Current Date

Search
Close this search box.
Search
Close this search box.

കേരള മുസ്‌ലിം ചരിത്രവും മാടായിപ്പള്ളിയും

madayi-palli.jpg

കേരളത്തില്‍ എന്നാണ് മുസ്‌ലിംകുടിയേറ്റം ഉണ്ടായത്?ഈ ചോദ്യത്തിനുള്ള ഉത്തരവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് മാടായിപ്പള്ളിയുടെ ചരിത്രം.ഇത് സംബന്ധിയായി 2017 ഏപ്രില്‍ 9ലെ മാതൃഭൂമി വാരികയിലെ അഭിമുഖത്തില്‍ ശ്രീ എം.ജി.എസ് നാരായണന്‍ ഉയര്‍ത്തിയ ചില വാദങ്ങളും തൊട്ടടുത്ത വാരത്തില്‍ മാടായിപ്പളളി സന്ദര്‍ശിച്ച ഇറ്റലി ചരിത്ര വിദഗ്ദ സംഘം നിരത്തിയ എതിര്‍വാദങ്ങളുമാണ് ഇപ്പോള്‍ ഈ ചര്‍ച്ച ചൂടുപിടിക്കാന്‍ കാരണമായത്.

അന്ത്യപ്രവാചകന്‍(സ) യുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്‌ലാം എത്തിയിട്ടുണ്ടെന്നതാണ് പ്രബലമായ മതം. കേസരി ബാലകൃഷ്ണപ്പിള്ള, ഡോ. സി.കെ കരീം, സി.എന്‍ അഹ്മദ് മൗലവി, പി.കെ മുഹമ്മദ് കുഞ്ഞി, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, പി.എ സെയ്തു മുഹമ്മദ് തുടങ്ങി ഒട്ടനവധി പ്രഗല്‍ഭര്‍ ഇവ്വിഷയകമായി നിരവധി ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

കോഴിക്കോട് നടന്ന കേരള മുസ്‌ലിം ചരിത്ര സെമിനാറും ഈ വസ്തുത അടിവരയിട്ടൂന്നിപ്പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ അഞ്ചിലത്ത് അബ്ദുല്ലയുടെ, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച് നാഷണല്‍ ബുക്സ്റ്റാള്‍ വിതരണം ചെയ്യുന്ന ‘മലബാറിലെ ഇസ്‌ലാമിന്റെ ആധുനിക പൂര്‍വ്വ ചരിത്രം’ എന്ന പ്രൗഢമായ ചരിത്രകൃതി ഈ രംഗത്ത് വമ്പിച്ചൊരു കുതിച്ചു ചാട്ടം തന്നെ നടത്തി.

ഇത്തരം ശബ്ദങ്ങളുടെ എതിര്‍പക്ഷത്ത് നിലകൊണ്ട സമകാലികരില്‍ പ്രമുഖന്‍ ശ്രീ എം.ജി.എസ് നാരായണനാണ്. അദ്ദേഹത്തോടുള്ള എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, അദ്ദേഹം ഇപ്പോള്‍ ഉയര്‍ത്തിയ വാദം തീര്‍ത്തും ബാലിശമായിപ്പോയി. മാടായിപ്പളളിയിലുള്ള വ്യഖ്യാതമായ അറബി ലിഖിതത്തില്‍ ബോധപൂര്‍വ്വം കൃത്രിമം നടത്തിയിട്ടുണ്ട് പോല്‍! (518 ലെ 18 മായ്ച്ചു കളഞ്ഞത്രെ!!!) എന്നാല്‍ ഇറ്റലിസംഘം പള്ളി സന്ദര്‍ശിച്ചു നടത്തിയ പ്രസ്താവന കേരളത്തിലെ, ഒരു വേള ഇന്ത്യയിലെ തന്നെ അതിപ്രാചീന പള്ളിയാണ് മാടായിപ്പള്ളിയെന്ന് തെളിയിക്കുന്നതാണ്. (മാധ്യമം: 24.4.17)

ഇസ്‌ലാം കേരളത്തില്‍ എത്തിയത് നൂറ്റാണ്ട് ഏഴിലോ, പന്ത്രണ്ടിലോ ആയാല്‍ നമുക്കെന്ത്? എന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷെ അതൊരു നഴ്‌സറി ചിന്തയാണ്. അഞ്ച് നൂറ്റാണ്ടുകാലത്തെ മഹത്തായ ഇസ്‌ലാമിക പാരമ്പര്യം തമസ്‌കരിക്കപ്പെടുകയെന്ന ദുരന്തം അതിനു പിന്നിലുണ്ട്. ഈ വസ്തുത ഒന്നാമതായി തിരിച്ചറിയേണ്ടത് മാടായിപ്പള്ളി അധികൃതരാണ്. തദടിസ്ഥാനത്തില്‍ പ്രഗല്‍ഭ ചരിത്രകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ചരിത്ര കോണ്‍ഫ്രന്‍സ് തന്നെ മാടായിപ്പള്ളി അങ്കണത്തില്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഒരു ചരിത്ര പണ്ഡിതന്‍ എന്ന നിലയില്‍ എം.ജി.എസിനെ തന്നെ ഇതിലേക്ക് ക്ഷണിക്കാവുന്നതാണ്. (മാതൃഭൂമി അഭിമുഖത്തില്‍ തന്നെ തന്റെ ചില മുന്‍കാല അഭിപ്രായങ്ങളെ അദ്ദേഹം ഉപേക്ഷിച്ചതായും ആരോഗ്യകരമായ ചില ചിന്തകള്‍ പകരം വെച്ചതായും കാണാം)

കേരളീയ മുസ്‌ലിം ചരിത്രത്തില്‍ ഇടം പിടിക്കേണ്ടുന്ന ഒരപൂര്‍വ്വ ചരിത്രരേഖ മാടായിപ്പള്ളി ലൈബ്രറിയിലുള്ള കാര്യം പലര്‍ക്കും അറിയില്ല. ‘താരീഖു ളുഹൂറില്‍ ഇസ്ലാം ഫീ മലൈബാര്‍’ എന്ന ഈ അറബി കൈയെഴുത്ത് ഡോ. കെ.കെ.എന്‍ കുറുപ്പിനെ പോലുള്ള നിഷ്പക്ഷ ചരിത്ര പണ്ഡിതന്മാരുടെ അനുബന്ധ പഠനങ്ങളോടെ ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കാനും നമുക്ക് സാധിക്കും.

Related Articles