Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -11

നിരന്ന് നില്‍ക്കുന്ന കാവല്‍ക്കാര്‍ക്കിടയിലൂടെ റാഷേല്‍ ആശുപത്രിയിലേക്ക് കടന്നു വന്നു. മുഖത്ത് കറുത്ത കണ്ണടകള്‍ വെച്ച്, വലത് കയ്യില്‍ വെളുത്ത തൂവാലയും പിടിച്ചായിരുന്നു വരവ്. മൂക്കിന്റെ അറ്റം ചുവന്ന് തുടുത്തിട്ടുണ്ട്. കാമറകളുടെ ഫ്ളാഷുകള്‍ നാനാഭാഗത്ത് നിന്നും നിര്‍ത്താതെ അവള്‍ക്ക് നേരെ മിന്നിക്കൊണ്ടിരുന്നു. ചാനല്‍ കാമറകള്‍ മറുവശത്ത് ഇരമ്പുന്നുണ്ടായിരുന്നു. വലത് കക്ഷത്തില്‍ ഒരു ചെറിയ കാഡ് ബോഡ് പെട്ടി സൂക്ഷിച്ചിരുന്നു. ഏതോ ഒരു സിനിമാ സൂപ്പര്‍സ്റ്റാറിന്റെ ഫോട്ടോയായിരുന്നു അതിന്റെ കവര്‍ ചിത്രം. പോലീസുകാര്‍ അവള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുകയാണെന്ന് തോന്നുന്നു. അവള്‍ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് നീങ്ങി. ഖലീഫയുടെ മുറിയില്‍ പുതിയ കുറെ സാധനങ്ങളുണ്ടായിരുന്നു. വൈദ്യുതി വിളക്കുകള്‍, റേഡിയോയും ടെലിവിഷനും തുടങ്ങിയ പലതും അവയില്‍പെടും.  റാഷേല്‍ പ്രവേശിക്കുന്നതിന് മുമ്പ് ഞാന്‍ ഖലീഫയുടെ ചെവിയില്‍ പറഞ്ഞു.
-‘അമീറുല്‍ മുഅ്മിനീന്‍, സൂക്ഷിക്കണം…’
-‘മനസ്സിലായില്ല.. നീയെന്താണ് ഉദ്ദേശിച്ചത്?’
-‘താങ്കളില്‍ നിന്നുണ്ടാവുന്ന ഓരോ ചലനവും ജനങ്ങള്‍ പുറത്ത് നിന്ന് കണ്ടേക്കാം. താങ്കളുടെ സംസാരമെല്ലാം അവര്‍ കേള്‍ക്കുകയും ചെയ്‌തേക്കാം…’
എന്റെ കൈ പിടിച്ച് തിരിച്ച് അദ്ദേഹം ചോദിച്ചു.
-‘വാതില്‍ അടച്ചിട്ടുണ്ടല്ലോ.. ജനലുകള്‍ ഭദ്രമാണ് താനും… നമ്മുടെ ചുമരുകള്‍ ഉറപ്പുള്ളതുമാണല്ലോ..?’
-‘നമ്മെ പകര്‍ത്തുന്ന ഒളിക്യാമറകള്‍ ഇവിടെയെങ്ങാനുമുണ്ടാവും.. കൂടാതെ ലൗഡ് സ്പീക്കറും…’
-‘അവയൊക്കെ എന്താ, സുലൈമാന്റെ ജിന്നുകളാണോ?’ ഖലീഫ പിറുപിറുത്തു.
-‘അമേരിക്കയുടെ ഏറ്റവും പുതിയ കണ്ട് പിടിത്തങ്ങള്‍…. അവയെല്ലാം ഇസ്രായേലിലും ലഭ്യമാണ്…’
ഓഡിയോ റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നും ഫോട്ടോ എടുക്കുന്ന വിധവും ഞാന്‍ അദ്ദേഹത്തിന് ലളിതമായി വിശദീകരിച്ച് തുടങ്ങി. ഖലീഫ വളരെ ശ്രദ്ധയോടെ എന്റെ വാക്കുകള്‍ കേട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ മനസ്സ് വിഷമിച്ച് അദ്ദേഹം പറഞ്ഞു.
-‘നിങ്ങളുടെ ലോകം വലിയൊരു ജയിലാണെന്നാണ് എനിക്ക് തോന്നുന്നത്.. ഏതായാലും പരസ്യപ്പെടുത്താന്‍ പറ്റാത്ത ഒന്നും എന്റെ അടുത്തില്ല. മറിച്ച്, അവര്‍ സങ്കല്‍പിക്കുന്നതിന് വിരുദ്ധമാണ് കാര്യങ്ങള്‍… കൂടുതല്‍ ജനങ്ങള്‍ എന്നെ ശ്രവിക്കണമെന്നാണ് എന്റെ ആഗ്രഹം…. എന്നാലും കട്ട് കേള്‍ക്കുകയെന്ന് പൊറുക്കപ്പെടാത്ത പാപമാണെന്നതില്‍ എനിക്ക് സംശയമില്ല…’

അമീറുല്‍ മുഅ്മിനീന്‍ തന്റെ കട്ടിലില്‍ നിവര്‍ന്ന് കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നോട്ടത്തില്‍ അസാധാരണമായ ഒരു പ്രകാശം പ്രകടമായിരുന്നു. ദൃഢവിശ്വാസവും, നിശ്ചയദാര്‍ഢ്യവും കുറിക്കുന്നവയായിരുന്നു അവ. പ്രവാചകനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതാനും പ്രാര്‍ത്ഥനകളും, വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും അദ്ദേഹം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് നമസ്‌കാരം നഷ്ടപ്പെട്ടില്ല. ഉറക്കത്തിനിടയിലും അദ്ദേഹം നമസ്‌കകരിക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കടന്ന് വന്ന റാഷേല്‍ തന്റെ മുഖത്ത് നിന്ന് കണ്ണട ഊരിയെടുത്തു. കക്ഷത്തിലുണ്ടായിരുന്ന ചെറിയ പെട്ടി ടീപ്പോയിക്ക് മുകളില്‍ വെച്ചു. പിന്നീട് അവള്‍ ഖലീഫയുടെ കാല്‍ചുവട്ടിലേക്ക് വീണു പൊട്ടിക്കരയാന്‍ തുടങ്ങി. ഖലീഫ തന്റെ കണ്ണുകളടച്ചു, കാര്‍ക്കശ്യത്തോടെ പറഞ്ഞു.
