Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -8

ഞാനവളെ ആകെയൊന്ന് നോക്കി. അവളുദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു അത്. വല്ല രഹസ്യവും അവള്‍ ഞങ്ങളില്‍ നിന്ന് മറച്ച് വെക്കുന്നുണ്ടോ എന്നതായിരുന്നു എന്റെ സംശയം. ഉമറിനോടുള്ള താല്‍പര്യം തന്നെയാണോ അവളുടെ പ്രചോദനമെന്ന് അറിയില്ല. അശ്ലീല പ്രസിദ്ധീകരണങ്ങളിലും, സിനിമകളിലും, നോവലുകളിലും കാണാറുന്ന കൗമാരത്തിന്റെ ഭാവനകളില്‍ മുഴുകിയിരിക്കുന്നതോ, അതല്ല ഉമറിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢരഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വന്നവളാണോ എന്ന് ഞാന്‍ ആശങ്കിച്ചു.
വിഷയം ആകെ സങ്കീര്‍ണമാണ്. ആകസ്മികമായാണ് ഞങ്ങള്‍ അവളെ ആദ്യമായി കണ്ട്മുട്ടിയത്. ഉമര്‍ സവിശേഷമായ വല്ല രഹസ്യവും കൊണ്ട് നടക്കുന്നുവെങ്കില്‍ അവള്‍ക്ക് ചെവികൊടുക്കാതെ, വാഗ്വാദത്തിലേര്‍പെടാതെ മുന്നോട്ട് നടക്കുമായിരുന്നു. എന്നാല്‍ അപ്രകാരമല്ല അദ്ദേഹം ചെയ്തത്. അവരുമായി തര്‍ക്കിക്കുകയും, പോലീസുകാര്‍ അദ്ദേഹത്തെ പിടിച്ച് ജയിലിലിടുകയും ചെയ്തു.

അവള്‍ പറയുന്നത് കേട്ട് ഞാന്‍ ആശ്ചര്യഭരിതനായി ‘എന്റെ കാര്യത്തില്‍ താങ്കള്‍ സംശയിക്കേണ്ടതില്ല. സ്ത്രീകളുടെ അഴിഞ്ഞാട്ടം നിരാകരിക്കുന്നവനാണല്ലോ താങ്കള്‍. തീര്‍ത്തും യോജിച്ച വസ്ത്രമാണ് ഞാനിപ്പോള്‍ ധരിച്ചിരിക്കുന്നത്. താങ്കള്‍ എത്രമാത്രം എന്നില്‍ സ്വാധീനിച്ചിരിക്കുന്നുവെന്ന് താങ്കള്‍ക്കറിയില്ലായിരിക്കാം. നമുക്ക് സുഹൃത്തുക്കളാവാം. അതാണ് നല്ലത്. താങ്കള്‍ രണ്ട് തവണ എന്നെ അടിക്കുകയുണ്ടായി. അത് വിചിത്രമായ അനുഭവമായിരുന്നു. സംവദിക്കാനും, മനസ്സിലാക്കാനും വേണ്ടി വന്ന സ്ത്രീയാണ് ഞാന്‍.. അതിന് വല്ല പ്രശ്‌നവുമുണ്ടോ?

