Current Date

Search
Close this search box.
Search
Close this search box.

മുഖ്യധാരാ മാധ്യമങ്ങള്‍ക്കിനി മൂലക്കിരിക്കാം

ചില കാര്യങ്ങള്‍ വളരെ രസാവഹമാണ്. ഗെയ്ല്‍ ട്രെഡ് വെല്ലിന്റെ വിവാദപരമായ വെളുപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ പറ്റിയാണ് പറഞ്ഞുവരുന്നത്. ഗെയ്ല്‍ പറഞ്ഞ കാര്യങ്ങളെ പറ്റി അന്വേഷണവും നടപടികളൊന്നുമില്ല. അവര്‍ പറഞ്ഞ കാര്യങ്ങളെ റിപ്പോര്‍ട്ട് ചെയ്ത പത്ര ചാനലുകള്‍ക്കും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ക്കുമെതിരെ കേസിനും പൊല്ലാപ്പിനും നില്‍ക്കാനാണ് നമ്മുടെ ആഭ്യന്തരത്തിന് ശുഷ്‌കാന്തി.

പീഡന വാര്‍ത്തകളില്‍ പൈങ്കിളി കലര്‍ത്തി പൊലിപ്പിക്കാറുള്ള മുഖ്യധാരമാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ മൗനം എന്തുമാത്രം ശ്രദ്ധേയമല്ല.
ലൗജിഹാദ് പോലെയുള്ള മുട്ടന്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ മടി കാണിക്കാത്ത കൂട്ടരാണെന്നോര്‍ക്കണം. മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കുന്ന വാര്‍ത്തകളെ പറ്റി സാമാന്യ ജനത്തിന് നല്ല ബോധ്യമുള്ള ആം ആദ്മി കാലമാണിത്. ഇന്ത്യാടുഡേ മാര്‍ച്ച് 12 ലക്കം അത് കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. അപവാദത്തിന്റെ ആലിംഗനത്തില്‍ എന്ന കവര്‍ സ്‌റ്റേറി ഏതാണ്ടെല്ലാകാര്യങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്.

പ്രമുഖ മീഡിയകളെല്ലാം അവഗണിച്ച ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ വഹിച്ച പങ്കിനെ കുറിച്ച് കെ. ബിന്ദുരാജ് എഴുതുന്നു…
‘ജനവികാരത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും അത് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് ഭരണകൂടത്തെ കൊണ്ടെത്തിക്കുമെന്നും വ്യക്തമായ ഒരു ആം ആദ്മി കാലഘട്ടത്തിലാണ് നമ്മുടെ ജീവിതം. ആം ആദ്മിയുടെ വിശ്വാസവും ആശ്വാസവും സോഷ്യല്‍ മീഡിയയായി മാറുമ്പോള്‍ ചോര്‍ന്നുപോകുന്നത് മുഖ്യധാരാ മാധ്യമങ്ങളുടെ കരുത്തും. വാര്‍ത്ത മുക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഒരു വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.’

തെഹല്‍ക, ഔട്ട്‌ലുക്ക്, മാധ്യമം ചന്ദ്രിക വീക്ക്‌ലികളില്‍ ഈ വിഷയകരമായി വന്ന ലേഖനങ്ങളിലും സോഷ്യല്‍ മീഡിയയുടെ ശക്തമായി ഇടപെടലിനെ പറ്റി പരാമര്‍ശിക്കുന്നു.

************************************

അതിശയോക്തികള്‍ കലര്‍ത്തിയ ചില ഫീച്ചറുകള്‍ വല്ലാതെ അശ്ലീലമായിത്തോന്നും. അത്തരത്തിലെ ഒരു അരോചക ഫീച്ചറായിരുന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ (മാര്‍ച്ച് 16) സെയില്‍സ് ഗേളിന് ഇരിക്കാന്‍ പാടില്ലേ എന്ന ജെന്നി സുല്‍ഫത്തിന്റെ കവര്‍സ്‌റ്റോറി. അങ്ങാടിതെരു എന്ന സിനിമയില്‍ ടെക്സ്റ്റയില്‍സ് ജീവനക്കാരുടെ വേദന നീറുന്ന കഥകള്‍ നമ്മള്‍ കണ്ടതാണ്. ആ കഥയില്‍ കാര്യമുണ്ടായിരുന്നു.

