് ആണ്. ആളുകളുടെ എണ്ണം മാത്രമല്ല വണ്ണവും നോക്കണം. മുജാഹിദിന് എത്ര മെമ്പര്‍മാര്‍ ഉണ്ടാകും ? ജമാഅത്തിന് എത്ര അംഗങ്ങള്‍ ഉണ്ടാകും? അയ്യായിരം മെമ്പര്‍മാര്‍ ഉണ്ടാകും. എം ഇ എസിന് ഇരുപതിനായിരം മെമ്പര്‍മാരുണ്ട്. ഇവരൊന്നും സാധാരണക്കാരല്ല. ഉയര്‍ന്ന വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയും ഉള്ളവരാണ്. ഇരുപതിനായിരം അംഗങ്ങളും കേരളത്തിലെ കാര്യപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതു കൊണ്ടാണ് ഞാന്‍ വണ്ണം നോക്കണമെന്ന് പറഞ്ഞത്.’

മുസ്‌ലിം ലീഗും എം ഇ എസും മറ്റ് സംഘടനകളില്‍ നിന്ന് വ്യത്യസ്ഥമായി ഇങ്ങനെ വളരാന്‍ കാരണം അവര്‍ക്ക് ഒരു ഐഡിയോളജിയുടെയും ഭാരമില്ലാത്തതു കൊണ്ടാണെന്നും ഡോക്ടര്‍ തുടര്‍ന്ന് പറയുന്നുണ്ട്. അതിങ്ങനെ ‘വേണ്ടാത്ത ഐഡിയോളജിയൊന്നുമില്ലാത്ത സംഘടനകളാണ് മുസ്‌ലിം ലീഗും എം ഇ എസും. വേണ്ടാത്ത ഐഡിയോളജിയാണ് മുജാഹിദുകളെ പിളര്‍ത്തിയത്. പണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പറ്റിയത് തന്നേയാണ് ഇപ്പോള്‍ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും പറ്റി കൊണ്ടിരിക്കുന്നത്.’ സമുദായ സംഘടനകള്‍ നടത്തുന്ന സ്‌കൂളുകളിലെ ജീവനക്കാരുടെ തുച്ഛമായ ശമ്പള പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് എം ഇ എസ് നല്‍കുന്ന മാത്യകാപരമായ ശമ്പളം പരസ്യപ്പെടുത്തി ഇങ്ങനെ തങ്ങള്‍ക്ക് കീഴിലെ ജീവനക്കാര്‍ക്ക് കൊടുക്കുന്ന ശമ്പളം വെളിപ്പെടുത്താന്‍ ഏതെങ്കിലും സംഘടനക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിക്കുന്നു. സ്റ്റാര്‍ട്ടിംഗ് ശമ്പളം എല്‍ പി/യുപി സ്‌കൂളില്‍ 12500, ഹൈസ്‌കൂളില്‍ 14500, ഹയര്‍ സെക്കന്ററി 16500 എന്നിങ്ങനെയാണ് എം ഇ എസ് സാലറി.

 മുസ്‌ലിം സംഘടനാ സൗഹ്യദങ്ങളെ കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒഴിവാക്കിയുള്ള കോട്ടക്കലില്‍ ചേര്‍ന്ന മീറ്റിംഗിനെ പരാമര്‍ശിച്ച് അവരെ ഒഴിവാക്കിയുള്ള ഐക്യശ്രമങ്ങള്‍ വിജയിക്കില്ലെന്നും അതുടനെ തന്നെ ലീഗടക്കമുള്ളവര്‍ക്ക് ബോധ്യമായെന്നും  ഫസല്‍ ഗഫുര്‍ തുറന്ന് പറയുന്നു. ‘ജമാഅത്തെ ഇസ്‌ലാമിയെ ഒഴിവാക്കി ബാക്കിയെല്ലാ സംഘടനകളെയും ക്ഷണിച്ച പരിപാടിയായിരുന്നു കോട്ടക്കല്‍ മീറ്റിംഗ്. പക്ഷേ, രണ്ടാമത്തെ മീറ്റിംഗില്‍ ജമാഅത്തിനെ പങ്കെടുപ്പിച്ചു.അവരെ വിളിക്കാതിരിക്കാനാവില്ല.കാരണം അവരെ പേടിയാണ്. മുസ്‌ലിം സമുദായത്തിലെ ഏറ്റവും കമിറ്റഡായ വര്‍ക്കേഴ്‌സുള്ളത് ജമാഅത്തിനാണ്. ഏറ്റവും ഐഡിയോളജിക്കലി സ്‌ട്രോങ്ങും അവരാണ്. അവരുടേത് സാമുദായിക സാമൂഹിക ഇടപ്പെടലുകളാണ്. ചെറുപ്പക്കാര്‍ക്ക് അതിഷ്ടമാണ് ‘ ഏതായാലും ഡോക്ടറുടെ ഒരു മറുപടിയോടും പ്രത്വേക പ്രതികരണം രേഖപ്പെടുത്താതെ ഈ വായനാവാരത്തെ ഒരു കോപ്പിയെഴുത്തായി ചുരുക്കുന്നു.

Related Articles