Current Date

Search
Close this search box.
Search
Close this search box.

ആഗോള ഇസ്‌ലാമോഫോബിയയും മതേതരവിശകലനങ്ങളും

Mag3c.jpg

ഇസ്‌ലാമും ഇസ്‌ലാമിക രാഷ്ട്രീയവും എന്നും നമ്മുടെ മാഗസിനുകള്‍ക്ക് ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. തദ്‌വിഷയവുമായി ബന്ധപ്പെട്ട രണ്ടുലേഖനങ്ങള്‍പോയവാരത്തില്‍ രണ്ടു വ്യത്യസ്ത മലയാളം ആനുകാലികങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. കഴിഞ്ഞ വാരത്തിലെ ആഗോളതലത്തിലെ പ്രധാന സംഭവ വികാസം അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികരാത്തില്‍ എത്തി എന്നതായിരുന്നല്ലോ. അമേരിക്കയിലെ അധികാരമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളമുസ്‌ലിം രാഷ്ട്രീയ നിലപാടുകളെയും മുസ്‌ലിം രാഷ്ട്രീയ ഭാവിയെയും അടിസ്ഥാനപ്പെടുത്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (നവംബര്‍ 20) ഷാജഹാന്‍ മാടമ്പാട്ട് എഴുതിയ ലേഖനമാണ് ഒന്ന്. രണ്ടാമത്തേത് പച്ചക്കുതിര (നവംബര്‍) മാസികയില്‍ ഡോ. ജാബിര്‍ ആഗോള മുസ്‌ലിം രാഷ്ട്രീയ നിലപാടുകളെ അടിസ്ഥാനപ്പെടുത്തി എഴുതിയ ലേഖനമാണ്. ഇരു ലേഖനങ്ങളുടെ സത്ത ഏറെക്കുറെ സമാനമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണാനന്തരം ആഗോളതലത്തില്‍ തന്നെ ശക്തിപ്രാപിച്ച ഇസ്‌ലാമോഫോബിയയെ അതിജയിക്കണമെങ്കില്‍ നിലവിലെ ഇസ്‌ലാമിക പ്രതിനിധാനം സ്വയം ആത്മപരിശോധന നടത്തണമെന്നും ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സന്നദ്ധമാകണമെന്നും ഇരു ലേഖനങ്ങളും വാദിക്കുന്നു. ആഗോളതലം മുതല്‍ പ്രാദേശിക തലം വരെ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങളുടെ അക്ഷരവായന എന്ന പ്രതിഭാസത്തെ പ്രശ്‌നവത്കരിക്കാതെ ഇസ്‌ലാമിക ലോകം നിലവില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഐ.എസ് അടക്കമുള്ള വിഷയങ്ങളെ അഭിമുഖീകരിക്കുക സാധ്യമല്ല.

നിലവിലെ ആഗോള മുസ്‌ലിം പ്രശ്‌നങ്ങളെ രണ്ടുവിധത്തില്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. മുസ്‌ലിം ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അപചയങ്ങളെ സ്വയം ആത്മവിമര്‍ശനത്തിന് വിധേയമാക്കുകയും അപചയങ്ങളെയും വഴിതെറ്റലുകളെയും പ്രമാണങ്ങള്‍ കൊണ്ടുതന്നെ പ്രശ്‌നവത്കരിക്കുകയും തനത് ഇസ്‌ലാമിനെ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ രീതി. രണ്ടാമതായി മുസ്‌ലിം ഭീകരവാദമടക്കമുള്ള ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാന ഘടകങ്ങളെ പ്രശ്‌നവത്കരിക്കുകയും അതിന്റെ നാരായവേര് കിടക്കുന്നത് ആഗോള സ്വാമ്രാജത്വശക്തികള്‍ക്ക് കീഴില്‍ തന്നെയാണെന്ന യാഥാര്‍ഥ്യം ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതുമാണ്. ദൗര്‍ഭാഗ്യവശാല്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഓരോരുത്തരും അവര്‍ക്ക് താത്പര്യമുള്ള വിധം ഇതിലേതെങ്കിലും ഒരുപക്ഷം ചേര്‍ന്നു വിലയരുത്തലുകളും അവലോകനങ്ങളും നടത്തുന്നു എന്നതാണ്. മുസ്‌ലിം ലോകം ആത്മവിമര്‍ശനങ്ങള്‍ നടത്തേണ്ട ഭാഗങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ ഇരുലേഖനങ്ങളും ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ആഗോള ഇസ്‌ലാമോഫോബിയയുടെ മൂലകാരണങ്ങള്‍ കണ്ടെത്തുന്നതിലും വിലയിരുത്തുന്നതിലും ഇരുലേകഖകരും ഒരുപോലെ പ്രതിസന്ധിയിലാകുന്നു. ഇത് കേവലം ലേഖകരുടെ പ്രതിസന്ധി മാത്രമല്ല മറിച്ച് ആഗോള ഇസ്‌ലാമിക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതില്‍ സാമ്പ്രദായിക മതേതര എഴുത്തുകാര്‍ അഭിമൂഖികരിക്കുന്ന പ്രതിസന്ധികൂടിയാണിത്. ആഗോള ഇസ്‌ലാമോഫോബിയയും അതിനുവേണ്ട സര്‍വ്വ ഉപകരണങ്ങളും സൃഷ്ടിച്ചത് അമേരിക്കയുടെയും ഇസ്രായേലീന്റെയും നേതൃത്വത്തിലുള്ള ആഗോള സ്വാമ്രാജത്വ ശക്തികള്‍ തന്നെയാണ്. വര്‍ഷങ്ങള്‍ മുമ്പ് ഇവര്‍ തന്നെ എറിഞ്ഞ വിത്തിന്റെ ഫലം കൊയ്യുക മാത്രമാണ് ട്രംപ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മുസ്‌ലിം സമൂഹം എത്രതന്നെ ‘ഗുഡ്‌സര്‍ട്ടിഫിക്കറ്റ’ കരസ്ഥമാക്കിയാലും അത് ആഗോളതലത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. അല്ലെങ്കില്‍ അതിന് കഴിയാത്തവിധം കെണികള്‍ അമേരിക്കയും സഖ്യകക്ഷികളും നേരത്തെ തന്നെ ഒരുക്കിവെച്ചിരിക്കുന്നു. ഈ യാഥാര്‍ഥ്യ പ്രശ്‌നവതരിക്കുന്നതിലാണ് സാമ്പ്രദായിക മതേതര എഴുത്തുകാര്‍ പരാജയപ്പെടുന്നത്. ഇത് ഒരു യാഥ്യര്‍ഥ്യമായിരിക്ക തന്നെ ആഗോളമുസലിം രാജ്യങ്ങളും സമുഹങ്ങെളും ജനാധിപത്യത്തിലേക്ക് സഞ്ചരിക്കാന്‍ സന്നദ്ധമാകണമെന്ന ലേഖകരുടെ നിര്‍ദേശങ്ങള്‍ക്ക് വളരെയധികം കാലിക പ്രസക്തിയുണ്ട്.