പക്ഷെ ഫീച്ചറില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ രസാവഹമാണ്. സെയില്‍സ് ഗേളിനെ ഇരിക്കാന്‍ സമ്മതിക്കുന്നില്ല. ചാരി നിന്നതിന് വരെ ചീത്ത കേട്ടവരുണ്ട് എന്നൊക്കെയാണ്. ഈ അതിശയോക്തികളെല്ലാം ഒഴിച്ച് നിര്‍ത്തിയാല്‍ സെയില്‍സ് മാനെയും സെയില്‍സ് ഗേളിനെയും വെവ്വേറെയാണോ കാണുന്നത് എന്ന ചോദ്യം ഉയരുക സ്വാഭാവികം. എന്തേ ഇതേ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സെയില്‍സ് മാനെ പറ്റി മിണ്ടാത്തമില്ലാതെ പോയത്. എന്തുവിഷയവും സ്ത്രീ പക്ഷത്ത് നിന്നെഴുതിയാല്‍ കിട്ടുന്ന സഹാനുഭൂതിയിലാണ് ഫീച്ചറെഴുത്തിന്റെ നോട്ടം. നിസ്സാര കാര്യങ്ങളെ പര്‍വ്വതീകരിച്ച് എങ്ങനെ ഒരു കവര്‍സ്‌റ്റോറി നിര്‍മിക്കാം എന്നതിന് മികച്ചൊരു ഉദാഹരണമാണ് ഈ ഫീച്ചര്‍.

ഓരോ ജോലിക്കും ഓരോ സ്വഭാവം കാണില്ലേ. ബസ്സിലെ കണ്ടക്ടര്‍ എനിക്കൊന്നിരുന്ന് വിശ്രമിക്കാന്‍ പറ്റുന്നില്ലെന്ന് പരാതി പറഞ്ഞാല്‍ അതിലെ നര്‍മമൊന്ന് ആലോചിച്ച് നോക്കൂ.. എന്നിട്ടതൊരു ഫീച്ചറാക്കി., പെണ്‍കണ്ടക്ടര്‍മാരെ ഇരിക്കാന്‍ സമ്മതിക്കുന്നില്ല  എന്ന തലക്കെട്ടും നല്‍കിയാല്‍ എങ്ങനെയിരിക്കും..

*************************************
കാലത്തോടൊപ്പം സഞ്ചരിക്കുന്ന കവിയാണ് കല്‍പ്പറ്റ നാരായണന്‍. ആവശ്യത്തിലധികം ബലം പ്രയോഗിച്ചതു കൊണ്ടാകുമോ തനിക്കീ ലോകം വഴങ്ങാതെ പോയത് എന്ന് സന്ദേഹിക്കുന്നു ടച്ച് സ്‌ക്രീന്‍ എന്ന കവിതയിലദ്ദേഹം. (മാതൃഭൂമി മാര്‍ച്ച് 15)

ടച്ച് സ്‌ക്രീന്‍

തഴമ്പുള്ള വിരലായിട്ടും
എത്ര ഞെക്കിയിട്ടും
പ്രവര്‍ത്തിക്കുന്നില്ല.
ടച്ച് സ്‌ക്രീനാണഛാ
മെല്ലെ അമര്‍ത്തിയാല്‍ മതി
അമര്‍ത്തുകയും വേണ്ട
ഒന്ന് തൊട്ടാല്‍ മതി
ശരിക്ക് പറഞ്ഞാല്‍ തൊടുകയും വേണ്ട
ഇതാ ഇങ്ങനെ…
അവന്റെ വിരല്‍
ജലത്തിന്‍ മീതെ
ക്രിസ്തുവിനെ പോലെ ചരിച്ചു.
ഇഛക്കൊപ്പം ലോകം പരിവര്‍ത്തിക്കുന്നു.

ലോകം വഴങ്ങാതിരുന്നതിന്റെ കാരണം
ഇതായിരുന്നോ ?
താന്‍ ആവശ്യത്തിലധികം
ബലം പ്രയോഗിച്ചിരുന്നോ?

Related Articles