Current Date

Search
Close this search box.
Search
Close this search box.

മഖാസിദുശരീഅക്കൊരാമുഖം

iph-books.jpg

ആധുനികകാലത്ത് ഏറെ വികാസം പ്രാപിച്ച ഒരു വൈജ്ഞാനിക ശാഖയാണ് മഖാസിദുശരീഅ (ശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍). അതുകൊണ്ട് തന്നെ വിഷയകവുമായ ഏത് വ്യവഹാരങ്ങള്‍ക്കും സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട് താനും. ഇസ്‌ലാമിക ശരീഅത്ത് എന്ന് കേള്‍ക്കുമ്പോഴേക്കും അത് കൈവെട്ടലും എറിഞ്ഞ് കൊല്ലലുമാണെന്ന മിഥ്യാധാരണ വെച്ച് പുലര്‍ത്തിയിരുന്നൊരു ദുര്‍ഘട സാഹചര്യം നമുക്ക് മുന്നിലൂടെ കടന്ന് പോയിട്ടുണ്ട്. അതിനൊരു തിരുത്ത് അനിവാര്യമായി വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മഖാസിദുശരീഅ വ്യാപകമായ തോതില്‍ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇസ്‌ലാമികശരീഅത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും അതിന്റെ തേട്ടങ്ങളെ കുറിച്ചും യുക്തിസഹമായ രീതിയില്‍ ഗഹനമായി തന്നെ കൈകാര്യം ചെയ്യാന്‍ മഖാസിദുശരീഅ എന്ന വൈജ്ഞാനിക ശാഖക്ക് സാധിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍.
  മഖാസിദുശരീഅ എന്ന സംജ്ഞ തന്നെ കൈരളിക്ക് അപരിചിതമായിരുന്നു. അതിനു കാരണം ഉപര്യുക്ത വിഷയത്തില്‍ മലയാളത്തില്‍ പുസ്തകങ്ങളുടെ അഭാവം തെന്നയാണ്. ഇവ്വിഷയകമായി അവലംബിക്കാവുന്ന കൃതികള്‍ അറബിയിലും ഇംഗ്ലീഷിലും ധാരാളമുണ്ട്. അത്തരമൊരു സന്ദര്‍ഭത്തിലാണ് ‘മഖാസിദുശരീഅ: ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍’ എന്ന കൃതി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കുന്നത്. അക്കാദമിക് സ്വഭാവത്തിലുള്ള ഈ കൃതി രചിച്ചത് പ്രബോധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പാണ്. ധാരാളം കൃതികളെ അവലംബിച്ച് തയ്യാറാക്കിയ ഈ പുസ്തകം വിഷയത്തെ സംബന്ധിച്ച് സാമാന്യമായ ധാരണ രൂപപ്പെടുത്തിയെടുക്കാന്‍ ഏറെ ഉപകാരപ്രദമാണ്.
 പരമ്പരാഗതഫിഖ്ഹും നവീനരൂപങ്ങളും, തീവ്രതക്കും നിഷേധത്തിനും മധ്യേ, മഖാസിദും സമാനപ്രയോഗങ്ങളും, സംരക്ഷിക്കപ്പെടേണ്ട അഞ്ച് കാര്യങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ പോരായ്മകള്‍, ഹദീസ് പഠനത്തിന്റെ ശരിയായ രീതി, സാമ്പത്തിക പ്രവര്‍ത്തനത്തിലെ സമുന്നത ലക്ഷ്യങ്ങള്‍, സ്വഹാബിമാരുടെ പൈതൃകം, പൂര്‍വകാല പണ്ഡിതന്മാരുടെ സാക്ഷ്യം, നാല് മഖാസിദീ ഇമാമുമാര്‍, പ്രയോജനമെടുക്കലും ഉപദ്രവം തടയലും, വഴികള്‍ അടക്കലും തുറക്കലും, മഖാസിദീ ചിന്തകളുടെ സമകാലിക വായന, മുന്‍ഗണനകള്‍ തകിടം മറിയുമ്പോള്‍, താല്പര്യങ്ങളെ തുലനപ്പെടുത്തല്‍, ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍…തുടങ്ങിയവയാണ് കൃതിയിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍.

 

പേജ്  : 128
വില :  125
പ്രസാധനം :  www.iphkerala.com

 

Related Articles