Current Date

Search
Close this search box.
Search
Close this search box.

ഹമാസ്

hamas.jpg

ഇസ്‌ലാമിക ചെറുത്തുനില്പു പ്രസ്ഥാനം എന്നര്‍ത്ഥംവരുന്ന ‘ഹറകത്തുല്‍ മുഖാവമത്തില്‍ ഇസ്‌ലാമിയ’ എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. ഇസ്രയേലിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കി ധര്‍മ്മാധിഷ്ഠിത ഫലസ്തീന്‍ രാജ്യം സ്ഥാപിക്കുകയാണ് ഹാമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനാല്‍ തന്നെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ പല രാജ്യങ്ങളും ഈ സംഘടനയെ ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു.

2006 ജനുവരിയില്‍ ഫലസ്തീന്‍ പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തനിച്ചു ഭൂരിപക്ഷം നേടിക്കൊണ്ട് ഹമാസ് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പില്‍ യു.എസിന്റെ കരിമ്പട്ടികയിലുള്ള സംഘടനതന്നെ വിജയം നേടിയത് നിര്‍ണ്ണായക രാഷ്ട്രീയസംഭവമായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്തുത തിരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ വിദ്വേഷത്തേക്കാള്‍ ഫലസ്തീനിലെ നിലവിലുള്ള ഭരണകൂടത്തിന്റെ അഴിമതിയായിരുന്നു ഹമാസ് വിഷയമാക്കിയത്.

ചരിത്രം: 
1920 ജൂലൈയില്‍ ഫലസ്തീനില്‍ ബ്രിട്ടന്റെ സൈനിക ഭരണകൂടം മാറി സിവില്‍ ഭരണകൂടം നിലവില്‍ വന്നു. ഇതോടെ അധിനിവേശം നാട്ടില്‍ കുറ്റിയുറപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ഫലസ്തീനികള്‍ ശക്തമായ ചെറുത്തുനില്‍പ്പ് തുടങ്ങി. മൂന്ന് പതിറ്റാണ്ടുകള്‍ തുടര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ 1947 ഫെബ്രുവരിയില്‍ പ്രശ്‌നം യു.എന്‍ ജനറല്‍ അസംബ്ലിക്കു മുന്നില്‍ വെക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. 1947 നവംബര്‍ 29 ന് ഐക്യരാഷ്ട്ര സഭ പാസ്സാക്കിയ നൂറ്റിഎണ്‍പത്തിഒന്നാം പ്രമേയം അറബ് രാജ്യം, ജൂതരാജ്യം, ജെറൂസലം എന്ന അന്താരാഷ്ട്രമേഖല എന്നിങ്ങനെ ഫലസ്തീനിനെ മൂന്നായി വിഭജിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചു. 1948 മെയ് 15 ന് ബ്രിട്ടീഷ് സേന പിന്‍വാങ്ങുവാനും രണ്ട്മാസം കഴിഞ്ഞ് രണ്ട് രാജ്യങ്ങള്‍ക്ക് രൂപം നല്‍കുവാനുമായിരുന്നു പരിപാടി. അങ്ങനെ ലോകം മൂകസാക്ഷിയായി സമാധാന സഖ്യം, സുരക്ഷാസമിതി എന്നിങ്ങനെ പടിഞ്ഞാറ് പടച്ചുവെച്ച വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ അനുമതിയോടുകൂടി ഫലസ്തീന്‍ വിഭജിക്കപ്പെട്ടു.

ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവര്‍ത്തനം തുടങ്ങിയത്. സേവന പ്രവര്‍ത്തനങ്ങളിലൂടെ ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഫലസ്തീന്‍ കേന്ദ്രങ്ങളില്‍ ഇവര്‍ സ്വാധീനമുറപ്പിച്ചു. ഒന്നര ദശകത്തോളം ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് അടിത്തറ ശക്തമാക്കിയ ശേഷമാണ് 1987ല്‍ ഔദ്യോഗികമായി ഹമാസ് എന്ന സംഘടനയായി രൂപംകൊള്ളുന്നത്. ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനുമുമ്പു തന്നെ ഇസ്‌ലാമിക സാഹോദര്യത്തിന്റെ ശാഖയെന്ന നിലയിലുള്ള ഹമാസിന്റെ ഫലസ്തീനിലെ പ്രവര്‍ത്തനങ്ങളെ സൗദി അറേബ്യ പോലുള്ള ഇസ്‌ലാമികരാജ്യങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു രാഷ്ട്രീയ അടവ് എന്നോണം ഹമാസിന്റെ രാഷ്ട്രീയസേവന പ്രവര്‍ത്തനങ്ങളെ ഇസ്രയേല്‍ പോലും പിന്തുണച്ചിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യാസര്‍ അറഫാത്തിന്റെ ഫലസ്തീന്‍ വിമോചന മുന്നണിയേയും ഫതഹ് രാഷ്ട്രീയ പാര്‍ട്ടിയെയും തളര്‍ത്താന്‍ ഹമാസിന്റെ ആദ്യരൂപത്തെ ഇസ്രയേല്‍ ഉപയോഗപ്പെടുത്തി.

Related Articles