-‘വ്യാമോഹങ്ങളും ആഗ്രഹങ്ങളും കീഴ്‌പെടുത്തിയേക്കാവുന്ന ഒരു പുരുഷന്റെ കൂടെ നീയെങ്ങനെ സുരക്ഷിതയായിരിക്കും?’ ഉമര്‍ അല്‍ഭുതത്തോടെയാണ് ചോദിച്ചത്.
-‘എനിക്ക് താങ്കളെ വിശ്വാസമാണ്’
-‘ഇത്തരം സംശയാസ്പദമായ ബന്ധത്തിന് എനിക്ക് താല്‍പര്യമില്ല.’
-‘താങ്കളുടെ മതമാണോ താങ്കളോട് ഇപ്രകാരം കല്‍പിക്കുന്നത്?’
-‘ആത്മാവിനെ നാശത്തില്‍ കൊണ്ട് ചാടിക്കരുതെന്നും, സംശയാസ്പദമായ സാഹചര്യങ്ങളൊരുക്കരുതെന്നും, ഉലയില്‍ ഊതുന്നവനോട് സഹവസിക്കരുതെന്നും എന്റെ മതമെന്നെ പഠിപ്പിക്കുന്നു.
അവള്‍ ചിരിച്ച്‌കൊണ്ട് അറിയാനെന്ന ഭാവേനെ ചോദിച്ചു.
-‘ഉലയില്‍ ഊതുന്നവനോ?’
-‘അതെ, നിനക്ക് കൊല്ലപ്പണിക്കാരനെ അറിയില്ലേ?’
-‘എനിക്ക് അതിന്റെ വിശദീകരണമാണ് അറിയേണ്ടത്’
-‘ഭ്രാന്തന് വിവരമുണ്ടാവുമോ? എന്നാണ് നിന്റെ വംശം മുമ്പ് ചോദിച്ചത്.’
-‘താങ്കള്‍ ഉമര്‍ ബിന്‍ ഖത്താബാണെന്ന് അവകാശപ്പെട്ടോ?’
-‘അതിനെന്താ?’
-‘ഞങ്ങള്‍ക്ക് ഇത് തീര്‍ത്തും അപരിചിതമാണ്. എല്ലുകള്‍ നുരുമ്പുന്നു, പാത്രങ്ങള്‍ തകര്‍ന്ന് കഷ്ണങ്ങളാവുന്നു… അതിലുള്ളത് പുറത്തേക്കൊഴുകുന്നു… പതിനാല് നൂറ്റാണ്ടുകള്‍ കഴിഞ്ഞതിന് ശേഷം ഉമര്‍ ജീവിതത്തിലേക്ക് മടങ്ങി വരികയോ?’
-‘ഗുഹാവാസികള്‍ക്ക് സംഭവിച്ചത് പോലെ. ആദം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്?
-‘ആദം?’
-‘അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണ്…. എല്ലാറ്റിനും… നിനക്കതറിയാമോ?’
-‘അവയൊക്കെ വിശ്വാസവുമായി ബന്ധപ്പെട്ടവയാണ്… എല്ലാവരും അത് വിശ്വസിച്ച് കൊള്ളണമെന്നില്ല… ഞാന്‍ യഹൂദ സ്ത്രീയാണെങ്കിലും മതബോധമുള്ളവളൊന്നുമല്ല.’…

പുരികം മേലോട്ട് ചലിപ്പിച്ച് ഉമര്‍ അല്‍ഭുതത്തോടെ ചോദിച്ചു
-‘നീയുദ്ദേശിച്ചത്?’
-‘മതത്തിന്റെ ഒരു ബന്ധനവും ഞാന്‍ അനുഭവിക്കുന്നില്ല. രാഷ്ട്രവും മോചനവുമായും ബന്ധപ്പെട്ട ഞങ്ങളുടെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നുവെന്നത് മാത്രമാണ് തൗറാത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്. മറ്റുള്ളവയിലൊന്നും എനിക്ക് വിശ്വാസമില്ല.’
തൗറാത്തും ഇഞ്ചീലും സത്യമാണെന്നും താനതില്‍ വിശ്വസിക്കുന്നുവെന്നും ഉമര്‍ ഉറപ്പിച്ച് പറഞ്ഞത് കേട്ട റാഷേല്‍ തരിച്ചിരുന്നു. എല്ലാ വിശുദ്ധ വേദങ്ങളിലും പ്രവാചകന്‍മാരിലും വിശ്വസിക്കാതെ ഇസ്‌ലാമോ, ഈമാനോ പൂര്‍ത്തിയാവുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമാണ് അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യമായ ദീനെന്നും, ആദം മുതല്‍ മുഹമ്മദ് വരെയുള്ള എല്ലാ പ്രവാചകന്‍മാരുടെയും സന്ദേശത്തിന്റെ ആകെത്തുകയാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍ അദ്ദേഹം ചോദിച്ചു.
-‘പക്ഷെ, എവിടെയാണ് യഥാര്‍ത്ഥ തൗറാത്ത്? നിങ്ങളുടെ പുരോഹിതന്മാര്‍ അതിനെ കളഞ്ഞു. അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റി, അവനിറക്കാത്ത വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു. ‘അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ കാര്യലാഭങ്ങള്‍ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു നാശം! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം!’ ഇഞ്ചീലും ഈ കയ്യാങ്കളിയില്‍ നിന്നും രക്ഷപ്പെട്ടില്ല.’