ആഗോള ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ഇന്ത്യയിലെ ഭീകരവേട്ടയുടെ രാഷ്ട്രീയവും. ഈ വിഷയമാണ് പുതിയ ലക്കം പ്രബോധനം വാരിക (നവംബര്‍ 25) ചര്‍ച്ച ചെയ്യുന്നത്. എങ്ങനെയാണ് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരവാദികളായി മുദ്രകുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്നത് നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. പ്രത്യേകിച്ചും ഭോപ്പാലിലെ വ്യാജ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശികളായ നിസാറുദ്ദീന്‍ അഹ്മദും അദ്ദേഹത്തിന്റെ സഹോദരന്‍ സഹീറുദ്ദീന്‍ അഹ്മ്ദും ഭരണകൂടവേട്ടയുടെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്. ഇരുവരുമായുള്ള അഭിമുഖമാണ് പുതിയലക്കം പ്രബോധനത്തിലെ പ്രധാന വായനാവിഭവം. നിസാറുദ്ദീന്‍ അഹമ്മദിനെ 23 വര്‍ഷവും സഹീറുദ്ദീന്‍ അഹമ്മദിനെ 16 വര്‍ഷവും ജയിലിലടച്ച ശേഷം ഒരു സുപ്രഭാതത്തില്‍ നിരപരാധികളാണെന്ന് കണ്ട് വെറുതെ വിടുകയായിയുരുന്നു. യഥാര്‍ഥത്തില്‍ നിസാറുദ്ദീന്‍ അഹ്മ്മദിന്റെയും സഹീറുദ്ദീന്‍ അഹ്മ്മദിന്റയും ഈ സംഭവങ്ങള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയോ ഭരണ സംവിധാനങ്ങളുടെയോ അറിയാതെ സംഭവിച്ചുപോയ അക്ഷരതെറ്റുകളല്ല. മറിച്ച് കരിനിയമങ്ങളുടെയും അതിഭീകരമായ ഭരണകൂടവേട്ടയുടെയും ഇരകളായ പതിനായിരക്കണണക്കിന് ദലിത് ആദിവാസി മുസ്‌ലിം ന്യുനപക്ഷചെറുപ്പക്കാരുടെ പ്രതീകമാത്രമാണ് ഇവരെന്ന് അഭിമുഖം നമുക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നു. വിചാരണ തടവുകാരായ ‘ഭീകരവാദികള്‍’ കൊല്ലപ്പെടേണ്ടവര്‍ തന്നെയാണെന്ന പൊതുബോധത്തിന് കൊടുത്ത ഏറ്റവും വലിയ കൊട്ടാണ് ഈ അഭിമുഖം. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റു രണ്ട് അഭിമുഖങ്ങളാണ പ്രബോധനത്തില്‍ തന്നെ വന്ന ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ സുഹൈലുമായുള്ള അഭിമുഖവും മാധ്യമം ആഴ്ചപ്പതിപ്പില്‍ (നവംബര്‍ 28) പ്രസിദ്ധീകരിച്ച ഡല്‍ഹി സര്‍വകലാശാല അധ്യാപിക നന്ദിനി സുന്ദറുമായുള്ള അഭിമുഖവും. ഛത്തീസ്ഗഡിലെ ആദാവാസികള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഇടപെടുകയും പ്രതികരിക്കുകയും ചെയ്തതിന് ഭരണകൂടം കൊലക്കുറ്റവും യു.എ.പി.എ എന്ന കരിനിയമവും ചുമത്തപ്പെട്ട വ്യക്തിയാണ് നന്ദിനി സുന്ദര്‍. രാജ്യത്ത് നടന്നകകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളെയും സ്‌ഫോടനങ്ങളെയും പറ്റിയും അതിമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകളെപ്പറ്റിയും വസ്തു നിഷഠമായി പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് കെ.കെ. സുഹൈല്‍. ഭരണകൂടത്തിന്റെ ന്യൂനപക്ഷവേട്ട ഇരു അഭിമുഖങ്ങളും തുറന്നുകാട്ടുന്നു. ഭരണകൂടം തന്നെ അധോലോകമായി (deep state)മാറിക്കൊണ്ടിരിക്കുന്നതായി ഈ അഭിമുഖങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

Related Articles