-‘നിനക്ക് ശാന്തമായി ഇരിക്കാന്‍ പറ്റുമോ? ആ ഷാളെടുത്ത് നിന്റെ തലയിലിടുക..’
അവള്‍ ദുഖത്തോടെ പറഞ്ഞു.
-‘ഞാനിതെങ്ങനെ സഹിക്കും?’
-‘ഇത് അല്ലാഹുവിന്റെ വിധിയാണ്.. ഒരു പക്ഷേ അതില്‍ ധാരാളം നന്മയുണ്ടായേക്കാം..’
-‘താങ്കളുടെ രോഗം ജനങ്ങളുടെ സ്വസ്ഥത തകര്‍ത്തിരിക്കുന്നു.’ അവള്‍ പറഞ്ഞു.
അദ്ദേഹം അന്ധാളിപ്പോടെ പറഞ്ഞു.
-‘എന്തിന് വേണ്ടിയാണത്? ആയിരക്കണക്കിന് പേര്‍ക്ക് രോഗം ബാധിക്കുന്നു. എന്നല്ല എല്ലാ ദിവസവും ഒട്ടേറെ പേര്‍ മരിച്ച് കൊണ്ടിരിക്കുന്നു… എല്ലാ തരത്തിലുള്ള രോഗികളെയും കൊണ്ട് ആശുപത്രി നിറഞ്ഞ് കിടക്കുന്നു… പിന്നെ എന്റെ കാര്യത്തില്‍ മാത്രം എന്താ ഇത്ര അസ്വസ്ഥത..?’
-‘താങ്കള്‍ അവരെപ്പോലെയല്ല..’
-‘ഞാന്‍ അല്ലാഹുവിന്റെ സാധാരണ അടിമ മാത്രമാണ്. എനിക്ക് മറ്റുള്ളവരില്‍ നിന്നും യാതൊരു വ്യത്യാസവുമില്ല..’
-‘ജനങ്ങള്‍ക്കാകെ താങ്കളെക്കുറിച്ച് മാത്രമാണ് സംസാരിക്കാനുള്ളത്..’
അദ്ദേഹം അല്‍ഭുതത്തോട് കൂടി തലയുയര്‍ത്തി.
-‘പുതിയ അന്ധവിശ്വാസം..!’
ദുഖിതനായ ഉമര്‍ ദീര്‍ഘമായി നിശ്വസിച്ചു.
-‘തന്റെ മുന്നില്‍ വിറച്ച് നിന്ന ഗ്രാമീണ അറബിയോട് പ്രവാചകന്‍ (സ) പറഞ്ഞത് ഇപ്രകാരമായിരുന്നു. താങ്കള്‍ ശാന്തമാവൂ… മക്കയില്‍ പച്ചയിറച്ചി തിന്ന് ജീവിച്ചിരുന്ന ആ സ്ത്രീയുടെ മകനാണ് ഞാന്‍..’
ഉമറിന്റെ വാക്കുകള്‍ അവളെ പിടിച്ച് കുലുക്കി, അവള്‍ പറഞ്ഞു.
-‘വിനയം താങ്കളെ കൂടുതല്‍ ഉന്നതനാക്കുകയാണ് ചെയ്യുന്നത്’
-‘ഞാന്‍ കാപട്യത്തെ വെറുക്കുന്നു. ആ വര്‍ത്തമാനങ്ങള്‍ എന്നെ അസ്വസ്ഥമാക്കുന്നു.’ തന്റെ ശരീരമാസകലം രോമാഞ്ചം കൊള്ളുന്നത് പോലെ അനുഭവപ്പെട്ടു അവള്‍ക്ക്. അടങ്ങാത്ത അഭിനിവേശത്തോടെ അവള്‍ ഖലീഫയുടെ അടുത്തേക്ക് ചാഞ്ഞു.
-‘ഞാന്‍ നിങ്ങളെ ചുംബിക്കട്ടെ?’
ഉമര്‍ കോപത്തോടെ അവളെ തള്ളിമാറ്റി. അദ്ദേഹത്തിന്റെ മുഖം ചുവന്ന് തുടുത്തിരുന്നു. കൂടുതല്‍ അടുത്തേക്ക് വരികയായിരുന്ന അവളെ ഉണര്‍ത്തിയത് തന്റെ മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു.
-‘എത്രയും പെട്ടെന്ന് സ്ഥലം വിടുകയാണ് നിനക്ക് നല്ലത്..’
-‘എന്നോട് കരുണ കാണിച്ചാലും..’
-‘വൃത്തികെട്ട ആഗ്രഹങ്ങള്‍ക്ക് വഴങ്ങലല്ല കാരുണ്യം… നിന്നെ പിശാചുക്കള്‍ മലിനമാക്കിയിരിക്കുന്നു.’

അവള്‍ ഒന്ന് കൂടി കണ്ണീരൊലിപ്പിച്ചു. വല്ലാത്ത വേദനയും നിരാശയുമുണ്ടായിരുന്നു അവള്‍ക്ക്.
-‘ഞാന്‍ താങ്കളെ പ്രണയിക്കുന്നുവെന്ന് താങ്കള്‍ക്കറിയാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു.’
-‘ഒരു കുഞ്ഞിന്റെ ചാപല്യത്തോടെയാണ് നീ സംസാരിക്കുന്നത്. നമുക്കിടയില്‍ അങ്ങേയറ്റത്തെ ദൂരമുണ്ട്.’
-‘ലോകത്തുള്ള എല്ലാ മനുഷ്യരെക്കാളും എന്നോട് അടുത്തവനാണ് താങ്കള്‍.’