അവള്‍ സശ്രദ്ധം ഉമറിന്റെ വാക്കുകള്‍ ശ്രവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആവേശത്തോടെ നുകരുകയായിരുന്നു റാഷേല്‍. അദ്ദേഹത്തിന്റെ ഉന്മേഷവും ദൃഢനിശ്ചയവും വാക്കുകള്‍ക്ക് കൂടുതല്‍ ശക്തിയും സ്വാധീനവും പകര്‍ന്നു. അവളുടെ മുഖത്ത് ആശ്വാസം പ്രകടമായി. അവള്‍ പറഞ്ഞു.
-‘സുദീര്‍ഘമായി സംസാരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഞാന്‍ പ്രകാശം തേടുകയാണ്. കുറച്ച് സമയം കൂടി സംസാരം തുടരാന്‍ അനുവദിക്കാമോ?
ഉമര്‍ തന്റെ ചൂണ്ടുവിരല്‍ നീട്ടി പറഞ്ഞു
-‘ഒരു പരിധിയോളം’
-‘ഞാന്‍ സംവദിക്കാനും, പഠിക്കാനുമാണ് വന്നത്.’
-‘ആര്‍ക്ക് മുന്നിലും വിജ്ഞാനത്തിന്റെയും, സന്മാര്‍ഗത്തിന്റെയും വാതിലുകള്‍ ഞാന്‍ കൊട്ടിയടക്കുകയില്ല.’
-‘അല്ലയോ അമീറുല്‍ മുഅ്മിനീന്‍, ഞാനിപ്പോള്‍ ഒരു മതവിഭാഗത്തിലും പ്രവര്‍ത്തിക്കുന്നില്ല. എനിക്ക് സംതൃപ്തിയും, വ്യക്തതയും തോന്നിയാലുടനെ തന്നെ ഞാനത് സ്വീകരിക്കും.’
-‘നിന്റെ സത്യസന്ധത തീര്‍ത്തും ശ്ലാഘനീയമാണ്. നിന്റെ പൂര്‍വീകരില്‍ എനിക്ക് വെറുപ്പുളവാക്കിയത് അവരുടെ കളളവും കാപട്യവും വഞ്ചനയുമായിരുന്നു.’
-‘കാലം ഭരിക്കട്ടെ, നമുക്കത് അംഗീകരിക്കാം.’
-‘ഭരണം അല്ലാഹുവിനാണ്… നീയെന്ത് വര്‍ത്തമാനമാണ് പറയുന്നത്?’
-‘ക്ഷമിക്കണം, അടിയുറച്ച് പോയ സമ്പ്രദായങ്ങള്‍ ഒറ്റയടിക്ക് പറിച്ച് മാറ്റാന്‍ കഴിയില്ലല്ലോ. താങ്കളെന്ത് പറയുന്നു?
-‘യോജിക്കുന്നു’

സത്യം പറഞ്ഞാല്‍ ഈ യുവതി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്നത് മുതല്‍ ഞാന്‍ അസ്വസ്ഥനാണ്. അതിന്റെ അപകടത്തെക്കുറിച്ച് ഞാന്‍ ഖലീഫക്ക് വിശദീകരിച്ച് കൊടുത്തതുമാണ്. അവള്‍ പൊടുന്നനെ വിഷയം മാറ്റുന്നതും, ചുമ്മാ പിന്നാലെ കൂടുന്നതും ഞാന്‍ സൂചിപ്പിച്ചു. സത്യമറിയുന്നതിന് വേണ്ടിയല്ല തോന്നിവാസത്തിന് വേണ്ടി വന്നതാണെന്ന് അവളെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉമര്‍ എന്റെ ചെവിയില്‍ മെല്ലെമൊഴിഞ്ഞു ‘ഞാന്‍ അല്ലാഹുവല്ലാതെ മറ്റാരെയും ഭയക്കുന്നില്ല. എന്റെ വാക്കുകള്‍ മറച്ച് വെക്കാനോ അവളെ അന്ധകാരത്തിലേക്ക് വലിച്ചെറിയാനോ അല്ല ഞാന്‍ വന്നത്. അവളുദ്ദേശിക്കുന്നത് ചെയ്യട്ടെ. സത്യം പ്രഖ്യാപിക്കുന്നതില്‍ ഉമറിന് നാണമോ, ലജ്ജയോ ഇല്ല. അവരുടെ യുദ്ധവിമാനങ്ങള്‍ നാനാഭാഗത്ത് നിന്ന് എന്നെ ഉപരോധിച്ചാലും…. യഹൂദികളുടെ സൗന്ദര്യം എന്നെ വശീകരിക്കാന്‍ പോന്നതല്ല. അവളുടെ പൂര്‍വികര്‍ക്ക് പോലും അതിന് സാധിച്ചിട്ടില്ല. അവളെ ഞാന്‍ കയ്പുനീര്‍ കുടിപ്പിക്കുക തന്നെ ചെയ്യും. സത്യത്തിന് പലരുടെയും വായില്‍ കയ്പാണ് രുചി. അവള്‍ ഒരു പക്ഷെ എന്നെ പരിഹസിച്ചേക്കാം, വിഢ്ഢിയെന്നും, പ്രാകൃതനെന്നും വിശേഷിപ്പിച്ചേക്കാം. പക്ഷെ, ഞാന്‍ പിന്മാറുകയില്ല. എന്നെ വഞ്ചിക്കാന്‍ കഴിയുമെന്ന് അവള്‍ വിചാരിച്ചേക്കുകയോ, ഏത് നിമിഷവും എന്നില്‍ നിന്നും പിരിഞ്ഞുപോവുകയോ ചെയ്‌തേക്കാം. ഞാന്‍ പറയുന്ന ഒരു വാക്കും അവള്‍ വിശ്വസിക്കുകയുമില്ല. പക്ഷെ അതൊന്നും എന്റെ മനസ്സില്‍ നിരാശ പടര്‍ത്താനോ, എന്റെ ആശയം തുറന്ന് പറയുന്നതില്‍ നിന്ന് തടയാനോ കാരണമല്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ. നല്ലവര്‍ത്തമാനം മഴയെപ്പോലെയാണ്. അത് നല്ല ഭൂമിയില്‍ വര്‍ഷിച്ചാല്‍ നല്ലത് മുളപ്പിക്കുകയും, വളര്‍ത്തുകയും ചെയ്യും. എന്നാല്‍ പാഴ്‌നിലത്തിലാണ് മഴ വര്‍ഷിക്കുന്നതെങ്കില്‍ യാതൊരു മാറ്റവും സംഭവിച്ചേക്കില്ല. എന്നാലും മഴ ഇറങ്ങിക്കൊണ്ടേയിരിക്കും. ശാശ്വത വചനങ്ങള്‍ കാലാകാലം ചക്രവാളങ്ങളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും…. നമസ്‌കാരത്തിന് സമയമായിരിക്കുന്നു. ഇനി നിനക്ക് ഞങ്ങളുടെ അടുത്ത് നിന്ന് പോകാം.’ ഉമര്‍ അവളോട് പറഞ്ഞു.

ഖുദ്‌സിലെ തന്റെ വീട്ടിലേക്ക് തിരിച്ച് നടന്നു റാഷേല്‍. അവളുടെ ഞരമ്പുകളില്‍ പിരിമുറുക്കവും, മുഖത്തിന് ചുവന്ന നിറവുമായിരുന്നു. ഉമറിന്റെ വാക്കുകള്‍ ഓര്‍ക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയുമാണ് അവള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്റെ പ്രകൃതത്തോടും ഏറ്റവും അടുത്തതായി തോന്നി അവള്‍ക്ക്. ഏലി തന്നെ കാത്തിരിക്കുന്നത് കണ്ടതോടെ അവളുടെ ഈഷ്യ അധികരിച്ചു.
-‘നീയെന്തിനാ ഇപ്പോള്‍ വന്നത്?’
-‘നാം പരിചയപ്പെട്ടതിന് ശേഷം ആദ്യമായാണ് നീയിങ്ങനെ ചോദിക്കുന്നത്.’
-‘മനുഷ്യന്‍ സ്വന്തത്തിലേക്ക് ചുരുങ്ങി, ഏകാന്തതയില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന നിമിഷങ്ങളുണ്ട്’ അവള്‍ തെല്ലരിശത്തോടെയാണ് പറഞ്ഞത്.

അവന്‍ അവളെയാകെ അല്‍ഭുതത്തോടെ നോക്കി.
-‘നീയെന്താ ഈ ധരിച്ചിരിക്കുന്നത്? നിനക്ക് എന്തു പറ്റി റാഷേല്‍, നീ ക്ഷീണിതയാണോ?’
അവള്‍ അടുത്ത് കണ്ട ഒരു ബെഞ്ചില്‍ ഇരുന്നു. മുതുക് അതില്‍ ചാരി ഇരുകൈകളും ഇരുവശത്തേക്ക് നീട്ടിവെച്ചു. ദൂരേക്ക് നോക്കി അവള്‍ പറഞ്ഞു.
-‘വളരെ മധുരിതമായ നോട്ടവും സുദൃഢമായ വാചകങ്ങളുമായിരുന്നു അദ്ദേഹത്തിന്റെത്. മുറിവേറ്റ രാജാളിപ്പക്ഷിയെപ്പോലെ തന്റെ ചിന്തകളുമായി വളരെ ഉയരത്തില്‍ വട്ടമിട്ട് പറക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചലനങ്ങളും, ആംഗ്യങ്ങളും എന്നെ ഉരുക്കിക്കളഞ്ഞു. വളരെ സരളമായി ചിന്തിക്കുന്നവനും വിനയാന്വിതനും. കാലഘട്ടത്തിന്റെ സങ്കീര്‍ണതയും ചാപല്യവുും അദ്ദേഹത്തിലില്ല. ആ വിശാലമായ മാറിലേക്ക് വീഴാന്‍ ഞാനെത്ര കൊതിച്ചുവെന്നോ… അദ്ദേഹത്തിന്റെ ഇരുകരങ്ങളും എന്നെ അണച്ച് ചേര്‍ക്കണമെന്ന് ആശിച്ചു. തോളില്‍ ചാരി കരയണമെന്നാഗ്രഹിച്ചു. പക്ഷെ ഒരു അഗോചര ശക്തി എന്നെ തടയുന്നുണ്ടായിരുന്നു.’

ഏലി കാല്‍ നിലത്തടിച്ചു അരിശത്തോടെ ആക്രോശിച്ചു.
-‘എന്തിന് വേണ്ടിയാണ് ഈ പുലമ്പല്‍?’
-‘ഞാന്‍ ദൃഢബോധ്യത്തോട് കൂടിയാണ് ഈ പറയുന്നതെല്ലാം’
-‘നിന്റെ പെരുമാറ്റം എപ്പോഴും സംശയവും, ലൈംഗികദാഹവും നിഴലിക്കുന്നതാണ്.’
-‘താല്‍പര്യങ്ങളാണ് നിന്നെ നയിക്കുന്നത്. നിന്റെ അഭിപ്രായം മുറുകെ പിടിക്കാത്തവനെ നീ വഞ്ചിക്കുകയും, വിഢ്ഢിയായി ചിത്രീകരിക്കുകയും ചെയ്യും. ശരിക്കും ഒരു ചാര പ്രവര്‍ത്തനത്തിന് പറ്റിയ പ്രകൃതമാണ് നിനക്കുള്ളത്.’  
അവന്‍ വെറുപ്പോടെ പറഞ്ഞു
-‘ഇത്തരം വിലകുറഞ്ഞ അദൃശ്യവിശ്വാസങ്ങളെ ഞാന്‍ അവഗണിക്കുന്നു.’
-‘നിന്റെ അവിവേകം കൊണ്ട് എന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണോ നീ? നിന്നെ ബാധിക്കാത്ത വിഷയത്തില്‍ നീയെന്തിന് ഇടപെടണം?’
-‘എന്ത്?’
-‘ഞാന്‍ നിന്റെ അടിമയല്ല. എനിക്ക് സ്വന്തമായ വ്യക്തിത്വവും, ആഗ്രഹങ്ങളുമുണ്ട്. എന്നെ ഉടമപ്പെടുത്താനും, എന്റെ ചിന്തകള്‍ക്ക് വിലങ്ങിടാനുമാണോ നീയാഗ്രഹിക്കുന്നത്… ഇത് യഥാര്‍ത്ഥ സ്‌നേഹമല്ല.’ അവള്‍ പറഞ്ഞു
ഇത്രയും കേട്ടതോടെ അവന്‍ അവളുടെ മുമ്പില്‍ കുനിഞ്ഞിരുന്ന് കെഞ്ചി ‘പ്രിയ സഖീ…, അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ പറയട്ടെ, അപ്രതീക്ഷിതമായ സംഭവിച്ച തെറ്റിദ്ധാരണയുടെ പേരില്‍, ആകസ്മികമായ ദേഷ്യത്തിന്റെ പേരില്‍ നീ നമ്മുടെ സുന്ദരമായ സ്വപ്‌നങ്ങള്‍ തകര്‍ക്കരുത്. നമ്മുടെ മധുരിതമായ ദിനങ്ങള്‍ നീ ഓര്‍ക്കുന്നില്ലേ… ശാന്തമായ, പച്ചപുതച്ച താഴ്‌വരകളില്‍ പൊരിച്ച ഇറച്ചിയുടെയും, നുരഞ്ഞ് പതയുന്ന പാനീയത്തിന്റെയും പരിമളം…. നാം ഖുദ്‌സ് അധിനിവേശം ചെയ്ത് അറബികളെ ആട്ടിയോടിച്ച, ക്ഷേത്രത്തിനടുത്ത് പരസ്പരം കണ്ട് മുട്ടിയ ആ ശാശ്വതദിനത്തിന്റെ മഹത്തായ ഓര്‍മകള്‍…. വിവാഹം കഴിക്കാമെന്ന് നാം കരാര്‍ ചെയ്തതല്ലേ… അഖ്‌സായുടെ മുറ്റത്ത് പാട്ടുപാടി നൃത്തം വെച്ച നിമിഷങ്ങള്‍….. ലഹരിമൂക്കുന്നത് വരെ നാം കുടിച്ച് മദിച്ചതല്ലേ..’

അവള്‍ അവജ്ഞയോടെ അവനെ തള്ളി ‘ആ ഓര്‍മകളെ ഞാന്‍ വെറുക്കുന്നു… അതോടെ തീര്‍ന്നില്ലേ കാര്യം… ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ല… ഇപ്പോള്‍ സംഭവിച്ചത് എന്റെ ഉദ്ദേശ്യത്തില്‍ നിന്ന് പുറത്തുള്ള കാര്യമായിരുന്നു… പിന്നെ നീയെന്തിന് യാചിക്കുന്നു. എന്റെ മുടി പിടിച്ച് നരകത്തിലേക്ക് വലിക്കാനാണോ നീയുദ്ദേശിക്കുന്നത്..?’
അവള്‍ തുടര്‍ന്നു ‘അന്ന് വിജയത്തിന് മധുരമുണ്ടായിരുന്നു… പക്ഷെ അത് അധികകാലം നീണ്ടില്ല… എല്ലാം വളരെ പെട്ടന്ന് അവസാനിക്കുന്നു… എനിക്ക് ഇതുവരെ ശാശ്വത സന്തോഷം ലഭിച്ചിട്ടില്ല… അസ്വസ്ഥതയും, പരിഭ്രാന്തിയും, വേവലാതിയുമാണ് എനിക്കെപ്പോഴും… എനിക്കുള്ളത് യഥാര്‍ത്ഥ വിജയത്തിനുള്ള തൃഷ്ണയാണ്.  വനത്തെയും, വന്യതയെയും ഞാന്‍ വെറുക്കുന്നു… എനിക്കറിയാത്ത ഒരു കാര്യത്തിന് വേണ്ടിയായിരുന്നു ഞാന്‍ അന്വേഷിച്ച് കൊണ്ടേയിരുന്നത്…. എന്റെ അന്തരാളങ്ങളില്‍ എന്നെന്നും അലഞ്ഞു കൊണ്ടിരുന്ന ഒന്ന്…’
അവന്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. കോപത്തോടയും അമര്‍ഷത്തോടുമാണ് പറഞ്ഞത് ‘എനിക്കറിയാം… നിനക്കും നന്നായി അറിയാം… നീ നിന്റെ മനസ്സിനെ വികാരത്തിന്റെ സമുദ്രത്തില്‍ മുക്കാനാഗ്രഹിക്കുന്നു… എന്ത് വിലകൊടുത്തും ആ മനുഷ്യനെ ലഭിക്കണമെന്ന് നീയാഗ്രഹിക്കുന്നു… പക്ഷെ, ഒരൊറ്റ രാത്രി കൊണ്ട് നിനക്കയാളെ മടുക്കും…’

അവള്‍ പുറംതിരിഞ്ഞു നടക്കാനാരാംഭിച്ചു. പിന്നീട് അവനിലേക്ക് തന്നെ തിരിഞ്ഞ് ചോദിച്ചു
-‘ഒരു ദാസിയായെങ്കിലും അദ്ദേഹമെന്നെ സ്വീകരിച്ചിരുന്നുവെങ്കില്‍….’
-‘ഇത് കേവലം പ്രണയചാപല്യം മാത്രമാണ്… എനിക്കത് ഇഷ്ടമല്ല….’
-‘നശിച്ചവനേ, എന്റെ അന്തരാളത്തില്‍ എന്താണുള്ളതെന്ന് നിനക്കെങ്ങിനെ അറിയാം?.’
-‘അവന്‍ പരിഹസിച്ച് ചിരിച്ചു ‘അങ്ങേയറ്റത്തെ അഭിനിവേശം… ചൂടുള്ള ശരീരത്തിന് വേണ്ടിയുള്ള…’

ഉമിനീര്‍ വിഴുങ്ങി അവന്‍ മൂര്‍ച്ചയോടെ പറഞ്ഞു ‘നല്ലത്… ഈ അന്ധവിശ്വാസം ഒരൊറ്റ വെടിക്ക് ഞാന്‍ തീര്‍ത്ത് കൊള്ളാം…’
-‘നീ അയാളെ കൊല്ലുമെന്നോ?’
-‘അതെ, ഈ പതനവും, വിഢ്ഢിത്തവും കണ്ട് അധികം നില്‍ക്കാന്‍ എനിക്ക് വയ്യ’
അവള്‍ പിരിമുറുക്കത്തോടെ ചിരിച്ചു
-‘നീയത് ചെയ്യില്ല…’
-‘ഇന്റലിജന്‍സിലെ അംഗമെന്ന നിലയില്‍ എന്റെ കയ്യില്‍ സര്‍വ അധികാരവുമുണ്ട്. നിന്റെ പ്രതിരോധ തന്ത്രങ്ങള്‍ എന്നെ അശക്തമാക്കാന്‍ പോന്നവയല്ല.’
അവള്‍ വളരെ സൗമ്യതയോടെ പറഞ്ഞു
-‘നിന്റെ ഇന്റലിജന്‍സ് മേധാവി ചുമതലപ്പെടുത്തിയതാണ് എന്നെ.. അയാളുടെ മേല്‍വിലാസം അന്വേഷിക്കുന്നതിന് വേണ്ടി..’
പൊടുന്നനെ അവന്റെ മുഖം കറുത്തു
-‘എന്ന് മുതല്‍?’
-‘ഇന്ന് രാവിലെ മുതല്‍’
കുറച്ച് നേരം മിണ്ടാതിരുന്നതിന് ശേഷം അവള്‍ തുടര്‍ന്നു.
-‘അനിവാര്യമായാല്‍, എന്റെ ഉത്തരവാദിത്തത്തിന് വിഘ്‌നം സൃഷ്ടിക്കുന്നുവെന്ന് ഞാന്‍ നിന്നെ കുറിച്ച് പരാതി പറയും.’
അവന്‍ ജാള്യതയോടെ ചിരിച്ചു.
-‘അപ്പോള്‍ നീ, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലാണല്ലേ..’
-‘ആയേക്കാം…’
അവന്റെ കരുവാളിച്ച മുഖത്ത് കോപം പ്രകടമായി. അവന്റെ ഉള്ളില്‍ വല്ലാത്ത ഇളക്കമുള്ളത് പോലെ തോന്നി. കൈകള്‍ വിറക്കുകയും, കണ്ണുകള്‍ ജ്വലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ അവന്‍ കോപം അടക്കിവെച്ചു. തന്റെയടുത്തുണ്ടായിരുന്ന ഒരു എഴുത്തും സ്വര്‍ണച്ചങ്ങലയും പുറത്തെടുത്തു… കയ്യില്‍ ഒരു ചെറിയ റേഡിയോയും പിടിച്ച് പിരിഞ്ഞ് പോയി…..

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles