Current Date

Search
Close this search box.
Search
Close this search box.

ഡോ. സാകിര്‍ നായിക്

zakir-naik.png

1965 ഒക്‌ടോബര്‍ 18 മുംബൈയില്‍ ജനിച്ചു. മുംബൈ സെന്റ് പീറ്റര്‍ ഹൈസ്‌കൂളിലും അതിന് ശേഷം കൃഷ്ണചന്ദ് ചെല്ലാറാം കോളേജിലും പഠിച്ചു. മുംബൈയിലെ ടോപ്പിവാലാ നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്റ് നായര്‍ ഹോസ്പിറ്റലില്‍ മെഡിസിന്‍ വിഭാഗം പഠനം പൂര്‍ത്തിയാക്കുകയും ഒടുവില്‍ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് മെഡിസിന്‍ സര്‍ജറിയില്‍ (MBBS) നേടി. ഭാര്യ ഫര്‍ഹത് നായിക് ഐ. ആര്‍.എഫിന്റെ വനിതാ വിഭാഗത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നു.

ഇരുപത്തഞ്ചാം വയസ്സു മുതല്‍ തന്നെ ഇസ്‌ലാമിക പ്രബോധന രംഗത്ത് പൊതുവേദികളില്‍ സജീവമായിരുന്നു. 1987-ല്‍ അഹ്മദ് ദീദാത്തുമായി നേരില്‍ കൂടിക്കാഴ്ച നടത്തിയ സാകിര്‍ അദ്ദേഹത്തില്‍ പ്രചോദിതനായി 1991 മതാന്തര സംവാദങ്ങള്‍ക്കും ഇസ്‌ലാമിക പ്രബോധനത്തിനുമായി ഐ.ആര്‍.എഫ് രൂപീകരിച്ചു. മുംബൈയില്‍ ഇസ്‌ലാമിക് ഇന്റര്‍നാഷണല്‍ സ്‌കൂളും സ്ഥാപിച്ചു. ഇസ്‌ലാമിക പ്രബോധനാവശ്യാര്‍ഥം സ്ഥാപിച്ച ചാനലാണ് പീസ് ടി.വി.

ഹൈന്ദവത, ക്രൈസ്തവത, ഇതര ദര്‍ശനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ചോദ്യോത്തരങ്ങള്‍ക്കും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നു ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും പ്രസിഡന്റുമാണ് ഡോ. സാകിര്‍ നായിക്. അന്താരാഷ്ട തലത്തില്‍ തന്നെ മികച്ചു നില്‍ക്കുന്ന ഇസ്‌ലാമിക പ്രഭാഷകരിലൊരാളാണ് സാകിര്‍ നായിക്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രമാണങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിനേയും ഖുര്‍ആനിനെയും വിശദീകരിക്കുയും ഇസ്‌ലാമികേതര ദര്‍ശനങ്ങളെ അവരുടെ പ്രമാണങ്ങള്‍ വെച്ച് കൊണ്ട് തന്നെ നിരൂപണം നടത്തുകയും ഇസ്‌ലാമിനെതിരില്‍ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആക്ഷേപങ്ങള്‍ക്ക് പ്രാമാണികവും യുക്തിഭദ്രമായും മറുപടി പറയുകയും ചെയ്യുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പൊതു പരിപാടികള്‍.

മെഡിക്കല്‍ ഡോക്ടറായ സാകിര്‍ നായിക് ശാസ്ത്രവും ലോജികും അടിസ്ഥാനമായുള്ള പ്രഭാഷണങ്ങളും ധാരാളമായി നടത്തിക്കൊണ്ടിരിക്കുന്നു. ഓര്‍മ്മയില്‍ നിന്ന് കൃത്യമായി ഖുര്‍ആനിന്റെ ഹദീസിനെയും കൂടാതെ തന്നെ വിവിധ മതങ്ങളുടെ അടിസ്ഥാന വേദഗ്രന്ഥങ്ങളുടെയും മറ്റു ഉദ്ദരണികളുടെയും അധ്യായവും ഭാഗവും സൂക്തവും പേജ് നമ്പറുമെല്ലാം ഉദ്ദരിച്ചു കൊണ്ട് സംസാരിക്കുന്ന സാകിര്‍ നായികിന്റെ വാഗ്മികത അത്ഭുതകരമാണ്. ശ്രോതാക്കളില്‍ നിന്നുയരുന്ന ഏത് ചോദ്യത്തിനും തത്സമയം മറുപടി പറയുന്ന ചോദ്യോത്തര സെഷന്‍ അദ്ദേഹത്തിന്റെ പരിപാടികളെ ആകര്‍ഷകമാക്കുന്നു.

അമേരിക്ക, കാനഡ, ബ്രിട്ടന്‍, സഊദി അറേബ്യ, യു. എ. ഇ, കുവൈത്ത്, ഖത്തര്‍, ബഹറൈന്‍, സൗത്ത് ആഫ്രിക്ക, മൗറീഷ്യസ്, ആസ്‌ത്രേലിയ, സിങ്കപ്പൂര്‍, ഹോങ്കോങ്‌, തായ്‌ലന്റ്, ഗ്യാന തുടങ്ങിയ രാജ്യങ്ങളിലായി അറുന്നൂറിലേറെ പൊതുപ്രഭാശണങ്ങളിലൂടെ അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. 2000 ഏപ്രില്‍ 1 ന് ചിക്കാഗോയില്‍ വെച്ച് പ്രസിദ്ധ അമേരിക്കന്‍ ഡോക്ടറും മിഷിനറിയുമായ വില്യം കാമ്പലുമായി നടത്തിയ സംവാദവും ബാംഗ്ലൂരില്‍ ശ്രീ ശ്രീ രവിശങ്കറുമായി നടത്തിയ സംവാദങ്ങളും പ്രസിദ്ധമാണ്. 

ടി.വി പ്രോഗ്രാമുകളിലും ചാനലുകളിലും പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. മനുഷ്യാവകാശം, സ്ത്രീകളുടെ അവകാശം, ആധുനിക ശാസ്ത്രം, മത നിരപേക്ഷത, തുടങ്ങിയ വിഷയങ്ങള്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പാടവം മികച്ചതാണ്. ഇത്തരം പരിപാടികളുടെ സിഡികളും ഡിവിഡികളും വ്യാപകമായി പ്രചാരണം ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.

Related Articles