-‘വൃത്തികെട്ട സ്വാര്‍ത്ഥത..’
അദ്ദേഹം തുടര്‍ന്നു..
-‘നീ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നവളാണല്ലോ.. പക്ഷെ നിരസിക്കാനുള്ള എന്റെ സ്വാതന്ത്ര്യം ഞാന്‍ ഉപയോഗപ്പെടുത്തുമ്പോള്‍ നീ കോപിക്കുകയും ചെയ്യുന്നു. നീ അവസാനമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലാഹു നിയമമാക്കിയ വ്യവസ്ഥയുടെ തണലിലല്ലാതെ ഒരു സ്ത്രീയും പുരുഷനും ഒരുമിക്കാന്‍ പാടുള്ളതല്ല. ഈ പരിധിക്ക് പുറത്ത് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ സംഭവിക്കുന്നതൊക്കെയും വഴികേടും ധിക്കാരവുമാണ്. എഴുന്നേറ്റ് പോ.. അല്ലെങ്കില്‍ ഞാന്‍ നിന്നെ റോഡിലെറിയും..’
അവള്‍ കൈകള്‍ നീട്ടി ഇരന്നു.
-‘താങ്കളത് ചെയ്തിരുന്നുവെങ്കില്‍.. എന്നെ ഒന്ന് കൂടി അടിക്കുമോ?’
-‘ഇത് ശരിക്കും ഭ്രാന്താണ്.’
-‘താങ്കളുടെ ശിക്ഷ അനുഗ്രഹമാണ്… അതുമുഖേനെയുള്ള വേദന കൊണ്ട് താങ്കളെ ആരാധിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു.’
ഖലീഫ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു.
-‘ഈ സധീരമായ വാക്കുകളുമായി ഇവള്‍ എവിടെ നിന്നാണ് വന്നത്?’
ഞാന്‍ അവളോട് ചോദിച്ചു.
-‘ഇയാള്‍ മുഖേന പത്രപ്രസിദ്ധിയാഗ്രഹിക്കുകയാണ് നീയല്ലേ?’
-‘കൂട്ടുകാരാ, നിങ്ങളെന്നോട് അതിക്രമം പ്രവര്‍ത്തിക്കുന്നു.’
-‘നിന്നെ ഞാന്‍ ഒന്ന് കൂടി അടിക്കുമെന്ന് എനിക്ക് ഉറപ്പാണ്.’
അവള്‍ കൈനീട്ടികൊണ്ട് പറഞ്ഞു.
-‘ഇതൊന്നും ഞാന്‍ ചെയ്തതല്ല. ശപിക്കപ്പെട്ട ആ ഈലിയാണ് ഇതൊക്കെ ആകെ വാര്‍ത്തയാക്കിയത്. അവന് അസൂയയും ആത്മരോഷവുമാണ്. നിങ്ങള്‍ക്ക് ഈലിയെ അറിയാമല്ലോ.’

ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് ഉമര്‍ എന്നോട് ചോദിച്ചു. മാധ്യമങ്ങള്‍ അദ്ദേഹത്തെയും റാഷേലിനെയും ചേര്‍ത്ത് എഴുതിയ കെട്ടുകഥകള്‍ ഞാനദ്ദേഹത്തിന് മുന്നില്‍ നിരത്തി. അദ്ദേഹത്തിന്റെ പേര് വികൃതമാക്കാനുള്ള ലക്ഷ്യമാണതെന്നും ഞാന്‍ മറച്ച് വെച്ചില്ല. അങ്ങനെയാവുമ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ വിട്ടൊഴിയുമല്ലോ. ഇത് കേട്ട ഉമര്‍ കോപം കൊണ്ട് വിറച്ചു.
-‘ശരീഅത്ത് പ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യമാണിത്. അവരെങ്ങനെയാണ് ഇതു പോലുള്ള ഒരു സ്ത്രീയെ എന്നോട് ചേര്‍ത്ത് പറയുക? ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ ആരോപിക്കാന്‍ അവര്‍ക്കെന്ത് അവകാശമാണുള്ളത്? എന്നില്‍ നിന്ന് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത വൃത്തികെട്ട കാര്യങ്ങളെക്കുറിച്ച സൂചനകളാണല്ലോ അതിലുള്ളത്?’
ഞാന്‍ അവളോട് വെല്ലുവിളി സ്വരത്തില്‍ ചോദിച്ചു.
-‘നീ കരാര്‍ ലംഘിക്കുകയാണോ? കള്ളപ്രചാരണത്തിന് കൂട്ടുനില്‍ക്കുകയാണോ നീ?’
ഉമര്‍ കുറച്ച് നേരം ഒന്നും മിണ്ടാതെ കുറച്ച് നേരം ചിന്താനിമഗ്നനായി.  
-‘ഒരു പക്ഷെ അവള്‍ മര്‍ദിതയായിരിക്കാം..’
-‘അമീറുല്‍ മുഅ്മിനീന്‍, അവള്‍ നമ്മെ വഞ്ചിക്കുകയാണ്.’
ഖലീഫ അവളെ തന്നെ നോക്കി. തന്റെ ആത്മസംഘര്‍ഷത്തെ പിടിച്ച് വെച്ച് അദ്ദേഹം പറഞ്ഞു.
-‘വിധി പുറപ്പെടുവിക്കുമ്പോള്‍ നീതി കാണിക്കണമെന്നും വ്യക്തമായി അന്വേഷിക്കണമെന്നും ഞങ്ങളുടെ ദീന്‍ നിര്‍ദേശിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഇപ്പോഴെനിക്കില്ല. പക്ഷെ എനിക്ക് മറ്റൊന്നിന് കഴിയും. വഞ്ചനയുടെ വാഹനത്തില്‍ സഞ്ചരിക്കാതിരിക്കുകയെന്നതാണ് അത്.’

താന്‍ നിരപരാധിയാണെന്ന് ആണയിട്ട് പറഞ്ഞ് അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. ഖലീഫയില്‍ നിന്ന് അകന്ന് ഒരു ദിവസം പോലും ജീവിക്കാന്‍ സാധിക്കുകയില്ലെന്നും  എവിടെപ്പോയാലും ഖലീഫയെ പിന്തുടരുമെന്നും, അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ അറ്റം പിടിച്ച് കൂടെ നടക്കുമെന്നും അവള്‍ പറഞ്ഞു. നിരാശയാണ് ഫലമെങ്കില്‍ പിന്നെ ലോകത്ത് ഒരു നിമിഷം പോലും ജീവിക്കുകയില്ലെന്നും ജീവിതമവസാനിപ്പിക്കുമെന്നും പ്രതിജ്ഞ ചെയ്തു. അവളുടെ കാര്യത്തില്‍ ഖലീഫയുടെ ഹൃദയമലിഞ്ഞെന്ന് തോന്നുന്നു. എന്റെ ഈര്‍ഷ അതോടെ അധികരി്ച്ചു. ഖലീഫ അവളോട് ചോദിച്ചു.
-‘നീയെന്ത് കൊണ്ടാണ് എന്നെ ഇഷ്ടപ്പെടുന്നത്?’
-‘മിക്കപ്പോഴും പ്രണയത്തിന് പിന്നിലൊളിഞ്ഞ് കിടക്കുന്ന കാരണത്തെ തിരിച്ചറിയാന്‍ മനുഷ്യന് കഴിയാറില്ല’ അവള്‍ ഉത്തരത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി.
-‘അതിന് അന്ധതയെന്നാണ് പറയുക’ ഉമറിന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയതായിരുന്നു.
-‘താങ്കള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്’. അവള്‍ ആത്മാര്‍ത്ഥമായാണ് അത് പറഞ്ഞത്.
-‘വിചിത്രം തന്നെ… അല്ലേ?’
-‘അവര്‍ താങ്കളെ കളവാക്കി… ഞാനൊരു രംഗം സൃഷ്ടിക്കാന്‍ വന്നതല്ല… താങ്കള്‍ക്ക് എന്നെ വിശ്വസിക്കാം..’
-‘പിന്നെ എന്താ നിന്റെ ഉദ്ദേശ്യം?’
-‘താങ്കള്‍ സത്യസന്ധനായ വിശ്വാസിയാണ്… താങ്കളാരെയും ഭയപ്പെടുന്നില്ല…’
-‘അല്ലാഹുവിനെ ഒഴികെ’
-‘അതെ, എല്ലാ വൃത്തികെട്ട ഭൗതികതാല്‍പര്യങ്ങളില്‍ നിന്നും മുക്തയായാണ് ഞാന്‍ വന്നിരിക്കുന്നത്.’

തിളങ്ങുന്ന വൈദ്യുതി വിളക്കുകളാല്‍ അലങ്കരിച്ച മേല്‍ക്കൂരയിലേക്ക് നോക്കിയിരിക്കുയാണ് ഖലീഫ.
-‘നീ സത്യത്തോട് അടുത്ത് വരുന്നുണ്ടെന്ന് തോന്നുന്നു.. എന്റെ ഹൃദയം കളവ് പറയില്ല. ബാഹ്യസൗന്ദര്യത്തെ മാത്രം പ്രണയിക്കുന്നവര്‍ ഉപരിപ്ലവവാദികളാണ്.. എന്നാല്‍ സത്യത്തെയും, നന്മയെയും സൗന്ദര്യത്തെയും സൃഷ്ടികളില്‍ ദൈവിക പൂര്‍ണതയുടെ ഒരു മുഖമെന്ന നിലയില്‍ പ്രണയിക്കുമ്പോള്‍ നീ സക്രിയ മനുഷ്യരുടെ കൂടെ ചേരുന്നു.’
ഉമര്‍ അവളിലേക്ക് തിരിഞ്ഞു.
-‘നീ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ടോ?’
-‘ഇപ്പോള്‍ മുതല്‍ ഞാനവനില്‍ വിശ്വസിക്കുന്നു.’
-‘എന്ത് കൊണ്ട്?’
-‘കാരണം താങ്കളുടെ വിശ്വാസം താങ്കള്‍ക്ക് മേല്‍ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും നന്മയുടെയും പ്രഭ പരത്തുന്നതായി ഞാന്‍ കണ്ടു.’
-‘പ്രവാചകന്‍ മുഹമ്മദിന്റെ മഹത്തായ മാതൃകയില്‍ നീ വിശ്വസിക്കുന്നുണ്ടോ?’
-‘അതെ, കാരണം താങ്കള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുന്നു.’
-‘ഞാന്‍… ഞാന്‍ ആരാണ്? ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചുവെന്ന് പറയുക.. കാരണം അദ്ദേഹത്തിന്റെ പ്രബോധനം സത്യമാണ്.’ ഉമര്‍ ഉറക്കെയാണ് പ്രതികരിച്ചത്.
അവള്‍ തലകുനിച്ച് കീഴടങ്ങി.
-‘ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിച്ചിരിക്കുന്നു. കാരണം അദ്ദേഹത്തിന്റെ പ്രബോധനം സത്യമാണ്.’
-‘അല്ലാഹുവും അവന്റെ ദൂതരും മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതാവുന്നത് വരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല.’
-‘ഞാന്‍ വിശ്വസിച്ചു’
അദ്ദേഹം വീണ്ടും പ്രഭ പരക്കുന്ന മേല്‍ക്കൂരയിലേക്ക് നോക്കി.
-‘ഏയ് കുട്ടീ, വിശ്വാസത്തിന് താങ്ങാനാവാത്ത ബാധ്യതയുണ്ട്. അവയില്‍ ഏറ്റവും ചെറുത് അല്ലാഹുവിന്റെ മാര്‍ഗത്തിലെ മരണമാണ്. ഭൗതിക താല്‍പര്യങ്ങളില്‍ നിന്നും താല്‍ക്കാലിക സുഖങ്ങളില്‍ നിന്നും നീ നിന്റെ വിശ്വാസത്തെ രക്ഷപ്പെടുത്തേണ്ടിയിരിക്കുന്നു. സ്വേഛകയോടുള്ള പോരാട്ടമാണ് ഏറ്റവും വലിയ ജിഹാദെന്നാണ് എന്റെ പ്രിയപ്പെട്ട പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. ഇവിടെ സ്‌നേഹത്തിന് പുതിയ മുഖമുണ്ട്. ഒരു വിശ്വാസി മറ്റൊരാളെ സ്‌നേഹിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രമായിരിക്കും. അവന്റെ വെറുപ്പും അപ്രകാരം തന്നെയായിരിക്കും. ഇത് വിശ്വാസിയുടെ സുപ്രധാന വിശേഷണങ്ങളിലൊന്നാണ്.’
അവള്‍ തലകുനിച്ച് പറഞ്ഞു.
-‘ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ താങ്കളെ ഇഷ്ടപ്പെട്ടിരിക്കുന്നു.’
-‘അങ്ങനെയാവുമ്പോള്‍ നിന്റെ ഹൃദയം മുമ്പ് അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ആനന്ദം അനുഭവിക്കും. ബാഹ്യമായ സ്‌നേഹം ആരാധനയായി മാറും. മൃഗീയ വികാരങ്ങള്‍ വൃത്തിയുള്ള മാനവിക ബന്ധത്തിലേക്ക് വഴിമാറും. എല്ലാ ആസ്വാദനങ്ങളുമുള്ള ആ സംവിധാനത്തിന് വിവാഹമെന്നാണ് പേര് വിളിക്കാറ്. അതോട് കൂടി നീ ധരിച്ചിരിക്കുന്ന ഈ അബായ മറയും ആദരവുമായി മാറും. നഗ്നത പ്രദര്‍ശിപ്പിക്കുന്നവരെ വഴിതെറ്റിയ മൃഗങ്ങളായി വിലയിരുത്തും. റാഷേല്‍, എന്റെ കൂടെ നീ ശഹാദത് ചൊല്ലുക…’

ഉമറിന്റെ സംസാരം ഇങ്ങനെയാണ് അവസാനിച്ചത്. കണ്ണുകള്‍ കണ്ടതും കാതുകള്‍ കേട്ടതും എനിക്ക് വിശ്വസിക്കാനായില്ല. റാഷേല്‍ വളരെ ആത്മാര്‍ത്ഥമായി ശഹാദത് കലിമ ഉച്ചരിച്ചു. അമീറുല്‍ മുഅ്മിനീന്റെ മുഖത്ത് സന്തോഷവും സംതൃപ്തിയും കളിയാടുന്നത് ഞാന്‍ കണ്ടു. പക്ഷെ അടുത്ത ദിവസത്തെ അനുഭവം എന്നെ വളരെയധികം വേദനിച്ചു. മാധ്യമങ്ങള്‍ റാഷേലിന്റെ ഇസ്‌ലാമാശ്ലേഷണം വലിയ വാര്‍ത്തയായി നല്‍കിയിരുന്നു. സംഭവം ഒന്നാം പേജില്‍ തന്നെ ഇടംപിടിച്ചു. ഒരു പത്രപ്രവര്‍ത്തകന്‍ എഴുതിയത് ഇപ്രകാരമായിരുന്നു. ‘ആ തന്തയില്ലാത്ത മനുഷ്യന്‍, തീയില്‍ കുരുത്ത നമ്മുടെ തലമുറയെ നശിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നു. കാലം അതിക്രമിക്കുന്നതിന് മുമ്പ് പറിച്ച് കളയേണ്ട അപകടരമായ പ്രശ്‌നമാണിത്. രോഗം ശമിച്ചയുടനെത്തന്നെ ഖുദ്‌സില്‍ നിന്ന് അദ്ദേഹത്തെ ആട്ടിയോടിക്കാന്‍ സൈനികമേധാവിയോട് ഞാന്‍ നിര്‍ദേശിക്കുകയാണ്. നമ്മുടെ ശക്തമായ രാഷ്ട്രത്തെ അകത്ത് നിന്ന് തകര്‍ക്കാന്‍ വന്ന ചാരനാണ് അദ്ദേഹമെന്നതില്‍ എനിക്ക് സംശയമേയില്ല. ഒരു പക്ഷെ നമുക്കെതിരെ അയാള്‍ മുസ്‌ലിംകളെ ഒരുമിച്ച് കൂട്ടിയേക്കാം. ക്രൈസ്തവരെയും യഹൂദികളെയും ആശയക്കുഴപ്പത്തിലാക്കിയേക്കാം… ഇരകള്‍ക്ക് മേല്‍ സ്വാധീനിക്കാനുള്ള അല്‍ഭുതസിദ്ധിയുണ്ട് അയാള്‍ക്ക്. ആത്മീയ വിടവ് ചൂഷണം ചെയ്യുകയാണ് അയാള്‍. വളര്‍ന്ന് വരുന്നവരില്‍ ആകര്‍ഷകമായ അന്ധവിശ്വാസം നിറക്കുകയാണദ്ദേഹം.’
റാഷേലിനെ ഇസ്രായേലിന്റെ ആത്മീയ സംഘത്തില്‍ നിന്ന് പുറത്താക്കിയതായി ജൂതറബ്ബി ഉത്തരവ് പുറപ്പെടുവിച്ചു. ചില പൗരാവകാശങ്ങളില്‍ നിന്നും അവളെ വിലക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ ഒരു ഔദ്യോഗിക മുസ്‌ലിം പണ്ഡിതന്‍ തൊണ്ണകാട്ടി ചിരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു.
-‘താങ്കളാഗ്രഹിക്കുന്നവരെ നേര്‍മാര്‍ഗത്തിലാക്കാന്‍ താങ്കള്‍ക്ക് കഴിയില്ല.. അല്ലാഹുവാണ് അവനിഛിക്കുന്നവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നത്… ജീവിതം മുഴുവന്‍ ഗ്രന്ഥരചന നടത്തിയും ഘോരപ്രഭാഷണം നിര്‍വഹിച്ചും ഞാന്‍ ചെലവഴിച്ചു… പക്ഷെ എന്റെ കയ്യാല്‍ ഒരാള്‍ പോലും ഇസ്‌ലാം സ്വീകരിച്ചിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ഇതില്‍ ചില യുക്തികളുണ്ടാവും..’
വലിയ വലിയ ചിന്തകന്മാരും, പണ്ഡിതന്മാരും പങ്കെടുക്കുന്ന സെമിനാറുകളിലേക്കും, സമ്മേളനങ്ങളിലേക്കും, ചര്‍ച്ചകളിലേക്കും ഖലീഫയെ ക്ഷണിക്കുന്നതില്‍ സര്‍വകലാശാലകളും, കോളേജുകളും, സാംസ്‌കാരിക-കായിക ക്ലബുകളും മത്സരിച്ചു.

അതേസമയം റാഷേല്‍ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. അവളെ പിറ്റേദിവസം തന്നെ ഇന്റലിജന്‍സ് മേധാവി ഓഫീസിലേക്ക് വിളിച്ചിരിക്കുന്നു. ഖലീഫയുടെ മുറിയില്‍ വെച്ച് നടന്ന സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് ചര്‍ച്ച ചെയ്യുകയായിരുന്നു അവര്‍.
-‘ഒന്നുകില്‍ നീ നന്നായി അഭിനയിക്കുകയും നിന്റെ ദൗത്യം നല്ല രീതില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ ആ മനുഷ്യന്റെ കഥകള്‍ നിന്നെ വഞ്ചിച്ചിരിക്കുന്നു. അയാളെ വേട്ടയാടാന്‍ ചെന്ന നിന്നെ അയാള്‍ വേട്ടയാടിയിരിക്കുന്നു.’
റാഷേല്‍ അസ്വസ്ഥതയോടെ പറഞ്ഞു.
-‘താങ്കള്‍ക്ക് പോലും എന്നെ സംശയമോ? അയാള്‍ തന്റെ വടി കൊണ്ടല്ലാതെ ഇതുവരെ എന്നെ സ്പര്‍ശിച്ചിട്ട് പോലുമില്ല. എനിക്കും അയാള്‍ക്കുമിടയില്‍ മൈലുകള്‍ ദൂരമുണ്ട്. അത് കുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്മുടെ ലക്ഷ്യത്തിന് മുന്നിലുള്ള വൈതരണികള്‍ താണ്ടേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത് വിശ്വാസം നേടിയെടുക്കല്‍ മാത്രമാണ് അതിനുള്ള മാര്‍ഗം. മഹത്തായ ഇസ്രായേലിന് വേണ്ടി എങ്ങനെ ഉത്തരവാദിത്തം നിര്‍വഹിക്കാമെന്ന് എനിക്കറിയാം. സയണിസ്റ്റുകള്‍ക്ക് വേണ്ടി പോരാടുന്ന തലമുറയെ റാഷേല്‍ ഒരിക്കലും വഞ്ചിക്കുകയില്ല. എന്നെ ഉടമപ്പെടുത്തിയിരിക്കുന്നുവെന്നാണ് അമീറുല്‍ മുഅ്മിനീന്റെ ധാരണ. പക്ഷെ ഞാനാണ് അദ്ദേഹത്തെ ഉടമപ്പെടുത്തിയത്. അതോട് കൂടി വലിയൊരു കളവ് പ്രകടമാവും. യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ വെളിവാകും.’
അവളുടെ മുഖത്ത് സന്തോഷം പ്രകടമായിരുന്നു. അവള്‍ കൈ മേലോട്ട് ഉയര്‍ത്തി വിളിച്ച് പറഞ്ഞു.
-‘ഇസ്രായേല്‍ ജീവിക്കട്ടെ… മുസ്‌ലിംകള്‍ നശിച്ച് പോവട്ടെ..’
ഇന്റലിജന്‍സ് മേധാവിയുടെ മുഖത്ത് ആശ്വാസം തണല്‍ വിരിക്കുന്നത് കണ്ടു. അദ്ദേഹം ചോദിച്ചു.
-അയാളെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം?
-‘ശക്തവും ആകര്‍ഷകവുമായ വ്യക്തിത്വം’
-‘അയാളുടെ പിന്നിലെ ലക്ഷ്യമെന്താണ് എന്നതാണ് ചോദ്യം’
-‘ആഹ്… യഥാര്‍ത്ഥം ലക്ഷ്യം ഇതുവരെ വ്യക്തമല്ല. ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഭൂമിയില്‍ സന്തോഷത്തിനുള്ള മാര്‍ഗമതാണെന്ന് അദ്ദേഹം പറയുന്നു. അയാളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയെന്നത് വിഢ്ഢിത്തമാണ്. കാരണം അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത വെളിവാക്കാന്‍ അത് പര്യാപ്തമല്ല. അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ പേരില്‍ ആശങ്ക വേണ്ട. അത് മുന്‍കഴിഞ്ഞവയെപ്പോലെ നാമാവശേഷമാവും.. നാം ക്ഷമ കൈകൊള്ളുകയാണ് വേണ്ടത്.’
അവള്‍ ഉമിനീര്‍ ഇറക്കി തുടര്‍ന്നു.
-‘പക്ഷെ നിങ്ങള്‍ ഈലിയെ എന്റെ വഴിയില്‍ നിന്ന് അകറ്റിയെ പറ്റൂ. അല്ലെങ്കില്‍ അവന്‍ എല്ലാം നശിപ്പിക്കും. എന്നോടുള്ള വിദ്വേഷം വിഢ്ഢിത്തം പ്രവര്‍ത്തിക്കാന്‍ അവന് കാരണമായേക്കും. അതോടെ എല്ലാം നഷ്ടപ്പെടും.’
-‘അക്കാര്യത്തില്‍ നീ ആശങ്കിക്കേണ്ട.. ഞങ്ങളെല്ലാം വീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ അവനെ അറസ്റ്റ് ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്. എത്ര വലിയ വ്യക്തിയാണെങ്കിലും ഇതിന് മുന്നില്‍ പ്രതിബന്ധം സൃഷ്ടിക്കാന്‍ നാം സമ്മതിക്കില്ല.’

റാഷേലിന് വീട്ടിലും സ്വസ്ഥത ലഭിച്ചില്ല. ടെലഫോണ്‍ തുടര്‍ച്ചയായി ശബ്ദിച്ച് കൊണ്ടേയിരുന്നു. എവിടേക്കിറങ്ങിയാലും പത്രപ്രവര്‍ത്തകര്‍ അവളെ വളഞ്ഞു. വഴിപോക്കരുടെ തുറിച്ച് നോട്ടം അവളെ അലോസരപ്പെടുത്തി. ചിലര്‍ അവളുടെ ഫോട്ടോ പരസ്യത്തില്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. റാഷേല്‍ തന്റെ പിതാവിനോട് ആവലാതി സ്വരത്തില്‍ പറഞ്ഞു.
-‘ഈ പത്രപ്രവര്‍ത്തകര്‍ വൃത്തികെട്ടവര്‍ തന്നെ..’
പിതാവ് തന്റെ ഇടത് കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു.
-‘ഈ അവസരം മുതലെടുക്കാന്‍ നിനക്ക് കഴിയുമോ?’
-‘എങ്ങനെ?’ അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
-‘അവര്‍ക്ക് കാശിനല്ലാതെ ഒന്നും നല്‍കരുത്.’
-‘പക്ഷെ എനിക്കത് വേണ്ടല്ലോ?’
-‘അങ്ങനെയെങ്കില്‍ അവര്‍ മനസ്സില്‍ തോന്നിയതൊക്കെ എഴുതിക്കൊള്ളും.’ ഉപ്പ കോപത്തോടെയാണ് പറഞ്ഞത്.
ചര്‍ച്ചയില്‍ ഉമ്മ ഇടപെട്ടു.
-റാഷേല്‍ ഡയറിക്കുറുപ്പുകള്‍ എഴുതിത്തുടങ്ങണമെന്നാണ് എന്റെ അഭിപ്രായം. അത് വന്‍കിട പത്രങ്ങള്‍ക്ക് വില്‍ക്കാം. അതുമുഖേനെ ഒരുപാട് ലാഭമുണ്ടാക്കാം നമുക്ക്.’
-‘പക്ഷെ, ഈലി കോപിച്ചേക്കും..’
-‘അവനോട് പോയി തുലയാന്‍ പറ’ പിതാവ് അട്ടഹസിച്ചു.
-‘അവനെ വിവാഹം കഴിക്കാമെന്നതില്‍ നിങ്ങള്‍ യോജിച്ചതല്ലെ… നിങ്ങളതിന് നിര്‍ബന്ധിക്കുകയും ചെയ്തു.. എന്നിട്ടിപ്പോള്‍…’
-ഞാനോ? എനിക്കതോര്‍മയില്ല…’ റാഷേല്‍ സാക്ഷിയായി ഉമ്മക്ക് നേരെ തിരിഞ്ഞു. ഉമ്മ പറഞ്ഞു.
-‘ഇപ്പോള്‍ ഈലി നമുക്ക് യോജിച്ചവനല്ല… അവന് നീയല്ലാതെ നൂറുകണക്കിന് കുട്ടികളെ കിട്ടിയേക്കും..’
-‘മഹത്തായ ഭാവിയാണോ അവനുള്ളത്? അത്ര വലിയ സ്വാധീനമാണോ അവന്? ഉമ്മാ നിങ്ങളും എല്ലാം മറന്നോ?’
ഉമ്മ അവളോട് കോപിച്ചു.
-‘ചുരക്കിപ്പറഞ്ഞാല്‍ ഈലി നിനക്കിനി അനുയോജ്യനല്ല. നീ ഡയറിക്കുറിപ്പ് എഴുതിത്തുടങ്ങുന്നതിലാണ് എന്റെ ചിന്തയിപ്പോള്‍. അത് നമുക്ക് വളരെ വേഗത്തില്‍ തന്നെ വരുമാനമുണ്ടാക്കും. നീ ബുദ്ധിമതിയാവുക. ഇനി ലഭിച്ചേക്കാന്‍ സാധ്യതയില്ലാത്ത ഈ അവസരം മുതലെടുക്കുക.
-‘ഞാനിപ്പോള്‍ അതിനേക്കുറിച്ചൊന്നും ആലോചിക്കുന്നില്ല.’
റാഷേലിന്റെ മുഖത്ത് ദൃഢനിശ്ചയം പ്രകടമായിരുന്നു. പിതാവ് അവളുടെ കൈ പിടിച്ച് ഞെരിച്ചു.
-‘ഈ സുവര്‍ണാവസരം പാഴാക്കാനാണോ നീ ഉദ്ദേശിക്കുന്നത്? നീ വിഢ്ഢി തന്നെ…’
ഉമ്മ അവളെ രോഷത്തോടെ തുറിച്ച് നോക്കുകയായിരുന്നു. റാഷേലിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഇന്റലിജന്റ്‌സ് അവളെ മുതലെടുക്കാന്‍ ശ്രമിക്കുന്നു. ആശ്വാസം നല്‍കേണ്ട കുടുംബം ചൂഷണത്തിന് മുതിരുന്നു. വേട്ടയാടപ്പെട്ട മൃഗത്തെപ്പോലെയായിരുന്നു അവളുടെ അവസ്ഥ. പൊതുജനങ്ങളെ സുഖിപ്പിക്കാന്‍ പത്രപ്രവര്‍ത്തകര്‍ അവളുടെ ജീവിതത്തെ മലിനമാക്കി അവതരിപ്പിക്കുന്നു. എല്ലാവരും സ്വാര്‍ത്ഥന്മാര്‍. ലോകം മുഴുവന്‍ ഒരു മാര്‍ക്കറ്റിനെപ്പോലെയാണ് തോന്നുന്നത്. തീര്‍ച്ചയായും ഈ അവസ്ഥ വേദനാജനകം തന്നെ.’
അവള്‍ മെല്ലെ പറഞ്ഞു.
-‘നിങ്ങള്‍ കാത്തിരിക്കൂ. നിങ്ങളെ സന്തോഷിപ്പിക്കുന്ന വിധത്തില്‍ ഞാന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും.’
-‘അവസരം നഷ്ടപ്പെടുന്നതിന് മുമ്പ്… നമ്മുടെ ഫ്‌ലാറ്റ് വളരെ വില കുറഞ്ഞതാണ്.. ഇത് നമുക്ക് പറ്റിയതല്ല… ഈ തെരുവാകട്ടെ വൃത്തികെട്ട കിഴക്കന്‍ ജൂതന്മാരുടെ കേന്ദ്രമാണ്. നമുക്ക് നല്ല മേത്തരം ഇടം കണ്ടെത്തണം. നല്ല ഒരു വീടും…. പൂന്തോട്ടവും പൂക്കളുമുള്ള.. കൂടാതെ കുറച്ച് ബാങ്ക് ഡെപ്പോസിറ്റും… വലിച്ച കച്ചവട പദ്ധതികളും..’
പിതാവായിരുന്നു ഇത്രയും പറഞ്ഞത്. തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ഉമ്മ. നിറംപിടിപിച്ച കര്‍ട്ടണ്‍ അവര്‍ മെല്ല നീക്കി.
-നീ ഡയറിക്കുറിപ്പ് എഴുതിത്തുടങ്ങുന്നതോടെ പത്രക്കാര്‍ നിന്നെ പൊതിയും. പ്രസിദ്ധീകരണാനുമതിക്കായി നിന്റെ പിന്നാലെ കൂടും. കൂടാതെ സിനിമാ നിര്‍മാതാക്കളും. വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ആഗ്രഹിക്കുന്നവര്‍ വേറെയും.. അതോടെ നിന്റെ പേര്‍ ആകാശത്തോളമുയരും.. ഇക്കാലത്തെ ഏറ്റവും പ്രസിദ്ധയായ സ്ത്രീയായി നീ മാറും…’
ഉമ്മ പെട്ടെന്ന് സംസാരം ഒന്ന് നിര്‍ത്തിയതിന് ശേഷം തുടര്‍ന്നു.
-നിനക്കദ്ദേഹത്തെ വിവാഹം കഴിച്ച് കൂടെ? കുറച്ച് കാലത്തേക്കെങ്കിലും…? അത് നടന്നാല്‍ വല്ലാത്തൊരു നേട്ടമായിരിക്കും നമുക്ക്… സ്വര്‍ണവിരിപ്പിലായിരിക്കും നമ്മുടെ കിടത്തം..’
ഉപ്പ തല കുലുക്കി അംഗീകരിച്ചു.
-‘ഈ അന്ധവിശ്വാസം തീര്‍ച്ചയായും കുറച്ച് കാലമെങ്കിലും ജീവിക്കേണ്ടതുണ്ട്. അയാള്‍ വല്ലാത്തൊരു നിധിയാണ്.’
-‘ഞാനൊരു സ്ത്രീയാണെന്ന് പോലും അയാള്‍ക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് ദുരന്തം..’ റാഷേല്‍ വിഷണ്ണയായി.
-‘മകളെ, നീ ക്ഷമിക്ക്. നീയദ്ദേഹത്തിന്റെ പിന്നാലെ വല്ലാതെ നടക്കേണ്ടതില്ല. അവഗണിക്കുന്നതായി തോന്നിപ്പിക്കുക. അദ്ദേഹം നിന്റെ പിന്നാലെ വരും.’
-‘ആ ശൈലി അദ്ദേഹത്തോട് നടക്കുമെന്നാണോ ഉമ്മ വിചാരിക്കുന്നത്?’
-‘ഉറപ്പായും… കാരണം അദ്ദേഹം ഒരു പുരുഷനാണ്..’
-‘എനിക്കറിയാം… പക്ഷെ വിചിത്രമായ മനുഷ്യനാണ്..’
-‘നീയൊന്ന് പയറ്റിനോക്ക്… ഒന്നും നഷ്ടപ്പെടാനില്ലല്ലോ?’
-‘അംബരചുംബിയായ പര്‍വതത്തിന് താഴെ നിന്ന് നിങ്ങള്‍ നോക്കിയിട്ടുണ്ടോ? ആ പര്‍വതത്തിന് മുകളില്‍ കയറാമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടോ? അത് സങ്കല്‍പത്തിനുമപ്പുറമാണ്…’
റാഷേലിന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പിതാവ് അവളെ പരിഹസിച്ചു.
-‘ഹെലികോപ്റ്റര്‍ നിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ഉന്നതിയിലേക്ക് എത്തിക്കും… പക്ഷെ നീ മാര്‍ഗം ആരായുന്നില്ല..’
റാഷേല്‍ അവരോട് പറഞ്ഞു.
-സൈനികവും, സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും പരാജയപ്പെടുന്ന സന്ദര്‍ഭമാണിത്. ഈ ശൈലി കൊണ്ടൊന്നും എനിക്ക് അയാളിലേക്കെത്താന്‍ കഴിയില്ല. ഞാന്‍ ഒരു റോക്കറ്റിന്റെ പുറത്ത് കയറിയാല്‍ പോലും… അത് മറ്റൊരു ലോകമാണ്.. നിങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയില്ല..’
കസേരയില്‍ ചാരിയിരിക്കെ റാഷേല്‍ കോട്ടുവായിട്ടു. പിന്നീടവള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. ഉമ്മയും ഉപ്പയും അപ്പോള്‍ അവിടെയിരുന്നു പിറുപിറുക്കുന്നുണ്ടായിരുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles